Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപയും ലിനിയും ആതുരസേവനവും 

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി 
lini

ചില പ്രത്യേക നിയോഗങ്ങളുമായി ഭൂമിയിലേക്കു പിറന്നു വീഴുന്ന ജന്മങ്ങളുണ്ട്. നിയോഗകര്‍മ്മംനിര്‍വഹിച്ച് അവര്‍ കര്‍മ്മമണ്ഡലത്തില്‍ തന്നെ പൊഴിഞ്ഞുവീഴും. . അത്തരത്തില്‍ തന്റെ കര്‍മ്മ മണ്ഡലത്തില്‍ പൊഴിഞ്ഞുവീണ മാലാഖയാണ് ലിനി. കോഴിക്കോട് ജില്ലയില്‍ പനിമുലം മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി. ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണ്. ലിനിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി ഇട്ട  ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

നിപാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയല്‍ ജീവന്‍ വെടിയേണ്ടി വന്ന നഴ്സ് ലിനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ല. തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ഈ ദുര്യോഗമുണ്ടായത് എന്നത് ഏറെ ദുഖകരമാണ്. ലിനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുന്നു. 

നിപ വൈറസ് പനി ബാധിച്ചവരെ ശുശ്രൂഷിച്ചതിലൂടെ ജീവ ത്യാഗം ചെയ്ത ലിനി എന്ന നഴ്സ് ഈ ലോകത്തോട് വിട പറഞ്ഞത് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ, ജീവന് തുല്യം സ്‌നേഹിച്ച പ്രിയതമനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെയാണ്. 

  ആശുപത്രികളില്‍ ദിവസകൂലിക്ക് ജോലിചെയ്യുന്ന ആയിരക്കണക്കിന് ലിനിമാര്‍ നമ്മുടെ കേരളത്തിലുണ്ട്. പ്രതികൂല സാഹചര്യത്തിലും രാപ്പകലില്ലാതെ പണിയെടുക്കുന്ന നഴ്‌സുമാര്‍ മാന്യമായ വേതനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരമുഖത്ത് നില്‍ക്കുമ്പോഴാണ് ലിനി തൊഴിലിടത്തു വച്ച് മരിച്ചുവീഴുന്നത്. ചികിത്സയെ കച്ചവടമായി മാത്രം കാണുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ ഇതുവരെ ഇവരുടെ ന്യായമായ ആവശ്യം അംഗീകരിച്ചിട്ടില്ല. കോടതി വിധി വന്നിട്ടും ്തു നടപ്പിലാക്കാനുള്ള വഴി തുറന്നിട്ടില്ല. ലിനിയുടെ മരണത്തില്‍ അനുശോചിച്ച ഭരണകൂടത്തിനും ്തു ഇച്ഛാശക്തിയോടെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. 

 നഴ്‌സ് അല്ലെങ്കില്‍ സിസ്റ്റര്‍ എന്നാണ് അവരെ നമ്മല്‍ വിളിക്കുന്നത്. ലിനിയുടെ ജോലി ചെയ്യുന്നവരെ വിളിക്കാന്‍ നമ്മുടെ ഭാഷയില്‍ ഒരു നല്ല വിളിപ്പേരു പോലുമില്ല. 

അങ്ങനെ, നഴ്സിങ്ങ് ജീവിതത്തില്‍ ഭാഷ പോലുമില്ലാത്തവളുടെ തൊഴില്‍ ഭാഷയാണ് ശുശ്രൂഷ. ആരെയും വെറുക്കാത്ത, സഹജീവികളോടു കാരുണ്യം കാണിക്കുന്ന, മറ്റുള്ളവരെ സഹായിക്കുന്ന ലളിതജീവിതം നയിക്കുന്നവര്‍,  അനുകമ്പ, സ്‌നേഹം, സത്യസന്ധത, അര്‍പ്പണമനോഭാവം, ദയ, വാത്സല്യം എന്നിങ്ങനെയുള്ള ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണവര്‍. പണത്തിനുവേണ്ടി രോഗികളെ വെറും കളിപ്പാട്ടങ്ങളായി കാണുന്ന മാനേജ്‌മെന്റിന് കഴിലാണ് പണിയെടുക്കുന്നതെങ്കിലും മേല്‍പ്പറഞ്ഞ സത്ഗുണങ്ങള്‍ തെജിക്കാന്‍ അവര്‍ക്കാവില്ല. 

       ഈ സാഹചര്യത്തില്‍ മദര്‍തെരേസയെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല. ശത്രുതയുള്ളവരെപോലും ശുശ്രൂ ഷിക്കാന്‍ മദര്‍ സന്നദ്ധയായിരുന്നു. കല്‍ക്കത്തയിലെ കാളിഘട്ടിലാണല്ലോ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആദ്യഭവനമുണ്ടായത്. അവിടെ അടുത്തുള്ള ക്ഷേത്രത്തിലെ പൂജാരി ഇതിന് തീര്‍ത്തും എതിരായിരുന്നു. എങ്കിലും അദ്ദേഹത്തിനൊടുവില്‍ കോളറാ പിടിപെട്ടപ്പോള്‍ മദറാണ് അദ്ദേഹത്തെ പരിചരിച്ചത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയുന്ന രോഗികളെ കടന്നുചെന്നു ശുശ്രൂഷിക്കുകയും പഴുത്തുവീര്‍ത്ത വൃണങ്ങളും മറ്റും ശ്രദ്ധയോടെ വെടിപ്പാക്കി മരുന്നുവച്ചുകൊടു ക്കുകയും മറ്റും ചെയ്തത് മറ്റുള്ളവരെ വിസ്മയിപ്പിച്ചിട്ടുണ്ട്.

പക്ഷേ, ഇതിനെല്ലാം അവര്‍ക്കു പ്രചോദനം ഈശോയായിരുന്നു. ഒരിക്കല്‍ ഒരു മുസ്ലീംസഹോദരന്‍ മദറിന്റെ സേവനങ്ങള്‍ കണ്ട് വിസ്മയഭരിതനായി എന്താണിതിനെല്ലാം പ്രേരണയാവുന്നതെന്ന് മദറിനോടു ചോദിച്ചു. തികച്ചും മിതഭാഷിണിയായ മദര്‍ ഒന്നുംപറയാതെ അദ്ദേഹത്തെയും കൂട്ടി തന്റെ പ്രാര്‍ത്ഥനാമുറിയിലേക്ക് പോയി ഭിത്തിയില്‍ സ്ഥാപി ച്ച കുരിശുരൂപം ചൂണ്ടിക്കാട്ടി കുറച്ചുസമ യം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. മുസ്ലീംസഹോദരന് കാര്യം മനസ്സിലായി. അദ്ദേഹം സന്തോഷപൂര്‍വ്വമാണ് മടങ്ങിപ്പോയത്.

 ലിനിയില്‍ നിന്നാണ് പറഞ്ഞുതുടങ്ങിയത്. നിപ എന്ന മാരകവൈറസാണ് ലിനിയേയും 16 ജീവനുകളേയും നമ്മുക്കിടയില്‍ കൊത്തിയെടുത്തത്. കേരളം മുഴുവന്‍ പടര്‍ന്നുപിടിക്കുമെന്ന് ഭയന്ന നിപ എന്ന മാരകവൈറസിനെ കേരളം പിടിച്ചുകെട്ടി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍നിന്ന് തുടങ്ങി മലപ്പുറം വഴി കേരളമാകെ പടരുമായിരുന്ന ഒരു മഹാ വിപത്തിനെയാണ് കേരളം ഇപ്പോള്‍ തടഞ്ഞു നിര്‍ത്തിയത്. വളറെ അപകടകാരിയായ അപൂര്‍വ വൈറസിനെ ഇത്രവേഗം കണ്ടെത്തി ആരോഗ്യ മേഖലയുടെ പിടിയിലൊതുക്കാന‍ ഇതുവരെ ലോകത്തൊരിടത്തും കഴിഞ്ഞിട്ടില്ല എന്നാണ് ്‌റഇയുന്നത്. ഇത് സാധിച്ചതോടെ  കേരളം എല്ലാ വികസിത രാഷ്ട്രങ്ങള്‍ക്കും മാതൃകയായിരിക്കുന്നു. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം. ഇത് മെഡിക്കല്‍ സയന്‍സിന് നാം പുതിയൊരു വാക്കും പ്രവൃത്തിയും സംഭാവന ചെയ്തിരിക്കുന്നു. 'നിപാ  കേരളാ മോഡല്‍'. 

   ആരോഗ്യമെന്നത് കേവലം ഡോക്ടര്‍, ആശുപത്രി, നഴ്‌സ് അഥവാ ജീവനക്കാര്‍,മരുന്ന് എന്ന സമവാക്യത്തിനപ്പുറം ശുദ്ധമായ കുടിവെള്ളം,ശുദ്ധവായു,വൃത്തിയുള്ള വീട്,വൃത്തിയുള്ള പരിസരം,വൃത്തിയുള്ളതൊഴില്‍ സ്ഥലം,വൃത്തിയുള്ളസമൂഹം എന്നിവയാണെ ന്നു  കൂടി നാം തിരിച്ചറിയണം. ഇന്ന്  നിലനില്‍ക്കുന്ന ഭൂരിഭാഗം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും  കാരണം നമ്മുടെ പ്രവൃത്തികള്‍ തന്നെയാണെന്നും,നമ്മുടെ മാലിന്യ  സംസ്‌കരണ  സംസ്‌കാരം മാറിയില്ലെങ്കില്‍   അത് നമ്മുടെ തന്നെ  നിലനില്‍പ്പിന്ഭീഷണിയാവുമെന്നും നാം മനസിലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.  ഒരു മെച്ചപ്പെട്ട ആരോഗ്യ സംസ്‌കാരം വളര്‍ത്തിയെടുക്കെണ്ടത്  അത്യന്താ- പേക്ഷിതമാണെന്ന് തിരിച്ചറിയുകയും അത് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍  നടത്തുകയും അതോടൊപ്പം നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ മാത്രമേ പകര്‍ച്ചവ്യാധികളുടെയും പകര്‍ച്ചേതര വ്യാധികളുടെയും ആധിക്യത്തില്‍  നിന്നും നമുക്ക് രക്ഷ നേടാന്‍  സാധിക്കുകയുള്ളൂ. ആരോഗ്യമെന്നത് ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണെന്ന് ലോകാരോഗ്യസംഘടന വിവക്ഷിക്കുന്നത്.

  

ലിനിയുടെ മരണം നല്‍കുന്ന മഹത്തായ സന്ദേശത്തില്‍ മറ്റൊരു പാഠമുണ്ട്. ലിനി ഉള്‍പ്പെടുന്ന നഴ്സ് വിഭാഗത്തോട് അവര്‍ അര്‍ഹിക്കുന്ന പരിഗണന പൊതുസമൂഹം പുലര്‍ത്തുന്നുണ്ടോ എന്നതാണ് അത്. ക്ഷീണിതയായി ആശുപത്രി കിടക്കയില്‍ കഴിയവേ തന്റെ അമ്മയും സഹോദരിമാരും കാണാനെത്തിയപ്പോള്‍ അടുത്തേക്ക് വരരുതെന്ന് ലിനി മുന്നറിയിപ്പ് നല്‍കി ദൂരെ നിര്‍ത്തി. ഡോക്ടറോട് ലിനിതന്നെയാണ് പറഞ്ഞത് തനിക്ക് നിപാ ബാധിച്ചിട്ടുണ്ടാവുമെന്നും അതുകൊണ്ട് പ്രത്യേകം ഐസോലേറ്റഡ് വാര്‍ഡില്‍ കിടത്തണമെന്നും. തന്റെ ജീവനെക്കുറിച്ച് ഒരു നിമിഷം പോലും വേവലാതിപ്പെടാതെ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ എത്ര വലിയ മാതൃകയാണ് ലിനി എന്ന നഴ്സ് സമൂഹത്തിനു നല്‍കിയത്. അപകടകരമെന്നു തിരിച്ചറിഞ്ഞാലും അനുതാപത്തോടെയും സഹാനുഭൂതിയോടെയും രോഗിയെ പരിചരിക്കുന്നവരാണ് ആത്മാര്‍പ്പണത്തിന്റെ മുദ്രചാര്‍ത്തിയ നഴ്സുമാര്‍. ഫ്ലോറന്‍സ് നൈറ്റിംഗലിന്റെ സേവനപാരമ്പര്യം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ലിനിയില്‍ നമുക്ക് കാണാന്‍ കഴിയുന്നത് അതാണ്. ഒരു ലിനിയുടെ മാത്രം കാര്യമല്ല ഇത്. വേദനിക്കുന്ന രോഗികള്‍ക്ക് ആശ്വാസമേകാന്‍ സ്വന്തം ഇഷ്ടങ്ങളെല്ലാം കളഞ്ഞ് സേവനം ചെയ്യുന്ന ഈ വിഭാഗത്തോട് സമൂഹത്തിന്റെ മനഃസാക്ഷി കടപ്പെട്ടിരിക്കുന്നു. 

       കൈയില്‍ ചെറിയൊരുവിളക്കമായിരാത്രികാലങ്ങളില്‍ യുദ്ധ കാലത്ത് പരിക്കേറ്റ സൈനികരെ ശിശ്രുഷിക്കാനും, ആശ്വസിപ്പിക്കാനും എത്തിയിരുന്ന ഈശ്വരതുല്യയായ ഫ്‌ളോറന്‍­സ് നൈറ്റിംഗേല്‍ എന്ന മഹതിയുടെപിന്‍തലമുറക്കാരാണ് ആതരസേവനം എന്ന നിസ്വാര്‍ത്ഥമായ ജോലി ജീവിതചര്യയാക്കിയ നഴ്‌സുമാര്‍. മനുഷ്യ കുലത്തില്‍ നിലവിലുള്ള ജോലികളില്‍ ഏറ്റവും മഹനീയമായ കര്‍മ്മം.