Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലയെ ‘വയലൻസ്’ ആക്കരുത്

art

കലാമേളകൾ , വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന മറ്റു കലാപരിപാടികൾ , ചലച്ചിത്രമേളകൾ എന്നിവ ഇക്കൊല്ലം നടത്തേണ്ടതില്ല എന്ന സർക്കാർ തീരുമാനത്തെ ഒരു കലാകാരി എന്ന നിലയിൽ അനുകൂലിക്കാനാകില്ല എന്ന് പറഞ്ഞു കൊള്ളട്ടെ. 'Artist' ന്റെ 'Response' ആണ് 'Arts Responder' എന്ന് തെറ്റിദ്ധരിക്കരുതേ. പ്രതിപാദ്യവിഷയത്തിലേക്ക് കടക്കും മുൻപ് ഇപ്പോൾ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ചില കാര്യങ്ങളെക്കുറിച്ച് ചിലതു സൂചിപ്പിക്കേണ്ടതുണ്ട്. സർക്കാരിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കലാപരിപാടികൾ റദ്ദാക്കുന്നു എന്നത് സാമ്പത്തികം എന്ന ഘടകത്തെ മാത്രം പരിഗണിച്ചിട്ടുള്ള തീരുമാനം ആണ്. 

ഈ വിഷയം ചർച്ച ചെയ്യുമ്പോൾ പലരും മുന്നോട്ടുവച്ച ആശയം ആണ് പൊതുജന / സ്വകാര്യ പങ്കാളിത്തത്തോട് കൂടിയ ധനസമാഹരണം. 'Financial Feasibility' എന്ന വസ്തുതയ്ക്ക് മീതെ അമിത വൈകാരികതയ്ക്ക് സ്ഥാനം നൽകുകയാണ് നാം. ഒരു വലിയ ദുരന്തം നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്ത ഒരു ജനത വൈകാരികമായി പ്രതികരിക്കുന്നത് തികച്ചു സ്വാഭാവികം ആണല്ലോ. ഞാനും നിങ്ങളും ഒക്കെ പ്രളയദിനങ്ങളിൽ വെള്ളത്തിന്റെ വേലിയേറ്റത്തിനൊപ്പം വികാരങ്ങളുടെ വേലിയേറ്റത്തിലും ആയിരുന്നു. ദിവസങ്ങൾ മുന്നോട്ടു പോയപ്പോൾ നമുക്ക് സാധരണ ജീവിതം തിരികെപ്പിടിക്കുകതന്നെ വേണമായിരുന്നു. ഈ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ നടക്കുന്ന കലാകാരന്മാർക്ക് അവരുടെ കലയെ മാറ്റി നിർത്തുവാനാകുമോ? അത്യധികം സങ്കടകരമായ ഈ അവസ്ഥയിൽ കലാമേളകൾ വേണ്ട എന്ന് ശക്തിയായി വാദിക്കുന്നവർ ആർട്ടിനെ 'വയലൻസ്' എന്ന പോലെ നോക്കി കാണുന്നത് തികച്ചും ഖേദകരമാണ്. അതായത് സംഗീതം, നൃത്തം തുടങ്ങിയ 'Artistic Expressions' പ്രളയ ബാധിതരോട് ചെയ്യുന്ന അനീതി എന്നും ഒരു വല്യ ദുരന്തം എല്ലാ വിധത്തിലും ബാധിച്ച നാട്ടിൽ പാട്ടും ആട്ടവും ഒരു വല്യ ശരികേട് എന്ന നിലയ്ക്കാകുന്നു പല അഭിപ്രായങ്ങളും.

പ്രളയ ദിനങ്ങളിൽ നമുക്ക് പ്രത്യാശ നൽകിയ, നമ്മെ ഒരുമിപ്പിച്ച എത്ര ഫോട്ടോ , വീഡിയോ , അനുഭവ വിവരണങ്ങൾ എന്നിവ നമ്മൾ കണ്ടു. ഇവയൊക്കെയും അടിസ്ഥാനപരമായി ആർട്ട് തന്നെ അല്ലേ? എത്ര പ്രളയ കവിതകൾ ഇവിടെ ഒഴുകി. അവരവരുടെ ആർട്ടിലൂടെ ഉള്ള ആവിഷ്കാരങ്ങൾ അല്ലേ അവ? ദുരിതാശ്വാസ ക്യാംപുകളിലെ കുട്ടികൾക്ക് ചായപ്പെൻസിൽ നമ്മൾ കൊടുത്തയച്ചതും ആർട്ടിന് നൽകാനാവുന്ന സാന്ത്വനത്തെ കുറിച്ച് ബോധം ഉള്ളത് കൊണ്ടുമല്ലേ? പിന്നെന്തിന് ചില കലകൾക്ക്  മാത്രം കുറ്റം ചുമത്തണം? 

ഓണം സീസൺ നഷ്ടമായ കലാകാരന്മാർ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അവരിലെ ആയിരങ്ങൾ ദുരിതാശ്വാസ ക്യാംപുകളിൽ താമസിക്കുകയായിരുന്നു. നിരവധി കലാകാരന്മാർ ക്യാംപുകളിൽ സന്നദ്ധസേവകരായിരുന്നു. കലാകാരന്മാരുടെ കമ്മ്യൂണിറ്റിയും കെടുതിയിൽ നേരിട്ട് ആഘാതം ഏറ്റവർ തന്നെയാണ്. പ്രളയത്തിൽ വീടും സമ്പാദ്യവും തൊഴിലും നഷ്ട്ടപ്പെട്ടവരിൽ അനേകം കലാകാരന്മാരും പെടുന്നു. പതിവായി നടക്കുന്ന കലാമേളകൾ വേണ്ടെന്നുവയ്ക്കുമ്പോൾ പരുങ്ങലിലാവുന്ന അവരുടെ ജീവിതത്തെക്കുറിച്ചും ആലോചനകൾ ഉണ്ടാകണമല്ലോ. പിന്തുണ ലഭിക്കാത്ത അവസ്ഥയ്ക്കൊപ്പം കുറ്റപ്പെടുത്തൽ ധ്വനികൾക്കു മറുപടി കൊടുക്കേണ്ട ഗതികേട് കൂടി ഈ കലാകാരന്മാർക്ക് വന്നു ചേരുന്നു. നവരാത്രി സംഗീത നൃത്തോത്സവം പലയിടങ്ങളിലും ഇക്കുറി ഇല്ല. പ്രളയശേഷം സംഭവിച്ച സാമ്പത്തിക അരക്ഷിതാവസ്ഥ പട്ടിണിയിലേക്ക് നീങ്ങാതിരിക്കുവാൻ കേരളം അതീവ ജാഗ്രതയിലാണ്. ഉപദേശകരായി കൂടെ നിൽക്കുന്നത് വിഷയ വിദഗ്ധരാണ്. കേരളം മികച്ച രീതിയിൽ പുനർ നിർമ്മിക്കപ്പെടും എന്ന പ്രത്യാശ നിങ്ങളെപ്പോലെ എനിക്കുമുണ്ട്. ഒപ്പം അടിവരയിട്ടു കൂട്ടിച്ചേർക്കുന്നു - കലാകാരന്റെ കുടുംബവും പട്ടിണിയിലാകരുത്. കല തൊഴിലാക്കിയ പല തലമുറയിൽപ്പെട്ടവരുടെ ജീവിതാനുഭവങ്ങൾ നേരിട്ട്തന്നെ അറിയാവുന്നതു കൊണ്ട് എനിക്ക് ഉറപ്പിച്ചു പറയുവാനാകും , ഇതര തൊഴിലുകൾ ചെയ്തു ധനസമ്പാദനം സാധ്യമെന്നിരിക്കെ അവർ ജീവിച്ചത് കലയ്ക്കു വേണ്ടി മാത്രമാണ്. ലോക കലാ ഭൂപടത്തിൽ കേരളം സ്വന്തം ഇടം അടയാളപ്പെടുത്തി എന്നഭിമാനിക്കുന്ന അവസരങ്ങളിൽ നാം ഇതും ഓർക്കണമല്ലോ.

കേരളത്തിലെ പ്രളയം , 2004ലെ സൂനാമി, കേദാർനാഥിൽ സംഭവിച്ച പ്രളയം , കത്രീന ചുഴലിക്കാറ്റ് , ഹെയ്തിയിലെ ഭൂകമ്പം  - പല നാടുകളിൽ നടന്ന പല തരം പ്രകൃതി ക്ഷോഭങ്ങൾ.  നഷ്ടങ്ങളുടെ കണക്കെടുപ്പിൽ സമാനതകൾ കണ്ടെത്തുവാനാകും. ഭൗതികവും സാമ്പത്തികവും വൈകാരികവുമായ നഷ്ടങ്ങൾ ആണ് ഇവയ്ക്ക് പൊതുവായുള്ളത്. ഡിസാസ്റ്റർ മാനെജ്മെന്റ് എന്ന മേഖല ഇന്നു നമുക്ക് അന്യമല്ല. ആർട്ട് റെസ്പോൺസ് സിസ്റ്റം എന്നത് ലളിത ഭാഷയിൽ ഡിസാസ്റ്റർ മാനെജ്മെന്റിന്റെ പരിധിയിൽ വരുന്ന ഒരു ഉപവകുപ്പ് എന്ന് നമുക്ക് സൗകര്യത്തിനായി കണക്കാക്കാം. 

ആർട്ടിസ്റ് സമൂഹത്തിന്റെ സുരക്ഷയ്ക്കായുള്ള ' സ്പെഷലൈസ്ഡ് ' സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു സിസ്റ്റം. ആർട്ട് റെസ്പോണ്ടർ എന്ന കൂട്ടത്തെ സഹായ സൈന്യം എന്നും എളുപ്പത്തിനായി കരുതാം. നമ്മൾ അനുഭവിച്ച പ്രളയത്തിന്റെ തന്നെ നിരവധി ഉദാഹരണങ്ങൾ പറഞ്ഞാൽ ആർട്ട് റെസ്പോണ്ടർ എന്ന പദവിയെ കൂടുതൽ മനസിലാക്കുവാനാകും. ദുരന്ത ശേഷം അന്നാട്ടിലെ ആർട്ട് കമ്യൂണിറ്റിക്ക് പരിരക്ഷ നൽകുന്നതാണ് ആർട്ട് റെസ്പോണ്ടറുടെ കർത്തവ്യം. നിരവധി കലാപ്രവർത്തനങ്ങൾ നടത്തി വരുന്ന ഒരു സംഗീത സഭയോ അല്ലെങ്കിൽ കഥകളി യോഗമോ കലാഗ്രാമമോ ഉദാഹരണം ആയി കരുതാം. അനേകം നാശനഷ്ടങ്ങൾ ഈ പ്രളയത്തിൽ അവിടെ സംഭവിച്ചു. ജീവൻ രക്ഷിക്കുക എന്ന ആദ്യ ധർമം മുൻഗണനയായി നടത്തുന്നു. അതിനുശേഷമാണ് നാശ നഷ്ടങ്ങളുടെ തീവ്രതയുടെ ഏകദേശ കണക്ക് നടത്തിപ്പുകാർക്ക് തിരിച്ചറിയുവാനാകുന്നത്. ഞാൻ ഒരു ആർട്ട് റെസ്പോണ്ടർ എന്ന് കരുതുക - അതായത് ഒരു പ്രൊഫഷനൽ ആർട്ട് റെസ്പോൺസ് സംഘടനയുടെ പ്രവർത്തക. മേലിൽ ഉദാഹരണം ആയി പറഞ്ഞിരിക്കുന്ന കലാ കേന്ദ്രങ്ങളുടെ പ്രവർത്തകർ ആർട്ട് റെസ്പോൺസ് സംഘടനയെ സമീപിച്ചു സഹായം അഭ്യർഥിക്കുന്നു എന്നിരിക്കട്ടെ. ഞാനും എന്റെ കൂട്ടാളികളും അടിയന്തിരം ആയി ചെയ്യുന്ന ചില കാര്യങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. 

ദുരന്ത ശേഷം അവർക്കു ഏറ്റവും ആവശ്യമായ കാര്യങ്ങൾ എന്തെന്നത്  തീരുമാനിക്കുക - ആ കലാഗ്രാമത്തിൽ താമസിച്ചു ജോലി ചെയ്തു വന്നിരുന്ന കലാകാരന്മാർക്ക് ഏറ്റവും ആവശ്യം എന്തൊക്കെയാണ് എന്നത് നിർണയിക്കുക. പ്രഫഷനൽ നഷ്ടങ്ങളേക്കാൾ വ്യക്തിപരമായ നഷ്ടങ്ങൾ മാത്രം അറിയിക്കുവാൻ ഉള്ള മനസികാവസ്‌ഥയിൽ ആയിരിക്കും പലരും. പ്രഫഷനൽ നഷ്ടങ്ങളുടെ മൂല്യം നിർണയിക്കേണ്ടത് ആർട്ട് റെസ്‌പൊൺഡെർ ആണ്. ജീവൻ സുരക്ഷിതമെങ്കിലും മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നം ഈ ദുരന്തത്തിൽ സംഭവിച്ചുവോ എന്നും അതിനു വിദഗ്ധ ചികിത്സ ഉൾപ്പടെയുള്ള സഹായം എങ്ങനെ എത്തിക്കാം എന്നതും റെസ്പോൺസ് സംഘം പരിഗണിക്കും. ഉപകരണങ്ങൾ ഉപയോഗശൂന്യം ആയി എന്ന നഷ്ടം മുതൽ താമസിക്കുവാൻ യോഗ്യമല്ലാത്ത പാർപ്പിടം വരെ അത്യാവശ്യങ്ങൾ ആണ്. വിൽപ്പനയ്ക്ക് തയ്യാറാക്കിയ നിരവധി ചിത്രങ്ങൾ വെള്ളം കേറി നശിച്ചു, ഇനിയെന്ത് എന്ന് പരിഭ്രമിച്ചു നിൽക്കുന്നവർക്ക് നൽകേണ്ട അടിയന്തിര സഹായം തീരുമാനിക്കുക.  

വാർത്താവിനിമയ കേന്ദ്രം എന്ന നിലക്ക് പ്രവർത്തിക്കുക. പ്രാദേശികമായ കലാ കേന്ദ്രം മാത്രമാകാം. അതല്ല ഒരു സാംസ്കാരിക സമൂഹം തന്നെ ആ പ്രദേശത്തു സ്ഥിതി ചെയ്യുന്നു എന്നാകാം. അല്ലെങ്കിൽ പല സ്ഥലങ്ങളിലും പ്രവർത്തിക്കുന്ന ഒരു കലാസംഘടനയും ആകാം. ബാധിക്കപ്പെട്ട ഇത്തരം കലാകേന്ദ്രങ്ങൾക്കുള്ള സഹായവും പരിരക്ഷയും ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾ. 

വിഭവങ്ങൾ വിതരണം ചെയ്യുക - സാമ്പത്തിക സഹായം ഉൾപ്പടെയുള്ള ദ്രവ്യങ്ങൾ. ദുരന്തം സംഭവിച്ച ആദ്യ ദിനങ്ങളിൽ നിരവധി ഇടങ്ങളിൽ നിന്നും‌ വന്നു ചേരുന്ന സഹായങ്ങൾ പലയിടത്തും കെട്ടി കിടക്കുന്നു , വിതരണം നീളുന്നു തുടങ്ങിയവ നമ്മൾ കണ്ടതാണ്. ആർട്ട് റെസ്പോൺസ് സംഘത്തിന് ഇവിടെയും ഫലപ്രദമായി ഇടെപെടുവാനാകും.

മറ്റ് ആർട്ട് റെസ്പോൺസ് സംഘടനകളുമായി കൂടിചേർന്നുള്ള   പ്രവർത്തനങ്ങൾ. കൊച്ചി പോലുള്ള വലിയ നഗരത്തിലെ വലിയ ആർട്ട് റെസ്പോൺസ് സംഘടന അവരുടെ സഹായം താരതമ്യേന ചെറിയ ആർട്ട് റെസ്പൊണ്ടേഴ്സിന് ലഭ്യമാക്കുന്നു. റെഡ് ക്രോസ്സ് പോലുള്ള സംഘടനകൾക്ക് എല്ലാ രാജ്യങ്ങളിലും പ്രാതിനിധ്യം ഉണ്ടല്ലോ. അങ്ങനെ ഉയർന്ന പ്രാതിനിധ്യം ഉള്ള ആർട്ട് റെസ്പോൺസ് സംഘടനയുമായി കൈകോർത്തുള്ള പ്രവർത്തനം.

വൈകാരിക പരിരക്ഷ , മാനസിക ആരോഗ്യം  - കൗൺസിലിങ് പോലുള്ള സേവനം. വ്യക്തികളുടെ മാന്യത ബോധത്തെ കുറിച്ച് ഉൾക്കാഴ്ച വേണ്ടത് ആർട്ട് റെസ്‌പോണ്ടർക്കാണ്. സഹായത്തിന് കൈ നീട്ടേണ്ടി വന്നല്ലോ എന്നൊരു ദൈന്യത പ്രകടിപ്പിക്കുന്നവരോട്  അവരുടെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുക. 

തുടർച്ച ആയ മൂല്യനിർണയം - പുനരധിവാസം ഉൾപ്പടെയുള്ള സഹായ പരിപാടികളുടെ പുരോഗതി വിലയിരുത്തുക. ജനജീവിതം സാധാരണ ഗതിയിലേക്ക് ആകുമ്പോൾ പല പദ്ധതികളും നീണ്ട്പോവുക പതിവുണ്ട്. കൃത്യമായ ' ഫോളോ അപ്പ് ' , അനന്തര നടപടികൾ എന്നിവയും നടത്തുക.

ഗ്രാന്റുകൾക്ക് അപേക്ഷിക്കുവാനുള്ള ഉപദേശം - നിരവധി കോര്പറേറ്റുകൾ ഗ്രാന്റുകൾ നൽകുന്നത് ഉപയോഗപ്പെടുത്തുക. ഇൻഷുറൻസ് പരിരക്ഷ , ലോണുകൾക്കു വരുത്താവുന്ന മാറ്റങ്ങളെ കുറിച്ചുള്ള വ്യവസ്‌ഥകൾ തുടങ്ങിയ പല കാര്യങ്ങളിലും ഭൂരിപക്ഷം പേരും അജ്ഞരാണ്. അതിനു വേണ്ട ഉപദേശങ്ങളും സഹായവും കൊടുക്കുക.

ഫണ്ട് റെയ്സിംഗ് കലാ പരിപാടികൾ - കൂടുതൽ പണം കണ്ടെത്തുവാനായി കലാവതരണങ്ങൾ. ആർട്ടിസ്റ്റുകളുടെ വല്യ സമൂഹത്തിന് ഒരു ബദ്ധപ്പാടും കൂടാതെ സഹകരിക്കുവാനാകുന്ന ഏർപ്പാടാണല്ലോ ഇത്. അതിനായുള്ള വേദിയും മറ്റു ലോജിസ്റ്റിക്സ് സംഘടിപ്പിക്കുക എന്നത് ആർട്ട് റെസ്‌പോണ്ടറുടെ ഉത്തരവാദിത്തം ആണ്.

സർക്കാർ സംവിധാനങ്ങളുമായി ബന്ധം സ്ഥാപിക്കുക - സർക്കാർ നിയമങ്ങൾക്കു വിധേയം ആയി പ്രവർത്തിക്കുന്ന ആർട്ട് റെസ്പോൺസ് സംഘടന അവരുടെ പ്രവർത്തനങ്ങൾ സർക്കാരിനെ ധരിപ്പിക്കേണ്ടതുണ്ട്.  

റിപ്പോർട്ടിങ് - തുടർച്ച ആയ ഒപ്പേറഷൻ എന്ന നിലയ്ക്ക് ആർട്ട് റെസ്പോണ്ടറുടെ സേവനം എല്ലാ കാലത്തേയ്ക്കും നീട്ടേണ്ടതില്ല. ഒരു പ്രോജക്ട് എന്ന നിലയിൽ ആണ് ആർട്ട് റെസ്പോൺസ് സംഘടനയുടെ പ്രവർത്തനങ്ങൾ. പ്രവർത്തനങ്ങളും പുരോഗതിയും, ഭാവിയിലേക്കുള്ള നിർദ്ദേശങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. പ്രോജക്ടുകൾ പൂർത്തീകരിക്കുവാൻ സമയപരിധി ഉണ്ട്. ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതോടെ പ്രോജക്ട് അവസാനിക്കുന്നു. പ്രോജക്ടിലെ അനുഭവങ്ങൾ പഠനങ്ങൾ (Lessons Learnt ) റിപ്പോർട്ടുകളിൽ സൂക്ഷിക്കുന്നു. ഈ റിപ്പോർട്ടുകൾ ഭാവിയിൽ ഉപകാരപ്പെടുന്ന റെഫറൻസും ആണ്.

നമുക്ക് ധാരാളം കലാ സംഘടനകൾ ഉണ്ട് . വിദേശ രാജ്യങ്ങളിൽ ഇത്തരം സംഘടനകൾ തന്നെ അവരുടെ പ്രവർത്തനങ്ങൾ ആർട്ട് റെസ്പോൺസിലേയ്ക്ക് വ്യാപിപ്പിക്കുന്നുണ്ട്. മികച്ച നിലയിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്ന നമ്മുടെ പല സംഘടനകൾക്കും ആർട്ട് റെസ്പോൺസ് നടത്തുവാനുള്ള പ്രാപ്തിയുണ്ട്. ഒരു പ്രഫഷനൽ സമീപനം (Organizational Capacity , Operating Models, Philosophy , Infrastructure, Skills, Resources) , ആർട്ട് റെസ്പോൺസിനെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് എന്നതൊക്കെ ഉൾക്കൊള്ളിച്ചാൽ കലാകാരന്മാർക്കായുള്ള ആർട്ട് റെസ്പോണ്ടഴ്സിനു പലതും ചെയ്യുവാനാകും പലതും കൈവരിക്കുവാനും. 

'ആർട്ട് ആൻഡ് ഹീലിംഗ്' നെ കുറിച്ച് ഇന്റർനെറ്റിൽ നിരവധി അറിവുകൾ ലഭ്യമാണ്. യുദ്ധക്കെടുതികളിൽ നിന്നുവരെ മനുഷ്യനെ കൈപിടിച്ചുയർത്താൻ കല എങ്ങനെ സഹായിച്ചു എന്നതിൽ യാതൊരു അതിശയോക്തിയും ഇല്ല. ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ആ ആർട്ടിനെ പറ്റി നിങ്ങള്‍ക്കു വായിക്കാമല്ലോ. 

പ്രകൃതിക്കായുള്ള പാട്ടുകളെകുറിച്ചോർക്കുമ്പോൾ മൈക്കേൽ ജാക്സണെ എനിക്കാദ്യം ഓർമ വരും. എന്റെ പാട്ടോർമകളിലെ ഏറ്റവും വല്യ വിസ്മയം അദ്ദേഹത്തിന്റെ പാട്ടും നൃത്തവുമാണ്. 

USA for Africa എന്ന മൈക്കേൽ ജാക്സന്റെ ആ പ്രസിദ്ധ ഗാനം ഹെയ്തിയിലെ ജനങ്ങൾക്കായി വീണ്ടും പുനരാവിഷ്കരിക്കപ്പെട്ടു. ആ പുതിയ വിഡിയോയിൽ നമ്മുടെ ഏ ആർ റഹ്മാനെയും കാണാനാകും. 

We are the world

We are the children

We are the ones who make a brighter day, so let's start giving 

ഒരൊറ്റ പാട്ടിലൂടെ നിരവധി രാജ്യങ്ങളെ ഒരുമിച്ചു നിർത്തുവാൻ ഈ പാട്ടിനു സാധിച്ചു. നമ്മൾ അഭിമാനിക്കുന്ന നമ്മളുടെ സംസ്കാരത്തിന്റെ ഭാഗം ആയ കലകളെ റദ്ദാക്കി , നീണ്ടു നിൽക്കുന്ന ഒരു ദുഃഖാചരണം നമുക്ക് വേണോ?

related stories