Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിക്ക് എന്തിനാ ഡാൻസിന്റെ മാർക്ക് !

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
mammootty-dance-troll

വേദനയോടെയാണ് ഇതെഴുതുന്നത്. കുറച്ചു ദിവസമായി മമ്മൂട്ടി ഡാൻസ് പഠിക്കുന്നൊരു വിഡിയോ ക്ലിപ്പിങ് സമൂഹ മാധ്യമങ്ങളിൽ വന്നുകൊണ്ടേയിരിക്കുന്നു. ഓരോന്നിനുമൊപ്പം, കണ്ടാൽ അറപ്പു തോന്നുന്ന കമന്റുകളും.

നൃത്തം അറിയാത്ത വ്യക്തി എന്ന നിലയിലാണു പലരും മമ്മൂട്ടിയെ കളിയാക്കുന്നത്. തീരെ മനസ്സിലാകാത്തൊരു കാര്യം, നടനു നൃത്തം അറിയണമെന്ന് എവിടെയാണു പറയുന്നത്. നൃത്തവും അഭിനയവും രണ്ടു വ്യത്യസ്ത കലകളല്ലേ. മൂന്നരപ്പതിറ്റാണ്ടായി സിനിമയിൽ നിൽക്കുന്ന ഒരാൾ ഇപ്പോഴും പൊതു വേദിയിൽ നൃത്തം ചെയ്യാൻ തയാറായി പുതിയ തലമുറയോടൊപ്പം നിൽക്കുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്; അതിനു വേണ്ടി അദ്ദേഹം കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു.

mammootty-dance-troll-3

സ്വന്തം വീട്ടിലെ കല്യാണത്തിനു പോലും രണ്ടു ചുവടുവയ്ക്കാൻ മടിക്കുന്ന മലയാളിയാണ് ഈ മനുഷ്യനെ കളിയാക്കുന്നത്. മൂന്നോ നാലോ രാവും പകലും നൃത്തം ചെയ്തു തളരുന്ന ഉത്തരേന്ത്യൻ കല്യാണങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നൃത്തത്തിലൂടെ പടരുന്ന സൗഹൃദവും സ്നേഹവുമാണ് അമ്പരപ്പിച്ചിട്ടുള്ളത്. ഇതൊന്നും ചെയ്യാതെ ആർക്കെങ്കിലും പാടാൻ കരാർ കൊടുക്കുന്ന മലയാളിയാണ് 35 വർഷമായി നമ്മെ ആനന്ദിപ്പിക്കുന്ന ഒരു മനുഷ്യനെ കളിയാക്കുന്നത്.

മമ്മൂട്ടിയുടെ ജോലി അഭിനയമാണ്, നൃത്തമല്ല. അതിന്റെ ഭാഗമായി ചിലപ്പോൾ നൃത്തം ചെയ്തിട്ടുണ്ടാകാം. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിൽ നാടൻപാട്ടു പാടിയപ്പോൾ പി.കെ. ശ്രീമതി നൃത്തം ചെയ്തു. പിണറായി വിജയൻ അടക്കമുള്ളവർ നോക്കി നിൽക്കുകയും ചെയ്തു. പിണറായിക്കു നൃത്തമറിയില്ല എന്നു പറഞ്ഞd ആരും ട്രോളിയതു കണ്ടില്ല. ശ്രീമതിയുടെ നൃത്തം മോശമായിരുന്നു എന്നും പറഞ്ഞു കണ്ടില്ല. കാരണം, സിപിഎം അംഗമാകുന്നതിനുള്ള യോഗ്യത നാടൻപാട്ടിനു നൃത്തംവയ്ക്കാനറിയുമോ എന്നതല്ല.

mammootty-dance-troll-1

350 ലേറെ സിനിമകളിൽ എത്രയോ എണ്ണത്തിൽ ഈ മനുഷ്യൻ നമ്മുടെ അഭിമാനമായിരിക്കുന്നു, ഈ നാടിന്റെ യശസ്സ് ഉയർത്തിയിരിക്കുന്നു. അതിനു നമുക്കുള്ള കടപ്പാടു തീർത്താൽ തീരുന്നതല്ല. ഒരു കലാകാരനെ നാം ബഹുമാനിക്കുന്നതു ജന്മത്തിലൂടെ കിട്ടിയ കഴിവിന്റെ പേരിലാണ്. പത്താംക്ളാസിൽ പഠിക്കുമ്പോൾ നാടകം അഭിനയിച്ച എല്ലാവരും അഭിനേതാക്കളാകില്ലല്ലോ. അതൊരു ജന്മസുകൃതം തന്നെയാണ്. 35 വർഷം ഒരിഞ്ചും താഴോട്ടുപോകാതെ നില ഉയർത്തിക്കൊണ്ടേയിരിക്കുന്ന എത്ര നടന്മാർ ഇന്ത്യൻ സിനിമയിലുണ്ട്. നടനും സൂപ്പർ സ്റ്റാറുമായിരിക്കുകയെന്ന അപൂർവമായ സമ്മാനമാണ് ഈ മനുഷ്യൻ മലയാളിക്കു തന്നത്.

ഇത്രയേറെ ചെറുപ്പക്കാർക്ക് അവസരം നൽകിയ ആരുണ്ട്. എത്രയോ പേരെ വിളിച്ചു കഥ എഴുതാൻ ഈ മനുഷ്യൻ പറയുന്നതിനു ഞാൻ സാക്ഷിയാണ്. അവർ നല്ല കഥ എഴുതാത്തത് അവരുടെ കുഴപ്പം. ഇരുപതു വർഷത്തിലേറെ നീണ്ട സൗഹൃദം എനിക്കുണ്ട്. ഇന്നേവരെ മകൻ ദുൽഖർ സൽമാനെപ്പറ്റി ഒരു വരി എഴുതാൻ മമ്മൂട്ടി എന്ന അച്ഛൻ എന്നോടു പറഞ്ഞിട്ടില്ല. അതിനുള്ള തന്റേടം എത്ര നടന്മാർക്കുണ്ടാകും. സ്വന്തം മക്കൾക്കുവേണ്ടി വിയർപ്പൊഴുക്കിയ എത്രയോ സിനിമാ പിതാക്കന്മാരെ ഞാൻ മുന്നിൽ കാണുന്നു.

mammootty-dance-troll-6

35 വർഷത്തിനു ശേഷവും, എനിക്കറിയാത്ത പണിയാണിതെന്നു പറഞ്ഞു പോകാതെ ‘ഞാൻ പഠിക്കും’ എന്ന സമർപ്പണത്തോടെ നൃത്തം ചെയ്യുന്ന മമ്മൂട്ടിയെ ഞാൻ സ്നേഹിക്കുന്നു. അദ്ദേഹം നൃത്തം ചെയ്തില്ലെങ്കിലും ഒരു ചുക്കും സംഭവിക്കില്ല. ഇത്തരമൊരു വിഡിയോ പടരുമ്പോഴും അതു മക്കളും പേരക്കുട്ടികളും ഭാര്യയും കാണുമെന്നറിഞ്ഞിട്ടുപോലും ഒരു മടിയുമില്ലാതെ സ്വന്തം കലയെ സ്നേഹിക്കുന്ന ഈ നടനെ ഞാൻ ഇതിനു മുൻപു സ്നേഹിച്ചതിലും പതിന്മടങ്ങു സ്നേഹിക്കുന്നു.

നമ്മുടെയെല്ലാം നേർക്ക് ആരെങ്കിലുമൊന്നു വിരൽ ചൂണ്ടിയാൽ, സ്വന്തം മക്കൾപോലും ഒന്നു കളിയാക്കിയാൽ തളർന്നുപോകുന്ന ബലമേ നമുക്കുള്ളു. ലോകം മുഴുവൻ പലതവണ കളിയാക്കിയപ്പോഴും ചിരിച്ചുകൊണ്ടു നമ്മുടെ കൂടെ നടന്ന ഈ മനുഷ്യനോടു നാം ചെയ്തതു പൊറുക്കാനാകാത്തതാണ്. 35 വർഷം നമ്മുടെ മനസ്സു നിറച്ചതു മറക്കാം, എത്രയോ മണിക്കൂറുകൾ നമ്മൾ അദ്ദേഹത്തെ അത്ഭുതത്തോടെ കണ്ടിരുന്നതു മറക്കാം. പക്ഷേ, ഈ മനുഷ്യനു ഭാര്യയും കുട്ടികളും പേരക്കുട്ടികളും ഉണ്ടെന്ന പരിഗണനയെങ്കിലും നൽകേണ്ടതായിരുന്നു. ഫോർവേഡ് ചെയ്യപ്പെടുന്നതു മലയാളിയുടെ പരമപുച്ഛം നിറഞ്ഞ മനസ്സാണ്, അല്ലാതെ മമ്മൂട്ടിയുടെ ചുവടുകളില്ല.

mammootty-dance-troll-7

പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങളെ ഞാൻ കൂടുതൽ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. അറിയാത്ത ഒരു കാര്യം പഠിച്ചെടുക്കാൻ നടത്തുന്ന കറയില്ലാത്ത ശ്രമത്തിനു മുന്നിൽ നമിക്കുന്നു.