Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാസയും ബീഗവും - പ്രണയത്തിന്റെ ഗസല്‍ ലോകം

നസീല്‍ വോയ്‍സി
റാസയും ബീഗവും - പ്രണയത്തിന്റെ ഗസല്‍ ലോകം റാസയും ബീഗവും

ചില പാട്ടുകളുണ്ട്, ഒരൊറ്റത്തവണ കേള്‍ക്കുമ്പോഴേക്ക് മനസ്സിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങി നമ്മളു പോലുമറിയാതെ അവിടെ കൂടുകൂട്ടിക്കളയും. ഓരോ തവണ കേള്‍ക്കുമ്പോഴും ആ വരികളും അതിനു ജീവന്‍ പകര്‍ന്ന ശബ്ദവും നമുക്ക് പ്രിയപ്പെട്ടതാവും. മറന്നുവെന്ന് കരുതിയ മുഖങ്ങളോര്‍മിപ്പിച്ച്, മരിച്ചുപോയെന്നു കരുതിയ പ്രണയത്തിന്റെ കൈപിടിച്ച്, വറ്റിത്തീര്‍ന്ന കണ്ണുനീരിന്റെ നനവ് വീണ്ടും പടര്‍ത്തി...അങ്ങനെയങ്ങനെ ആ പാട്ടുകളിങ്ങനെ ജീവിക്കും, നമ്മെ ജീവിപ്പിക്കും. 

അങ്ങനെയുള്ള രണ്ടു പേരെക്കുറിച്ചാണ്, അവരുടെ പാട്ടുകളെക്കുറിച്ചാണ്. 'ഓമലാളെ നിന്നെയോര്‍ത്ത്...' എന്നു തുടങ്ങുന്ന ഒരൊറ്റ ഗാനത്തിലൂടെ സംഗീതപ്രേമികള്‍ക്ക് പ്രിയപ്പെട്ടവരായ റാസയെയും ബീഗത്തെയും കുറിച്ച്. ഗസലിന്റെയും ജീവിതത്തിന്റെയും വഴിയിലൊരുമിച്ചു നടക്കുന്ന അവരുടെ പ്രണയവും പാട്ടിന്റെ ഫിലോസഫിയും ജീവിതവുമെല്ലാം ഗസലു പോലെ മധുരമുള്ളത്, ചേര്‍ന്നു നില്‍ക്കുന്നതാണ്.

ഉമ്മയുടെ താരാട്ടുപാട്ടില്‍ നിന്നുതിര്‍ന്ന സ്വപ്നം

പെട്ടെന്നൊരു ദിവസം കൊണ്ടു പാട്ടുകാരനായതല്ല റാസ. നന്നേ ചെറുപ്പം തൊട്ടേ മനസ്സില്‍ കയറിക്കൂടിയ മോഹമാണ് പാട്ടുകാരനാവണമെന്ന്. അതായിരിക്കണം ജീവിതമാര്‍ഗമെന്ന്. റാസയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 'കൂടെപ്പിറപ്പുകള്‍ മതിയെന്നു പറഞ്ഞാലും ഉമ്മ താരാട്ടുപാട്ട് അവസാനിപ്പിക്കാന്‍ സമ്മതിക്കാത്ത വീട്ടിലെ ഇളയകുട്ടി'. ആ ഉമ്മയുടെ ചുണ്ടില്‍ നിന്നുതിര്‍ന്ന സംഗീതമായിരുന്നു എന്നും അവന്റെ സ്വപ്നം. അതുതന്നെയായിരുന്നു സംഗീതത്തിന്റെ ആദ്യപാഠവും

പക്ഷേ ജീവിത സാഹചര്യങ്ങളില്‍ പെട്ട് ആ വഴിയില്‍ നിന്നു മാറി നടക്കേണ്ടി വന്നു. സ്കൂള്‍ വേദികളില്‍, സുഹൃദ് സദസ്സുകളില്‍ മാത്രമായി പാട്ടുകളൊതുങ്ങി. നാലര വര്‍ഷത്തോളം പ്രവാസിയുമായി. പക്ഷേ പടച്ചോന്റെ ബുക്കില്‍ റാസയുടെ നിയോഗത്തിന്റെ നേരെ പാട്ടുകാരന്‍ എന്നായിരുന്നു കുറിച്ചിട്ടത്. അതോടൊപ്പം മറ്റൊരു പേരുമുണ്ടായിരുന്നു - ഇംതിയാസ് ബീഗം. പാട്ടുകാരിയെന്നതു മാത്രമായിരുന്നില്ല അവിടെ കുറിച്ചിട്ടത്, റാസയുടെ ജീവിതത്തിന്റെ അനുപല്ലവിയെന്നു കൂടിയായിരുന്നു.

raza-and-beegam-2

കഥകളും പാട്ടും പങ്കുവയ്ക്കാന്‍ ചേര്‍ന്നൊരു കൂട്ട് വേണമെന്ന തേടലിന്റെയൊടുവിലാണ് റാസയും ബീഗവും കണ്ടുമുട്ടുന്നത്. സംഗീതം തന്നെയാവണം ജീവിതമെന്ന് സ്വപ്നം കാണുന്ന രണ്ടു പേര്‍, മിണ്ടാനും പറയാനും പാടാനുമുള്ളത് പാട്ട്; പ്രണയിക്കാന്‍ മറ്റൊന്നും വേണ്ടായിരുന്നു. ജീവിതത്തില്‍ രണ്ടുപേരും ഒരുമിച്ചു നടന്നുതുടങ്ങി.

വഴിത്തിരിവായ ‘ഓമലാളേ നിന്നെയോർത്ത്..’

അപ്പോഴും പാട്ടുകള്‍ പരിമിതമായ ലോകത്ത് ഒതുങ്ങിനില്‍ക്കുകയായിരുന്നു. വേദികളില്ലാത്ത, സംഗീതം ജീവിതമാര്‍ഗമാവുമെന്നുറപ്പില്ലാത്ത കാലം. അങ്ങനെയിരിക്കെയാണ് സുഹൃത്തായ യൂനുസ് സലിം എഴുതിയ 'ഓമലാളെ നിന്നെയോര്‍ത്ത്...' എന്ന ഗാനത്തിന് റാസ സംഗീതം നല്‍കിയത്. റാസയും ബീഗവും ചേര്‍ന്ന് ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. അപ്രതീക്ഷിത വരവേല്‍പ്പായിരുന്നു ആ പാട്ടിന് ലഭിച്ചത്. കേട്ടവര്‍ കേട്ടവര്‍ പാട്ടു പങ്കുവച്ചു. ആ കാത്തിരിപ്പിന്റെ ഈണത്തില്‍ അലിഞ്ഞുചേര്‍ന്നു. മെഹ്ഫിലുകളുടെ, യാത്രകളുടെ തുടക്കമായിരുന്നു അത്.

ആര്‍ദ്രമായ പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും തലോടലുള്ള പാട്ടുകളാണ് റാസയും ബീഗവും പാട്ടുന്നതിലേറെയും. "ഹൃദയങ്ങളൊന്നാവും മധുമാസരാവില്‍ ഹൃദയേശ്വരിക്കെന്തേ പരിഭവമോ...", "എവിടെയോ ഒരാളെന്ന കാത്തിരിപ്പുണ്ടെന്നറിയുന്നതാണെന്റെ സ്വര്‍ഗം...", "കരയകലും കപ്പലു പോലെ പിരിയുകയാണീ ഇരുഹൃദയം..." എന്നിങ്ങനെയുള്ള ഓരോ പാട്ടും വേദികളിലും യൂടൂബിലും കേള്‍ക്കുന്നവരുടെ ഉള്ളും കണ്ണും നിറയ്ക്കുന്നു. വീണ്ടും വീണ്ടും എന്ന ആവശ്യവുമുയരുന്നു. വിദ്യാധരന്‍ മാഷിന്റെ സ്വരത്തില്‍ കേട്ടുപരിചയമുള്ള, പലവുരു അലിഞ്ഞു ചേര്‍ന്നിട്ടുള്ള  "മഴചാറുമിടവഴിയില്‍ നിഴലാടും കല്‍പ്പടവില്‍..." എന്ന പാട്ട് റാസയുടെ സ്വരത്തില്‍ മറ്റൊരു ലോകം തന്നെ തീര്‍ക്കുന്നു.

കേട്ടുമറക്കാത്ത പാട്ടുകളുടെയും പ്രിയപ്പെട്ട പാട്ടുകാരുടെയും പ്രചോദനമാണ് ഇത്തരം പാട്ടുകളെന്ന് പറയുന്നു റാസ.  "വിഷാദസ്വരങ്ങളുള്ള പാട്ടുകള്‍ മാത്രമേ കേള്‍ക്കാറുള്ളു എന്നൊന്നുമില്ല. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളും യേശുദാസിന്റെയും ബാലമുരളീകൃഷ്ണയുടെയുമെല്ലാം ക്ലാസിക്കുകളും ഒരുപോലെ ഇഷ്ടമാണ്. പക്ഷേ ബാബുക്കയുടെ, ജഗ്ജിത് സിങ്ങിന്റെ, ഉമ്പായിയുടെ, നജ്മല്‍ ബാബുവിന്റെ, ഷഹബാസ് അമന്റെ...അവരുടെയൊക്കെ പാട്ടുകള്‍ പാടുമ്പോള്‍ ശബ്ദത്തോടു കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന പോലെ. അതിനിത്തിരികൂടെ ജീവനുള്ളതു പോലെ തോന്നാറുണ്ട്. ആ പ്രചോദനം എന്റെ പാട്ടുകളിലേക്കും പടരുന്നുവെന്നേയുള്ളൂ. ഗസിലിനോടുള്ള ഇഷ്ടക്കൂടുതല്‍ തന്നെയാവണമത്". സ്വാധീനിച്ചവരുടെ പട്ടികയില്‍ തൃശൂര്‍ക്കാരനായ ഫിലിപ് ബി ഫ്രാന്‍സിസ് എന്ന പാട്ടുകാരനെ പ്രത്യേകമോര്‍ക്കുന്നുണ്ട് റാസ. "അസാധ്യ പ്രതിഭയായിരുന്നു. പക്ഷേ പാടിമുഴുമിപ്പിക്കും മുന്‍പേ ഈ ലോകത്തോട് വിടപറഞ്ഞു..." 

raza-and-beegam

തലത്ത് മഹ്മൂദ്, ഗുലാം അലി, റാഫി, മുകേഷ് പ്രിയപാട്ടുകാരുടെ പട്ടിക നീണ്ടതാണ്. എങ്കിലും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പാട്ടുകാരനാരാണെന്ന ചോദ്യത്തിന് ഒരൊറ്റയുത്തരമേയുള്ളു റാസക്ക് - അത് മെഹ്ദി ഉസ്താദെന്നാണ്. മെഹ്ദി ഹസനെന്ന ഗസല്‍ ചക്രവര്‍ത്തിയുടെ ജീവിതവും സംഗീതവും ഒരുപോലെ ഊര്‍ജം പകരുന്നുണ്ട് റാസയുടെയും ബീഗത്തിന്റെയും സംഗീതപ്രയാണത്തിന്.  

ഒരുമിച്ചൊരു പുഴ പോലെ, ഗസല്‍ പോലെ

ജീവിതയാത്രയില്‍ ഉടനീളം ഒരുമിച്ച് എന്നത് വെറുമൊരു പറച്ചിലല്ല റാസക്കും ബീഗത്തിനും. അക്ഷരാര്‍ഥത്തില്‍ അതങ്ങനെത്തന്നെയാണ്. മെഹ്ഫിലുകളിലും യാത്രകളിലും ഒരുമിച്ചാണ് ഈ പാട്ടുകാര്‍. കൂടെ മകളുമുണ്ട്. പാടുന്ന പാട്ടുകളുടെ പ്രണയവും നൊമ്പരവും ആഴവും തൊട്ടടുത്തിരിക്കുന്ന പ്രണയിയില്‍ കാണുന്നതു കൊണ്ടു തന്നെയാവണം ഇവരോടൊപ്പം പ്രായഭേദമന്യേ എല്ലാവരും ഗസലില്‍ അലിഞ്ഞുചേരുന്നത്. പ്രണയമുറ്റുന്ന മെഹ്ഫിലുകള്‍ക്കിടയില്‍ റാസയെ നോക്കുന്ന ബീഗത്തിന്റെ കണ്ണുകളിലും സ്വരത്തിലും തുളുമ്പുന്ന പ്രണയം വേദികളിലേക്കും ഹൃദയങ്ങളിലേക്കും ഓര്‍മകളിലേക്കും നിയോണ്‍ വെളിച്ചം പോലെ പടരുന്നത്. 

കടല്‍ ദൂരമകലെ നിന്ന് റാസയെയും ബീഗത്തെയും അവരുടെ പാട്ടുകളെയും കുറിച്ച്  ഈ കുറിപ്പെഴുതുമ്പോഴും കഴിഞ്ഞ രാത്രികളിലെപ്പോഴോ കേട്ട അവരുടെ സ്വരം ഉള്ളിലിങ്ങനെ അലതല്ലുന്നുണ്ട് "....അകലെ നിന്നെത്തിയ കുളിരുള്ള തെന്നല്‍  ആര്‍ദ്രമായ് പാടുന്നു ഗസലിന്റെ ഈണം...". അതെ, ദൂരവും സംവത്സരങ്ങളും കടന്ന് ഉള്ളില്‍ ബാക്കിയാവുന്ന അലകളാണ് ചില ഗസലുകള്‍, ചിലയോര്‍മകള്‍.