Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡയറ്റിങ്ങ് തുടർച്ച

 ദേവി .ജെ. എസ്
Diet

ഇന്ദുമതി എന്ന എന്റെ ക്ലാസ്സ്‌മേറ്റ്  ഒരു സാധാരണ അമ്മ .മകൾ വേണി ഒരു സാധാരണ മകളും .പക്ഷെ ഉന്നത വിദ്യാഭ്യാസവും ഉയർന്ന നിലയിൽ  ഒരു വിവാഹവും തരപ്പെട്ടതോടെ .വേണി ആള് മാറി .ഒരു മോഡലിന്റെ ശാരീരിക ഘടന സൂക്ഷിക്കാനായി അവൾ പെടാപ്പാടു തുടങ്ങി .ഒരു അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള അവൾ കോലു  പോലെ മെലിഞ്ഞു .അവളുടെ ഭക്ഷണ രീതി ഇന്ദുമതിയുടെ കണ്ണ് തള്ളിച്ചപ്പോൾ അവൾ എന്റെയടുത്തെത്തി 

."എന്റെ ദേവീ വേണിയുടെ ഓരോരോ പുതുമകൾ കണ്ടിട്ട് കലി  വരുന്നുണ്ട്"

ഞാൻ ചെറിയ ചിരിയോടെ അവൾക്കു ചെവി കൊടുത്തു .പറയട്ടെ .

വേണിയുടെ ഭക്ഷണരീതികൾ കേട്ട് ഞാനും അദ്‌ഭുതപരതന്ത്രയായി .രാവിലെ ഒരു കവർ പാൽ (1/ 2 ലിറ്റർ )കാച്ചി കുടിക്കും .പ്രാതൽ അരിഞ്ഞുവെച്ച പച്ചക്കറികളും പഴങ്ങളും .അതിൽ വെറൈറ്റി ഇല്ല .എന്നും വെള്ളരിക്ക ,കാരറ്റ് ,ക്യാബേജ് ,മാതളം .ഉച്ചയ്ക്ക് ഒരു ചപ്പാത്തി .വേവിച്ച മീനോ ഇറച്ചിയോ (വറുത്തതില്ല ).പുഴുങ്ങിയ പച്ചക്കറികൾ തേങ്ങാ ചേർക്കാതെ പാട നീക്കിയ തൈരോ മോരോ.കഴിഞ്ഞു ലഞ്ച് .

"അതവൾ കഴിച്ചോട്ടെ .രവിക്കും (വേണിയുടെ ഭർത്താവ് ) അത് തന്നെ ആഹാരം .ആരോഗ്യം  നോക്കുന്നതാത്രേ. അവന്റെ തടിയൊന്നും കുറയുന്നില്ല ."

"രവി പുറത്തു പോയി കഴിക്കുന്നുണ്ടാവും അല്ലെ ?."ഞാൻ ചോദിച്ചു 

"അയ്യോ ഇല്ല വേണിയെ പേടിയല്ലേ അവന് "

"കുട്ടികൾക്കോ ?"എന്റെ ചോദ്യം .

"ഓ പുട്ടോ ദോശയോ ഒക്കെ .അതും ഗോതമ്പ് .പിന്നെ ഉച്ചക്ക് പുളിശ്ശേരിയും ചെറു പയർ  തോരനും.പുഴുങ്ങിയ മീനും ഇറച്ചിയുമൊക്കെ കൊടുക്കും "

"ഈശ്വരാ ..കഷ്ടം .കുട്ടികൾക്ക് രുചികരമായ ഭക്ഷണം കൊടുക്കണ്ടേ? വളരുന്ന പ്രായമല്ലേ ? "ഞാൻ സഹതപിച്ചു .

"ഓ അതുങ്ങൾക്കും പേടിയാ അമ്മയെ .പക്ഷേ ദേവീ ഞാനെന്തെങ്കിലും ഉണ്ടാക്കിയാൽ കുട്ടികൾ ചാടി വീണു കഴിക്കും .ഞാൻ വല്ലപ്പോഴുമല്ലേ വരൂ പക്ഷെ ദേവീ അങ്ങനെയിരിക്കുമ്പോൾ ഹോട്ടലിലേക്കൊരു പോക്കുണ്ട് .ഒരു പാട് നാളായി ആഹാരം കണ്ടിട്ട് എന്ന മട്ടിൽ അച്ഛനും അമ്മയും മക്കളും വാരി വലിച്ചു തിന്നും.ബിരിയാണിയും ഫ്രൈഡ് റൈസും ചിക്കനും പറോട്ടയുമൊക്കെ പോരെ അത്രയും നാളത്തെ പട്ടിണിയുടെ കേടു തീർക്കാൻ" ഇന്ദു മതി ഒരു ഗൂഢസ്മിതം ചൊരിഞ്ഞു . 

തലയിൽ കൈ വച്ച് പോകുന്ന മറ്റൊരു ആരോഗ്യ സംരക്ഷണമാണ്  സുമിത്രയുടെ രഘുവിന്റേത് .വലിയ ആഹാരപ്രിയനാണ് .നല്ല പൊക്കവും തടിയുമുണ്ട് .തുടർച്ചയായി വിഭവ സമൃദ്ധി(നമ്മുടെ സാധാരണ ചോറും നല്ല കറികളും ) ആസ്വദിച്ച് കഴിയുന്നതിനിടെ പെട്ടെന്നാണ് ഡയറ്റിങ് തുടങ്ങുക .ഓട്സ് ,മസ്ലി, കോൺ ഫ്ലേക്ണ്  ഒക്കെ പാലൊഴിച്ചു കഴിക്കും . ബദാം കാഷ്യു പിസ്ത തുടങ്ങി ലോകത്തുള്ള നട്സ് മുഴുവൻ വാങ്ങി വച്ച് കൊറിക്കും .പിന്നെ ചപ്പാത്തിയാണ്  മറ്റൊരു ആയുധം .അതിന്റെ കൂടെ ഇറച്ചിയോ മീനോ കട്ലെറ്റോ പച്ചക്കറികളോ ആവാം .ഐസ് ക്രീം ഒഴിവാക്കാൻ വയ്യ .സാധാരണ ചോറും കറികളും ഉപേക്ഷിച്ച് ലക്ഷ്വറി ഫുഡ് കഴിക്കുന്നതാണ് രഘു വിന്റെ ഡയറ്റിങ്ങ്.തടി കുറയുന്നതേയില്ല എന്ന പരാതിയും.

ഇനി സിന്ധുവിനെ പരിചയപ്പെടുത്തട്ടെ .പാചക കലയിൽ അഗ്രഗണ്യ .ഇന്ത്യൻ ,ചൈനീസ് ,കോണ്ടിനെന്റൽ ഒക്കെ വീട്ടിൽ ഉണ്ടാക്കും . തനി കേരളീയവും അവൾക്കു പഥ്യം വെറുതെ ഒരു ഊണ് തയാറാക്കിയാലും രുചികരം.  ഇനിയാണ് രസം .അവൾ എല്ലാം കഴിക്കും .ഒന്നും വേണ്ടാന്ന് വയ്ക്കില്ല .പക്ഷെ പക്ഷികൾ കഴിക്കുമ്പോലെ കൊത്തിപ്പെറുക്കൽ .അതും ഇടയ്ക്കിടെ കുറേശ്ശേ .അതുകൊണ്ട് സദാ വിശപ്പാണ് .കണ്ടാൽ നമ്മൾ അദ്‌ഭുതപ്പെടും  .ഒരു കുട്ടിയുടെ മുഖം ഒരു യുവതിയുടെ ഉടൽ കൗമാരത്തിന്റെ പ്രസരിപ്പ് .പ്രായം ...അത് ഞാൻ പറയുകയില്ല .പറഞ്ഞാൽ സിന്ധു എന്നെ കൊല്ലും .പിന്നെ ഈ ചെറുപ്പം സിന്ധുവിന്റെ ഡയറ്റ് കൊണ്ടു മാത്രമല്ല .മുടങ്ങാതെയുള്ള യോഗ ,ദീർഘനേരത്തെ പ്രാർത്ഥന ,സ്വയം ഒരു ബ്യുട്ടീഷ്യനായി ചെയ്യുന്ന സൗന്ദര്യ സംരക്ഷണങ്ങൾ അതാണ് സിന്ധുവിന്റെ ദിനചര്യ .ഈശ്വരൻ കനിഞ്ഞു നൽകിയ അഴകും ആരോഗ്യവും യൗവ്വനവും ...അത് എല്ലാവര്ക്കും കിട്ടുന്ന അനുഗ്രഹങ്ങൾ അല്ലല്ലോ . 

ഇതിൽ ഏതാണ് അനുകരിക്കാനാവുക .നമ്മൾ കൺഫ്യൂഷനിലാവും .

"ഡയറ്റിങ്ങൊന്നും എനിക്ക് പറ്റില്ല ദേവീ .ഉള്ളകാലം വല്ലതുമൊക്കെ കഴിച്ചങ്ങു ജീവിക്കാം "ഇന്ദുമതി പിന്നെയും ചിരിക്കുന്നു .

"ഈ ജനറേഷൻ ഗ്യാപ്പിൽ ഡയറ്റിങ്ങും പെടുമോ "അതാണ് ഇപ്പോൾ എന്റെ സംശയം .