Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കരയിൽ പിടിയാനകൾ മാത്രമല്ല !

തോമസ് ജേക്കബ്
anakkara-vadakkathu-veedu-kadhakkoottu പാലക്കാട് ആനക്കര വടക്കത്ത് വീട്

ഒൻപത് എംഎൽഎമാരെ കേരള ചരിത്രത്തിനു സംഭാവന നൽകിയ കരിപ്പാപ്പറമ്പിൽ കുടുംബം ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണെന്നു കേട്ടപ്പോൾ ഞാൻ പാലക്കാട് ജില്ലയിൽ, മലപ്പുറം ജില്ലയോടു ചേർന്നുള്ള ആ വലിയ തറവാടിനെക്കുറിച്ചും ഒാർത്തു.

നൂറ്റിഇരുപത്തിയൊന്നു വർഷങ്ങളായി ചരിത്രം കാവൽ നിൽക്കുന്നൊരു വീട്. ദേശീയ സാംസ്‌കാരിക ധാരയിൽ കേരളത്തിന്റെ കയ്യൊപ്പാണ് ആനക്കര വടക്കത്തു തറവാട്. ആയിരത്തി അഞ്ഞൂറോളം പേരുള്ള കുടുംബാംഗങ്ങൾ ലോകമാകെ പരന്നുകിടക്കുന്നുണ്ട്.

പെരുമ്പിലാവിൽ ഗോവിന്ദ മേനോനാണ് ആനക്കര വടക്കത്ത് തറവാടിന്റെ നിർമാണത്തിനു തുടക്കം കുറിച്ചത്. 5500 ചതുരശ്രയടി വിസ്‌തീർണമുണ്ട് വീടിന്. ഓടും മരങ്ങളും ഉപയോഗിച്ചാണു നിർമാണം. 1896 ജൂൺ 20ന് അതു പൂർത്തീകരിച്ചു. തുടർന്നാണു ചരിത്രം ഈ വീടിനെ സ്വീകരിച്ചത്.

ആമ്പൽക്കുളവും ഇലഞ്ഞിമരങ്ങളും തുളസിത്തറയുമൊക്കെയായി ഈ വീട് കാലത്തിന്റെ മാറ്റങ്ങൾക്കു മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നു. പ്രഗല്ഭരും പ്രതിഭകളുമായ ഒട്ടേറെപ്പേരെ സംഭാവന ചെയ്‌ത കുടുംബമാണിത്. അതിൽ ഭൂരിഭാഗവും സ്‌ത്രീകളാണ്. ക്യാപ്‌റ്റൻ ലക്ഷ്‌മി എന്ന ദീപ്തതാരം അവരിൽ ഏറ്റവും പ്രമുഖ.

സ്വാതന്ത്യ്ര സമരത്തിന്റെ പാരമ്പര്യമാണ് ഈ തറവാടിന്റെ മുഖമുദ്ര. അതിന്റെ ജ്വലിക്കുന്ന ഓർമകളാണ് എ.വി. കുട്ടിമാളു അമ്മയും അമ്മു സ്വാമിനാഥനും. മദിരാശി സംസ്‌ഥാനത്തിലെ കോൺഗ്രസ് നേതാവ് കോഴിപ്പുറത്തു മാധവമേനോന്റെ ഭാര്യയാണ് കുട്ടിമാളു അമ്മ. വളരെ ചെറുപ്പത്തിലേ വിവാഹിതയായ അവർ ഭർത്താവിനോടൊപ്പം ദേശീയ പ്രസ്‌ഥാനത്തിന്റെ മുഖ്യധാരയിൽ സജീവമായി അറസ്‌റ്റും ജയിൽവാസവുമൊക്കെ ഏറ്റുവാങ്ങി. 56 ദിവസം മാത്രം പ്രായമുള്ള മകളുമായാണ് കുട്ടിമാളു അമ്മ ഒന്നര വർഷത്തെ ജയിൽവാസം തുടങ്ങിയതെന്ന കഥ ഇന്നും നമ്മളെ ആവേശംകൊള്ളിക്കും.

മാധവമേനോൻ പിൽക്കാലത്ത് മദിരാശി സംസ്‌ഥാനത്തെ മന്ത്രിയായി. പിന്നീട് അദ്ദേഹം മാതൃഭൂമിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടറായി. മലമ്പുഴ ഡാമും കുറ്റിപ്പുറം പാലവും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

കുട്ടിമാളു അമ്മയുടെ സഹോദരി അമ്മു സ്വാമിനാഥനും സ്വാതന്ത്യ്ര സമര സേനാനിയായിരുന്നു. കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിലും ലോക്സഭയിലും മദ്രാസ് നിയമസഭയിലും അംഗമായിരുന്നു. പ്രശസ്‌തനായ ക്രിമിനൽ വക്കീലും അടിയുറച്ച കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ഡോ. എസ്. സ്വാമിനാഥനാണ് അവരെ വിവാഹം കഴിച്ചത്. ഈ ദമ്പതികളുടെ മക്കളാണ് ക്യാപ്‌റ്റൻ ലക്ഷ്‌മിയും മൃണാളിനി സാരാഭായിയും.

ലക്ഷ്‌മി മദിരാശിയിൽ വൈദ്യശാസ്‌ത്രം പഠിക്കുന്ന കാലത്താണ് ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്നത്. ഇതിൽ പ്രതിഷേധിച്ച് രാജ്യം ഇളകിമറിഞ്ഞപ്പോൾ പാരമ്പര്യത്തിന്റെ കരുത്ത് ലക്ഷ്‌മിയെയും ആവേശംകൊള്ളിച്ചു. അങ്ങനെ കോൺഗ്രസിന്റെ യുവജന വിഭാഗം പ്രവർത്തകയായി. എന്നാൽ കോൺഗ്രസ് പ്രസ്‌ഥാനത്തിൽനിന്നു വിപ്ലവത്തിന്റെ വഴിയിലേക്കാണ് അവർ പോയത്.

മദ്രാസ് മെഡിക്കൽ കോളജിൽനിന്നു വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ശേഷം സിംഗപ്പൂരിൽ പ്രാക്‌ടീസ് ചെയ്യുന്നതിനിടെയാണ് സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകുന്ന ഐഎൻഎയിൽ ആകൃഷ്‌ടയായത്. സരോജിനി നായിഡുവിന്റെ സഹോദരി സുഹാസിനിയും അവരുടെ ഭർത്താവ് എം.സി. നാരായണൻ നമ്പ്യാരും അതിന് പ്രേരണയായി. സുഭാഷ് ചന്ദ്രബോസിന്റെ നിർദേശത്തിൽ സ്‌ത്രീകളുടെ സേനാവ്യൂഹമായ ഝാൻസി റാണി റെജിമെന്റ് ഉണ്ടായപ്പോൾ ഡോക്‌ടർ ലക്ഷ്‌മി അതിന്റെ നേതൃത്വത്തിലെത്തി. ഏകദേശം 1000 സ്‌ത്രീകൾ ഉൾക്കൊള്ളുന്ന പ്രത്യേക സേനാവിഭാഗത്തിന്റെ ചുമതലയായിരുന്നു അവർക്ക്. അങ്ങനെ ഡോ. ലക്ഷ്‌മി, ക്യാപ്‌റ്റൻ ലക്ഷ്‌മിയായി. ഇതിനിടയിൽ ജയിലിലുമായി. ജയിൽ മോചിതയായ ശേഷം 1947 മാർച്ച് ഒൻപതിന് ഐഎൻഎയിലെ സഹപ്രവർത്തകനായിരുന്ന സെഹ്‌ഗാളിനെ വിവാഹംകഴിച്ചു. സിപിഎം നേതാവ് സുഭാഷിണി അലി, അനീസ എന്നിവർ മക്കളാണ്.

മൃണാളിനി പ്രശസ്‌ത നർത്തകിയായി പേരെടുത്തു. ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്രത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ ജീവിത സഖിയായി. അവരുടെ മകൾ മല്ലിക സാരാഭായിയും ലോകം അറിയുന്ന നർത്തകിയാണ്.

വിക്രം സാരാഭായി എന്ന വലിയ പേരിനോടൊപ്പം ഞാനിത്തിരി നേരം നിൽക്കട്ടെ. അൻപത്തിരണ്ടാമത്തെ വയസ്സിൽ പൊലിഞ്ഞ അപൂർവ പ്രതിഭയാണ് അദ്ദേഹം. തന്റെ പ്രധാന കർമക്ഷേത്രമായ തിരുവനന്തപുരത്ത് കോവളത്തെ ഹാൽസിയൻ കൊട്ടാരത്തിൽ 1971 ഡിസംബർ 30നു പുലർച്ചെ സാരാഭായി ഈ ലോകത്തോടു വിടപറഞ്ഞു. ഒരു കുടുംബ കൂട്ടായ്മയ്ക്ക് കോവളത്തെത്തിയതായിരുന്നു അന്ന് മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.എം. മാത്യുവും മറ്റും.  ഹാൽസിയൻ കൊട്ടാരത്തിലെ രണ്ടു മുറികളാണ് അവർക്കു കിട്ടിയത്. അപ്പുറത്ത് താമസിക്കുകയായിരുന്ന വിക്രം സാരാഭായി മരിച്ചുവെന്നു കേട്ടത് അവർ രാവിലെയാണ്. അവിടെയുണ്ടായിരുന്ന, കെ.എം. മാത്യുവിന്റെ സഹോദരപുത്രൻ ഡോ. കെ.സി. മാമ്മൻ ആണ് സാരാഭായിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് മെഡിക്കൽ റിപ്പോർട്ട് എഴുതിക്കൊടുത്തത്.

ആനക്കര വടക്കത്തു തറവാടിലേക്കു മടങ്ങിയെത്തട്ടെ.

എ.വി. കുട്ടികൃഷ്‌ണ മേനോൻ, എ.വി. ഗോപാലമേനോൻ, എ.വി. ഗോവിന്ദ മേനോൻ, സ്വാതന്ത്യ്ര സമര സേനാനി ജി. സുശീലാമ്മ തുടങ്ങിയവരൊക്കെ ഈ തറവാടിന്റെ സംഭാവനകളാണ്.

ഇവിടെ പിറന്നവരും കല്യാണത്തിലൂടെ ഈ വീട്ടിലെത്തിയവരുമായി, ദേശീയതലത്തിൽത്തന്നെ പ്രശസ്തരായ ആൺപേരുകളുണ്ടെങ്കിലും സ്ത്രീശക്തിയാണ് ആനക്കര വടക്കത്തു തറവാടിനെ മുഖ്യമായും ചരിത്രത്തിലേക്കു വഴി നടത്തിയത്.

അതുകൊണ്ടാണ് സാക്ഷാൽ വികെഎൻ ഒരിക്കൽ ഈ തറവാട്ടിനു ‘പിടിയാനക്കര വടക്കത്ത്’ എന്ന വിശേഷണം നൽകിയത്.

പത്രപ്രവർത്തന പരിശീലനക്ലാസുകളിൽ ക്രിയേറ്റിവിറ്റിയുടെ നക്ഷത്രത്തിളക്കത്തെക്കുറിച്ചു പറയാൻ ഇതിലും മികച്ചൊരു വിശേഷണം എനിക്കു കിട്ടിയിട്ടില്ല.

കുറച്ചു വർഷംമുൻപ് മനോരമയിലേക്കുള്ള പത്രാധിപ ട്രെയിനികളെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യു. അതിൽ പങ്കെടുത്തവരിലൊരാൾ ആനക്കരക്കാരനാണ്.

ഞാൻ ആ യുവാവിനോടു ചോദിച്ചു:

– അച്ഛനെന്തു ചെയ്യുന്നു?

– പോസ്റ്റ്മാനാണ്. ആനക്കര വടക്കത്ത് അടക്കമുള്ള വീടുകളിലേക്കു കാലങ്ങളായി കത്തു നൽകുന്നു.

വിസ്മയിച്ചുപോയി ഞാൻ, കേരളത്തിലെ ഏറ്റവും പ്രശസ്തമായ തറവാട്ടിലെ, പ്രശസ്ത നാമങ്ങളിലേക്കു കത്ത് എത്തിച്ചിരുന്ന അദ്ദേഹത്തെ ഒാർത്ത്!

വായിക്കാം, ഇ - വീക്ക് ലി