Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെയിറ്റിങ് ഷെഡിൽ പതുങ്ങി നിന്ന മരണം

കെ.ബാലസുബ്രഹ്മണ്യൻ
peerumedu-rape-murder-case മോളി, രാജേന്ദ്രൻ, നീനു

രാത്രി! തേക്കടി വിജനമായ വെയിറ്റിങ് ഷെഡിൽ ഇരുന്ന് അന്നത്തെ 'കളക്ഷൻ' എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു കുറുമ്പി എന്ന ഭിക്ഷക്കാരി.

അടുത്ത നിമിഷം, മഴ തുടങ്ങി. ആർത്തലച്ച് ചെയ്യുന്ന മഴയും വീശിയടിക്കുന്ന കാറ്റും. ഭിക്ഷ യാചിച്ചു കിട്ടിയ ചില്ലറത്തുട്ടുകളടങ്ങിയ ഭാണ്ഡം മാറോടു ചേർത്ത് കുറുമ്പി മഴ നനയാതെ ഒതുങ്ങിയിരുന്നു. പക്ഷേ, കുറുമ്പിയെ തേടി മഴ നനഞ്ഞു മരണം നടന്നു വരുന്നുണ്ടായിരുന്നു. പാവം കുറുമ്പി അത് അറിഞ്ഞില്ല.

മഴ തുടർന്നു കൊണ്ടേയിരുന്നു. പിറ്റേന്ന് മഴ തോർന്നിരുന്നു. പക്ഷേ, വെയിറ്റിങ് ഷെഡിനു മുമ്പിലെ റോഡിൽ ചോര പരന്നൊഴുകി കിടപ്പുണ്ടായിരുന്നു. വെയിറ്റിങ് ഷെഡിൽ കുറുമ്പിയുടെ മൃതശരീരവും. പൊലീസ് വാഹനങ്ങൾ പാഞ്ഞെത്തി. പ്രേത വിചാരണയിലും പോസ്റ്റ്മോർട്ടത്തിലും പൊലീസിന് ഒരു കാര്യം വ്യക്തമായി. അതിക്രൂരമായിട്ടാണ് കൊലപാതകം നടന്നിരിക്കുന്നത്. മാനഭംഗശ്രമവും നടന്നിട്ടുണ്ട്.

തലയുടെ പിന്നിലേറ്റ ചതവും ചവിട്ടേറ്റ് ഒടിഞ്ഞ വാരിയെല്ലുകൾ ആന്തരാവയവങ്ങിൽ കുത്തിക്കയറി ഉണ്ടായ രക്തസ്രാവവുമാണ് മരണ കാരണം. അന്വേഷണം ഊർജ്ജിതമായി.

കുറുമ്പി കൊല്ലപ്പെട്ട സമയത്ത് വെയിറ്റിങ് ഷെഡ് പരിസരത്ത് നിന്ന് ഓടി പോയ ഒരാളെ ചുറ്റിപ്പറ്റിയായി അന്വേഷണം. പെട്ടെന്നു തന്നെ പ്രതി പിടിയിലായി. പാറമടത്തൊഴിലാളിയായ വണ്ടിപ്പെരിയാർ ചൂരക്കുഴ പുതുവൽതടത്തിൽ രാജേന്ദ്രൻ! രാജേന്ദ്രൻ കുറ്റം സമ്മതിച്ചു.കഥ പക്ഷേ, അവിടെ തീർന്നില്ല. കുറുമ്പിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ കണ്ണോടിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു സംശയം . മൂന്നു മാസം മുമ്പ് വണ്ടിപ്പെരിയാറ്റിൽ നടന്ന ഒരു ഇരട്ടക്കൊലപാതകത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുമായി ഇതിനു നല്ല സാമ്യം.

കൊലപാതകത്തിന്റെ 'മോഡസ് ഓപ്പറാൻഡ' ഒന്നു തന്നെ. രാജേന്ദ്രനെ ചോദ്യം ചെയ്യുന്നതിനു മുമ്പ് വണ്ടിപ്പെരിയാറിലേക്ക് ഒന്നു പോകാൻ പൊലീസ് തീരുമാനിച്ചു. ഇരട്ടക്കൊലപാതകം നടന്ന ആ വീട്ടിലേക്ക്. 

മൂന്നു മാസം പിന്നിലേക്കു പൊലീസ് വാഹനത്തിന്റെ ചക്രങ്ങൾ തിരിഞ്ഞു. ഊഹം ശരിയാണെങ്കിൽ ഒരു കൂട്ടക്കൊലപാതകത്തിന് തുമ്പ് ലഭിക്കാൻ പോവുകയാണ്. മഞ്ഞിലൂടെ പൊലീസ് വാഹനങ്ങൾ ഓടിക്കൊണ്ടിരുന്നു. ഒറ്റപ്പെട്ട ഒരു വീടിനു മുന്നിൽ അവ നിന്നു. സീൽ ചെയ്തിരുന്ന വാതിൽ തുറന്ന് പൊലീസ് അകത്തു കയറി. വീടിനുള്ളിൽ ഒരു അവിഞ്ഞ ഗന്ധം ആയിരുന്നു. രണ്ടു മൃതശരീരങ്ങൾ കിടന്ന സ്ഥാനം ചോക്ക് കൊണ്ടു തറയിൽ മാർക്ക് ചെയ്തിട്ടിരുന്നു. രണ്ടു സ്ത്രീകൾ കൂട്ട മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട വീട്! നീനു എന്ന ഇരുപത്തിരണ്ടുകാരിയും അമ്മ മോളിയും!

ഒരു രാത്രി മുഴുവൻ നീണ്ട പീഡനത്തിനൊടുവിൽ അമ്മയെയും മകളെയും തല തകർത്തും ചവിട്ടി വാരിയെല്ലുകൾ ഒടിച്ചുമാണ് കൊന്നത്. വീട്ടിൽ ജീവനോടെ അവശേഷിച്ചത് നീനുവിന്റെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് മാത്രം!

(തുടരും)

അടുത്ത ആഴ്ച.

അന്നു രാത്രി ആ വീട്ടിൽ സംഭവിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.