Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൗ വിജയം ഭാവിയിലേക്കുള്ള ചവിട്ടുപടിയാകണം

 സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
santhosh trophy സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ആഹ്ലാദം

കേരളം സന്തോഷ് ട്രോഫി നേടിയെന്ന വാർത്ത നിങ്ങൾക്കൊപ്പം ഞാനും സന്തോഷത്തോടെയാണു കേട്ടത്. ഇതോടെ ആറാമത്തെ വട്ടമാണ് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ സ്വപ്നമാണ്, ആവേശമാണ്, വികാരമാണ് അത്. അതിന്റെ സാക്ഷാത്കാരം എങ്ങനെയാണ് എന്നെയും നിങ്ങളെയും സന്തോഷിപ്പിക്കാതിരിക്കുക.   72-ാം സന്തോഷ് ട്രോഫിയ്ക്കായുള്ള പോരാട്ടം നടന്ന വംഗനാട്ടിലെ സാൾട്ട്ലേക്ക് മൈതാനത്ത് കേരളത്തിലെ ഫുട്ബോളിന്റെ ഉയിർപ്പായിരുന്നു നമ്മൾ കണ്ടത്. പ്രതീക്ഷകൾ നിറച്ച തുകൽപ്പന്തിൽ ചാരുതയുള്ള കളികൊണ്ട് മലയാളി യുവനിര അവസാന നിമിഷംവരെ ത്രസിപ്പിച്ചു, കളികൊണ്ട് ചരിത്രം മെനഞ്ഞു. കാൽപ്പന്തുകളിയുടെ ആരാധകർക്ക് ഇൗ വിജയം പെരുമയുടെ വീണ്ടെടുപ്പാണ്. ഒപ്പം നാട്ടിലെ മൈതാനങ്ങൾ പുതുതലമുറയെ കാത്തിരിക്കുന്നുവെന്ന ഒാർമപ്പെടുത്തലും. 

പശ്ചിമ ബംഗാളിന്റെ ഫുട്ബോൾ തലസ്ഥാനമായ കൽക്കത്തയിൽ വച്ചുതന്നെ അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞുവെന്നത് നിസ്സാരകാര്യമല്ല. സന്തോഷ് ട്രോഫിയിൽ 14-ാം ഫൈനൽ കളിച്ച കേരളം പരമ്പരാഗതവൈരികളായ ബംഗാളിനെ തകർത്ത് കിരീട നേട്ടം സ്വന്തമാക്കിയപ്പോൾ അത് ഒരു പകരംവീട്ടൽകൂടിയായിരുന്നു. ഇത്തരത്തിലൊരു ചരിത്രവിജയം പൊരുതി നേടി നാട്ടിലെത്തിയ ചുണക്കുട്ടന്മാരായ കളിക്കാർക്ക് നാട്ടിൽ വന്നിറങ്ങിയ ആദ്യദിവസം സ്വന്തം നാട്ടിൽ തിക്താനുഭവമാണുണ്ടായത്. തീവണ്ടിയിൽ വന്നിറങ്ങിയ തിരുവനന്തപുരത്തെ രണ്ടു കളിക്കാർ ബസിലും ഒാട്ടോറിക്ഷയിലുമാണ് വീട്ടിലെത്തിയത്. ഫുട്ബോൾ അസോസിയേഷനിൽ നിന്നോ നാട്ടിലെ ഏതെങ്കിലും സ്പോർട്സ് ക്ലബിൽ നിന്നോ രാഷ്ട്രീയ പാർട്ടിയിൽനിന്നോ യുവജനസംഘടനയിൽനിന്നോ ഒരാളുപോലും നാടിന്റെ അഭിമാനങ്ങളായ ഇവരെ സ്വീകരിക്കാനോ സ്നേഹത്തോടെ സമീപിച്ച് വീടുവരെ അനുഗമിക്കാനോ ഉണ്ടായിരുന്നില്ല. പാവം നമ്മുടെ അഭിമാനങ്ങളായ കുട്ടികൾ അവർ വളരെയേറേ വിഷമിച്ചു. അവരതു തുറന്നു പറയുകയും ചെയ്തു. പിറ്റേന്ന് നമ്മുടെ നാടുണർന്ന് അവർക്ക് ആദരവും സ്വീകരണവും നൽകി, സമ്മതിച്ചു.  പക്ഷേ എന്താ നമ്മൾ, കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും കൈപിടിച്ചുയർത്താനും ചുമതലപ്പെട്ടവർ ആദ്യ ദിവസം ഉണർന്നില്ല.  സന്തോഷ്ട്രോഫി കളിക്കാൻപോയ ടീമിനെ അത്ര സീരിയസ്സായി കണ്ടില്ല. എല്ലാ തവണത്തേതും പോലെ ഇത്തവണയും നമ്മുടെ ടീം പോകുന്നു, കളിക്കുന്നു എന്നതരത്തിലുള്ള ഒരുതരം നിസംഗതയായിരുന്നില്ലേ ചുമതലപ്പെട്ടവർക്കുണ്ടായിരുന്നത്. ഇതായിരിക്കില്ലേ പരമാർഥവും സത്യവും. ഇതാണ് നമ്മുടെ 'ചില ' ഭാഗത്തെ തകരാറുകൾ. കായികലോകത്ത് കാണുന്ന ഇത്തരം 'ചില' തകരാറുകളെ ഇല്ലാതാക്കേണ്ടതാണ്. ഇത്തവണ സന്തോഷ്ട്രോഫി ടീം സെലക്ഷനിൽ നേരത്തേ പറഞ്ഞതുപോലുള്ള 'ചില' തകരാറുകൾ ഉണ്ടായില്ല എന്നത് വ്യക്തം. നന്നായി കളിക്കുന്നു എന്ന മെരിറ്റ് മാത്രമാണ് പരിഗണിച്ചത്. അതുകൊണ്ടാണ് അവർക്ക് ട്രോഫി നാട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞത്. 

ഞങ്ങളുടെ കുട്ടിക്കാലത്ത്  സന്തോഷ് ട്രോഫി മത്സരം ഒരു ഹരമായിരുന്നു. അന്ന് ഇന്നത്തെപോലെ ടിവിയില്ല. റേഡിയോമാത്രമാണ് ശരണം. അതിലൂടെ കളിയുടെ ദൃക്സാക്ഷി വിവരണം കേൾക്കും. ആകാശവാണിയിൽ നിന്നും കേൾക്കുന്ന ദൃക്സാക്ഷി വിവരണം  ഗാലറിയിലിരുന്ന് കളികാണുന്ന പ്രതീതി ഉണ്ടാക്കുമായിരുന്നു. അത്രയ്ക്കു കേമന്മാരായ ആൾക്കാരാണ്  ദൃക്സാക്ഷി വിവരണം നൽകിയിരുന്നത്. റേഡിയോക്കു മുന്നിലിരുന്ന് ആവേശംകൊണ്ടിരുന്നകാലം. അന്നു കേരളത്തിൽ ഫുട്ബോളിന്റെ വസന്തകാലമായിരുന്നു. പിന്നെ ദൂരദർശൻ വന്നു. ഒപ്പം ക്രിക്കറ്റും. അതോടെ കേരളത്തിൽ ക്രിക്കറ്റിന്റെ അതിപ്രസരമായി. ഇത് ഫുട്ബോളിനെ സാരമായി ബാധിച്ചു. എങ്കിലും കേരളത്തിന്റെഗ്രാമങ്ങളിൽ കാൽപന്തു കളിയുടെ ആരവം കെട്ടടങ്ങിയിരുന്നില്ല. ഫുട്ബോൾ അവധിക്കാല വിനോദം മാത്രമായി. കുട്ടിക്കാലത്തെ കളിയോർമകൾ നിരവധിയാണ്. അതൊക്കെ വിവരിക്കാൻ സ്ഥലപരിമിതിയാൽ മുതിരുന്നില്ല. 

കേരളത്തിൽ ഫുട്ബോൾ പെരുമ നിറഞ്ഞത് മലബാർ പ്രദേശമാണ്. ക്രിക്കറ്റിന്റെ തള്ളിക്കയറ്റത്തിൽ കേരളത്തിൽ ചിലപ്രദേശങ്ങളിൽ നിന്നും കാൽപ്പന്തുകളിയുടെ ആവേശം ഇറങ്ങി പോയെങ്കിലും മലബാറുകാരുടെ മനസിൽ നിന്നും ഫുട്ബോൾ ഇറങ്ങിപോയില്ല.  മലപ്പുറം പോലെതന്നെ തലസ്ഥാന ജില്ലയുടെ തീരദേശ ഗ്രാമങ്ങളും ഫുട്ബോൾ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്.  14 വർഷം മുമ്പ് കേരളത്തിന് സന്തോഷ്ട്രോഫി നേടിതന്ന ക്യാപ്റ്റൻ സിൽവസ്റ്റർ ഇഗ്നേഷ്യസ് മുതൽ ഇത്തവണത്തെ കോച്ച് സതീവൻ ബാലൻവരെ ഇവിടെ കളിച്ചു പഠിച്ചവരാണ്. ഇത്തവണ കപ്പുയർത്തിയ മൂന്നുപേർ പൊഴിയൂർക്കാരായ എസ്.ലിജോ, സീസൺ, വലിയതുറ നിന്നുള്ള സജിത് പൗലോസ് എന്നിവരാണ്. ഇതുകൂടാതെ ഇത്തവണ പൊഴിയൂരിൽ നിന്നുള്ള രാജേഷ് കർണാടകയ്ക്കുവേണ്ടിയും അജീഷ് തമിഴ്നാടിനുവേണ്ടിയും ബൂട്ടണിഞ്ഞു. 

ദീർഘവീക്ഷണത്തോടുകൂടി ഫുട്ബോൾ പരിശീലനത്തെയും വികസനത്തെയും സ്വപ്നം കാണാൻ അധികൃതർ തയ്യാറാവണം. ചെറുപ്രായത്തിൽതന്നെ കുട്ടികളെ കണ്ടെത്തി അടിസ്ഥാന പരിശീലനം നൽകണം. 15 വയസുവരെ പൂർണതയുള്ള ഒരു ഫുട്ബോൾ കളിക്കാരന്റെ തലത്തിലേയ്ക്ക് ഉയർത്തുവാനുള്ള പരിശീലനമാണ് ലഭ്യമാക്കേണ്ടത്. കൂടുതൽ മത്സരങ്ങൾ കളിക്കുവാനുള്ള അവസരങ്ങൾ ഒരുക്കികൊടുക്കണം. 15 മുതൽ 18 വയസുവരെ നിലവാരമുള്ള പ്രൊഫഷണൽ കളിക്കാരന്റെ തലത്തിലേക്ക് ഉയരുവാനുള്ള സാഹചര്യങ്ങളും പരിശീലനവും ഒരുക്കികൊടുക്കണം. ക്ലബ് ഫുട്ബോളിനും പ്രാധാന്യം നൽകി കളിക്കാരന്റെ പ്രൊഫഷനൽ നിലവാരം ഉയർത്തിക്കൊണ്ടുവരണം. ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിൽ ഏറെ പങ്കുവഹിക്കാനുള്ളത് സംസ്ഥാന അസോസിയേഷനുകൾക്കാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്കും പങ്കുവഹിക്കാനാകും. ഇൗ നിലയിൽ ഫുട്ബോൾ കളിക്കാരെ വളർത്തിയെടുക്കുവാനുള്ള പദ്ധതി ഉണ്ടാകണം. കേരളമെങ്കിലും ഇക്കാര്യത്തിൽ ഒരു മാതൃകയാവണം. 

ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ലോകജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ, ഫിഫ ലോക റാങ്കിങിൽ 99 -ാം സ്ഥാനത്താണുള്ളത്. ഫുട്ബോളിന് രാജ്യത്തുള്ള ജനകീയത ശരിക്കും ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിൽ നേരത്തേ തന്നെ ലോകകപ്പിൽ യോഗ്യത നേടാൻ നമുക്കാവുമായിരുന്നു. ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യ കളിക്കുന്ന ഒരു കാലം ഉണ്ടാവണം എന്നത് ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരുടേയും സ്വപ്നമായി അവശേഷിക്കുകയാണ്.  ഫുട്ബോളിൻറെ വളർച്ചക്കുവേണ്ടി ചിട്ടയായ ഒരു സമീപനം രാജ്യത്തിനും ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്തുള്ളവർക്കും ഇപ്പോഴും ഇല്ല.  ഇതിൽ കേരളത്തിലും മിസോറാമിലും അടക്കം ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയത് ശുഭോദർക്കമാണ്. 

ശാസ്ത്രീയമായ സമീപനം സ്വീകരിക്കുകയും ലക്ഷ്യബോധത്തോടുകൂടി പ്രവർത്തിക്കുകയും ചെയ്താൽ ഇന്ത്യക്കും ഒരു ഫുട്ബോൾ ശക്തിയാകുവാൻ സാധിക്കും. കേരളത്തിൻറെ യുവനിര സന്തോഷ് ട്രോഫിയിൽ ഇപ്പോൾ നേടിയിരിക്കുന്ന വിജയം ഭാവിയിലേക്കുള്ള ചവിട്ടുപടിയാകണം.  ഫുഡ്ബോൾ ലോകകപ്പ് കാലത്ത് അർജന്റീനയുടേയും ബ്രസീലിന്റേയും താരങ്ങളുടെ ഫ്ളക്സ്ബോർഡുവച്ച് തിമിർക്കുന്ന സ്ഥാനത്ത് ഇന്ത്യൻ ടീമങ്ങളുടെ ചിത്രങ്ങൾ വച്ച് ഗ്രാമങ്ങളിലാകെ ടൂർണമെന്റുകൾ നടക്കുന്ന കാഴ്ച കാണാൻ എന്റേയും നിങ്ങളുടേയും കണ്ണുകൾ കൊതിക്കുകയാണ്. അതു സാക്ഷാത്ക്കരിക്കപ്പെടാൻ നമുക്കു പ്രയത്നിക്കാം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam