Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷ് പണ്ഡിറ്റും അബ്ദുൽ കലാമും: വേറിട്ട വഴികളുടെ ആനന്ദം

 മഹാഋഷി ബ്രഹ്മാനന്ദ യോഗി
Kalam, Pandit ഒരു ഉദാഹരണം പറയാം. സന്തോഷ് പണ്ഡിറ്റിനെ നോക്കൂ. ആളുകൾ എന്തൊക്കെയാണ് അദ്ദേഹത്തെ പറഞ്ഞത്, എത്രയാണ് പുച്ഛിച്ചത്...

നാടോടുമ്പോൾ നടുവേ ഓടരുത് - അതാണ് ചർച്ചാവിഷയം. ഒരു പഴഞ്ചൊല്ലിനെ വെറുതെ തിരിച്ചിട്ടതല്ല, വ്യത്യസ്തരാകാൻ ശ്രമിക്കണമെന്നു പറഞ്ഞതാണ്. ഇന്ന് മലയാളി യുവാക്കൾ ചെയ്യുന്ന വലിയൊരു അബദ്ധം, മികച്ച വിദ്യാഭ്യാസം നേടിയാലും പതിവു വഴികളിലൂടെ മാത്രമേ ചിന്തിക്കുകയും മുന്നോട്ടു പോകുകയും ചെയ്യുന്നുള്ളൂ എന്നതാണ്. വ്യത്യസ്തരായി ചിന്തിക്കാനും പ്രവർത്തിക്കാനും നമുക്കു കഴിയണം; നമ്മുടെ പാഷൻ എന്താണെന്നു തിരിച്ചറിഞ്ഞ് അതിനെ വളർത്താനും. അപ്പോഴേ വിജയമുണ്ടാകൂ. അതിനുള്ള ധീരതയും തന്റേടവും കേരളീയർക്കുണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു.

ഒരു ഉദാഹരണം പറയാം. സന്തോഷ് പണ്ഡിറ്റിനെ നോക്കൂ. ആളുകൾ എന്തൊക്കെയാണ് അദ്ദേഹത്തെ പറഞ്ഞത്, എത്രയാണ് പുച്ഛിച്ചത്. പക്ഷേ ചെയ്യണമെന്നു തീരുമാനിച്ചത് അദ്ദേഹം ചെയ്തു. അതിന്റെ മികവോ മേന്മയോ വിട്ടേക്കുക, അതു ചെയ്യാനുള്ള ആത്മവിശ്വാസവും തന്റേടവും കാട്ടി എന്നതാണു കാര്യം. അപാരമാണ് ആ ആത്മവിശ്വാസം. അതുകൊണ്ടല്ലേ ഇന്നും നമ്മൾ അദ്ദേഹത്തെക്കുറിച്ചു സംസാരിക്കുന്നത്. ഒരു ചാനൽ ഇന്റർവ്യൂവിൽ കണ്ടതാണ്. ഒരു മനശ്ശാസ്ത്രജ്ഞനും സംവിധായകനുമടക്കം ഇരുന്ന് സന്തോഷിനെ പുച്ഛിക്കുകയും വളരെ മോശമായി സംസാരിക്കുകയും ചെയ്യുന്നു. പക്ഷേ അവസാനം സന്തോഷ് ചോദിച്ചു: ‘ഇതെല്ലാം ഇരിക്കട്ടെ, ഇന്നു നിങ്ങൾ എന്നെപ്പറ്റി ചർച്ച ചെയ്യാൻ ഇവിടെ വന്നതും എന്റെ കഴിവു കൊണ്ടു തന്നെയല്ലേ. അത് നിങ്ങൾക്കു മറച്ചുവയ്ക്കാന്‍ പറ്റുമോ?’. അതിന് അവർക്ക് ഉത്തരമുണ്ടായിരുന്നില്ല. അതാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം.

ഒരു 50 വർഷം മുമ്പ് വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന ഓരോ വ്യക്തിയും ശ്രമിച്ചിരുന്നത് ഒരു ജോലി കിട്ടാനായിരുന്നില്ല, ഒരു ജോലി സൃഷ്ടിക്കാനോ സ്വയംതൊഴിൽ കണ്ടെത്താനോ ആയിരുന്നു. ഇന്നങ്ങനെയല്ല. മറ്റുള്ളവരൊക്കെ പൈസ ഉണ്ടാക്കുന്നു, അതുപോലെ എനിക്കും ഉണ്ടാക്കണം എന്ന രീതിയിലാണ് ആളുകളുടെ പോക്ക്. അത് വിജയത്തിലേക്കുള്ള വഴിയല്ല. ഒരാളോ പത്തു പേരോ വിജയിച്ചു എന്നതുകൊണ്ട് നമ്മളും വിജയിക്കണമെന്നില്ല, അതു ശരിയായ വഴിയല്ല.

നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിലെ ജനങ്ങൾ മികച്ച വിദ്യാഭ്യാസം നേടട്ടെ. അതേസമയം,  വ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവും അവനവന്റെ കഴിവുകൾ മനസ്സിലാക്കിയുള്ള പ്രവർത്തനവുമാണ് വിജയം നൽകുന്നത്. അങ്ങനെ പ്രവർത്തിക്കുമ്പോൾ, അതെത്ര ചെറിയ കാര്യമായാലും ആത്മവിശ്വാസവും സന്തോഷവും വർധിക്കും. ഓരോ മനുഷ്യനും ഓരോ കഴിവാണ്. അതു തിരിച്ചറിയാതെ മറ്റുള്ളവരെ അന്ധമായി പിന്തുടരുമ്പോഴാണ് വിജയമുണ്ടാകാതെ പോകുന്നത്. ലക്ഷ്യം ചെറുതോ വലുതോ എന്നതല്ല കാര്യം. നിങ്ങളുടെ പാഷൻ തിരിച്ചറിയുക, ആത്മവിശ്വാസത്തോടെ അതിനായി പ്രവർത്തിക്കുക. അല്ലെങ്കിൽ നമ്മളെല്ലാം ജോലി തേടുന്നവർ മാത്രമുള്ള ഒരു വലിയൊരു ക്യൂവിൽ നിന്ന് യന്ത്രങ്ങളായിപ്പോകും.

വലിയ, പേരെടുത്ത ഒരു സ്കൂളിൽ പഠിച്ച കുട്ടിയെയും ഒരു ഗ്രാമീണ സ്കൂളിൽ പഠിച്ച കുട്ടിയെയും ഒരു പേപ്പർ ക്ലിപ്പ് കാണിച്ച് ഒരാൾ ചോദിച്ചു: ഇതെന്തിനുപയോഗിക്കാമെന്ന്. വലിയ സ്കൂളിൽ പഠിച്ച കുട്ടി പറഞ്ഞു: ‘പേപ്പർ ക്ലിപ്പ് ചെയ്യാൻ ഉപയോഗിക്കാം.’

ഗ്രാമത്തിലെ പയ്യനോട് ചോദിച്ചപ്പോൾ പറഞ്ഞു: ‘സാറേ, ഇതു വളച്ച് ഞാൻ മീൻ പിടിക്കും, ഇതിന്റെ സോഫ്റ്റ് ആയിട്ടുള്ള ഭാഗം ചെവിയിലിട്ട് ചെളിയെടുക്കാം. പേപ്പർ ഹോളുണ്ടാക്കാൻ ഉപയോഗിക്കാം. അല്ലെങ്കിൽ എന്തെങ്കിലും തൂക്കിയിടാൻ വേണ്ടി എടുക്കാം.’ 

അങ്ങനെ ഒരുപാട് ഉപയോഗങ്ങൾ അവൻ പറഞ്ഞു. അതാണ് ക്രിയേറ്റിവിറ്റി. നമ്മൾ പഠിച്ചു പഠിച്ച് ഒരേ രീതിയിൽ മാത്രം ചിന്തിച്ചു പോകുമ്പോഴാണ് നമുക്കു ജീവിതത്തെ നേരിടാനുള്ള മനസ്സു നഷ്ടപ്പെടുന്നത്. ചെറിയ പ്രശ്നങ്ങൾ‌ പോലും കൈകാര്യം ചെയ്യാനോ പരിഹരിക്കാനോ കഴിയാതെ വരുന്നത്. 

Creativity has multidimensions, Logic has only one direction. 

സാമ്പ്രദായിക വിദ്യാഭ്യാസം കൊണ്ട് പലർക്കും ഒരു രീതിയിൽ മാത്രമേ ചിന്തിക്കാൻ പറ്റുകയുള്ളൂ. പക്ഷേ മറിച്ചും ചിന്തിക്കാനുള്ള കഴിവ് വിദ്യാഭ്യാസമുള്ളവർക്കു കിട്ടുമെങ്കിൽ അതാണ് വലിയ വിദ്യാഭ്യാസം. അതിന് ഏറ്റവും മികച്ച ഉദാഹരണം നമ്മുടെ രാഷ്ട്രപതിയും മഹാനായ ശാസ്ത്രജ്ഞനുമായിരുന്ന  എ.പി.ജെ. അബ്ദുൽകലാമാണ്. അതിപ്രശസ്തനായിരിക്കുമ്പോഴും അദ്ദേഹം സാധാരണ മനുഷ്യനായിരുന്നു. കുട്ടികളോടു സംസാരിക്കുന്നതു കേട്ടാൽ അദ്ദേഹവും ഒരു കുട്ടിയാണെന്നു തോന്നും. അദ്ദേഹത്തിന്റെ പ്രതിഭയും സർഗാത്മകതയും ലാളിത്യവും അപാരമായിരുന്നു. അതു നമ്മൾ തിരിച്ചറിയണം. അപ്പോഴാണ് ജീവിതത്തിന്റെ മധുരം നമുക്കു മനസ്സിലാക്കാനാവുക. അപ്പോൾ ജീവിതം വളരെ മനോഹരമായിരിക്കും. 

ഓം ശാന്തി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam