Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പിന്റെ തലേന്നു കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകനും ദുരൂഹതയുടെ രക്തത്തുള്ളികളും

ജിജോ ജോൺ പുത്തേഴത്ത്
തിരഞ്ഞെടുപ്പിന്റെ തലേന്നു കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകൻ; ദുരൂഹതയുടെ രക്തത്തുള്ളികൾ

ജന്മദൗത്യം കൊലപാതകമല്ല. എന്നാൽ കൊലയാളികൾ ആയുധമായി ദുരുപയോഗിക്കാറുണ്ട്. പല കുറ്റകൃത്യങ്ങളുടെയും അണിയറ പങ്കാളി, തിരിച്ചറിയപ്പെടാത്ത കൊലപാതകങ്ങളിലെ കൂട്ടാളി. പക്ഷേ, പിടിക്കപ്പെട്ടാൽ കൂട്ടുപ്രതിയാവില്ല; നിയമത്തിന്റെ മുന്നിൽ തൊണ്ടി മുതൽ മാത്രം.

നിരത്തിലോടുന്ന പല വണ്ടികൾക്കും ഇത്തരം കുറ്റാന്വേഷണ കഥകൾ പറയാൻ കാണും. ഇവയിൽ ചില കൊലപാതകങ്ങൾ അപകടമരണത്തേക്കാൾ സ്വാഭാവികമായും ചില അപകടമരണങ്ങൾ കൊലപാതകത്തേക്കാൾ അസ്വാഭാവികമായും കാണപ്പെടും.

കുഴൽപ്പണം, സ്വർണം, വ്യാജമദ്യം... കള്ളക്കടത്തുകാരുടെ പരമ്പരാഗത കുറ്റകൃത്യങ്ങളുടെ അതിരും കടന്നു നീങ്ങുകയാണു വാഹനങ്ങൾ.

കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിൽ ലോറിയെ ആയുധമാക്കിയത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും പ്രതികളുടെ വാഹനം കുറ്റകൃത്യത്തിലെ മുഖ്യകണ്ണിയാണ്. എറണാകുളത്തു ബ്യൂട്ടി സലൂണിൽ വെടി ഉതിർക്കാനെത്തിയ രണ്ടുപേർ സഞ്ചരിച്ച നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർ ബൈക്ക് തേടി ഇപ്പോഴും അലയുകയാണു കേരള പൊലീസ്. നമ്പർ പ്ലേറ്റും എൻജിൻ നമ്പറും മാത്രമാണു വാഹനങ്ങളെ തിരിച്ചറിയാനുള്ള രണ്ടു പ്രധാന വഴികൾ. കുറ്റസ്ഥലത്തു നിന്നു ചീറിപ്പായുമ്പോൾ എൻജിൻ നമ്പർ പ്രസക്തമല്ല. അതാർക്കും കാണാൻ പോലും കഴിയില്ല. പിന്നെയുള്ളതു നമ്പർ പ്ലേറ്റ് മാത്രം. അത് അഴിച്ചു വയ്ക്കുന്നതു കൂടുതൽ സംശയകരമായതിനാൽ വ്യാജ നമ്പർ പ്ലേറ്റ് സ്ഥാപിക്കുകയാണു പ്രഫഷനൽ കുറ്റവാളികളുടെ രീതി.

വർഷങ്ങൾക്കു മുൻപാണ്. അന്നു വടക്കൻ കേരളം തിരഞ്ഞെടുപ്പിന്റെ കൊടുംചൂടിലായിരുന്നു. പോളിങ് ദിവസം അതിരാവിലെ ഭയപ്പെടുത്തുന്ന വാർത്ത പരന്നു. 

സ്ഥലത്തെ പ്രധാന പാർട്ടി പ്രവർത്തകർ തിരഞ്ഞെടുപ്പിന്റെ അവസാനവട്ട ജോലിത്തിരക്കുകൾക്കിടയിൽ സ്വന്തം പോളിങ് ബൂത്തിനു സമീപത്തെ റോഡരികിൽ മരിച്ചു കിടക്കുന്നു. പാർട്ടിക്കൊടികളും തോരണങ്ങളും ചുറ്റും ചിതറിയിട്ടുണ്ട്. ഭീകര അന്തരീക്ഷം. എല്ലാവർക്കും നടുക്കം. പൊലീസ് ഗതാഗതം നിരോധിച്ചു. സ്ഥലം വളഞ്ഞുകെട്ടി തെളിവിനു വേണ്ടി അരിച്ചു പെറുക്കുന്നു. ബൂത്തിൽ പോളിങ് മന്ദഗതിയിൽ തുടങ്ങി. സ്ഥലത്തെ പ്രധാന പാർട്ടി പ്രവർത്തകരെ പ്രദേശത്തു കാണാനില്ല.

പൊതുവെ നിശ്ശബ്ദമെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ല. 

ഒളിവിൽ ചിലർ ആയുധങ്ങൾ രാകി മൂർച്ച കൂട്ടുന്ന വിവരം പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു. 

തലേന്നു രാത്രി റോഡിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകന്റെ യഥാർഥ മരണകാരണം ഉടൻ കണ്ടെത്തണം. ആശയക്കുഴപ്പം നിലനിന്നാൽ പോളിങ് സമയം കഴിഞ്ഞു ചോരപ്പുഴ ഒഴുകും.

കേരള പൊലീസിലെ കുറ്റാന്വേഷണ വിദഗ്ധരായ ഉദ്യോഗസ്ഥരെല്ലാം രംഗത്തിറങ്ങി. മൃതദേഹം റോഡിൽ ചരിഞ്ഞു കിടക്കുന്നു. ഇടുതു ചെവിയിൽ ചെറിയ മുറിവ്, സമീപം അൽപ്പം രക്തം. അവിടെ നിന്ന് ഇടവിട്ട് റോഡിൽ രക്തതുള്ളികൾ വീണിട്ടുണ്ട്. സമീപത്തെ പൊന്തക്കാടു വരെ രക്തം തുള്ളിതുള്ളിയായി വീണിട്ടുണ്ട്.

അന്ന് ഉച്ചയോടെ മറ്റൊരാൾ പൊലീസിനു മൊഴി നൽകി. അയാളും പാർട്ടി പ്രവർത്തകൻ, മരിച്ചയാളുടെ അടുത്ത സുഹൃത്ത്.

‘സർ, ഇന്നലെ രാത്രി ഞാനും കൂടെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പു ജോലികൾ തീർത്ത ശേഷം രാത്രി വൈകി പാർട്ടി മീറ്റിങ്ങുണ്ടായിരുന്നു. അതിനു മുൻപു റോഡരികിൽ ഒന്നു തലചായ്ച്ചതാണ്. ഉഷ്ണമായതിനാൽ ഷർട്ടൂരി ചുരുട്ടി തലയ്ക്കൽ വച്ചിരുന്നു. പിന്നെ ഒന്നും ഓർമയില്ല...’ അയാൾ കരഞ്ഞു.

‘ഇപ്പോൾ ഞാനിട്ടിരിക്കുന്നത് അവന്റെ ഷർട്ടാണ്. അവൻ ഇട്ടിരുന്നത് എന്റെ ഷർട്ടും. ആരാണ് ഇങ്ങനെ മാറ്റിയിട്ടതെന്ന് എനിക്കറിയില്ല സർ.’’

അയാളുടെ മൊഴികൾ പൊലീസിനെയാകെ വട്ടംകറക്കി. ബോധപൂർവം ചെയ്യുന്ന കൊലപാതകങ്ങളുടെ അനേക ഇരട്ടിയാണു ഡ്രൈവർമാരുടെ അശ്രദ്ധയുണ്ടാക്കുന്ന ‘കൊലപാതക’ങ്ങൾ. ഈ സംഭവത്തെക്കുറിച്ചു ഫൊറൻസിക് വിദഗ്ധ ഡോ: ഷെർലി വാസുവിന്റെ ഓർമക്കുറിപ്പുകളിൽ പറയുന്നുണ്ട്.

പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. 

ഫൊറൻസിക് നിഗമനം ഇതാണ്: പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതു വാഹനാപകടത്തിൽ. തിരഞ്ഞെടുപ്പിനു തലേന്നു രാത്രി ആ റോഡിൽ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. ലൈറ്റ് ഇടാതെ വന്ന ജീപ്പാണ് അപകടമുണ്ടാക്കിയത്. 

തൊട്ടടുത് എത്തിയപ്പോൾ റോഡിൽ 2 പേർ കിടക്കുന്നതു കണ്ടു ബ്രേക്കിട്ടെങ്കിലും വണ്ടി നിന്നില്ല. ഒരാളുടെ നെഞ്ചിലൂടെ കയറിയിറങ്ങി. ശരീരത്തിനു പുറമേ മുറിവില്ലെങ്കിലും ഹൃദയം തകർന്നു. അതാണു മരണകാരണം.

ചെവിയിലെ മുറിവു വണ്ടിയുടെ വീൽഗാർഡിൽ തട്ടി ഉണ്ടായതാണ്. വണ്ടിയിൽ ബി– പോസിറ്റിവ് രക്തം അൽപ്പം പുരണ്ടിട്ടുണ്ടാവും. റോഡിൽ നിന്നു പൊന്തക്കാട് വരെ തുള്ളിതുള്ളിയായി വീണു കിടക്കുന്ന രക്തം അപകടത്തിൽ മരിച്ചയാളുടെതല്ല. കേരള പൊലീസ് അപ്പോൾ തന്നെ രംഗത്തിറങ്ങി. 

ജില്ലയിലെ ജീപ്പ് ഉടമകളുടെ പട്ടിക തയാറാക്കി. റോഡിൽ കാണുന്നതും പോർച്ചിൽ കിടക്കുന്നതുമായ മുഴുവൻ ജീപ്പുകളും പരിശോധിച്ചു. അങ്ങനെ വീൽഗാർഡിൽ ബി– പോസിറ്റിവ് രക്തം പുരണ്ട ആ ജീപ്പ് കണ്ടെത്തി. 

ഡ്രൈവർ കുറ്റം സമ്മതിച്ചു. റോഡിൽ കിടന്ന് ഉറങ്ങുന്നതു കണ്ടില്ല. മരിച്ചുവെന്ന് ഉറപ്പായതിനാലാണ് ആശുപത്രിയിലേക്കു കൊണ്ടുപോവാതിരുന്നത്.

കുറ്റാന്വേഷണത്തിൽ മനുഷ്യരുടെ വിരലടയാളത്തിനു തുല്യമായ സ്ഥാനമാണു വാഹനങ്ങളുടെ ടയർ മാർക്കിന്. കമ്പനി, ടയറിന്റെ വലുപ്പം, തേയ്മാനം... ഇവയെല്ലാം അപകടം സംഭവിച്ച റോഡിലെ ടയറടയാളം വ്യത്യസ്തമാക്കും. 

അപകടത്തിൽ മരിക്കുന്നവരുടെ മൃതദേഹത്തിൽ നിന്ന് ഇടിച്ച വാഹനത്തിന്റെ ടയറടയാളം കണ്ടെത്താൻ കഴിയും. പൊന്തക്കാട്ടിലേക്കു നീളുന്ന രക്ത തുള്ളികൾ അപ്പോഴും കേസിനെ നിഗൂഢമാക്കി നിർത്തി. പുതിയ കഥകൾ നാട്ടിൽ കേട്ടു തുടങ്ങി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പു തലേന്നു സന്ധ്യക്കു പൊന്തക്കാട്ടിൽ കണ്ട കാട്ടുമുയലിനെ അയാൾ കല്ലെറിഞ്ഞു വീഴ്ത്തി പിടികൂടിയിരുന്നു. മുയലിന്റെ തൊലി അയാളുടെ അടുക്കളയുടെ പിൻഭാഗത്തു നിന്നു കണ്ടെത്തി.

രക്തത്തുള്ളികളുടെ കാര്യത്തിലും ഇതോടെ പരിഹാരമായി.