Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിടുന്നെന്‍ ഗാനം കേള്‍ക്കാൻ ...

കുര്യൻ തോമസ് കരിമ്പനത്തറയില്‍
avidunnen-ganam-kelkkan

അവിടുന്നെന്‍ ഗാനം കേള്‍ക്കാൻ

ചെവിയോര്‍ത്തിട്ടരികിലിരിക്കേ

സ്വരരാഗ സുന്ദരിമാര്‍ക്കോ 

വെളിയില്‍ വരാനെന്തൊരു നാണം …

ഭാസ്‌കരൻ മാഷിൻറെ സാഹിത്യവും ബാബുരാജിൻറെ സംഗീതവും എസ് ജാനകിയുടെ ആലാപനവും നടി ശാരദയുടെ വശ്യമായ ഭാവങ്ങളും ഒന്നായി  ഓര്‍മ്മകളുടെ സുഗന്ധമായി ഒഴുകിയെത്തുന്ന അനുപമഗാനം.

പി ഭാസ്കരന്‍ സംവിധാനം ചെയ്ത പരീക്ഷ 1967 ഒക്ടോബർ 19 നു പ്രദർശനം തുടങ്ങി. റാണി ഫിലിംസിൻറെ ബാനറിൽ എൻ വാസുമേനോൻ പുറത്തിറക്കിയതാണ് ഈ ചിത്രം. ടി എൻ ഗോപിനാഥൻ നായരുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.

ആത്മസുഹൃത്തും ശുദ്ധഗതിക്കാരനുമായ നീലകണ്ഠപ്പിള്ളയുടെ മകൻ  അപ്പുവിൻറെ എസ്‌ എസ്‌ എൽ സി വാർഷികപരീക്ഷയിലെ മാർക്ക് തിരുത്താനുള്ള പ്രലോഭനത്തിനു വഴങ്ങാത്ത സത്യസന്ധനായ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ പിള്ളയുടെ കഥയാണ് പരീക്ഷ. ഒപ്പം നീലകണ്ഠപ്പിള്ളയുടെ സഹോദരീപുത്രൻ വിജയൻറെയും ജനാദ്ദനന്പിഷള്ളയുടെ പുത്രി യമുനയുടെയും പ്രണയവും.

പരീക്ഷയിൽ ആകെ യേശുദാസും എസ് ജാനകിയും പാടിയ ആറുഗാനങ്ങൾ.  വരികളും സംഗീതവും ആലാപനവും ഒന്നിനൊന്നു മികവുറ്റ  എല്ലാ ഗാനങ്ങളും ഹിന്ദുസ്ഥാനി രാഗങ്ങളിൽ. എല്ലാം ഹിറ്റുകളും. സംഗീതജ്ഞൻ എ ആർ റഹ്‌മാൻറെ പിതാവ് ആർ.കെ. ശേഖറായിരുന്നു ബാബുരാജിനൊപ്പം ഈ ഗാനങ്ങൾക്ക് ഓർക്കസ്ട്ര ഒരുക്കിയത്. പശ്ചാത്തല സംഗീതം വിഖ്യാത സംഗീത സംവിധായകന്‍ എം ബി ശ്രീനിവാസനും.

അവിടുന്നെന്‍ ഗാനം കേൾക്കാൻ കൂടാതെ യമുനാ കല്യാണി രാഗത്തിലുള്ള എന്‍ പ്രാണനായകനെയാണ് എസ് ജാനകി പാടിയ ഈ ചിത്രത്തിലെ മറ്റൊരു പ്രണയഗാനം. യേശുദാസ് പാടിയതാണ് സിന്ധു ഭൈരവി രാഗത്തിലുള്ള പ്രാണസഖി ഞാൻ വെറുമൊരു ..., ദേശ്‌ രാഗത്തിലുള്ള ഒരു പുഷ്പം മാത്രമെന്‍ ..., അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല ... എന്നീ മൂന്നു ഗാനങ്ങളും. എസ് ജാനകി പാടിയ ചേലിൽ താമര പൂത്തു പരന്നൊരു... എന്ന കവിതാശകലമാണ് ചിത്രത്തിലെ ആറാമത്തെ ഗാനം.

ബാബുരാജിന് ജാനകി സ്വന്തം സംഗീത പ്രപഞ്ചത്തിലെ അനിവാര്യമായ സാന്നിധ്യമായിരുന്നു. മദൻ മോഹന് ലത എന്ന പോലെ; നൗഷാദിനു റഫി എന്ന പോലെ; ജി ദേവരാജന് സുശീലയോ മാധുരിയോപോലെ. ഓരോ ഹിന്ദുസ്ഥാനി രാഗങ്ങളിൽനിന്നും പ്രിയഗായിക എസ് ജാനകിക്കു പാടാൻ അപൂർവ സുന്ദര ഈണങ്ങള്‍ ബാബുരാജ് സൃഷ്ടിച്ചു. അങ്ങനെ ആ സംഗീത ബാന്ധവം വാസന്ത പഞ്ചമി നാളില്‍ (ഭാര്‍ഗ്ഗവീ നിലയം, 1964), മണിമുകിലേ (കടത്തുകാരന്‍,1965, എ കെ സുകുമാരനൊപ്പം),  ഒരു കൊച്ചുസ്വപ്നത്തിന്‍ (തറവാട്ടമ്മ, 1966) പോലെ പഹാഡി രാഗത്തിൽ മലയാളിക്കു നൽകിയ അനശ്വരഗാനമാണ് അവിടുന്നേൻ ഗാനം കേൾക്കാൻ. പി സുശീല പാടിയ പ്രണയഗാനം പാടുവാനായ് (അനാര്‍ക്കലി, 1966), യേശുദാസ് പാടിയ സുറുമയെഴുതിയ മിഴികളേ, ഖദീജ, 1967) ഇവയാണ് മറ്റു ഗായകർക്കായി പഹാടിയിൽ ബാബുരാജ് തീർത്ത ഗാനങ്ങൾ.

പാട്ടു കേൾക്കാൻ കൊതിക്കുന്ന നായകനായി ഏതു പാട്ടുപാടണമെന്ന നായികയുടെ അങ്കലാപ്പാണ് ഗാനത്തിന്റെ വിഷയം. "സിറ്റുവേഷൻ സോങ്‌".  അവന്റെ ചേതനയിൽ മധുരം പകരുന്ന കവിത, അവളെ കുറിച്ചുള്ള സങ്കല്പം അവനിൽ പീലിവിടർത്തുന്ന ഗാനം. പ്രണയവും നാണവും ഓരോ വാക്കിലും ചിരിയിലും നിറഞ്ഞോഴുകുന്ന ശാരദയുടെ അഭിനയ ലാളിത്യം മലയാളിയുടെ മനസ്സിൽ മായാതെ വരച്ചിട്ടതാണ് ഈ ഗാനരംഗം.

ഏതു കവിത പാടണം നിന്‍

ചേതനയില്‍ മധുരം പകരാൻ

എങ്ങിനെ ഞാൻ തുടങ്ങണം നിൻ

സങ്കല്‍പം പീലി വിടര്‍ത്താൻ ... അവിടുന്നെന്‍

പാടുന്നത് പ്രണയഗാനമായാൽ തന്നെ അവിവേകി പെണ്ണായി തെറ്റിധരിച്ചാലോ? കദന ഗാനമായാൽ കാമുക ഹൃദയത്തിൽ മുറിവേറ്റാലോ? വിരുന്നുകാർ പിരിയുംമുമ്പ് വിരഹഗാനമോ? കളിച്ചിരിപ്പാട്ടുപാടി താനൊരു കഥയില്ലാ പെണ്ണാകണോ ...?  ഇങ്ങനെ നീളുന്നു പി ഭാസ്കരൻ നിരത്തുന്ന കാമുകിയുടെ നിഷ്കളങ്കയായ ചഞ്ചലചിന്തകൾ. 

അനുരാഗ ഗാനമായാല്‍

അവിവേകി പെണ്ണാകും ഞാന്‍

കദന ഗാനമായാൽ നിന്റെ

ഹൃദയത്തില്‍ മുറിവേറ്റാലോ   … അവിടുന്നെന്‍

"എല്ലാ ഗാനങ്ങളും എനിക്ക് പ്രിയപ്പെട്ടതാണെങ്കിലും ‘അവിടുന്നെൻ ഗാനം കേൾക്കാനും...’, ‘താനെ തിരിഞ്ഞും മറിഞ്ഞും…’ പോലുള്ള ഗാനങ്ങളിലെ ഭാസ്‌കരൻ മാഷിൻറെ വരികളും ബാബുരാജ് മാഷിൻറെ സംഗീതവും ചേർന്ന കോമ്പിനേഷനാണ് ഏറെ ഇഷ്ടം ...", ഇതു മെലഡിയെ സ്‌നേഹിക്കുന്ന,  ഗസലിനെ പ്രിയ തോഴിയാക്കിയ, ഗായിക മഞ്ജരിയുടെ വാക്കുകൾ.

കാഴ്‌ചയുടെ ഇളകിയാട്ടങ്ങൾക്ക്  അകമ്പടിയായെത്തുന്ന പുതിയകാല ചലച്ചിത്ര ഗാനങ്ങളിൽ പലതും, ചില മെലഡികള്‍ പോലും,  അല്‌പായുസ്സായി മറവിയിലാകുന്നു. നല്ല ഗാനങ്ങൾ ഉണ്ടാകുന്നില്ലന്നല്ല. പലതും ഗാനങ്ങളുടെ നീക്കിയിരുപ്പിടങ്ങളിൽ ഇടംപിടിക്കാറില്ല. അതുകൊണ്ടാണ് അവിടുന്നെന്‍ ഗാനം കേൽക്കാനും സന്ധ്യ മയങ്ങും നേരവുമൊക്കെ ഇപ്പോഴും ഇഷ്ടഗാനമായി ഇടനെഞ്ചേറ്റുന്നത്‌.

അരനൂറ്റാണ്ട് പഴക്കമുള്ള ചലച്ചിത്രം മാത്രമായാണ് പരീക്ഷ ഇന്ന് ഓർക്കപ്പെടുക. എന്നാൽ മലയാളി പെണ്ണിന്റെ അത്മനിഷ്ഠവും വൈകാരികവുമായ പ്രണയാനുഭവങ്ങളായി, ഭാവനകളായി ഈ ഗാനം പുനർജ്ജനിച്ചു കൊണ്ടിരിക്കുന്നു. ഗാനം കേൾക്കാൻ ചെവിയോർത്തിട്ട് അരികിലിരിക്കുന്ന പ്രണയികൾക്കായി പ്രണയിനികൾ ഈ ഗാനം കാലാതീതമായി പാടിക്കൊണ്ടിരിക്കുന്നു ... അവൻറെ ചേതനയിൽ മധുരം പകരാനായി ... അവൻറെ സങ്കല്പം പീലി വിടർത്താനായി ...

ചിത്രം : പരീക്ഷ (1967)

 

ഗാനരചന: പി ഭാസ്കരൻ

 

സംഗീതം: എം എസ് ബാബുരാജ്

 

ആലാപനം: എസ്‌ ജാനകി

 

ചലച്ചിത്ര സംവിധാനം: പി ഭാസ്കരൻ