Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളം വെള്ളം സർവത്ര

 ദേവി .ജെ.എസ് 
Flood

ഇപ്പോൾ  പറയേണ്ടത് വെള്ളപ്പൊക്കത്തെപ്പറ്റി   തന്നെയാണ് .വാർത്താ ദൃശ്യ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കാണുകയും കേൾക്കുകയും അറിയുകയും ചെയ്തിരിക്കുന്നു കേരളത്തിലെ പ്രളയക്കെടുതിയുടെ ഭീകരത .ഇനി ഞാനായി എന്ത് പറയാൻ !മറ്റിടങ്ങളിലെ പ്രകൃതി ക്ഷോഭ നാശനഷ്ടങ്ങളെ കുറിച്ചറിയുമ്പോൾ "ഏയ്  നമുക്കിത് സംഭവിക്കില്ല "എന്ന് ഞാനും ആശ്വസിച്ചിട്ടില്ലേ ?ഇപ്പോഴോ ?നടുക്കവും നിസ്സഹായതയും നിരാശയും നമ്മളെ തളർത്തി തകർത്തു കളഞ്ഞില്ലേ ?ആ ശ്വാസത്തിന്റെ  സ്നേഹസ്പർശങ്ങളും സാന്ത്വനത്തിന്റെ പിൻതുണയും സഹായപ്രവാഹങ്ങളും നിർലോഭം എത്തി  കേരളത്തെ കൈപിടിച്ച് കരകയറ്റുവാൻ കിണഞ്ഞു പരിശ്രമിക്കെ നമുക്ക് ബോധ്യമായി ,മനുഷ്യരിലെ നന്മ !

ഒരിടത്തും പോകാനോ മറ്റുള്ളവരെ സഹായിക്കാനോ കഴിയാത്ത ചില പാവം ജന്മങ്ങളുണ്ട്,എന്നെപ്പോലെ .വളരെ ചെറിയ തുകകൾ കൊടുത്തു  സഹായിക്കാനും സങ്കടപ്പെടാനും പ്രാർത്ഥിക്കാനും മാത്രമേ എന്നെപ്പോലെയുള്ള അവശരും വൃദ്ധരും  രോഗികളുമായവർക്കു കഴിയൂ .എന്നാലും ദുരിതം അനുഭവിക്കുന്നവരുടെയും സ്വന്തം ജീവൻ തൃണവൽക്കരിച്ചു അവരെ രക്ഷിക്കാൻ ഇറങ്ങിയവരോടും ഒപ്പം മനസ്സ് കൊണ്ട് ഞങ്ങളുമുണ്ടായിരുന്നു. 

ഇതിനിടെ ഞങ്ങൾ ഇവിടെ കൊച്ചിയിൽ സുരക്ഷിതരല്ലേ ?എന്ന് ഉത്കണ്ഠയോടെ പരിഭ്രമത്തോടെ ദിവസവും വിളിച്ചന്വേഷിച്ചവർ ഏറെ .ആലുവ എറണാകുളം ജില്ലയിലായതിനാൽ ഈ നഗരം മുഴുവൻ വെള്ളത്തിനടിയിൽ എന്ന ഒരു വാർത്ത അകലെയുള്ള ഞങ്ങളുടെ ബന്ധുക്കളെ പരിഭ്രാന്തരാക്കി ."ഇവിടെ കുഴപ്പമൊന്നുമില്ല "എന്നവരോട് പറയുമ്പോൾ എനിക്കുറപ്പായിരുന്നു ഇവിടെ ഒന്നും  ഉണ്ടാവില്ലഎന്ന്  .അത് അഹങ്കാരമൊന്നുമല്ല .ഒരു വിശ്വാസം ,അത്രമാത്രം .ഏതായാലും സാധാരണ മഴയിൽ ഞങ്ങളുടെ ഫ്ലാറ്റിന്റെ താഴെ മുഴുവൻ വെള്ളം കയറും .ഒരു കൊച്ചു കായൽ തന്നെ .ഇത്തവണ അത് കൂടി ഉണ്ടായില്ല .അദ്‌ഭുതം തന്നെ .

എന്നാലും ഞാൻ എന്റെ രാമുവിനോടും മിലിയോടും പറഞ്ഞു .'നമ്മുടെ ഫ്ലാറ്റിൽ വെള്ളം ഒന്നും വരില്ല .ഒട്ടും പേടിക്കേണ്ട .രണ്ടാം നില വരെ വന്നാലും നമുക്ക് ആറാം നിലയിലും ഒരു ഫ്ലാറ്റ് കൂടിയില്ലേ ?".ഉത്കണ്ഠയോ ഭയമോ അവരെ ബാധിച്ചില്ല .അമ്മുമ്മയുടെ ശുഭാപ്തിചിന്ത ഒരു ശക്തിയാണെന്ന് ഇതിനകം അവർക്കു ബോധ്യമായിട്ടുണ്ടാവും (അതിനു മാത്രം ദുരന്തങ്ങൾ തരണം ചെയ്തു അമ്മുമ്മ എന്നവർക്കറിയുന്നതല്ലേ ).കിടക്കയിൽ ഒതുങ്ങിപ്പോയ എന്റെ മകനോടും ഞാൻ പറഞ്ഞു ,"എന്ത് തന്നെ സംഭവിച്ചാലും അമ്മ നിന്നെ വിട്ടു പോവുകയില്ല .എല്ലാവരെയും രക്ഷിച്ചു നമുക്ക് പറഞ്ഞു വിടാം .എന്നിട്ടു നമുക്കിവിടെ തന്നെ കൂടാം .ഒരാപത്തും വരില്ല "(മറ്റെന്തുറപ്പാണ് കൈയെത്തും ദൂരത്ത് പ്രളയം എത്തി നിൽക്കെ, നിസ്സഹായയായ ഒരമ്മയ്ക്ക് ജീവൻ മാത്രമുള്ള ഒരു ഉടലായിക്കിടക്കുന്ന മകന് നല്കാനാവുക ).ഇതൊക്കെ പറയുമ്പോൾ മക്കളെ നഷ്ടപ്പെട്ട അമ്മമാരെയും അമ്മ നഷ്ടപ്പെട്ട മക്കളെയും ഓർത്തു ഒരു പാട് കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു ഞാൻ !‌ 

ഓർമ വച്ച നാൾ മുതൽ കേൾക്കുന്നതാണ് മുത്തശ്ശി പറഞ്ഞിട്ട് 99 ലെ വെള്ളപ്പൊക്കത്തെപ്പറ്റി .കായലോരത്തെ വലിയ തറവാട്ടിൽ നിന്ന് വള്ളത്തിൽ കയറി മറ്റൊരു വീട്ടിലേക്കു പോയ കാര്യമൊക്കെ വിവരിക്കുമ്പോൾ എന്റെ മനസ്സിൽ  അതെല്ലാം  അതിശയകഥകളായി പതിഞ്ഞു .പിൽക്കാലത്ത് പല കഥകളിലും നോവലുകളിലും  '99 'ലെ വെള്ളപ്പൊക്കത്തെക്കുറിച്ചു വായിച്ചു എങ്കിലും അതൊന്നും ഞാൻ ഓർത്തു വച്ചില്ല .എന്റെ കേരളം ദൈവത്തിന്റെ സ്വന്തം നാടല്ലേ എന്നൊരു ഉറച്ച വിശ്വാസം എല്ലാ മലയാളികൾക്കുമുണ്ടായിരുന്നില്ലേ ? ആ  വിശ്വാസം ഉലഞ്ഞപ്പോൾ നമ്മൾ ഓർക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട് .ജാതിയും മതവുംഒന്നും  ഒന്നുമല്ല .പണവും പദവിയും ഒന്നുമല്ല .പ്രകൃതിയുടെ ശക്തിക്കു മുൻപിൽ മനുഷ്യർ ഒന്നുമല്ല .എന്തൊക്കെ സംഭവിച്ചാലും ജീവിതം മുന്നോട്ടു പോയെ തീരൂ !