Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീജന്മം

ദേവി .ജെ.എസ് 
Sad Woman

ഒരു മലയാളം സീരിയലിന്റെ തലക്കെട്ടു പോലെ അല്ലേ ?അതേ ഏതു സീരിയലിനേക്കാളും സിനിമയെക്കാളും നമ്മളെ ഞെട്ടിക്കുന്ന ഒരു ഗാർഹിക സ്ത്രീ പീഡനത്തിന്റെ കഥയാണ് അമലയുടേത് .അമലയെക്കുറിച്ച് പണ്ടും ഞാൻ എഴുതിയിട്ടുണ്ട് .ഭർത്താവിൽ നിന്ന് ഇത്രയധികം മർദ്ദനവും ദ്രോഹവും സഹിച്ചിട്ടുള്ള ഒരു പെണ്ണ് എന്റെ അറിവിലില്ല .ഒടുവിൽ മക്കളെയും കൊണ്ട് പ്രാണരക്ഷാർത്ഥം ഓടിയത് ഒരു സാഹസിക പ്രവർത്തി തന്നെയായിരുന്നു .നിന്നവേഷത്തോടെ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റേയറ്റം വരെ  ഉടുവസ്ത്രവും കഷ്ടിച്ചുവണ്ടിക്കൂലിയും ഒരു ചെറിയ കുഞ്ഞുമായുള്ള പലായനം എത്ര ഭീകരമായിരുന്നു അന്നത്തെ അവസ്ഥ എന്ന് ഇന്നും ഭീതിയോടെയാണ് അമല വിവരിക്കുന്നത്.  

അമലയുടെ കഥ മുഴുവൻ എഴുതിയാൽ ഒരു നോവലിൽ നിൽക്കുകയില്ല .എന്നാലും അൽപ്പമൊന്നു പറയട്ടെ .വിവാഹരാത്രി മുതൽ മദ്യപിച്ചിട്ടുള്ള ക്രൂരതകളായിരുന്നു അമലയ്ക്ക് മധുവിധു.ഒരു മകനുമുണ്ടായി .ആദ്യപ്രസവത്തിന് സ്വന്തം വീട്ടിൽ പോയി നിന്ന ഒരു മാസക്കാലം മാത്രമാണ് അമല സുഖമായും സ്വസ്ഥമായും കിടന്നത് .പിന്നെയും നരകജീവിതത്തിലേക്കു തന്നെ അവൾ മടങ്ങി. കൂലിപ്പണിയെടുത്ത് പണമുണ്ടാക്കി ഭർത്താവിന് മദ്യപിക്കാനും ബീഡിവലിക്കാനും കൊടുത്തശേഷം പട്ടിണികിടന്നു വലയുക എന്നതായി അവളുടെ അവസ്ഥ. എന്നാലുമില്ല അടിക്കും തൊഴിക്കും കുറവ്. തീരെ നിവർത്തിയില്ലാതായപ്പോൾ കുഞ്ഞിനെ സ്വന്തം മാതാപിതാക്കളെ ഏൽപ്പിച്ചു അവൾ തനിയെ കഷ്ടപ്പാട് സഹിക്കാൻ തുടങ്ങി. അടി വയറ്റിൽ ചവിട്ടേറ്റ് പിറക്കും മുൻപേ ജീവൻ പൊലിഞ്ഞ എത്രയോ കുഞ്ഞുങ്ങൾ! ഈ ദുഷ്ടതകൾ ഒക്കെ ഏറ്റിട്ടും ചാകാതെ പിറന്നു വീണ്ടുമൊരുണ്ണി.

അടുക്കളപ്പണികളും പറമ്പിൽ പണിയുമൊക്കെയായി അമല മുന്നോട്ടു നീങ്ങി. പണിക്കുപോകുന്നയിടങ്ങളിൽ നിന്ന് ദയവും സഹതാപവുമായി കിട്ടിയ ഭക്ഷണം അവൾക്കും കുഞ്ഞിനും രക്ഷയായി. പണികഴിഞ്ഞു വീട്ടിലേക്കു പോകാൻ അവൾ ഭയപ്പെട്ടു .പക്ഷെ പോകാതെ വയ്യ .അല്ലെങ്കിൽ അയാൾ അന്വേഷിച്ചെത്തും .പിന്നെ അവൾക്കു പണി കൂടി കിട്ടാതാകും . കിട്ടിയ കൂലി പിടിച്ചു വാങ്ങി കുടിയും ഭക്ഷണവും കഴിഞ്ഞെത്തിയാൽ പിന്നെ ഉപദ്രവിച്ചു  രസിക്കാനായി അയാൾക്കവളുടെ അസ്തിപഞ്ജരമായ ഉടലും വേണം.

നാലഞ്ച് കൊല്ലം കടന്നു പോയി .കുട്ടിയെ സ്കൂളിൽ ചേർത്തു .ജീവിതം പഴയപടി തന്നെ .അടിയും തൊഴിയും മാത്രമല്ല അവളുടെയും കുഞ്ഞിന്റെയും ഉടുതുണികളും കുട്ടിയുടെ പുസ്തങ്ങളും അയാൾ കത്തിക്കുക പതിവായി .ഒരു രാത്രി അയാൾ അവളെ അടിച്ചവശയാക്കി വീടിനു പുറത്തേക്കെറിഞ്ഞു .കുട്ടിയെ അകത്തിട്ട് അയാൾ കതകുമടച്ചു .അടുത്ത വീടിന്റെ വരാന്തയിൽ അഭയം തേടി അമല ആ രാത്രി കഴിച്ചു .നേരം പുലർന്ന് അയാൾ ലക്കില്ലാതെ പുറത്തേക്കു പോയതും അമല വീട്ടിലേക്കോടി .അപ്പോഴും ഉറങ്ങുകയിരുന്ന കുട്ടിയെ വാരിയെടുത്തു .ആദ്യം വന്ന ബസിൽ കയറി യാത്രയായി .

നീണ്ട പതിനേഴു വർഷങ്ങൾ ,വീടുകളിൽ പണിയെടുത്തും രോഗികളെ ശുശ്രുഷിച്ചും അമല കഴിച്ചു കൂട്ടി .മക്കൾ വളർന്നു പഠിച്ചു .ജോലിയുമായി .അമല രക്ഷപ്പെട്ടു എന്ന് ഞാൻ സന്തോഷിച്ചു. അപ്പോഴാണ് പൊടുന്നനെ അമല എന്നെ ഫോണിൽ വിളിച്ചത് ."ചേച്ചി എന്റെ പിള്ളേരുടെ അച്ഛൻ മരിച്ചു പോയി "

ഞാൻ ഞെട്ടിപ്പോയി .എപ്പോൾ ,എങ്ങനെ,ആരറിയിച്ചു ഇത്തരം ചോദ്യങ്ങൾ എന്റെ തൊണ്ടയിൽ കുരുങ്ങി .അപ്പോൾ അവൾ പറഞ്ഞു .

"കുടിച്ചു ബോധം കേട്ട് വഴിയിൽ മരിച്ചു കിടക്കുകയായിരുന്നു .രണ്ടു ദിവസമായി .കൂടെ പണിയെടുക്കുന്ന ആരോ എന്റെ മകനെ വിളിച്ചറിയിച്ചു "

അതവിടെ നിൽക്കട്ടെ .ഇനിയാണ് എന്നെ അമല അദ്‌ഭുതപ്പെടിത്തിയത് .ഒരിക്കൽ പോലും ഒരിറ്റു സ്നേഹം നൽകാത്ത ഉണ്ണാനോ ഉടുക്കാനോ കൊടുത്തു സംരക്ഷിച്ചിട്ടില്ലാത്ത ആ മനുഷ്യന്റെ ശവശരീരമന്വേഷിച്ച് മക്കളെയും കൂട്ടി അമല ദീർഘ ദൂരം യാത്ര ചെയ്‌തെത്തി .എല്ലാവിധ ചടങ്ങുകളോടും കൂടി ശവം സംസ്കരിച്ചു . ഒരു തുള്ളി കണ്ണീർ ചൊരിയാതെ ഒന്നും മിണ്ടാതെ ചിലവുകളെല്ലാം അവൾ തന്നെ വഹിച്ചു .പിന്നെ തിരികെപ്പോന്നു 

"എന്തിനാ അമലേ "ഞാൻ ചോദ്യം പാതിക്കു നിർത്തി .

"ഇത് എന്റെ കടമയൊന്നുമല്ല  ചേച്ചി ..മക്കളെ നോക്കുകയോ പത്തു രൂപ അവർക്കു വേണ്ടി ചെലവഴിക്കുകയോ ചെയ്തിട്ടില്ല .എന്നാലും നാളെയൊരു കാലത്ത് കുറ്റബോധം തോന്നരുതല്ലോ .മക്കൾക്കും എനിക്കും .ശവത്തിനോടെന്തു പ്രതികാരം "ശബ്ദം ഇടറാതെ അവൾ പറഞ്ഞു ."ഇതാണ് സ്ത്രീ ജന്മം" ,ഞാൻ  പറഞ്ഞു പോയി .