Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശവക്കുഴിയിൽ ഒരു കുടുംബം !

കെ. ബാലസുബ്രഹ്മണ്യൻ
black-magic

ജൂലൈ 29 ഞായർ. കുന്നിറങ്ങി വന്ന കാറ്റിന് മരണത്തണുപ്പ് ആയിരുന്നു. സന്ധ്യയ്ക്കു തുടങ്ങിയ മഴയാണ്. രാത്രി പത്തുമണി. ദൂരെ ഒരു തീപ്പൊട്ട് മിന്നി! മൂലമറ്റം പുഴയ്ക്കു സമാന്തരമായ റോഡിലൂടെ ഒരു ബൈക്ക് പാഞ്ഞു വന്നു. ഒരു യമഹ RX 100. മഴ നനയാതിരിക്കാൻ പ്ലാസ്റ്റിക് കൂട് തലയിൽ ചുറ്റിക്കെട്ടിയ രണ്ടു പേർ ബൈക്കിൽ ഇരിപ്പുണ്ടായിരുന്നു.

ഒരു മണിക്കൂർ മുമ്പ് ഇതേ യമഹ ബൈക്ക് അടിമാലിയിലെ ഒരു ജ്യോത്സ്യന്റെ വീടിനു മുമ്പിലാണ്. മഴ പെയ്തു കൊണ്ടേയിരുന്നു. ജ്യോത്സ്യനു മുമ്പിൽ രണ്ടു പേർ പുറം തിരിഞ്ഞ് ഇരിപ്പുണ്ടായിരുന്നു.

"അപ്പോൾ ധൈര്യമായി മുമ്പോട്ടു പോവാം അല്ലോ ? "

അവരിൽ ഒരാൾ ജ്യോത്സ്യനെ നോക്കി. രാശിപ്പലകയിലേക്ക് ഒന്നുകൂടി കവടികൾ വീണ് ചിതറി. ജ്യോത്സ്യൻ ഒന്നു തല കുലുക്കി;

"മകരമാണ് കിട്ടിയിരിക്കുന്നത്. മകരം കിട്ടിയാൽ മറിച്ചൊന്നും ചിന്തിക്കേണ്ടെന്നാ. ധൈര്യമായി മുമ്പോട്ട് പൊയ്ക്കോളൂ.''

"പൊലീസ് പിടിക്കുമോ..? അങ്ങനെ വല്ലതും" രണ്ടാമന്റെ സംശയം.

"ഹേയ്" ജ്യോത്സ്യൻ തല വെട്ടിച്ചു, ''പൊലീസ് ആരെയെങ്കിലും പിടിച്ചോളും. നിങ്ങളെ തൊടില്ല. കാരണം, നിങ്ങടെ സമയം അത്ര നല്ലതാ. പിന്നെ" ജ്യോത്സ്യൻ ഒന്നു നിർത്തി;

"എല്ലാം കഴിഞ്ഞിട്ട് ഒരു കോഴിക്കുരുതി നടത്തിക്കോളൂ. ഒരു കൈവട്ട ഗുരുതിയും. മൂർത്തികൾക്കൊക്കെ സന്തോഷമായ്ക്കോട്ടെ .. "

രണ്ടു പേരും ജ്യോത്സനെ നോക്കി തല കുലുക്കി. പിന്നെ, ഇരകൾക്ക് ' മരണസമയം ' കുറിച്ച് കിട്ടിയ സന്തോഷത്തോടെ ദക്ഷിണ വച്ച് എണീറ്റു. പുറത്തെ മഴയിലേക്ക് ഇറങ്ങി. യമഹ RX100 വീണ്ടും സ്റ്റാർട്ടായി. തൊടുപുഴ- വണ്ണപ്പുറം റോഡിലൂടെ മൂലമറ്റം കടവ് ലക്ഷ്യമാക്കി അത് ഓടിക്കൊണ്ടിരുന്നു. വീണ്ടും മൂലമറ്റം കടവിലേക്ക്.

"അനീഷേ... നീ തീർക്കാൻ തന്നെ തീരുമാനിച്ചല്ലേ. മാറ്റമില്ലല്ലോ ''

ലിബീഷ് അനീഷിനെ നോക്കി. ചൂണ്ടമുനയിൽ ഇരയെ കൊരുത്ത് പുഴയിലേക്ക് എറിഞ്ഞിട്ട് അനീഷ് തിരിഞ്ഞു ;

"ഒരു മാറ്റവും ഇല്ല. തീരുമാനിച്ചതു പോലെ ഇന്നു രാത്രി എല്ലാം നടക്കും. എനിക്ക് വേണം. മുന്നൂറ് മൂർത്തികളുടെ ശക്തി."

dkgf അനീഷ്, ലിബീഷ്

മഴ വീണ്ടും കനത്തു.

"ചെയ്യാൻ പോവുന്നത് ഒരു കൊലപാതകമാ" ലിബീഷ് വീണ്ടും പറഞ്ഞു; "പിടിക്കപ്പെട്ടാൽ "

"പിടിക്കപ്പെടില്ല" അനീഷിന് നല്ല ആത്മവിശ്വാസം ആയിരുന്നു; "എന്റെ മൂർത്തികൾ എന്നെ കാത്തോളും. 

"അനീഷ് ഒന്നു നിർത്തി; "കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ എന്ന മഹാ മന്ത്രവാദി ഇന്നു രാത്രി കൊണ്ട് തീരണം. നാളെ പുലരാൻ കോഴി കൂവുമ്പോൾ അയാളുടെ മന്ത്ര സിദ്ധികളും അയാളുടെ മുന്നൂറ് ഉപാസനാ മൂർത്തികളും എനിക്ക് സ്വന്തം "

ദുർമന്ത്രവാദി ആയിരുന്ന കമ്പനക്കാട് കാനാട്ട് വീട്ടിൽ കൃഷ്ണന്റെ ശിഷ്യനായിരുന്നു അനീഷ്.പരികർമ്മി എന്നും പറയാം. ഗുരു തനിക്കൊന്നും പഠിപ്പിച്ചു തരുന്നില്ല എന്നു തോന്നിയപ്പോഴാണ് ഗുരുവിനെ കൊന്ന് മന്ത്ര സിദ്ധികൾ സ്വന്തമാക്കാൻ അനീഷ് തീരുമാനിച്ചത്. ആറു മാസമായി മനസ്സിൽ കിടന്നു നീറിയ പകയുടെ കനലുകളാണ് ഈ രാത്രി ആളിക്കത്താൻ പോവുന്നത്. കൂട്ടിന് സുഹൃത്തും മോട്ടോർ സൈക്കിൾ വർക്ക്ഷോപ്പ് ജീവനക്കാരനുമായ ലിബീഷിനെയും അനീഷ് ഒപ്പം കൂട്ടി. 

അടിമാലി നൂറാംകര കോളാരി വീട്ടിൽ അനീഷിന് കുട്ടിക്കാലം മുതലേ ദുർമന്ത്രവാദത്തോടായിരുന്നു താൽപര്യം. അനീഷിന്റെ അച്ഛൻ പേരുകേട്ട ദുർമന്ത്രവാദി ആയിരുന്നു. കോഴിച്ചോരകൊണ്ട് കുരുതിക്കളങ്ങൾ കുതിർത്തെടുക്കുന്ന ആൾ.നാട്ടുകാർ അയാളെ 'മഹർഷി' എന്നാണ് വിളിച്ചിരുന്നത്.'കുട്ടി മന്ത്രവാദി' യായ അനീഷിനെ 'ആശാൻ' എന്നും. അച്ഛനെക്കാളും വലിയ മന്ത്രവാദി ആവണമെന്ന ആഗ്രഹമാണ് അനീഷിനെ കാനാട്ട് കൃഷ്ണന്റെ അടുത്ത് എത്തിച്ചത്.

"ആശാനേ" ലിബീഷ് അനീഷിനെ നോക്കി; "നീങ്ങിയാലോ?"

"ങും". അനീഷ് ഒന്നു തല കുലുക്കി .

പിന്നെ, ചൂണ്ടയും കയറും ആറ്റിലേക്ക് എറിഞ്ഞിട്ട് പുഴക്കരയിലിരുന്ന ബ്രാണ്ടിക്കുപ്പി എടുത്ത് വായിലേക്കു ചെരിച്ചു. കുപ്പി പുഴയിലേക്കു വലിച്ചെറിഞ്ഞിട്ട് അനീഷ് ബൈക്കിലേക്ക് കയറി. യമഹ RX100 സ്റ്റാർട്ടായി. ലിബീഷ് ബൈക്കിന്റെ പിന്നിലേക്കു കയറി. കാനാട്ട് കൃഷ്ണനുള്ള 'മരണച്ചീട്ടുമായി' ബൈക്ക് പുഴക്കരയിലൂടെ മുമ്പോട്ട് ഉരുണ്ടു.

( തുടരും)

അടുത്ത ആഴ്ച :

മുന്നൂറ് മൂർത്തികൾ കാവൽ നിൽക്കുന്ന കാനാട്ട് കൃഷ്ണന്റെ വീട്ടിൽ ആ രാത്രി സംഭവിച്ചതെന്താണ്? കാത്തിരിക്കൂ.