Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവിലേക്കിറക്കിവിട്ട മകനു വേണ്ടി ആ അമ്മ ഇപ്പോഴും പ്രാർഥിക്കുന്നുണ്ടാവുമോ?

 നസീൽ വോയ്സി
Mother തെരുവ് വിളക്കിനു ചുവട്ടിൽ, തന്നെ തട്ടി കടന്നു പോകുന്നവരെയൊന്നും വകവയ്ക്കാതെ അവർ ഖുർആൻ വായിക്കുകയാണ്...

ബോംബെ നഗരത്തിന്റെ വൈകുന്നേരങ്ങൾക്ക് പല രുചികളാണ്. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന നടപ്പാതയും അതിൽ ഓടിപ്പായുന്ന മനുഷ്യരും. വലിയ തിരക്കൊന്നുമില്ലെങ്കിൽ ഒരരിക് ചേർന്ന് നിന്ന് നോക്കിയാൽ മതി; ആ തെരുവിൽ കാണാം ദൈവത്തിന്റെ വികൃതികൾ.  

ജോലി കഴിഞ്ഞ് മറൈൻ ഡ്രൈവിനടുത്തുള്ള ഹോട്ടലിൽ  നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയപ്പോഴേക്കും രാത്രിയായിരുന്നു. ബാറിൽ നിന്ന് രണ്ടെണ്ണം വീശി, രാത്രി കളറാക്കാന്‍ തൊട്ടപ്പുറത്തെ ഡാൻസ് ബാറിലേക്ക് കയറിപ്പോകുന്നവർക്കിടയിലൂടെ റൂം ലക്ഷ്യമാക്കി നടന്നു. കുറച്ചു ദൂരം നടക്കാനുണ്ട്. 

റോഡരികിലെ കച്ചവടക്കാരൊക്കെ അന്നത്തെ അഭ്യാസം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഓഫിസില്‍ നിന്ന് വീട്ടിലെത്താനും ലോക്കല്‍ ട്രെയിന്‍ പിടിക്കാനും ഓടുന്ന മുംബൈകാര്‍. ഈ പാച്ചിലില്‍ പെടാതെ ഒരോരം ചേര്‍ന്ന് നടക്കുന്നതിനിടെ പെട്ടെന്ന് കാലൊരു പാത്രത്തിൽ തട്ടി. സ്റ്റീൽ പാത്രം ശബ്ദമുണ്ടാക്കി ഫൂട് പാത്തിലെ ഇന്റർലോക്കിൽ വട്ടം കറങ്ങി നിന്നു. മെല്ലെ പാത്രമെടുത്ത് നീക്കിവച്ചപ്പോഴാണ് പരിസരം ശ്രദ്ധിച്ചത്. ഒന്നല്ല, വേറെയും പാത്രങ്ങളുണ്ട്. മുഷിഞ്ഞ പഴകിയ ബാഗ്. അതിനേക്കാൾ പഴകിയ തുണികൾ. വിരിച്ചിട്ട ചാക്കും ഒരു കഷ്ണം ടർപോളിൻ ഷീറ്റും. അതിനോട് ചേർന്ന് ഒരു സ്ത്രീയും! അറുപതിനടുത്ത് പ്രായം കാണും. ചിലപ്പോൾ അതിനെക്കാൾ പ്രായം കുറവായിരിക്കാം. നരച്ചു തുടങ്ങിയ അലസമായ മുടിയും അയഞ്ഞ വസ്ത്രവും അറുപതിനടുത്തെത്തിക്കുന്നതാകാം. 

തെരുവ് വിളക്കിനു ചുവട്ടിൽ, തന്നെ തട്ടി കടന്നു പോകുന്നവരെയൊന്നും വകവയ്ക്കാതെ അവർ ഖുർആൻ വായിക്കുകയാണ്. അവരുടെ പ്രായം ആ ഗ്രന്ഥത്തിനുമുണ്ടാവണം; ചില താളുകളൊക്കെ ചിതലെടുത്ത് പറിഞ്ഞുതുടങ്ങിയിട്ടുണ്ട്. 

സംസാരിക്കാൻ ശ്രമിച്ചു. മിണ്ടുന്നില്ല. തലയുയർത്തി ഒരു നോട്ടം. വീണ്ടും തല ചൊറിഞ്ഞ് വായനയിലേക്ക്. വീണ്ടുമൊരിക്കൽകൂടി ശ്രമിച്ചു. ഇത്തവണ അവ്യക്തമായ മറുപടി. പേരാണ് പറഞ്ഞത്; മനസ്സിലായില്ല. "വീടില്ലേ?" എന്ന ചോദ്യത്തിന് തൊട്ടപ്പുറത്തെ ചാക്ക് ചൂണ്ടിക്കാണിച്ചു. വായിക്കുന്നവരെ ശല്യപ്പെടുത്തരുതെന്നാണ്. പക്ഷേ മുത്തശ്ശിയുടെ പ്രായമുള്ള അവരോടു മിണ്ടാനൊരു ആഗ്രഹം. മനുഷ്യന്മാരോട് മിണ്ടിയും പറഞ്ഞുമിരുന്നതും അവരുടെ കഥകൾ കേട്ടതുമൊക്കെയാണല്ലോ ഒടുക്കം ബാക്കിയാവുന്നത്. പിന്നെയും ഓരോന്ന് ചോദിച്ചു. അവ്യക്തമായ സ്വരത്തിൽ അവരൊരു കഥ പറഞ്ഞു.

ബോംബെ മഹാനഗരത്തിൽ അവര്‍ക്കൊരു വീടുണ്ടായിരുന്നു. കൂട്ടിനൊരു കുടുംബവും. ഭർത്താവ് മരിച്ചതോടെ ജീവിതത്തിന്റെ ക്രമം തെറ്റി. പക്ഷേ തോറ്റുകൊടുക്കാതെ അവര്‍ മകനെ വളർത്തി. പക്ഷേ അതിനിടെയെപ്പോഴോ മകന്റെ വഴി മാറി. അവന്‍ ജയിലിലായി. അവിടെ, കഥയുടെ പാതിവഴിയിലെത്തിയപ്പോൾ അവർ കഥ നിര്‍ത്തി. വീണ്ടും മുഖം ഖുർആനിലേക്ക് താഴ്ത്തി. പിന്നീട് തിരിച്ചെത്തിയ മകന്‍ തന്നെ വീട്ടില്‍ നിന്നിറക്കിവിട്ടതു പറഞ്ഞ് കഥ പൂര്‍ത്തിയാക്കുമ്പോഴും അതിലേക്ക് തന്നെ നോക്കിയിരുന്നു.. തലയുയർത്തിയതേയില്ല. അപ്പോഴും തന്റെ മകനും കുടുംബത്തിനും നല്ലതു മത്രം വരുത്തണേ എന്ന് കണ്ണ് നിറച്ച് ദൈവത്തോട് തേടുന്നുണ്ടായിരുന്നു അവര്‍. കണ്ണട ശരിയാക്കി അവരെന്റെ നേരെ നോക്കി.

"എനിക്കിവിടെയൊരു കൂര പണിതു തരുമോ? - ഫൂട്പാത്തിലെ ചാക്കിന്റെ അതിരുകളിലേക്ക് വിരൽ ചൂണ്ടി അവര്‍ ചോദിച്ചു. എന്തു പറയണമെന്നറിയാതെ ഒന്ന് കണ്ണടച്ച് അവരെ നോക്കിയപ്പോഴേക്കും മറുപടിക്ക് കാത്തുനിൽക്കാതെ വീണ്ടും വായനയിലേക്ക് മടങ്ങിയിരുന്നു. ദിവസവും ഒരുപാട് പേരോട് അവര്‍ ഇങ്ങനെ ചോദിക്കുന്നുണ്ടാവും.

പാതി തെളിഞ്ഞും പാതി മറഞ്ഞുമുയർന്ന അവരുടെ സ്വരത്തിൽ വിഭ്രാന്തിയുടെ വേരുകളാഴ്ന്നിരുന്നു. സത്യമാണ്. പക്ഷേ അതിലൊരു നേരുണ്ടായിരുന്നു. വെറുംപറച്ചിലിനെക്കാളും, താളംതെറ്റിയ മനസ്സിനേക്കാളും മീതെ പൂത്തു നിൽക്കുന്ന, ഒരമ്മ മനസ്സിന്റെ നേര്.

തിരക്കില്‍ പാഞ്ഞുപോകുന്ന അനേകം കാലുകളിലൊന്നായി അവിടെ നിന്ന് അകലുമ്പോഴും അവരവിടെയിരുന്ന് വായിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് മുകളിലേക്ക് മുഖമുയർത്തി, കണ്ണട നേരെയാക്കി, പാതി പൊടിഞ്ഞ താളുകൾ ശ്രദ്ധയോടെ മറിച്ച് അവരിപ്പോഴും വായിക്കുന്നുണ്ടാവും. മകനു വേണ്ടി പ്രാർഥിക്കുന്നുണ്ടാവും...അല്ലേ?

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.