Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിയുടെ ഓഫിസിലെത്തിയ ആ വ്യാജ ഫോൺ കോൾ

ജിജോ ജോൺ പുത്തേഴത്ത്
fake-call-to-minister-and-police-inquiry

എല്ലാവരും ഒറ്റക്കാലിൽ നിൽപ്പാണ്... പടക്കം. പൂമാല, ചെണ്ട, താലപ്പൊലി. പണ്ടൊക്കെ അങ്ങനെയാണ്. ഒരു മന്ത്രി നാട്ടിൽ വരുന്നതും പ്രസംഗിക്കുന്നതും ചായകുടിക്കുന്നതും വലിയ സംഭവമാണ്. മന്ത്രിയെ ക്ഷണിച്ചു കൊണ്ടു വരുന്നവർ, മന്ത്രി തോളത്തു തട്ടി സംസാരിക്കുന്നവർ, പ്രസംഗത്തിനിടെ പേരെടുത്തു പറഞ്ഞു പരാമർശിക്കുന്നവർ... ഇവരെല്ലാം പിന്നെ നാട്ടിലെ പ്രമാണിമാരാവും. 

അങ്ങനെ ഒരു കാത്തുനിൽപ്പിലായിരുന്നു അവരെല്ലാം. മധ്യകേരളത്തിലെ അറിയപ്പെടുന്ന സമുദായ സംഘടനയുടെ വാർഷിക പൊതുയോഗത്തിനാണു മന്ത്രി വരാമെന്നു വാക്കു പറഞ്ഞത്. 

സ്കൂൾ മുറ്റത്തു വൈകിട്ടു 4 നു നടക്കേണ്ട ചടങ്ങാണ്. ചായയും കടിയും ഏർപ്പാടാക്കി കുട്ടികളെയെല്ലാം സദസിന്റെ മുൻനിരയിൽ ഇരുത്തിയിട്ടുണ്ട്. പരിപാടി അവസാനിച്ചു മന്ത്രി മടങ്ങുമ്പോൾ വൈകും. അതുകൊണ്ടു കുട്ടികളെ വീട്ടിലേക്കു കൂട്ടാൻ മാതാപിതാക്കളും എത്തും. 

മന്ത്രി വരുമ്പോൾ സദസ്സ് സമ്പന്നമാക്കാൻ ഇത്തരം സൂത്രപ്പണികളും സംഘാടകർ ഒപ്പിച്ചിരുന്നു. ഇടയ്ക്കു ചിലർ പരിപാടിയുടെ ജനറൽ കൺവീനറെ ഓർമിപ്പിച്ചു, മണി ആറായി. ഇതുവരെ അദ്ദേഹം എത്തിയില്ല. ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ആളെ വിട്ടു, വഴിയിൽ എന്തെങ്കിലും സംഭവിച്ചോ? മറ്റു ചിലർ റേഡിയോ ഓൺ ചെയ്തു. ഇന്നത്തെപ്പോലെ ആരുടെ പക്കലും മൊബൈൽ ഫോണൊന്നും ഇല്ല. 

സമീപത്തെ പള്ളിമേടയിലും അമ്പലക്കമ്മിറ്റി ഓഫിസിലുമാണു ഫോണുള്ളത്. രണ്ടിടത്തേക്കും ആളെ വിട്ടു. 

തിരുവനന്തപുരത്തേക്കു നേരിട്ടു വിളിക്കാനുള്ള എസ്ടിഡി സൗകര്യം അന്നില്ല. എക്സ്ചേഞ്ചിൽ വിളിച്ചു ട്രങ്ക് കോൾ ബുക്ക് ചെയ്തു കണക്ട് ചെയ്യാൻ കാത്തിരിക്കണം. 

അമ്പലക്കമ്മിറ്റി ഓഫിസിലെ ഫോണിലാണ് ആദ്യം കണക്‌ഷൻ കിട്ടിയത്. മന്ത്രിയുടെ പിഎ തന്നെയാണു ഫോണെടുത്തു സംസാരിച്ചത്. 

‘‘നിങ്ങളുടെ ഇന്നത്തെ വാർഷിക പരിപാടി ആരുടെയോ മരണത്തെ തുടർന്നു മാറ്റിയതായി ഇന്നലെ വൈകിട്ട് ഇവിടെ വിളിച്ച് അറിയിച്ചിരുന്നല്ലോ. മന്ത്രി മറ്റൊരു പരിപാടിക്കു തൊടുപുഴയിലേക്കു പോയി. എന്തു പറ്റി.’’ 

ഇവിടെ ആരും മരിച്ചിട്ടില്ല സർ, ഞങ്ങളാരും അങ്ങോട്ടു വിളിച്ചട്ടില്ല സർ... എന്തോ പന്തികേടുണ്ട്! 

അപ്പോൾ ചതിയാണോ? ‘‘എങ്കിൽ നിങ്ങളൊരു കാര്യം ചെയ്യൂ.  ലോക്കൽ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കൂ. ഞാനും ഇവിടെ നിന്നു വിളിച്ച് അന്വേഷിക്കാം. എന്തായാലും പരിപാടി നടക്കട്ടെ. മന്ത്രിയെ വിവരം ധരിപ്പിക്കാം. മറ്റൊരവസരത്തിൽ അദ്ദേഹത്തെ അവിടെ എത്തിക്കാം. എന്താ പോരെ–’’  പിഎ ആശ്വസിപ്പിച്ചു. 

എന്നാലും ആരാണീ ചതി ചെയ്തത്? 

വർഷം 1973, തൊട്ടുകൂട്ടാൻ പോലും കേരള പൊലീസിന്റെ കേസന്വേഷണത്തിൽ വിവരസാങ്കേതിക വിദ്യ കടന്നുവരാത്ത കാലം. 

തൊട്ടതിനും പിടിച്ചതിനും ടെലിഫോൺ സിഡിആർ (കോൾ ഡീടെയ്‌ൽ റെക്കോർഡ്) അന്വേഷിക്കുന്നതിനേക്കാൾ ആവേശഭരിതമായിരുന്നു അന്നത്തെ കുറ്റാന്വേഷണം. ബുദ്ധിശക്തി കൊണ്ടു മാത്രം കേസുകൾ തെളിയിക്കുന്ന ഉദ്യോഗസ്ഥരുണ്ടായിരുന്ന കാലം. 

മന്ത്രിയുടെ ഓഫിസിൽ നിന്നു വിളിച്ചു പറഞ്ഞ കേസാണ്. ഹെഡ് കോൺസ്റ്റബിൾ ചന്ദ്രചൂഡൻ അന്വേഷണം തുടങ്ങി.

സംഘാടക സമിതി ഓഫിസിലെത്തി അദ്ദേഹം ഭാരവാഹികളെ വിളിച്ചു വരുത്തി. 

കുറെ ചോദ്യങ്ങളുമായാണു ചന്ദ്രചൂഡൻ എത്തിയത്. 

1. സംഘടനയോട് ഏതെങ്കിലും തരത്തിൽ ശത്രുതയുള്ളവർ ആരെല്ലാം? 

2. ഇവരിൽ മന്ത്രിയുടെ ഓഫിസിലേക്കു നേരിട്ടു ഫോൺ വിളിക്കാൻ പ്രാപ്തിയുള്ളവർ ആരെല്ലാം?

3. മുൻഭരണ സമിതിയിലെ എത്രപേരാണു തിരഞ്ഞെടുപ്പിൽ തോറ്റത്? 

4. മന്ത്രി പങ്കെടുക്കാനിരുന്ന വാർഷിക പരിപാടിയെപ്പറ്റി തെറ്റായ പ്രചാരണം നടത്തിയവർ ആരെങ്കിലുമുണ്ടോ? 

5. ഇവരിൽ ആരുടെയെല്ലാം വീട്ടിൽ സ്വന്തമായി ഫോണുണ്ട്? 

6. മന്ത്രി പങ്കെടുക്കില്ലെന്ന് അറിഞ്ഞപ്പോൾ ഭരണസമിതിയിലെ ആരെങ്കിലും ഏറെ സന്തോഷം പ്രകടിപ്പിച്ചതായി ശ്രദ്ധിച്ചിരുന്നോ? 

ആറു ചോദ്യങ്ങൾക്കും ലഭിച്ച മറുപടികൾ പരിശോധിച്ചു തയ്യാറാക്കിയ 3 പേരുടെ ചുരുക്കപ്പട്ടിക എസ്ഐ രാജ്മോഹനെ ഏൽപ്പിച്ചു ചന്ദ്രചൂഡൻ പിന്മാറി. ഇവരുടെ ഫോൺ നമ്പറുകളുമായി എസ്ഐ ടെലിഫോൺ എക്സ്ചേഞ്ചിലെത്തി. ഈ നമ്പറുകളിൽ ഒന്നിൽ നിന്നു പോലും മന്ത്രിയുടെ ഓഫിസിലേക്കു ട്രങ്ക് ബുക്ക് ചെയ്തതായി കാണുന്നില്ല. അതുവരെ ചെയ്ത പണി വെറുതെയായി. നിരാശനായ എസ്ഐ സ്റ്റേഷനിലെത്തി ചന്ദ്രചൂഡനോടു വിവരം പറഞ്ഞു. 

അപ്പോൾ അദ്ദേഹം പറഞ്ഞു: ‘സാർ നമുക്കു പട്ടണത്തിലെ പോസ്റ്റ് ഓഫിസ് വരെ ഒന്നു പോവാം’ 

പബ്ലിക്ക് ഫോൺ ബൂത്തുകൾ ഇല്ലാത്ത കാലത്ത് ആവശ്യക്കാർ ഫോൺ വിളിക്കാൻ എത്തിയിരുന്നതു പോസ്റ്റ് ഓഫിസുകളിലാണ്. 

സംശയിക്കുന്ന 3 പേരുടെയും ചിത്രങ്ങൾ ചന്ദ്രചൂഡൻ സംഘടിപ്പിച്ചിരുന്നു. അതിലൊരാൾ അവിടെ ഫോൺ ചെയ്യാൻ എത്തിയിട്ടുണ്ടെന്ന സംശയം ഒരു ജീവനക്കാരൻ പറഞ്ഞു.

അതു സംഘടനയുടെ മുൻ സെക്രട്ടറി ജെയിംസായിരുന്നു. കഴിഞ്ഞ പൊതുയോഗത്തിൽ 2 വോട്ടിനാണു തോറ്റത്. നാട്ടിലെ പ്രമാണിയാണ്. അതീവ രഹസ്യമായി അയാളുടെ വീടു പരിശോധിക്കാൻ എസ്ഐ രാജ്മോഹൻ തീരുമാനിച്ചു. രണ്ടു രേഖകളും ജെയിംസിന്റെ അലക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങളും പൊലീസ് പരിശോധിച്ചു. ഷർട്ടിന്റെ പോക്കറ്റുകൾ തപ്പി. മന്ത്രിയുടെ ഓഫിസിന്റെ ഫോൺ നമ്പർ കുറിച്ച ഒരു കഷണം കടലാസാണു പൊലീസിനു വേണ്ടിയിരുന്നത്. എത്ര തപ്പിയിട്ടും അതുമാത്രം കിട്ടിയില്ല. 

പിന്നെ 2 നോട്ട്ബുക്കുകളാണു പരിശോധിച്ചത്. ഒന്നാമത്തേതു ടെലിഫോൺ നമ്പറുകൾ എഴുതി സൂക്ഷിച്ചിരുന്നതും രണ്ടാമത്തേതു ജെയിംസിന്റെ ദിവസച്ചെലവുകൾ എഴുതിയിരുന്നതും. ടെലിഫോൺ നമ്പറുകൾ എഴുതിയ ബുക്കിൽ മന്ത്രിയുടെ ഓഫിസിന്റെ നമ്പറില്ല. 

അതിനിടയിൽ ചെലവു പുസ്തകം പരിശോധിച്ച ഹെഡ്കോൺസ്റ്റബിൾ ചന്ദ്രചൂഡന്റെ കണ്ണുകൾ തിളങ്ങി. അതിൽ എഴുതിയ ഒരു വരി ഇങ്ങനെയായിരുന്നു: ‘‘ മന്ത്രിയുടെ ഓഫിസിലേക്കു ട്രങ്ക് ബുക്ക് ചെയ്തു വിളിച്ച ഇനത്തിൽ ചെലവ് 8 രൂപ.’’