Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലായനങ്ങളുടെ ആകെതുകയാണ് ജീവിതസംസ്കാരം

സ്വമി ഗുരുരത്നം ജ്ഞാനതപസ്വി
Migration

അതിജീവനത്തിനായി സുരക്ഷിത തൊഴിലിടം തേടിയുള്ള മനുഷ്യന്റെ പ്രയാണത്തിന് മാനവചരിത്രത്തോളം പഴക്കമുണ്ടെന്നു പറയാം. വിവിധതരത്തിലുള്ള പലായനങ്ങൾ ലോകം കാണുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. മിക്കവാറുമെല്ലാ മതഗ്രന്ഥങ്ങളിലും പലായനങ്ങളുടെ കഥകളാണു വിവരിക്കുന്നത്. മഹാഭാരതത്തിലും രാമായണത്തിലും ബൈബിളിലും ഖുർആനിലും പലായന കഥകൾ പറയുന്നുണ്ട്. ശ്രീരാമന്റെ 14 വർഷത്തെ കാട്ടിലേക്കുള്ള പലായനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രാമായണം. മഹാഭാരതത്തിൽ പാണ്ഡവരുടെ പലായനവും തിരിച്ചുവരവും അതിനിടയാക്കിയ സംഭവങ്ങളുമാണ്. ഖുർആനിൽ വലിയൊരു പലായനമാണ് വിവരിക്കുന്നത്.

അറബ് – ഇസ്‌ലാമിക ചരിത്രത്തില്‍ ഒരു കൂട്ടപ്പലായനമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. അത് ചരിത്രത്തിൽ, മക്കയിൽനിന്നു മദീനയിലേക്കുള്ള പ്രവാചകന്റെയും അനുയായികളുടെയും ഹിജ്റ എന്ന പേരിൽ അറിയപ്പെടുന്നു. ചരിത്രകാരൻമാരുടെ അഭിപ്രായമനുസരിച്ച് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഹിജ്റ. ഇസ്‌ലാമിക കലണ്ടർ തുടങ്ങിയതുതന്നെ ഹിജ്റ വർഷത്തെ അടിസ്ഥാനമാക്കിയാണെന്നത് അതിന്റെ ചരിത്രപ്രാധാന്യം സൂചിപ്പിക്കുന്നുണ്ട്. 

മനുഷ്യ സംസ്കാരം തന്നെ ഇത്തരം പലായനങ്ങളുടെ ഫലമായുണ്ടായതാണ് എന്നു പറയാനാണ് ഇത്രയും ഇവിടെ പറഞ്ഞത്. ജന്മനാടിന്റെ സാഹചര്യങ്ങൾ ജീവിതപൂരണത്തിനു പോരാ എന്നു കരുതുന്നവർ അതിനു പറ്റിയ പുതിയ ഇടംതേടി പലായനം ചെയ്യുകയും സുരക്ഷിതമെന്നു കണ്ടെത്തുന്നിടത്ത് വാസമുറപ്പിക്കുകയും ചെയ്യും. ഇത്തരത്തിലെത്തുന്ന സംഘത്തെ കുടിയേറ്റക്കാർ എന്ന് അതാതിടത്തുള്ളവർ വിളിക്കുന്നു. ആദിമമനുഷ്യൻ ഫലഭൂയിഷ്ഠതയുള്ള കൃഷിയിടം തേടി നദിക്കരയിലേക്കു കുടിയേറി താമസിച്ചു. അങ്ങനെയാണ് നദീതടസംസ്കാരങ്ങൾ ഉടലെടുത്തത് എന്നാണ് ചരിത്രാന്വേഷികൾ പറയുന്നത്. ഇത്തരം പലായനങ്ങൾ അനുസ്യൂതം നടന്നുകൊണ്ടിരിക്കും. രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിൽനിന്നു സംസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കും ഇത്തരം പലായനങ്ങളും കുടിയേറ്റങ്ങളും നടക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

ഏകദേശം നാൽപതു ലക്ഷത്തോളം മലയാളികൾ പ്രവാസികളായി ലോകത്തിന്റെ വിവിധ കോണുകളിൽ കഴിയുന്നു. അതേസമയംതന്നെ അത്രയും പേർ തൊഴിൽതേടി കേരളത്തിലേക്കും കുടിയേറിയിരിക്കുന്നു. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽനിന്നും ഇന്ത്യയുടെ മറ്റു ചിലപ്രദേശങ്ങളിൽ നിന്നുമാണ് ഇവര്‍ കേരളത്തിലെത്തിയിരിക്കുന്നത്. ഇതു തുടങ്ങിയിട്ട് 10 വർഷത്തിനു മുകളിലായി. മികച്ച വേതനമാണ് ഈ ഒഴുക്കിനു കാരണം. സ്വന്തം നാട്ടിൽ 100, 200 രൂപ ദിവസവേതനം ലഭിക്കുമ്പോൾ കേരളത്തിൽനിന്ന് 600, 700 രൂപയാണ് ഇവർക്ക് ലഭിക്കുന്നത്. ദിവസേന ആയിരക്കണക്കിനു പേരാണ് കേരളത്തിൽ എത്തുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിൽ ഓരോന്നിലും നാലു ലക്ഷത്തിലേറെപ്പേരാണ് ഉള്ളത്. എറണാകുളത്ത് പെരുമ്പാവൂരിലാണ് ഏറെയും ഉള്ളത്. ആകെ സംസ്ഥാന തൊഴിലാളികളുടെ 35 ശതമാനവും ഇവിടെയാണ്. ആദ്യകാലങ്ങളില്‍ ബംഗാളിൽ നിന്നാണ് തൊഴിൽതേടി യുവാക്കൾ കേരളത്തിലെത്തിയിരുന്നത്. ഇന്ന് ബിഹാർ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ കേരളത്തിൽ തൊഴിലെടുക്കുന്നു.

തൊഴിലിനായി കുടിയേറിയവർ കേരളസമൂഹത്തിന്റെ താളവും ഉറക്കവും കെടുത്തുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആരോപണം. ഭാവിയിൽ നിയന്ത്രിക്കാൻ കഴിയാത്തവിധം പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാൻ ഇവരെ കുടിയിറക്കണമെന്ന വാദവും ഉയരുന്നുണ്ട്. ഒരുകൂട്ടം ജനങ്ങൾ പരിമിതമായ ഒരിടത്തു വസിക്കുന്നിടം ക്രിമിനലുകൾക്ക് സുരക്ഷിത സ്ഥാനമാണ്. ഇത്തരം സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ വസിക്കുന്നിടത്ത് ഇത്തരം ക്രിമിനലുകൾ സുരക്ഷിത ഇടം കണ്ടെത്തും. ഇതര സംസ്ഥാനക്കാർ ഉൾപ്പെടുന്ന ക്രൂരമായ കുറ്റകൃത്യങ്ങൾ കേരളത്തിൽ വർധിച്ചുവരികയാണ്. കേരള പൊതുസമൂഹത്തിന്റെ ഭാഗമായി മാറിയ ഇതരസംസ്ഥാനക്കാർക്ക് ഇവിടെ വിലക്കുകളും വിവേചനവുമില്ലാതെ ജീവിക്കാമെന്നതു തന്നെയാണ് ഇത്രയും കുറ്റകൃത്യങ്ങള്‍ വർധിക്കാന്‍ കാരണവും. ബംഗാളികൾ എന്ന പേരിൽ ബംഗ്ലദേശുകാർപോലും കേരളത്തിൽ ജീവിക്കുന്നുണ്ടെന്ന ആരോപണം വ്യാപകമാണ്. ഇതു ബലപ്പെടുത്തുന്ന സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബിഹാറിലെ ബോധ്ഗയയിലുള്ള മഹാബോധി ക്ഷേത്രത്തിൽ ബോംബു വച്ച രണ്ടു തീവ്രവാദികളെ മലപ്പുറത്തെ ബംഗാളി കോളനികളിലൊന്നിൽനിന്ന് എൻഐഎ പിടികൂടിയിരിക്കുന്നു. മൂർഷിദാബാദ് സ്വദേശികളായ ഇവർ ബംഗ്ലദേശിലെ ഭീകരസംഘടനയുമായി ബന്ധമുള്ളവരാണെന്നത് പ്രശ്നത്തിന്രെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടുന്നു. 

ലഹരി ഉപയോഗമാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ മറ്റൊരു പ്രശ്നം. ഇവർ വഴി വ്യാപകമായി ലഹരിവസ്തുക്കൾ കേരളത്തിലെത്തുന്നുണ്ട്. ഇത് നമ്മുടെ വിദ്യാലയങ്ങളുടെ പരിസരത്തു വിതരണം ചെയ്യപ്പെടുന്നത് ഗുരുതരമായ സാമൂഹികപ്രശ്നമാണുണ്ടാക്കുന്നത്.

തൊഴിൽതേടി ഇതരസംസ്ഥാനങ്ങളിൽനിന്നു വന്നിട്ടുള്ളവരെല്ലാം പ്രശ്നക്കാരാണെന്നും കേരളത്തില്‍ ഇപ്പോൾ നടക്കുന്ന എല്ലാ കൊള്ളരുതായ്മയ്ക്കും കാരണം ഇവരുടെ വരവാണെന്നും ധരിക്കേണ്ടതില്ല. കടുത്ത ദാരിദ്ര്യം അനുഭവിച്ച് വിശപ്പിന്റെ വിളിയടക്കാൻ മെച്ചപ്പെട്ട വേതനം തേടി എത്തിയവരാണിവർ. ബഹുഭൂരിപക്ഷം പേരും മാന്യമായി തൊഴിലെടുത്തു ജീവിക്കുന്നവരാണ്. സമാധാനപരമായി ഉദരപൂരണം നടത്തുന്നവരെ ഒന്നടങ്കം കുറ്റക്കാരായി കാണാൻ ഒരു പുരോഗമന സമൂഹം എന്ന നിലയിൽ നമുക്കു കഴിയില്ല.

അന്യസംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം എന്തുകൊണ്ടു നടപ്പിലാക്കുന്നില്ല. ദുരന്തമുണ്ടാകുമ്പോള്‍ മാത്രം ജാഗ്രത പാലിക്കുന്ന ഭരണകൂട സംവിധാനമല്ല നമുക്ക് വേണ്ടത്. എക്കാലവും കേരളീയരുടെ സുരക്ഷ ഉറപ്പാക്കുന്ന, ജനങ്ങൾക്കു വിശ്വസിക്കാൻ കഴിയുന്ന ഭരണകൂടത്തെയാണ് കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കൃത്യമായ രീതിയിൽ വിവരങ്ങൾ ശേഖരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നമുക്കു സാധിക്കും. അത്തരം വിവര ശേഖരണം നടത്തിയാലേ കേരളത്തിലേത് ഒരു മികച്ച ഭരണസംവിധാനമാണെന്നും സമൂഹം കെട്ടുറപ്പുള്ളതാണെന്നും പറയാനാകൂ.