Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനാറുവർഷങ്ങൾ 

ദേവി.ജെ.എസ്
guruvayoor-temple

ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും 

ഗോപുരവാതിൽ തുറക്കും ഞാൻ ഗോപകുമാരനെ കാണും 

ചെറുപ്പത്തിൽ എന്നെ വളരെ ആകർഷിച്ചിട്ടുള്ള ഒരു പാട്ടാണിത്. കാരണം അതുവരെ ഞാൻ ഗുരുവായൂരിൽ പോയിട്ടുണ്ടായിരുന്നില്ല. കൃഷ്ണന്റെ പടങ്ങളും കൃഷ്ണകഥകളും ഒരുപാടു കാണുകയും കേൾക്കുകയും ചെയ്തു പോന്നു കുട്ടിക്കാലം മുതൽക്കേ. ഭക്ത മീരയും വില്വ മംഗലം സ്വാമിയുമൊക്കെ കഥകളിലൂടെ പരിചിതരായിരുന്നു. ഭക്ത കുചേല പോലെയുള്ള ശ്രീകൃഷ്ണ ഭക്തി സിനിമകൾ കണ്ടിട്ടുമുണ്ട്. എങ്കിലും എന്റെ വീട്ടിൽ നിന്നും ആരും തന്നെ ഗുരുവായൂർ പോയിട്ടുണ്ടായിരുന്നില്ല. ഗുരുവായൂർ പോക്ക് ഇന്നത്തെപ്പോലെ അത്രകണ്ടങ്ങു സർവസാധാരണമായിരുന്നില്ല അന്ന്. പിന്നെ ഞങ്ങൾ തിരുവനന്തപുരംകാർക്ക് ശ്രീപദ്മനാഭനായിരുന്നല്ലോ കാണപ്പെട്ട ദൈവം.

മുൻപ് പറഞ്ഞിട്ടുള്ളതാണെങ്കിലും വായനക്കാരെ ഓർമിപ്പിക്കാനായി ഒന്ന് കൂടെ പറയട്ടെ. എട്ടോ ഒൻപതോ വയസ്സുള്ളപ്പോഴാണ്‌ ഒരു വിഷുകൈനീട്ടം കൊണ്ട് ഒരു ഉണ്ണികൃഷ്ണന്റെ പടം അമ്മ വാങ്ങിത്തന്നത്. ചുവന്ന കുപ്പായമിട്ട് മുട്ടുകുത്തി നിന്ന് കണി ഒരുക്കുന്ന കൃഷ്‌ണൻകുട്ടി. വളരെ ജനപ്രീതി നേടിയ ചിത്രം !എന്നാൽ സാധാരണയിൽ നിന്ന് അല്പം വ്യത്യാസമുള്ള തായിരുന്നു ആ ചിത്രം. ചിലപടങ്ങളിൽ ഉടുപ്പിടാത്ത നീലക്കണ്ണനാണ്. ഈ പടത്തിൽ കൃഷ്ണന്റെ മുഖത്തിന് പതിവില്ലാത്ത ചൈതന്യവും ഉടുപ്പിനൊരു ചന്തവും ഉണ്ട്. (ഇനി അതെനിക്ക് തോന്നിയതാണോ ). ആ പടം ഇന്നും എന്റെ കിടപ്പു മുറിയുടെ ഭിത്തിയിൽ തൂങ്ങുന്നു. എന്നും ഞാനവനെ കണികാണുന്നു .

ആദ്യമായി ഗുരുവായൂർ പോയത് എന്റെ മകന് ചോറ് കൊടുക്കാനായിരുന്നു. എന്റെ അച്ഛനമ്മമാരും അനിയനും അനിയത്തിമാരും പിന്നെ ഞാനും മകനും മകന്റെ അച്ഛനും. അതൊരു നേർച്ചയോ വഴിപാടോ ഒന്നുമായിരുന്നില്ല. ആദ്യം കുറിച്ച ആ .ഗാനം അന്നും മനസ്സിൽ തുളുമ്പുന്നുണ്ടായിരുന്നു. ഒന്ന്  പോകണമെന്നും ഗോപകുമാരനെ കാണണമെന്നും വല്ലാത്ത ആഗ്രഹം. അച്ഛനമ്മമാർ അതനുവദിച്ചപ്പോൾ അത്യുത്സാഹത്തോടെയാണ് ഞങ്ങൾ പുറപ്പെട്ടത്.

അന്ന് ഗുരുവായൂരമ്പലത്തിൽ ഇന്നത്തെപ്പോലെ തിരക്കില്ല. ഒരു പഴയ വീടുപോലെ ഒരു ക്ഷേത്രം. എന്തൊരു ശാന്തത ! (ഒരു നാല്പത്തഞ്ചു കൊല്ലം മുൻപത്തെ കാര്യമാണ് ഞാൻ പറയുന്നതേ. വിശ്വസിക്കാനാവുന്നില്ല അല്ലെ ?)ചോറൂണിന്‌ അഞ്ചോ ആറോ കുട്ടികൾ ! ഒന്നിനും ഒരു പ്രയാസവും ഇല്ല. കൺകുളിരെ കണ്ടു ഇഷ്ടം പോലെ തൊഴുതു  ഒന്നും ഞാൻ ചോദിച്ചില്ല. പ്രാർത്ഥിച്ചില്ല. അന്തം വിട്ടങ്ങനെ നോക്കി നിന്നു. ഇന്നും എന്റെ പതിവ് അതു തന്നെ. അമ്പലനടകളിൽ അപൂർവമായി  ചെന്ന് നിൽക്കുമ്പോൾ ഒന്നും പറയാറില്ല. "ചിന്തിത മെല്ലാം അറിഞ്ഞിടും നിന്നോടിന്നന്ധനായുള്ള ഞാനെന്തു ചൊൽവൂ "എന്നല്ലേ ഭക്ത കവി  പാടിയത്.

അമ്മയും മക്കളുമാത്രമായൊരു കുടുംബജീവിതം കെട്ടിപ്പടുത്തു സ്വസ്ഥമായി കഴിയവേ ഞങ്ങളുടെ അവധിക്കാലയാത്രകൾ പലതവണ ഗുരുവായൂരിലേക്കായി. കെ ടി ഡി സി യുടെ നന്ദനത്തിൽ റൂം  ബുക്ക് ചെയ്യും. ട്രെയിനിലും ബസിലുമൊക്കെ കയറിയിറങ്ങി ഗുരുവായൂരെത്തും. (ഇതും പത്തുമുപ്പതു കൊല്ലം മുൻപത്തെ കാര്യമാണേ) എല്ലാം മറന്ന് ഉല്ലാസവും ഭക്തിയും കൂട്ടിക്കുഴച്ചൊരു സുഖവാസം. അപ്പോഴേക്ക് തിരക്കൊക്കെ വർധിച്ചു കഴിഞ്ഞിരുന്നു. എന്നാലും ഇന്നത്തേതിന്റെ നൂറിൽ ഒന്നേയുള്ളൂ. ഒടുവിൽ അങ്ങനെ പോയി ഉണ്ണിക്കണ്ണനോടൊപ്പം കഴിഞ്ഞത് മകന് ജോലിയായി, മകളുടെ പ്ലസ് ടു വും കഴിഞ്ഞപ്പോഴാണ്. അതൊരു ഓണക്കാലമായിരുന്നു. തിരുവോണം നാളിൽ അഞ്ചു മണിക്കൂർ ക്യു വിൽ നിന്ന് ഭഗവാന്റെ പ്രസാദമായ ഓണസദ്യ കഴിച്ചത് ഇന്നും പുളകമേകുന്ന ഒരോർമയാണ്. മകന്റെ ജോലിത്തിരക്ക് മകളുടെ ഉന്നതവിദ്യാഭ്യാസം, എന്റെ ഉത്തരവാദിത്വങ്ങൾ... പിന്നെ ഗുരുവായൂർ യാത്രകൾ ഉണ്ടായില്ല.

  

വീണ്ടും വർഷങ്ങൾക്കു ശേഷം ആ നടയിലെത്തിയത് രാമുവിന്റെ ചോറൂണിനാണ്. ഭക്തജനത്തിരക്ക് വല്ലാതങ്ങു കൂടി എങ്കിലും ഇന്നത്തെ പോലെ അത്ര നീണ്ട ക്യു വോ അകത്തു ഫ്‌ളൈ ഓവറോ ഒന്നും ഉണ്ടായിട്ടില്ല. അത് കഴിഞ്ഞിട്ടിപ്പോൾ പതിനാറു വർഷം കഴിഞ്ഞിരിക്കുന്നു. ഒന്നിനും കഴിയാത്ത ഒരു ദുരിതക്കടവിൽ എന്നെ തളച്ചിട്ടത് വിധിയോ ദൈവമോ കാലമോ ?എന്നിട്ടും ഇതാ ഗുരുവായൂരിൽ പോകാൻ ഒരവസരം വീണു കിട്ടി. ഗുരുവായൂരമ്പലനടയിൽ ഞാൻ അന്തം വിട്ടു നിന്നു. സ്റ്റീലിൽ പണിഞ്ഞ വേലികൾക്കുള്ളിൽ ഭക്തർക്ക് കാത്തിരിക്കാൻ സ്റ്റീൽ ബെഞ്ചുകൾ. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു ശേഷം അകത്തു കടന്നപ്പോൾ പുറത്തു താണ്ഡവമാടുന്ന മഴ അകത്തും അവിടവിടെ കോരിച്ചൊരിയുന്നു മേൽക്കൂര മേഞ്ഞിരിക്കുന്നത് പല ലെവലിൽ ആകയാൽ വിടവുകൾക്കിടയിലൂടെ മഴ ഉള്ളിലേക്കെടുത്തു ചാടുന്നു.

പതിവുപോലെ ഒന്നും പറയാതെ ചോദിക്കാതെ പ്രാർത്ഥിക്കാതെ ഞാൻ നിന്നു. പതിനാറു വർഷങ്ങൾക്കുശേഷവും. പിറ്റേന്ന് വെളുപ്പിന് കോരിച്ചൊരിയുന്ന മഴയിൽ മൈലുകൾ നീളുന്ന ക്യുവിൽ കാത്ത് നിൽക്കുന്ന ഭക്തരെ കണ്ടപ്പോൾ ഞാൻ വല്ലാതെ അമ്പരന്നു. വൃദ്ധർക്കായുള്ള ക്യുവിലൂടെ അകത്തു കയറി ഗുരുവായൂരപ്പനെ കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. "നിന്നെയൊന്നു കാണാനോ ഇത്രയും ജനങ്ങൾ മഴയിൽ കുളിച്ചു കാത്ത് നിൽക്കുന്നത്. അവർക്ക് ഇത്രയും വിശ്വാസമോ നിന്നിൽ ?അവരുടെ അപേക്ഷകൾ നീ കൈക്കൊണ്ട്  അഭീഷ്ട സിദ്ധി നൽകുന്നുണ്ടോ?"

എന്നെ നോക്കി പുഞ്ചിരി തൂകിയതല്ലാതെ എന്റെ കൃഷ്ണൻകുട്ടി മിണ്ടിയില്ല. എന്താണാ ചിരിയുടെ പൊരുൾ ?