Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമഴക്കാലം

ദേവി .ജെ.  എസ്
rain

ഇതൊരു സിനിമയുടെ പേരല്ലേ ?അതെ .പക്ഷെ ദേവി ഉദ്ദേശിക്കുന്നത് ഇപ്പോഴത്തെ  മഴക്കാലത്തെയാണ് .അല്ലെങ്കിൽ തന്നെ എഴുത്തുകാരെല്ലാം പിടികൂടിയിരിക്കുന്നത് മഴയെ അല്ലേ ? നനഞ്ഞു തീർത്ത മഴകൾ ,നനയാത്ത മഴകൾ ,ഇന്നലത്തെ മഴ ,ഇന്നത്തെ മഴ ,നാളത്തെ മഴ .പെയ്തു തീരാത്ത മഴകൾ ,തോരാത്ത മഴകൾ ,കോരിച്ചൊരിയുന്ന മഴകൾ .ഇതെല്ലം കേട്ട് മടുത്തിട്ടാണോ തകർത്തങ്ങു പെയ്തേക്കാം എന്ന് ഈ വർഷം മഴയങ്ങു തീരുമാനിച്ചത് .എന്നെപ്പറ്റി തന്നെയാണോ എപ്പോഴും ചർച്ച ,എന്നാൽ  കാണിച്ചു തരാം എന്ന് പറയുംപോലെ .കുളിരു കോരുന്ന മഴ ഭീകരമഴയാകുന്നത് ഞെട്ടിക്കുന്ന ഒരനുഭവം തന്നെ .ജീവ നാശങ്ങളും സകലവിധ നാശനഷ്ടങ്ങളും വരുത്തി വയ്ക്കുന്ന മഴയെ എന്ത് വിളിക്കാം .

മഴ കുട്ടിക്കാലത്ത് എല്ലാവർക്കും  ഒരു ഹരം  തന്നെയാണ് .മഴയിൽ കളിക്കുന്നതും  കുളിക്കുന്നതും കടലാസ്സു തോണിയിറക്കുന്നതും ബാല്യത്തിനു  മാത്രം സ്വന്തമായ അനുഭൂതികളാണ് . "അതൊക്കെ പണ്ടല്ലേ അമ്മുമ്മേ".ഇപ്പോഴത്തെ കുട്ടികൾ ചോദിക്കുന്നു ."ഞങ്ങൾക്ക് മഴയെന്നാൽ സ്കൂളിന് അവധി കിട്ടുന്ന കാലം .അത്രയേ ഉള്ളു "."മഴയവധികൾ ആസ്വദിച്ചോളൂ .പിന്നീട് പാഠഭാഗങ്ങൾ തീർക്കാനും പ്രവർത്തി   ദിവസങ്ങൾ തികയ്ക്കാനുമായി  പിന്നെ വരുന്ന ശനിയാഴ്ചകളിലൊക്കെ ക്ലാസ്സു വയ്ക്കുമ്പോൾ രസം വിരസമായി മാറുമെ "..എന്ന  മുന്നറിയിപ്പുമുണ്ട് കൂടെ .അവധി കൊടുക്കിറ  കലക്‌ടർ പസങ്കൾക്കു കടവുൾ മാതിരി "എന്ന് അടുത്ത വീട്ടിലെ തമിഴത്തി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു .എന്റെ കൊച്ചനുജത്തിക്ക് ചെറുപ്പത്തിൽ കളക്‌ടറാകണമെന്ന് വലിയ ആശയായിരുന്നു എന്തിനെന്നോ ?മഴക്കാലത്ത് അവധി പ്രഖ്യാപിക്കാൻ .അന്ന് മഴയ വധികൾ അപൂർവം .അതിനും മുൻപ് ഞങ്ങളുടെ കുട്ടിക്കാലത്ത് മഴയെന്നു പറഞ്ഞൊരു അവധി ഒന്നുമില്ല .സ്കൂളിലെത്താൻ പറ്റാത്തവർ ആബ്സെന്റാവും  .അത്രതന്നെ .പിന്നെ വെള്ളപ്പൊക്കമൊക്കെ വന്നു ആളുകളെ സ്കൂളുകളിൽ പാർപ്പിക്കാനിടയായാൽ ആ സ്കൂളുകൾക്ക് അവധി കൊടുക്കണമല്ലോ .എന്റെ ഓർമയിൽ അത്തരം അവസരങ്ങൾ തുലോം കുറവ് .അന്നെന്താ പെരുമഴ വന്നിട്ടില്ലേ ,കലക്‌ടർ ഉണ്ടായിരുന്നില്ലേ .അതോ ഇനി അദ്ദേഹത്തിന് സ്കൂൾ പൂട്ടാനുള്ള  ആ അധികാരം ഇല്ലായിരുന്നോ ?എന്നൊക്കെ പലരും തമാശയായി ചോദിക്കുന്നുണ്ട് .

മഴയുടെ ഇരമ്പൽ ഒരു സംഗീതമായി പൊഴിയുന്ന ഒഴുക്കൻ മഴകൾ ആരാണ് ഇഷ്ടപ്പെടാത്തത് .ഭയങ്കര മഴകൾ ഭയക്കാത്തതാര് ?ഗ്രാമീണ മഴകൾ ,നഗരമഴകൾ ,ചാറ്റൽ മഴകൾ ഇങ്ങനെ മഴകൾ എത്രയോ തരം .ചെറിയ മഴയിൽ നിവർത്തിയ കുടകൾ നിറയുന്ന തെരുവുകളും വലിയ മഴയിൽ വിജനമാകുന്ന വീഥികളും പിന്നിട്ട് മഴ പെയ്യുന്ന ചില സന്ധ്യകളിൽ വീട്ടിലേക്കുള്ള വഴികളിലൂടെ കുടമടക്കി മഴ നനഞ്ഞു മഴവെള്ള ചാലുകളിൽ വെള്ളം തെറിപ്പിച്ചുനടന്നിരുന്ന ചെറുപ്പകാല ഓർമ്മകൾ ഒരു മായാത്ത മഴവില്ലായി ഇടയ്ക്കിടെ എന്റെ മനസ്സിൽ തെളിയുന്നു .ഒരു മഴ ക്കഥ എനിക്കും എഴുതണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.