വാക്കുകള്‍ തിരിഞ്ഞു കുത്തുന്ന സര്‍പ്പമാകരുത്

ഒരിക്കല്‍ ഒരാള്‍ എന്റെ അടുത്ത് വന്നത്, വലിയൊരു പരാതി പറയാനാണ്. 12 വയസ്സുകാരനായ മകനും അയാളുടെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ വിശേഷം തിരക്കി. മകനെക്കുറിച്ചു പരാതി പറയാനാണ് അയാള്‍ വന്നത്. ‘സ്വാമി ഇവന്‍ അനുസരണയില്ലാത്തവനായാണ് വളരുന്നത്. എന്തു പറഞ്ഞാലും തര്‍ക്കുത്തരം പറയും’.

‘ഇവന്റെ അമ്മ എന്തെങ്കിലും പറഞ്ഞാല്‍ ഇവന്‍ കേള്‍ക്കുമോ’.- ഞാന്‍ ചോദിച്ചു. 

‘അവളല്ലേ കുഴപ്പം അവളാണ് ഇവന് വളം വച്ചുകൊടുക്കുന്നത്’.

കാര്യം അപ്പോള്‍ത്തന്നെ എനിക്കു മനസ്സിലായി. അച്ഛനോടു കുറച്ചുസമയം പുറത്തിരിക്കാന്‍ പറഞ്ഞിട്ട് ഞാന്‍ അവനോടു സംസാരിച്ചു. ബാലന്‍ വളരെ സൗമ്യമായും മാന്യമായുമാണ് സംസാരിച്ചത്. ഞാന്‍ ചോദിച്ചതിനൊക്കെ സമാധാനമായി ഉത്തരം തന്നു. കുറച്ചു സംസാരിച്ചശേഷം ചില ഉപദേശങ്ങള്‍ നല്‍കി പയ്യനെ പറഞ്ഞുവിട്ടു. കുറച്ചു നേരം പിതാവുമായും സംസാരിച്ചു. പ്രശ്‌നം പയ്യനല്ല, രക്ഷാകര്‍ത്താക്കള്‍ക്കാണെന്ന് എനിക്കു നേരത്തേ ബോധ്യപ്പെട്ടിരുന്നു. പിതാവിന്റെ മറുപടികള്‍ എന്റെ ബോധ്യത്തെ ശരിവയ്ക്കുന്നതായിരുന്നു.  

കുട്ടികള്‍ അടുത്തുള്ളപ്പോള്‍ മുതിര്‍ന്നവർ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ മുന്‍പില്‍ വാക്കുകള്‍ പ്രയോഗിക്കുന്നത് കണ്ടും ശ്രദ്ധിച്ചും വേണം.

വാവിട്ട വാക്കും കൈവിട്ട ആയുധവും ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയില്ല എന്നത് ഏവര്‍ക്കും അറിയാവുന്ന ഒരു പഴഞ്ചൊല്ലാണ്. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അതു പല നല്ല ബന്ധങ്ങളെയും തകര്‍ക്കും എന്നതു വ്യക്തമാണ്. ദമ്പതികള്‍ പരസ്പരം ദേഷ്യപ്പെടുമ്പോള്‍, അത് മക്കളുടെ മുന്നില്‍വച്ചാണെങ്കില്‍ വളരെ ശ്രദ്ധിച്ചുമാത്രമേ വാക്കുകള്‍ പ്രയോഗിക്കാവൂ. കുട്ടികളുടെ കാര്യഗ്രഹണ ശേഷി മുതിര്‍ന്നവരെക്കാള്‍ കൂടുതലാണ്. ചീത്തവാക്കുകളും ചീത്തപ്രയോഗങ്ങളും അവര്‍ കേള്‍ക്കുന്നില്ലെന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. അതു തെറ്റാണ്. സ്ഥിരമായി കേള്‍ക്കുമ്പോള്‍ തങ്ങളുടെ രക്ഷാകര്‍ത്താക്കളെക്കുറിച്ച് കുട്ടികള്‍ക്കുള്ള മതിപ്പും ബഹുമാനവും കുറയുന്നു. അതാണ് കുട്ടികള്‍ രക്ഷാകര്‍ത്താക്കളെ അനുസരിക്കാതിരിക്കാന്‍ കാരണം. ചിലപ്പോള്‍, നിങ്ങള്‍ നേരത്തേ ഉപയോഗിച്ച അതേ വാക്കുകള്‍ തന്നെ നിങ്ങള്‍ക്കെതിരെ പ്രയോഗിക്കാനും സാധ്യതയുണ്ട്. 

കോപിച്ചിരിക്കുമ്പോഴുള്ള മാനസികാവസ്ഥ വളരെ സൂക്ഷിക്കേണ്ടതാണ്, ആ സമയത്ത് നമ്മുടെ നാവില്‍ നിന്നു പുറത്ത് വരുന്ന വാക്കുകള്‍ മറ്റുള്ളവരെ വല്ലാതെ വേദനിപ്പിച്ചേക്കാം, മാനസികമായി തകര്‍ത്തേക്കാം. വാക്കുകള്‍ക്കു വാളിനേക്കാള്‍ മൂര്‍ച്ചയാണ്, അത് ഏൽപിക്കുന്ന മുറിവ് ജീവിതകാലം മുഴുവന്‍ ചിലരുടെ മനസ്സില്‍ ഉണങ്ങാതെ നില്‍ക്കും. കുട്ടികളോടു ദേഷ്യപ്പെടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ആത്മവിശ്വാസവും ആത്മധൈര്യവും മാത്രമല്ല നിങ്ങള്‍ കുറയ്ക്കുന്നത്, മറിച്ച് മറ്റുള്ളവരോട് അവര്‍ അങ്ങനെ പെരുമാറണമെന്നു നിങ്ങള്‍ പഠിപ്പിച്ചു കൊടുക്കുക കൂടിയാണെന്ന് ഓര്‍ക്കണം. 

കുട്ടികളുടെ ചില പദപ്രയോഗങ്ങള്‍ രക്ഷിതാക്കളെ അക്ഷരാര്‍ഥത്തില്‍ത്തന്നെ ഞെട്ടിക്കാറുണ്ട്. മാതാപിതാക്കളുടെ അമ്പരപ്പ് ബുദ്ധികൂര്‍മയുള്ള കുട്ടികള്‍ ആയുധമാക്കുന്നു. പിന്നെ തുടരെത്തുടരെ ആ വാക്കുകള്‍തന്നെ അവര്‍ പ്രയോഗിക്കുന്നു. വിരുന്നുകാരുടെ മുന്‍പില്‍ കുട്ടികളുടെ ഇത്തരം പദപ്രയോഗം രക്ഷിതാക്കള്‍ക്കു പലപ്പോഴും അപമാനമുണ്ടാക്കുന്നു. കുട്ടികളെ തല്ലിയാണ് രക്ഷാകര്‍ത്താക്കള്‍ ഈ അപമാനം മായ്ക്കാൻ ശ്രമിക്കുന്നത്. 

തീര്‍ച്ചയായും കുട്ടികള്‍ സ്വയം കണ്ടെത്തുന്നതല്ല ഇത്തരം വാക്കുകള്‍. സ്വന്തം വീട്ടില്‍നിന്നും കൂട്ടുകാരില്‍ നിന്നും സ്‌കൂളില്‍ നിന്നുമൊക്കെ ഇത്തരം വാക്കുകള്‍ കുട്ടിക്കു ലഭിക്കുന്നു. ഈ വാക്കുകള്‍ എവിടെനിന്നു കുട്ടി പഠിച്ചെടുക്കുന്നു എന്നു മനസ്സിലാക്കി അത്തരം സാഹചര്യങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുക. 

അരുതാത്ത വാക്കുകള്‍ പറയുമ്പോഴും കള്ളം പറയുമ്പോഴും അതിന്റെ അര്‍ഥവും ഭവിഷ്യത്തും കുഞ്ഞിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കണം. അവയെ മഹാ അപരാധമായിക്കണ്ടു ശിക്ഷാനടപടികള്‍ക്കു മുതിരുന്നത് മഠയത്തമാണ്.

നിങ്ങളുടെ കുട്ടി തെറ്റായ എന്തെങ്കിലും പ്രവൃത്തി ചെയ്തിട്ട്  ‘പക്ഷേ അവരെല്ലാം ചെയ്യുന്നല്ലോ’ എന്നൊരു ഒഴിവുകഴിവ് പറഞ്ഞാല്‍ പെട്ടെന്നു ദേഷ്യപ്പെട്ട് പ്രതികരിക്കരുത്. മറിച്ച്, സമയമെടുത്ത് ആ പ്രവൃത്തി കുട്ടികള്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്നു പറയാന്‍ കാരണമെന്തെന്നും അതിന്റെ അപകടവും കുട്ടിയെ പറഞ്ഞു മനസ്സിലാക്കിക്കുക. എല്ലാ കുട്ടികളിലും ഇഷ്ടമുള്ളവയെ അനുകരിക്കാനുള്ള താൽപര്യമുണ്ടാകും. അതിനെക്കുറിച്ച് അവര്‍ക്ക് പറയാനുള്ളതെന്താണ് എന്നു കൂടി കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് അവന്റെ പ്രവൃത്തിയോടു യോജിക്കാന്‍ കഴിഞ്ഞെങ്കിലോ? എപ്പോഴും കുട്ടികളെ മനസ്സിലാക്കാന്‍ ക്ഷമ കാണിക്കൂ, അവരും നിങ്ങളെ മനസ്സിലാക്കും

കുട്ടികളുടെ വികൃതി അതിരു കടക്കുമ്പോള്‍ അവരെ വഴക്കു പറയുക സ്വാഭാവികം തന്നെയാണ്. ആ സമയം അവര്‍ക്ക് നേരെ ചീറിയടുക്കാതെ സമാധാനമായി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വികാരങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുക, ഓര്‍ക്കുക ഒരു അടി കൊടുത്താല്‍ ആ വേദന അൽപസമയം കൊണ്ടു മാറും പക്ഷേ ഒരു വാക്കിലൂടെ നല്‍കുന്ന വേദന അത്ര പെട്ടെന്നൊന്നും മാഞ്ഞു പോകില്ല. കുട്ടികളും മനുഷ്യരാണ്. എത്ര ചെറുതാണെങ്കിലും അവരുടെ മനസ്സിന്റെ വേദന ചിലപ്പോള്‍ നിങ്ങള്‍ക്കുള്ളതിനേക്കാള്‍ ഇരട്ടിയാകും. ബന്ധങ്ങളെ തളര്‍ത്താതെ കൂടുതല്‍ ഊര്‍ജസ്വലമായി വളര്‍ത്താന്‍ ശ്രമിക്കുക, നിങ്ങള്‍ക്കും കുട്ടികള്‍ക്കും കുടുംബത്തിനു മൊത്തമായും അതു ഗുണം ചെയ്യും.