Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിയല്ല, കച്ചവടം

സോയി പുളിക്കൽ
Author Details

"അപ്രധാന കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് ഒരുപക്ഷേ ഫുട്ബോളായിരിക്കും".  വലിയ കണക്കുകൂട്ടലുകളൊന്നും നടത്തിയായിരിക്കില്ല ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇങ്ങനെ പറഞ്ഞത്. ലോകം കളിഭ്രാന്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ ഓർക്കുക, കളിക്കുപിന്നിലെ കച്ചവടം അത്ര ചെറുതല്ല. അങ്ങ് റഷ്യയിൽ മോസ്കോയിലും സെന്റ് പീറ്റേഴ്സ് ബർഗിലും മാത്രമല്ല, കൊച്ചു കേരളത്തിൽ കട്ടപ്പനയിലും കാഞ്ഞങ്ങാട്ടും അരീക്കോടുംവരെ എത്തുന്നു ഈ കച്ചവടത്തിന്റെ അലയൊലികൾ. 

ഉൽസവപ്പറമ്പിലെ കച്ചവടംപോലെയാണ് ലോകകപ്പ് കാലത്തെ കച്ചവടവും. ഉൽസവപ്പറമ്പിൽ ഭക്തിസാധനങ്ങൾ മാത്രമല്ല, ചട്ടിയും കലവും മുതൽ പൊട്ടും ചാന്തും വളയുംവരെ കിട്ടും. ഈ സാധനങ്ങളൊന്നും പുറത്ത്, കടകളിൽ കിട്ടാഞ്ഞിട്ടല്ല. ഉൽസവപ്പറമ്പിൽനിന്നു വാങ്ങുന്നതാണ് ഒരുശീലം. ആൾക്കൂട്ടത്തിലലിഞ്ഞ് പൊട്ടും വളയും ചാന്തുമൊക്കെ വാങ്ങുന്നതിന്റെ ഹരം ഒന്നുവേറെതന്നെയാണ്. വലിയ സ്ക്രീനിൽ കളി കാണാനുള്ള ജനത്തിന്റെ താൽപര്യത്തെ ഓഫറുകളുടെ ചൂണ്ടയിട്ട് മുതലാക്കുകയാണ് കച്ചവടക്കാർ. ടിവി മാത്രമല്ല, ഫ്രിഡ്ജും വാഷിങ് മെഷീനും മുതൽ ഇസ്തിരിപ്പെട്ടിവരെ ലോകകപ്പ് ഓഫറിൽ വിറ്റുതീർക്കുകയാണ്. പ്രധാന കമ്പനികളെല്ലാം ഡിസ്കൗണ്ട് സെയിൽ നടത്തുന്നു. ബ്രസീലിന്റെയും പോർച്ചുഗലിന്റെയുമൊക്കെ പതാകകൾ വലിച്ചുകെട്ടിയും ജഴ്സികൾ അണിഞ്ഞും മലപ്പുറത്തെയും കോഴിക്കോട്ടെയും ആരാധകർ നിരത്തിലിറങ്ങുമ്പോൾ അങ്ങ് തിരുപ്പൂരിലെ തുണിമില്ലിലും ഫ്ലക്സ് ബോർഡ് നിർമാതാക്കൾക്കുമെല്ലാം കച്ചവടം കൊഴുക്കുകയാണ്. 

റഷ്യ ലോകകപ്പിനു വേണ്ടി മുടക്കിയത് 14.2 ബില്ല്യൻ യുഎസ് ഡോളർ എന്നാണ് ഔദ്യോഗിക കണക്ക്. 2013ൽ തുടങ്ങിയ ഒരുക്കമാണ്. 2013– 2017 ൽ റഷ്യ വികസനരംഗത്തു ചെലവഴിച്ച മൊത്തം തുകയുടെ ഒരു ശതമാനം മാത്രമാണ് ഇതെന്നുകൂടി മനസ്സിലാക്കുക. നാലു വർഷത്തെ മൊത്തം ചെലവിന്റെ ഒരു ശതമാനം മാത്രം മുടക്കി ലോകത്തെയാകെ റഷ്യയിൽലേക്ക് കണ്ണുപറിക്കാതെ നോക്കിയിരിക്കാൻ പ്രേരിപ്പിക്കുക. അവിടെയാണ് റഷ്യയുടെ നേട്ടം. ലോകത്തിനു മുൻപിൽ റഷ്യ ഷോകേസ് ചെയ്യപ്പെട്ടു. 

ലോകകപ്പിന്റെ റഷ്യൻ നേട്ടങ്ങൾ നഷ്ടക്കണക്കിൽ എഴുതിച്ചേർക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. ലോകപ്പിനു ശേഷം ഉപയോഗശൂന്യമാകുന്ന സ്റ്റേഡിയങ്ങളും നാട്ടിൻപുറങ്ങിളിലേക്കും സാധാരണക്കാരിലേക്കും എത്താതെപോകുന്ന വികസനവും ചൂണ്ടിക്കാട്ടിയാണ് ഇവരുടെ വാദം. പണം വാരിയെറിഞ്ഞ് ബ്രസീൽ പണിത ഒളിംപിക്സ് സ്റ്റേഡിയം ഇന്ന് പാർക്കിങ് ഗ്രൗണ്ട് ആണെന്ന യാഥാർഥ്യം ചൂണ്ടിക്കാട്ടിയാണ് വികസന വാദികളെ ഇവർ വായടപ്പിക്കുന്നത്. സ്റ്റേഡിയങ്ങൾക്കുവേണ്ടി മാത്രം 11–14 ബില്ല്യൻ ഡോളർ ബ്രസീൽ ചെലവഴിച്ചു. രാജ്യം സാമൂഹിക ക്ഷേമ പദ്ധതികൾക്കുവേണ്ടി ഒരു വർഷം ചെലവിടുന്നതിന്റെ ഇരട്ടിവരുമിത്. റഷ്യയ്ക്ക് പക്ഷേ, ഈയവസ്ഥ വരില്ലെന്ന് പുടിൻ ഉറപ്പു പറയുന്നുണ്ട്. അത് കാത്തിരുന്നു കാണേണ്ട കാര്യം. 

ഇത്തരം മഹാമേളകൾ ലോകത്തിനുമുൻപിൽ രാജ്യത്തിന്റെ നല്ല മുഖമാണ് കാണിക്കുക. നഗരങ്ങൾ മുഖംമിനുക്കും. നല്ല റോഡുകളും കെട്ടിടങ്ങളും ഉയരും. കൊള്ളാവുന്ന സ്ഥലത്തേക്കു വരാൻ നിക്ഷേപകർക്കും താൽപര്യമുണ്ടാകും. രാജീവ് ഗാന്ധിയുടെ കാലത്ത് നടത്തിയ ഏഷ്യാഡാണ് ഡൽഹിയുടെ മുഖം മിനുക്കിയതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. കോമൺവെൽത്ത് ഗെയിംസും ഒരുപാട് ചീത്തപ്പേരു കേൾപ്പിച്ചെങ്കിലും അടിസ്ഥാന സൗകര്യ മേഖലയിൽ ഒട്ടേറെ നേട്ടങ്ങൾ രാജ്യത്തിനു സമ്മാനിച്ചു. 

സ്റ്റേഡിയങ്ങൾ നഷ്ടക്കണക്കിൽ എഴുതിയാലും മറ്റു ലാഭങ്ങളിൽ നിന്നു തട്ടിക്കിഴിച്ചാൽ ഉത്തരം ലാഭം തന്നെയാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. മികച്ച റോഡുകളും വിമാനത്താവളങ്ങളുമാണ് റഷ്യ ലോകകപ്പിനായി ഒരുക്കിയത്. നഗരങ്ങളാണ് ലോകകപ്പിന് വേദിയൊരുക്കുന്നത്. ഈ നഗരങ്ങളിൽ മികച്ച റോഡുകളും താമസസൗര്യങ്ങളും ഒരുക്കി. മികച്ച അടിസ്ഥാന സൗകര്യങ്ങൾ വളർച്ചയുടെ രാസത്വരകങ്ങളാണെന്ന കാര്യത്തിൽ സംശയമില്ല. 5,70000 വിദേശികളും 700000 റഷ്യക്കാരും കളികാണാനായി എത്തുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവർ ലോകത്തിനു മുൻപിൽ റഷ്യയെ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഗുഡ്‌വിൽ വേറെ. 

നേട്ടം ഹൃസ്വകാലത്തിലല്ല കണക്കുകൂട്ടേണ്ടത്. റഷ്യക്കാർ കുറേ കാലമായി ലോകകപ്പിനെക്കുറിച്ചു മാത്രമാണ് സംസാരിച്ചത്, ചിന്തിച്ചത്. ഒരേ മനസോടെ ഒരു ജനത നിൽക്കുന്നതിന്റെ നേട്ടങ്ങൾ പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. ഒരേ ലക്ഷ്യത്തിലേക്ക് മാർച്ച്ചെയ്യുന്ന പട്ടാളക്കാരെപ്പോലെ. 

റഷ്യയെ സംബന്ധിച്ച് യഥാർഥ നേട്ടം ഇതൊന്നുമല്ല. ക്രൈമിയയിലെ അധിനിവേശത്തിന്റെ പേരിൽ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധം നേരിട്ടുകൊണ്ടാണ് റഷ്യ ഈ മഹാമേള നടത്തിയത്. ഉപരോധത്തിന്റെ കാര്യമൊക്കെ തൽക്കാലം എല്ലാവരും മറന്നു. ശീതയുദ്ധത്തിന്റെ കാലത്തെ യുഎസ്എസ്ആറിന്റെ പ്രതാപമൊക്കെ അസ്തമിച്ച് ചിതറിപ്പോയ ശേഷം റഷ്യ ഉയർത്തെഴുന്നേൽക്കുന്ന കാലമാണ്. മെലിഞ്ഞെങ്കിലും ആനയെ തൊഴുത്തിൽകെട്ടാനാകുമോ എന്നു ലോകത്തോടു ചോദിക്കുകയാണ് ലോകകപ്പിലൂടെ റഷ്യക്കാർ. 

വാൽക്കഷണം: 

വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിലെ( ബ്രസിൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) അംഗങ്ങളിൽ ഇനി ലോകകപ്പിനും ഒളിംപിക്സിനുമൊന്നും വേദിയാകാത്തത് ഇന്ത്യ മാത്രമാണ്. ബ്രസിൽ ലോകകപ്പിനും ഒളിംപിക്സിനും വേദിയായി. റഷ്യ ഇപ്പോൾ ലോകകപ്പ് വേദി. ചൈന ഒളിപിക്സിനു വേദിയൊരുക്കി. ദക്ഷിണാഫ്രിക്കയും ഭംഗിയായി ഒരു ലോകകപ്പ് നടത്തി. കൂട്ടത്തിൽ  ഇന്ത്യ മാത്രമേ ഇനി ബാക്കിയുള്ളൂ.