Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയസ്സാകാത്തവർ

തോമസ് ജേക്കബ്
venugopal-muttathu-varkey-kadhakkoottu

ഈയിടെ അറ്റോർണി ജനറലായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കെ.കെ. വേണുഗോപാലിൽ നിന്നുവേണം ഈ കഥക്കൂട്ട് പറഞ്ഞുതുടങ്ങാൻ. പേരെടുത്ത അച്ഛന്റെ മകനാണ് അദ്ദേഹം. പ്രമുഖ നിയമജ്ഞനായിരുന്ന ബാരിസ്റ്റർ എം.കെ. നമ്പ്യാരുടെ മകനു നിയമം കൈവെള്ളയിലെ രേഖകൾപോലെ ഹൃദിസ്ഥം.

ലണ്ടനിലെ പ്രിവ്യു കൗൺസിലിലെത്തിയ, കാസർകോട് ഏച്ചിക്കാനം തറവാട്ടുകാരുടെ സ്വത്തു കേസിൽ ബ്രിട്ടിഷ് അഭിഭാഷകനെ സഹായിക്കാൻ പോയ പോക്കിലായിരുന്നു എം.കെ. നമ്പ്യാർ അഭിഭാഷക ബിരുദം നേടിയത്. തിരിച്ചെത്തിയ ബാരിസ്റ്റർ മംഗളൂരുവിൽനിന്നു ചെന്നൈയിലേക്കും പിന്നീടു ഡൽഹിയിലേക്കും മാറിയത് വേണുഗോപാലിന്റെയും ജീവിതത്തിൽ വഴിത്തിരിവായി. ഇവിടങ്ങളിൽ തുടർപഠനം നടത്തിയ വേണുഗോപാൽ നിയമബിരുദം നേടിയതു കർണാടകയിലെ ബെളഗാവിയിൽ നിന്നായിരുന്നു.

ഈയിടെ, സ്വകാര്യതാ കേസിൽ ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്റെ പിതാവ് ജസ്‌റ്റിസ് വൈ.വി. ചന്ദ്രചൂഡ് 41 വർഷം മുൻപെഴുതിയ വിധി തിരുത്തിയെങ്കിൽ, മൗലികാവകാശ കേസുകൾ വാദിച്ച അച്‌ഛനും മകനും പരാജയം സംഭവിച്ചെന്നതും ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിന്റെ ഭാഗമാകുന്നു. അന്തരിച്ച എം.കെ. നമ്പ്യാരും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലുമാണ് ആ അഭിഭാഷകർ.

നമ്പ്യാർ, ജീവനും വ്യക്‌തിസ്വാതന്ത്ര്യത്തിനുള്ള 21–ാം ഭരണഘടനാ വകുപ്പിന്റെ പവിത്രതയ്‌ക്കും വേണ്ടിയാണ് എ.കെ. ഗോപാലൻ കേസിൽ (1950) വാദിച്ചത്. ഇരുപത്തൊന്നാം വകുപ്പിന്റെ ചുവടുപിടിച്ചു സ്വകാര്യത മൗലികാവകാശമെന്നു കണക്കാക്കാനാവില്ലെന്നു കഴിഞ്ഞ ദിവസം വിധിവന്ന സ്വകാര്യതാ കേസിൽ വേണുഗോപാൽ കേന്ദ്ര സർക്കാരിനുവേണ്ടി വാദിച്ചു. കരുതൽ തടങ്കലിലാക്കപ്പെട്ട കമ്യൂണിസ്‌റ്റ് നേതാവ് എകെജിക്കു വേണ്ടി നമ്പ്യാർ നടത്തിയ വാദം 1950 മേയ് 19നു സുപ്രീം കോടതി തള്ളി; 67 വർഷത്തിനുശേഷം മകന്റെ വാദം തള്ളിയപ്പോൾ പരോക്ഷമായി കോടതി അച്‌ഛന്റെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു.

ഇരുപത്തിയേഴു വർഷം മുൻപാണ്. കെ.കെ. വേണുഗോപാൽ ഷഷ്ഠിപൂർത്തിയിലെത്തുന്നു എന്നറിഞ്ഞു ഞാൻ മലയാള മനോരമ ന്യൂഡൽഹി ബ്യൂറോയിലെ ഡി. വിജയമോഹനെ വിളിച്ചു. വേണുഗോപാലുമായി ഒരു അഭിമുഖം സംഘടിപ്പിക്കാൻ പറഞ്ഞു.

വിജയമോഹനോട് വേണുഗോപാൽ പറഞ്ഞ മറുപടി രസകരമായിരുന്നു:

– എന്നെ വയസ്സനാക്കാൻ എന്താണിത്ര ധൃതി? അറുപതു വയസ്സു കഴി‍ഞ്ഞെന്നറിഞ്ഞാൽ ചിലയാളുകൾ എന്റെയടുത്തു വക്കാലത്തുമായി വരാൻ മടിച്ചേക്കും. അതുകൊണ്ട്, ഇപ്പോൾ അഭിമുഖവും ഷഷ്ഠിപൂർത്തി വാർത്തയുമൊന്നും വേണ്ട.

ഈ വർഷം, എൺപത്തിയാറാം വയസ്സിൽ അദ്ദേഹം രാജ്യത്തിന്റെ അറ്റോർണി ജനറലായെന്നറിഞ്ഞപ്പോൾ ഞാൻ ആ ഷഷ്ഠിപൂർത്തിക്കഥ ഓർത്തു. മറ്റു ചില കഥകൾകൂടി ഓർമിച്ചു.

2013ൽ, മുട്ടത്തുവർക്കിയെ ദീപികയിൽനിന്നു വിളിച്ച ജോണി ആന്റണിയുടെ ഒരനുഭവമുണ്ട്:

– സാറിന്റെ സപ്‌തതി വരികയാണല്ലോ. ഒരു ലേഖനം കൊടുക്കാൻ ഉദ്ദേശിക്കുന്നു.
–എന്റെ സപ്‌തതിയോ! ആരു പറഞ്ഞു?
–ലൈബ്രറിയിലെ രേഖകൾ.
– രേഖയും ശ്യാമയുമൊക്കെ പലതും പറയും. എനിക്കു പ്രായം ഇരുപത്തേഴു കഴിഞ്ഞതേയുള്ളൂ.

അദ്ദേഹം തറപ്പിച്ചു പറഞ്ഞതുകൊണ്ട് അന്നു ലേഖനം പ്രസിദ്ധീകരിച്ചില്ല. പിന്നെയും ആറുവർഷം കൂടി മുട്ടത്തുവർക്കി തന്റെ രചനാക്രിയ തുടർന്നുകൊണ്ടിരുന്നു. അതായത്, മരിക്കുംവരെ. മരിക്കുംവരെ അദ്ദേഹം ഇരുപത്തിയേഴുകാരനായി തുടർന്നുവെന്നും പറയാം - മനസ്സിൽ ചെറുപ്പക്കാരനായിരുന്നുവെന്ന അർഥത്തിൽ മാത്രമല്ല; എഴുപതിനുശേഷവും യുവാവിന്റെ കർമശേഷിയോടെ, ഊർജ്വസ്വലതയോടെ, എഴുത്ത് എന്ന ക്രിയ നിരന്തരമായി നടത്തിക്കൊണ്ടിരുന്നു എന്ന അർഥത്തിലും.

എഴുപതാംവയസ്സിലും എഴുതുന്ന എഴുത്തുകാർ ഉണ്ടെന്നതു ശരി. ആ പ്രായത്തിലും പ്രണയനോവലുകൾ എഴുതുന്നവരും ഏതെങ്കിലുമൊക്കെ ഭാഷകളിൽ ഉണ്ടാകാം. എന്നാൽ ആ പ്രായത്തിൽ ഒരേസമയം ഒന്നിലേറെ നോവലുകൾ - മൂന്നും നാലും നോവലുകൾ വരെ - എഴുതിക്കൊണ്ടിരുന്ന മറ്റേതെങ്കിലുമൊരു എഴുത്തുകാരൻ ഏതെങ്കിലും രാജ്യത്തു ജീവിച്ചിട്ടുണ്ടാകുമെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അതു നമ്മൾ അദ്ഭുതവാർത്തയായോ ഗിന്നസ് ബുക്കിലോ വായിച്ചേനേ എന്നുകൂടി ജോണി ആന്റണി പറഞ്ഞിട്ടുണ്ട്.

പ്രണയസുന്ദരലളിതനാമങ്ങളായിരുന്നു അദ്ദേഹത്തിന്റെ നോവലുകൾക്ക്. പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ, വെളുത്ത കത്രീന, അഴകുള്ള സെലീന...അങ്ങനെയങ്ങനെ..

മറ്റ് എഴുത്തുകാരുടെ നായികാനായകന്മാർ പാർക്കിലിരുന്നു പ്രേമിച്ചപ്പോൾ മുട്ടത്തുവർക്കിയുടെ നായികാനായകന്മാർ പാർക്കറിലിരുന്നു പ്രേമിച്ചു. അദ്ദേഹം പാർക്കർ പേന കൊണ്ടാണ് എഴുതിയിരുന്നത്. നായികയും നായകനും കാറിൽ വന്നിറങ്ങിയാലെന്നപോലെ ചിന്നമ്മയും തങ്കച്ചനും ലിസയും ജോയിയും ഒക്കെ അവിടെ പാർക്കർ പേനയിൽ വന്നിറങ്ങി. അദ്ദേഹം അർധരാത്രി ഒരു മണി വരെയോ ചിലപ്പോൾ അതും കഴിഞ്ഞോ വരെ എഴുതുമായിരുന്നു. ഈ സമയത്ത് മുറുക്കും മുറുമുറുപ്പും മുറുക്കം വരുത്തലും വർക്കി ഒന്നിച്ചു നടത്തും. അദ്ദേഹം എഴുതിയത് മിനുസപ്പെടുത്തുന്നതും ഈ നേരത്തായിരുന്നെന്നു വർക്കിയുടെ മകൾ ലീലമ്മയുടെ ഭർത്താവായ പ്രഫ. ടി.എൻ. സെബാസ്‌റ്റ്യൻ ഓർത്തിട്ടുണ്ട്. വായിൽ മുറുക്കാനിട്ടുകൊണ്ടു മുറുമുറുക്കുകയാവും വർക്കി. എഴുതിയത് തനിയെ പറഞ്ഞുനോക്കി തെറ്റു തിരുത്തുന്നതാണ്.

മുട്ടത്തുവർക്കിക്കു സംഖ്യാശാസ്‌ത്രത്തിൽ കടുത്ത വിശ്വാസമായിരുന്നു. പത്ത് ആയിരുന്നു അദ്ദേഹത്തിന്റെ ഭാഗ്യനമ്പർ. അതുകൊണ്ടുതന്നെ ഏതു നോവൽ എഴുതിയാലും അദ്ദേഹം അത് ആദ്യം 19 അധ്യായത്തിൽ അവസാനിപ്പിക്കാൻ നോക്കും. ഒന്നും ഒൻപതും കൂട്ടുമ്പോൾ പത്തു കിട്ടും എന്നതിനാൽ. പത്തൊൻപത് അധ്യായം കഴിഞ്ഞാലും ചില നായികാനായകന്മാർ വർക്കിയുടെ കാലുപിടിക്കും. പ്രേമപരവശരായ തങ്ങളുടെ കഥ കഴിക്കരുത്. കുറച്ചുകാലം കൂടി ഉല്ലസിച്ചുനടക്കാൻ അനുവദിക്കണം എന്നു പറഞ്ഞുകൊണ്ട്.

അങ്ങനെയാണ് ചില നോവലുകൾക്ക് 28 അധ്യായങ്ങൾ ഉണ്ടാകുന്നത്. രണ്ടും എട്ടും കൂട്ടിയാലും പത്ത് ആണല്ലോ. അങ്ങനെ പത്ത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്നു. ഒൻപതു മക്കളും ഭാര്യയും ചേരുമ്പോഴും അദ്ദേഹത്തിന്റെ ഭാഗ്യനമ്പർ ആയി. ഒൻപതു മക്കളോടുള്ള സ്‌നേഹാധിക്യത്താൽ അദ്ദേഹം ഒൻപതു തരം റോസാച്ചെടികൾ വീട്ടിൽ വളർത്തി. മൂന്നോ നാലോ നിറഭേദങ്ങളേ റോസാപുഷ്‌പങ്ങൾക്കു സാധാരണ ഉണ്ടാകൂ എങ്കിലും, അദ്ദേഹം പൂക്കളുടെ നിറങ്ങളിൽ തീരെ ചെറിയ വ്യത്യാസങ്ങൾ ഉള്ള ഒൻപതു തരം റോസ് എവിടെനിന്നോ കൊണ്ടുവന്നു വളർത്തി. ഇത് എന്റെ നവരത്നങ്ങൾക്കുള്ളതാ എന്ന് അദ്ദേഹം പറയുമായിരുന്നു.

കാക്കനാടന്റെ ഒരനുഭവമുണ്ട്. ഒരിക്കൽ കാക്കനാടന്റെ വീട്ടിലെത്തി ഊണുകഴിക്കുമ്പോൾ മുട്ടത്തു വർക്കി കാക്കനാടന്റെ ഭാര്യ അമ്മിണിയെ വിളിച്ചുചോദിച്ചു:

–മോളേ, അമ്മിണീ ഇങ്ങുവന്നേ, നീയാദ്യം വായിച്ചത് ആരുടേതാ, ഇവന്റെയാണോ, എന്റെയാണോ?

മുട്ടത്തു വർക്കിയുടേതാണെന്ന് അമ്മിണി പറഞ്ഞു. ‘കേട്ടു പഠിയെടാ’  എന്നു പറഞ്ഞു മുട്ടത്തു വർക്കി വിജയിയെപ്പോലെ കാക്കനാടനെ നോക്കി...

തകഴിയുടെ ഭാര്യ കാത്ത ഉറൂബിനോടു പറഞ്ഞത്, തനിക്കിഷ്ടം മുട്ടത്തുവർക്കിയുടെ നോവലുകളാണെന്നാണ്. നിങ്ങൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ആരുടെ നോവലുകളാണെന്നു പരീക്ഷയ്ക്കു ചോദിച്ചപ്പോൾ തകഴിയുടെ മകൾക്കും സംശയമുണ്ടായിരുന്നില്ല:

– മുട്ടത്തു വർക്കി.

വായിക്കാം, ഇ - വീക്ക് ലി