Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് അമ്മക്കഥകൾ 

ദേവി .ജെ.എസ് 

അമ്മമാരെക്കുറിച്ച് എത്രയോ കഥകൾ ഉണ്ട് .കേട്ടാലും കേട്ടാലും മതി വരാത്ത നന്മയുടെ കഥകൾ .(ലോകത്തുള്ള എല്ലാ അമ്മമാരും നന്മയുടെ പര്യായങ്ങളാണ് എന്നൊന്നും അങ്ങ് തീർത്തു പറയാനാവില്ല .സ്നേഹശൂന്യരായ ക്രൂരകളായ സ്വാർത്ഥരായ അമ്മമാരും അപൂർവ്വമായെങ്കിലും ഉണ്ട് )

ശ്രീകൃഷ്ണനെ തടവറയിൽ പ്രസവിച്ച ദേവകി ,പെറ്റമ്മയേക്കാൾ പ്രിയമേകി അവനെ വളർത്തിയ യശോദ,യേശു ദേവനെ ലോകത്തിനു നൽകിയ മറിയം ...ഇവരെപ്പോലെയുള്ളവർ നമ്മുടെ ഇടയിൽ ഇപ്പോഴു മുണ്ട് .

നിർ വ്വചിക്കാൻ പോലുമാവില്ല അമ്മമഹത്വം .

അയ്യപ്പനെ പുലിപ്പാലിനയച്ച വളർത്തമ്മയും സിൻഡ്രലയെ ദ്രോഹിച്ച രണ്ടാനമ്മയും...ഓ അത് അമ്മയല്ലല്ലോ .അല്ലെ ? 

രാധ ഒരിക്കൽ എന്നോട് പറഞ്ഞു ."നിനക്കേതായാലും വെള്ളം കുടിച്ചു മരിക്കാം .ഒരു മകളുണ്ടല്ലോ .തുള്ളി കഞ്ഞിയോ വെള്ളമോ മരിക്കും വരെ കിട്ടാതിരിക്കില്ല ".

രാധയ്ക്കു രണ്ട് ആൺമക്കളാണ്‌.പണ്ടത്തെക്കാലമല്ലല്ലോ .ഇപ്പോൾ മരുമകളല്ലേ  അമ്മായിയമ്മയെ   ചൊൽപ്പടിക്ക് നിർത്തുന്നത് .രാധയ്ക്ക് നേരിയ പേടി ഇല്ലാതില്ല ‌. പക്ഷെ കഴിഞ്ഞ ദിവസം ഈ അഭിപ്രായം ഒന്ന് തിരുത്തേണ്ടി വന്നു .രാധ പതിവായി അമ്പലത്തിൽപോകുമ്പോൾ കാണാറുള്ളതാണ് സീത എന്ന സ്ത്രീയെ  .പ്രായമുണ്ട് എന്നാലും വൃദ്ധ എന്ന് പറയാറായിട്ടില്ല .ഐശ്വര്യവും ആരോഗ്യവുമുള്ള ഒരു കുടുംബിനി .ഒരു ദിവസം അമ്പലത്തിലെ ഒരു പടവിലിരുന്ന്  സീത  കരയുന്നതാണ് രാധ കണ്ടത് .രാധ അടുത്ത് ചെന്നിരുന്നു .കാര്യം തിരക്കി .കണ്ണീരിൽ മുങ്ങിയ ഒച്ചയിൽ സീത അവരുടെ സങ്കടം പറഞ്ഞു .ഒരേ ഒരു മകളെ ഉള്ളു സീതയ്ക്ക് .അവർക്കാകെയുള്ള വീടും പറമ്പും അവളുടെ പേർക്കെഴുതി വച്ചിട്ടാണ് മകളുടെ വിവാഹം നടത്തിയത്.കണ്ടിഷൻ അതായിരുന്നു .നല്ല പയ്യൻ ,നല്ല ജോലി മകളുടെ കുടുംബ ജീവിതം  സന്തോഷമായി മുന്നോട്ടു പോകുന്നത് കണ്ടു സീത ആശ്വസിച്ചു  .ആ ആശ്വാസം നീണ്ടു നിന്നില്ല .അമ്മയെ പുറത്താക്കണമെന്നതായിരുന്നു ജാമാതാവിന്റെ അടുത്ത ഡിമാൻഡ് . ഭർത്താവിന്റെ ഒപ്പം നിൽക്കാനല്ലേ  മകൾക്കു കഴിയൂ .സീത എങ്ങോട്ടു പോകും .നിത്യേന ഇതേച്ചൊല്ലി വലിയ വഴക്കായി .ഒടുവിൽ ആ മകൾ അമ്മയെ തല്ലി .എന്ത് പറഞ്ഞാണ് സീതയെ ആശ്വസിപ്പിക്കുക എന്നറിയാതെ രാധ നിന്നു . 

ഈ കഥ കേട്ടിട്ട് ഞാൻ പറഞ്ഞു "അപ്പോൾ മകളുണ്ടായാലും വെള്ളം കിട്ടി എന്ന് വരില്ല അല്ലെ "ഞാനും രാധയും ചിരിച്ചു .

രാധ കഥ തുടർന്നു. അമ്മുമ്മ കരയുന്നത് കണ്ടു സീതയുടെ പേരക്കുട്ടി  അടുത്ത് വന്നു .അമ്മുമ്മയുടെ കണ്ണുനീർ കുഞ്ഞിക്കൈകൊണ്ടു തുടച്ചു ."കരയണ്ട അമ്മുമ്മേ ഞാൻ വലുതാകുമ്പോൾ അമ്മയെ അടിക്കാം കേട്ടോ "അവൾ ആശ്വസിപ്പിച്ചു .

ആ പഴയ കഥ ഓർമയില്ലേ ?അച്ഛന് ചട്ടിയിൽ കഞ്ഞികൊടുത്തിരുന്ന മകൻ .അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ കൊച്ചുമകൻ ആ ചട്ടിയെടുത്തു സൂക്ഷിച്ചു വച്ചു . .എന്തിനെന്നോ അവന്റെ അച്ഛൻ വയസ്സാകുമ്പോൾ കഞ്ഞികൊടുക്കാൻ .അത് ഇന്നും ആവർത്തിക്കപ്പെടുന്നു .

സിനിമയിലും സീരിയലിലും കഥകളിലുമെല്ലാം "രണ്ടാനമ്മ "ഒരു ഭീകര കഥാപാത്രമാണ് .ഭർത്താവിന്റെ ആദ്യ വിവാഹസന്തതികളെ ദ്രോഹിക്കാൻ മാത്രമായി സൃഷ്ടിക്കപ്പെട്ട ഒരു രാക്ഷസജന്മം.ഇതിലും വ്യത്യസ്തതകൾ ഉണ്ട് .എന്റെ ഒരു ബാല്യകാല കൂട്ടുകാരൻ ഏറെ മുതിർന്ന ശേഷമാണ് അറിയുന്നത് അമ്മ മരിച്ചുപോയിഎന്നും കൂടെയുള്ളത് സ്വന്തം അമ്മയല്ല എന്നും .അവനത് വിശ്വസിക്കാൻ പ്രയാസമായിരുന്നു .കാരണം രണ്ടാനമ്മ അവനെ അത്രമാത്രം വാത്സല്യത്തോടെയാണ് വളർത്തിയിരുന്നത് .

രണ്ടു മൂന്നു ദിവസം മുൻപ് ഞങ്ങളുടെ തൊട്ടടുത്ത റോഡിൽ ഒരു മരണം നടന്നു .മക്കളില്ലാത്ത ഒരു രണ്ടാനമ്മ വളർത്തി വലുതാക്കിയ ഭർത്താവിന്റെ മക്കൾ പ്രായമായപ്പോൾ അവരുടെ ശത്രുക്കളായി .അതിലൊരു മകൻ മദ്യത്തിനും കഞ്ചാവിനുമൊക്കെ അടിമയായി പ്രായത്തിനനുസരിച്ചു  പാകത എത്തേണ്ട അവൻ  രണ്ടാനമ്മയെ  കണ്ടമാനം മർദിക്കുമായിരുന്നു .ഒടുവിൽ അവരെ മുറിയിൽ കെട്ടിയിട്ടു,വായിൽ തുണി തിരുകിയ ശേഷം ഡീസൽ ഒഴിച്ച് കത്തിച്ച് കൊന്നു കളഞ്ഞു .84 വയസ്സായ ഉണങ്ങിയ ചുള്ളി പോലത്തെ ആ അമ്മയെ കൊന്നിട്ട് അവൻ എന്ത് നേടി ?ആർക്കറിയാം .

ഇങ്ങനെ അമ്മക്കഥ !കൾ എത്രയോ ഉണ്ട് !