Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില പുനർജന്മ ചിന്തകൾ

ദേവി ജെ. എസ്.
rebirth

മുജ്ജന്മത്തെ കുറിച്ച് നമുക്ക് ഒന്നുമറിയില്ല. മുജ്ജന്മസുകൃതം, മുജ്ജന്മബന്ധം, മുജ്ജന്മ പാപം എന്നൊക്കെപ്പറയുമെങ്കിലും ഇതൊന്നും ഉറപ്പുള്ള കാര്യങ്ങളല്ല. ഈ ജന്മത്തിലെ സുഖങ്ങളും ദുഖങ്ങളും മാത്രം നമ്മൾ അറിഞ്ഞനുഭവിച്ചു കൊണ്ടിരിക്കുന്നു. അതും മിക്കവാറും അവിചാരിതങ്ങളും ആകസ്മികതകളുമാണ്. ഒന്നിനും ഒരു ഉറപ്പില്ല.

എന്റെ കൂട്ടുകാരി ഗംഗയ്‌ക്ക്‌ പൂർവ്വജന്മം ഓർമയുണ്ട് എന്ന് അവകാശപ്പെട്ടിരുന്നു. കോട്ടൺഹിൽ സ്കൂളിൽ 8 ലും 9 ലുമൊക്കെ പഠിക്കുമ്പോഴാണ് ഗംഗയെ കൂട്ട് കിട്ടിയത്. ഉച്ചഭക്ഷണ ഇടവേളയ്ക്കുശേഷംകിട്ടുന്ന അൽപ്പസമയം ഞങ്ങൾ പടർന്നു പന്തലിച്ച വൃക്ഷതണലുകൾക്കു കീഴെ സ്കൂൾ മുറ്റത്ത് കൈകോർത്തു നടന്നു. അപ്പോഴാണ് ഗംഗ ഓർമച്ചെപ്പ് തുറക്കുക. എന്റെ കണ്ണുമാത്രമല്ല മൂക്കും വായുമൊക്കെ അദ്‌ഭുതം കൊണ്ട് തുറന്നുപിടിച്ചു ഞാൻ കാതോർക്കും. 

അവൾ പോയ ജന്മത്തിൽ ഒരു നർത്തകിയായിരുന്നത്രെ. പിന്നെ കഥ തുടരും. ആടിത്തിമിർത്തതും ആടിത്തളർന്നതും, പലരും അവളുടെ നൃത്തത്തിൽ മയങ്ങിയതും അവളെക്കണ്ടു കൊതിച്ചതും...ഓ പന്ത്രണ്ടും പതിമൂന്നും 'വയസ്സിനിലെ' നമ്മൾ കോരിത്തരിച്ചു പോകും. കഥ സീരിയൽ ആണ്. ബെല്ലടിക്കുമ്പോൾ നിർത്തും. അടുത്ത മധ്യാഹ്നത്തിൽ തുടരും.

ഗംഗക്കഥ കേട്ടുകേട്ട് എനിക്കു വല്ലാത്ത മോഹമായി, പൂർവ്വജന്മം ഒന്നോർത്തെടുക്കാൻ. എവിടെ?ഓർമ വന്നിട്ടു വേണ്ടേ? ഇക്കാര്യത്തിൽ ഞാൻ ഗംഗയെ ഗുരുവായി സ്വീകരിക്കാൻ തീരുമാനിച്ചു. രണ്ടു ചോക്ലേറ്റ് ദക്ഷിണയായി നൽകി ഒരുനാൾ ഞാൻ അപേക്ഷിച്ചു."എങ്ങനെയാ പോയ ജന്മം ഓർമവരുന്നത് ?"

ഗുരു ഉപദേശിച്ചു. "രാത്രി കട്ടിലിൽ ചമ്രം പടിഞ്ഞിരിക്കുക. കണ്ണടച്ച് ഏകാഗ്രമാകുക. ഓർമവരും കുട്ടീ ".

അന്നുമുതൽ ഞാൻ തുടങ്ങി ഏകാഗ്രത. മണിക്കൂറുകൾ ശ്രമിച്ചു. എവിടെ?...

"ഇതെന്താ എഴുന്നേറ്റിരിക്കുന്നത്. കിടന്നുറങ്ങ്. നാളെ സ്കൂൾ ഇല്ലേ? "അമ്മവക ശകാരം. ഓ കോൺസെൻട്രേഷൻ പോയി. ഞാൻ തലയിൽ കൈവച്ചു. പിന്നെ കിടന്നുറങ്ങി.

ഇന്നും ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു, ആ പഴയ ജന്മസ്മൃതിക്കായി. എന്തിനെന്നോ.? ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങൾ ഏറ്റുവാങ്ങുകയല്ലേ എന്റെ ഇജ്ജന്മം. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ഈ ജന്മത്തിൽ ഞാൻ ചെയ്തിട്ടില്ല. സത്യസന്ധതയോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. മനസ്സാക്ഷിയെ മുൻനിർത്തിയെ പ്രവർത്തിച്ചിട്ടുള്ളൂ. മറ്റുള്ളവരുടെ നന്മ മാത്രമേ ആശിച്ചിട്ടുള്ളു. പിന്നെ ഞാനും മനുഷ്യനല്ലേ? തെറ്റുകുറ്റങ്ങൾക്ക് അതീതയല്ലല്ലോ. ഇത്രയും വലിയ ശിക്ഷ എന്തുകുറ്റത്തിനാണ്. ഇങ്ങനെ സംശയിക്കുമ്പോഴൊക്കെ മറ്റുള്ളവർ എന്നെ ആശ്വസിപ്പിക്കുന്നത്, "ഇതൊക്കെ പോയ ജന്മത്തിലെ പാപങ്ങൾക്കുള്ള ശിക്ഷയാണ് "എന്നു പറഞ്ഞിട്ടാണ്. അതെന്താണെന്ന് ഒന്നറിയണമല്ലോ.

പിന്നെ മറ്റൊരു സാന്ത്വനം! ഈ ജന്മത്തിൽ ഇത്രയും ദുരിതാനുഭവങ്ങൾ തരണം ചെയ്തത് കൊണ്ട് മരിച്ചു ചെല്ലുമ്പോൾ സ്വർഗ്ഗരാജ്യം ഉറപ്പ്. ബെസ്റ്റ് ! ഞാൻ ചിരിക്കും. യാതനകൾക്കൊടുവിൽ ഒരു സ്വർഗ്ഗസുഖം കിട്ടിയിട്ട് എന്ത് കാര്യം? അനുഭവിച്ച കഷ്ടതകൾ ഒക്കെ സഹിച്ചത് തന്നെയല്ലേ? "ദൈവത്തിന്റെ തൊട്ടടുത്ത് തന്നെ ഇരിപ്പിടം കിട്ടും; "മറ്റൊരുവൾ ആശ്വസിപ്പിച്ചു. "കൊള്ളാം."ഞാൻ പിന്നെയും ചിരിച്ചു." എന്റെ സഹനത്തിന്റെ കാഠിന്യം വച്ച് നോക്കുമ്പോൾ ദൈവം എഴുന്നേറ്റു നിന്നിട്ടു ആ ഇരിപ്പിടം എനിക്ക് തരേണ്ടി വരും". വിശ്വാസിയായ മറിയാമ്മയ്ക്ക് പേടിയായി."ദൈവനിന്ദ പാടില്ലാട്ടോ ".അവൾ കണ്ണുരുട്ടി .അപ്പോഴും ഞാൻ ചിരിച്ചു

"ഇതിലും നല്ലൊരു സങ്കൽപ്പമാവാം "കേട്ട് നിന്ന മൈഥിലി പറഞ്ഞു ". ഒരു പുനർജന്മത്തെപ്പറ്റി"

" വലിയ വലിയ ദുരിതങ്ങളും ദുഖങ്ങളും ഇല്ലാത്ത ഒരു വെറും സാധാരണ ജീവിതം. അല്ലേ ?"ഞാൻ ചോദിച്ചു.

വെറുതെ ഒരു ചോദ്യമായിരുന്നില്ല എന്റേത്. എന്നും ഞാനാശിച്ചതും സ്വപ്നം കണ്ടതും അത് തന്നെയായിരുന്നു. ഓർമവച്ചനാൾമുതൽ പ്രാർത്ഥിച്ചിരുന്നതും അത് തന്നെയായിരുന്നു. അത്രയും ചെറിയ ഒരാഗ്രഹം പോലും സഫലമാക്കിത്തരാത്ത ദൈവമാണോ ഇനി സ്വർഗ്ഗവും അടുത്തിരിപ്പിടവുമൊക്കെ തരാൻ പോകുന്നത്. എന്റെ പരിഹാസം മരിയയ്ക്കു തീരെ പിടിച്ചില്ല .

"നിരീശ്വരവാദിയാ ഈ കുട്ടി ഞാനിനി മിണ്ടുന്നില്ല ".അവർ പരിഭവിച്ചു .

ഞാൻ മരിയയെ പിടിച്ചു നിർത്തി."അല്ല ചേച്ചി ഈശ്വരനില്ല എന്നൊന്നും ഞാൻ കരുതുന്നില്ല. പിന്നെ നമ്മൾ കരുതുംപോലെ അത്ര നല്ല ആളൊന്നുമല്ല ഈ ദൈവം "ചിരി വന്നു മുട്ടി എന്റെ കണ്ണ് നിറഞ്ഞു പോയി .

ഏതായാലും ഞാൻ ചില പുതിയജന്മ സ്വപ്‌നങ്ങൾ നെയ്യുന്നുണ്ട്. (സ്വപ്നം കാണുന്നതിന് ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ) ചെറിയ സൗഭാഗ്യങ്ങൾ മതി. ഉന്നത ഭാഗ്യങ്ങളും വലിയ നേട്ടങ്ങളും വേണ്ട എന്നും ഞാൻ ആശിച്ചിരുന്ന ലളിത ജീവിതം അതാണെന്റെ പുനർജന്മമോഹം. ഇനിയൊരു ജന്മമുണ്ടോ? നിർവ്വാണപദവി എന്നൊന്നുണ്ടോ? സ്വർഗ്ഗവും നരകവും സത്യമോ മിഥ്യയോ? ഇനിയിപ്പോൾ ഈശ്വരൻ തന്നെ വെറുമൊരു സങ്കല്പമാണോ? അറിയില്ല നമുക്കൊന്നുമറിയില്ല...എന്നാലും ഉള്ളിലിരുന്ന് ആരോ ആ വയലാർ വരികൾ പാടുന്നില്ലേ ?"ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി "