Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിൽ വിജയിക്കാനും ലക്ഷ്യം നേടാനും ചെയ്യേണ്ടത്!

നവീൻ ഇൻസ്പയർസ്
use-the-sources-to-win-malayalam-motivation

ജീവിതത്തിൽ നമുക്കു ചുറ്റും ഒരുപാട് സ്രോതസ്സുകൾ ഉണ്ട്. നമ്മുക്ക് വിജയിക്കാനും ലക്ഷ്യത്തിലെത്താനും അവ ശരിയായി ഉപയോഗിക്കണം.  എന്നാൽ പലപ്പോഴും അവ തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും  നമുക്ക് സാധിക്കാതെ പോകുന്നു. 

ഒരു അച്ഛനും കുട്ടിയും കാട്ടിലൂടെ നടന്നു പോവുകയായിരുന്നു. പോകുന്ന വഴിയിൽ താഴ്ന്നു നിൽക്കുന്ന ഒരു മരചില്ല കുട്ടിയുടെ കണ്ണിൽ കണ്ടു. അവന് അത് ഒടിക്കണമെന്നു തോന്നി. കുട്ടി അച്ഛനോടു പറഞ്ഞു‘‘ എനിക്ക് ആ മരക്കൊമ്പ് ഒടിച്ചാൽ കൊള്ളാമെന്നുണ്ട്. ഞാനൊന്നു ശ്രമിക്കട്ടേ?’’. ഇതുകേട്ട അച്ഛൻ പറഞ്ഞു അതിനെന്താ മോനേ, നീ ഒടിച്ചോളൂ. നിന്നെ കൊണ്ട് സാധിക്കും. ഇതുകേട്ടപ്പോൾ അവനു സന്തോഷം തോന്നി. അവനേക്കാൾ ഉയരത്തിലാണ് മരക്കൊമ്പ്. 

കുട്ടി മരക്കൊമ്പ് പിടിക്കാനായി ചാടി. എന്നാൽ അവൻ പരാജയപ്പെട്ടു. അവൻ വീണ്ടു ശ്രമിച്ചു പരാജയപ്പെട്ടു. കുട്ടി നിരാശനായി. ഇതുകണ്ട അച്ഛൻ പറഞ്ഞു ‘‘നിന്റെ പൂർണ ശക്തിയും ഉപയോഗിക്കൂ മകനേ.’’ ഇതുകേട്ടതോടെ മകന്റെ അത്മവിശ്വാസം വർധിച്ചു. അവൻ വീണ്ടും വീണ്ടും ചാടി. ഒടുവിൽ കുട്ടി കൊമ്പിൽ പിടിച്ചു. എന്നാൽ ആ കൊമ്പ് ഒടിക്കാൻ കുട്ടിക്കു സാധിച്ചില്ല. അവൻ അച്ഛനോടു പറഞ്ഞു ‘‘ എനിക്ക് ഈ ചില്ല ഒടിക്കാൻ സാധിക്കുന്നില്ല’’. അച്ഛൻ വീണ്ടും അവനോടു പറഞ്ഞു ‘‘ നിന്റെ സർവശക്തിയും ഉപയോഗിച്ചാല്‍ സാധിക്കും’’. കുട്ടി വീണ്ടും ഒടിക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. 

അവൻ കരഞ്ഞുകൊണ്ട് അച്ഛനോടു പറഞ്ഞു ‘‘ എന്നെ പറ്റിക്കുകയായിരുന്നല്ലേ, ഇത് ഒടിക്കാൻ എനിക്കാവില്ല. എനിക്കതിനുള്ള ആരോഗ്യമില്ല. അച്ഛൻ അവനെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു ‘‘ നിന്റെ സർവശക്തിയും ഉപയോഗിക്കാനാണു ഞാൻ പറഞ്ഞത്. നിന്റെ അച്ഛനായ ഞാൻ നിന്റെ ശക്തിയല്ലേ. നീ ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ നിന്നെ സഹായിക്കുമായിരുന്നു. നമ്മളൊരുമിച്ച് അതു ഒടിക്കുമായിരുന്നു. പക്ഷേ നീ എന്നോട് ആവശ്യപ്പെട്ടില്ല.’’

പലപ്പോഴും ഇതുപോലുള്ള നമുക്കു ചുറ്റുമുള്ള സഹായഹസ്തങ്ങളെ നമ്മൾ തിരിച്ചറിയാതെ പോകും. എനിക്കതു ചെയ്യാൻ കഴിവില്ലെന്നു പറഞ്ഞു മാറി നിൽക്കാനാണു പലര്‍ക്കും താൽപര്യം.  എന്നാൽ നമുക്ക് മുന്നോട്ടു കുതിക്കാൻ ആവശ്യമായ സഹായഹസ്തങ്ങൾ നമുക്കു ചുറ്റിലും ഉണ്ട്. അങ്ങനെ ചുറ്റിലും ആളുകളുള്ളതും നമ്മുടെ കരുത്താണ് എന്നു തിരിച്ചറിയണം. ആ സ്രോതസ്സുകളെയും ഫലപ്രദമായി ഉപയോഗിച്ചു വിജയത്തിലെത്തുന്നതിലാണ് മിടുക്ക്.