Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപകൻ- സൂര്യനെപ്പോലെ വെളിച്ചം നൽകുന്നവൻ

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
Teacher | Representational image

ഗുരുവിനു മഹനീയമായ സ്ഥാനം നൽകുന്നത് ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിലെ ഏറ്റവും ഉൽകൃഷ്ടമായ മൂല്യബോധത്തിന്റെ പ്രതിഫലനമാണ്. സൂര്യനെപ്പോലെയാണ് ഗുരു അഥവാ അധ്യാപകൻ; ത്യാഗത്തിന്റെ പ്രതീകം. സൂര്യൻ - സ്വയം ഉരുകി മറ്റുളളവർക്കു പ്രകാശം ചൊരിയുന്ന അതുല്യമായ പ്രതിഭാസം. അധ്യാപകനും അങ്ങനെതന്നെയാണ്. സ്വന്തം പരിമിതികളെ മറികടന്ന് വിദ്യാർഥികൾക്കായി, ആർജിച്ച വിദ്യാഉൗർജ്ജം മുഴുവൻ ദാനം നൽകുന്ന അപൂർവമായ വ്യക്തിത്വം.  ക്ലാസ്സ് മുറിക്കകത്തും പുറത്തും വിദ്യാർഥിയുടെ ജീവിതത്തിലും ശക്തിയേറുന്ന പ്രതിഫലനങ്ങളാണ് അധ്യാപകൻ ചെലുത്തുന്നത്. ഒരു സമൂഹത്തിന്റെ ഭാഗധേയം നിർണയിക്കാൻ, വിദ്യാലയങ്ങളിലെത്തുന്നവരുടെ മുന്നിൽ വിദ്യയുടെ അനന്തസാഗരത്തിനൊപ്പം സ്വഭാവത്തിന്റെ വിശാല വിഹായസും തുറന്നുകൊടുക്കാൻ അധ്യാപകനു കഴിയണം. എങ്കിലേ അധ്യാപനം യഥാർഥ രൂപത്തിലെത്തൂ.

ഹിരണ്യധനുസ്സ് എന്ന കാട്ടുരാജന്റെ മകനായിരുന്നു ഏകലവ്യൻ. അദ്ദേഹം കൗരവരെ സഹായിക്കവെയാണു മരണമടഞ്ഞതും ഏകലവ്യൻ അച്ഛന്റെ മരണശേഷം അനന്തരാവകാശിയായിതീർന്നു. അന്നത്തെക്കാലത്ത് കീഴ്ജാതിക്കാരെ പഠിപ്പിക്കാൻ ഗുരു ഉണ്ടായിരുന്നില്ല. എന്നാൽ ഏകലവ്യനു ദ്രോണരുടെ കീഴിൽനിന്നു വിദ്യ അഭ്യസിക്കണമെന്ന അദമ്യമായ ആഗ്രഹം വളർന്നു. ദ്രോണാചാര്യർ തത്സമയം പാണ്ഡവകുമാരന്മാരെയും കൗരവകുമാരന്മാരെയും വിദ്യ അഭ്യസിപ്പിച്ചുകൊണ്ടിരിക്കയുമായിരുന്നു.

ഏകലവ്യൻ തന്റെ ആഗ്രഹം അമ്മയോടു പറഞ്ഞപ്പോൾ അമ്മ ഏകലവ്യനു മുന്നറിയിപ്പു നൽകി. ‘ദ്രോണാചാര്യൻ രാജഗുരുവാണ്, അദ്ദേഹം കീഴ്ജാതിക്കാരെ വിദ്യ അഭ്യസിപ്പിക്കുമോ എന്ന കാര്യം സംശയമാണ്’. ഏകലവ്യനു തന്റെ ആഗ്രഹം വലുതായി തോന്നിയതിനാൽ അവൻ നേരെ ദ്രോണാചാര്യരെ കാണാൻ യാത്രയായി.

ദ്രോണാചാര്യരെ കണ്ട മാത്രയിൽത്തന്നെ ഏകലവ്യൻ ഇദ്ദേഹം തന്നെയാണു തന്റെ ഗുരു എന്നു മനസ്സിൽ നിനച്ച് സാഷ്ടാംഗ പ്രണാമം ചെയ്തു. ഏകലവ്യനെ കണ്ടമാത്രയിൽ ദ്രോണാചാര്യർക്ക് അവൻ ആരെന്നു മനസ്സിലാവുകയും ചെയ്തു. കാട്ടുരാജന്റെ മകൻ. അദ്ദേഹം ഏകലവ്യനെ പിടിച്ചെഴുന്നേൽപ്പിച്ചു, ‘എന്തിനായി നീ എന്നെ തേടി വന്നു?’ എന്ന് അൽപം പരിഭ്രമത്തോടെ ചോദിച്ചു. ഏകലവ്യൻ, തനിക്ക് അദ്ദേഹത്തിന്റെ കീഴിൽ വിദ്യ അഭ്യസിക്കണം എന്ന ആഗ്രഹം അറിയിച്ചു. ദ്രോണാചാര്യർ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. അദ്ദേഹം ധർമസങ്കടത്തിലായി വിദ്യ പകർന്നു കൊടുക്കാനുള്ളതാണ്. ജാതിമതഭേദമില്ലാതെ, വലുപ്പച്ചെറുപ്പമില്ലാതെ വിദ്യ ചോദിച്ചു വരുന്നവർക്കു പകർന്നു കൊടുക്കുക എന്നതാണ് ഒരു ഉത്തമ ഗുരുവിന്റെ ധർമവും. പക്ഷേ, ഇവിടെ താൻ നിസ്സഹായനാണെന്ന വസ്തുത അദ്ദേഹം ഒാർത്തു. രാജശാസനത്തെ മറികടക്കുക എന്നാൽ രാജാവിനെ ധിക്കരിച്ചതിനു തുല്യമാണ്. രാജപുത്രന്മാരെ വിദ്യ അഭ്യസിപ്പിക്കുക. എങ്കിലും ഇൗ കൊച്ചു ബാലനോടെങ്ങനെ അരുതെന്നു പറയാൻ. അവൻ പഠിച്ചോട്ടെ, പക്ഷേ, തന്റെ കൂടെയല്ല, തനിച്ച്. തന്റെ എല്ലാ അനുഗ്രഹങ്ങളും അവനുണ്ടാകും എന്നു മനസ്സിൽ നിനച്ച് ദ്രോണർ ഏകലവ്യനെ സ്നേഹപൂർവം പറഞ്ഞു മനസ്സിലാക്കി. തനിക്ക് ഒരേസമയം രാജപുത്രന്മാരെയും ഏകലവ്യനെയും ഒരുമിച്ചു പഠിപ്പിക്കാൻ അനുവാദമില്ലെന്നും എന്നാൽ നിന്റെ ആഗ്രഹപ്രകാരം സ്വയം അഭ്യാസം ചെയ്ത് നിനക്കു വേണ്ടുന്ന ശസ്ര്തവിദ്യ കരസ്ഥമാക്കിക്കൊള്ളുക എന്നും ആശീർവാദം നൽകി മടക്കി.

പോകും വഴി ഏകലവ്യന്റെ മനസ്സിൽ ഗുരുഭക്തി നിറഞ്ഞു നിന്നു. നോക്കുന്നിടങ്ങളിലൊക്കെ ഗുരുവിന്റെ മുഖം മാത്രമേ ഉള്ളൂ. കേൾക്കുന്നതു ഗുരുവിന്റെ ശബ്ദം. ആ മനോനിലയിലിരുന്ന് ഏകലവ്യൻ കളിമണ്ണാൽ തന്റെ ഗുരുനാഥന്റെ രൂപം തീർത്തു. പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഗുരു! ഏകലവ്യൻ അറിയാതെ താഴെ വീണു നമസ്കരിച്ചു. അവൻ പുതുപുഷ്പങ്ങൾ ശേഖരിച്ചു മാല കോർത്ത് ആചാര്യനു ചാർത്തി. അദ്ദേഹത്തെ പുഷ്പങ്ങളാൽ അഭിഷേകം ചെയ്തു. ഗുരുദേവപ്രതിമയ്ക്കു മുന്നിൽ നിന്ന് ഏകലവ്യൻ തന്റെ അഭ്യാസം തുടങ്ങി. ഏതോ അദൃശ്യ ശക്തിയാലെന്ന വിധം ഏകലവ്യന്റെ ഒാരോ തെറ്റുകളും തിരുത്തപ്പെട്ടു, അവൻ കേട്ടറിവും കണ്ടറിവും ഉള്ള സകല വിധ ശസ്ത്ര പ്രയോഗങ്ങളും കരസ്ഥമാക്കി. 

ഗുരുവിനെ മനസ്സിൽ അഗാധമായി ധ്യാനിച്ചാൽ ഗുരുവിന്റെ സാന്നിധ്യമില്ലെങ്കിലും വിദ്യ അഭ്യസിക്കാൻ സാധിക്കുമെന്ന പാഠമാണ് മഹാഭാരത്തിലെ ഏറ്റവും തേജസ്സാർന്ന ഇൗ കഥയിലുള്ളത്. 'ഗു' ശബ്ദം അന്ധകാരത്തെയും 'രു' ശബ്ദം നിരോധത്തെയും സൂചിപ്പിക്കുന്നതിനാൽ അന്ധകാരത്തെ നിരോധിക്കുക അഥവാ ഇല്ലാതാക്കുക എന്നതാണ് ഗുരു ഗുരു ശബ്ദത്തിലടങ്ങിയിരിക്കുന്നത്. .  

ആചരണത്തിലൂടെയുള്ള ജീവിതസാക്ഷാത്കാരമാണ് ഗുരുവിനെ ആദർശത്തിന്റെ പരമകാഷ്ഠയിലെത്തിക്കുന്നത്. 'ഗുരു' എന്നതിന് വലിയ, മുഖ്യമായ, ഉത്തമമായ, വന്ദ്യമായ, ആചാര്യൻ, മനസ്സിലെ അഹങ്കാരം നീക്കുന്നവൻ എന്നീ അർഥങ്ങളാണ് ഉള്ളത്.

വ്യക്തികളിൽ പുരോഗതിയുണ്ടാകണമെങ്കിൽ ആത്മവിശ്വാസവും ഇൗശ്വരവിശ്വാസവുമുണ്ടാകണം. ഇതു രണ്ടും നൽകുവാൻ ഗുരുവിനു കഴിയുന്നു. നമ്മുടെ ഒാരോ പ്രവൃത്തിയും ശരീരത്തിനൊരു ചലനവും നാം വിചാരിക്കുന്ന ഒാരോ കാര്യവും ബുദ്ധിക്കൊരു മുദ്രയും നൽകുന്നു. നല്ല പ്രവൃത്തിയും നല്ല വിചാരവും പകരുന്ന ഗുരുവിന്റെ കൃപാകടാക്ഷമാണ് ചിത്തത്തിൽ പതിഞ്ഞ മുദ്രകളെ സംസ്കാരങ്ങളാക്കി നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നത്. മനുഷ്യനും മനുഷ്യനും തമ്മിൽ മേധാശക്തിയുടെ അന്തരം മാത്രമാണുള്ളത്. മേധാശക്തിയെ സ്ഥിരചിത്തത്തിൽ ഉറപ്പിച്ചു നിർത്താൻ ഗുരു നമ്മെ പഠിപ്പിക്കുന്നു. ലോകത്തിലുള്ള ജ്ഞാനമെല്ലാം മനഃശക്തിയെ ഏകാഗ്രമാക്കിയിട്ട് നേടിയതാണ്. മനഃശക്തിയെ ഏകാഗ്രമാക്കാൻ ഗുരുവിന്റെ അനുഗ്രഹത്താലേ സാധിക്കൂ. ശിഷ്യനാവശ്യം ജീവിത പരിശുദ്ധിയും ജ്ഞാനദാഹവും സ്ഥിരപരിശ്രമവുമാണ്. ഭക്തിയും ധർമബോധവും വ്യക്തിപരിശുദ്ധിയും നിഷ്പാപത്വവും പരിശുദ്ധസ്നേഹവും ഉള്ള ആളിനു മാത്രമേ ഗുരുവാകുവാൻ കഴിയുകയുള്ളൂ. ഏതൊരു വിദ്യയും സ്വായത്തമാക്കുന്നതിനും ശോഭിക്കുന്നതിനും നല്ല അധ്യാപകന്റെ മനസ്സും അനുഗ്രഹവും ലഭിക്കണം. എന്നാൽ മാത്രമേ വിദ്യാർഥിക്കു വിദ്യ പൂർണമായി ആർജിച്ചെടുക്കാനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.