Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിനുമോൾക്ക് കിട്ടിയ ‘കിസ്‍’മസ്

വിനോദ് നായർ
Author Details
Penakathy ഓരോ പാട്ടുസംഘത്തിലെയും ക്രിസ്മസ് പാപ്പയെ കാണുമ്പോൾ ലിനു മോൾ മെല്ലെ പിന്നോട്ടൊന്നു മാറിനിൽക്കും, ചുണ്ടിൽ പണ്ടു പറ്റിയ പഞ്ഞിച്ചിരിയോടെ..

കാരൾ സംഘം പോയിക്കഴിഞ്ഞതോടെ രാത്രിയുടെ ആകാശത്തും ഭൂമിയിലും വിശുദ്ധമായ ശാന്തി നിറഞ്ഞു. മഞ്ഞിന്റെ വെൺപ്രാവുകൾ പറന്നു.

മുറ്റത്തെ പൈൻമരത്തിൽ കുസൃതിക്കുട്ടികളെപ്പോലെ ഓടിക്കയറിയും ഇറങ്ങിയും കളിക്കുന്ന അലങ്കാര ബൾബുകളുടെ ചുവപ്പ്, നീല നിറം കിടപ്പുമുറിയിലേക്കു കയറി വന്ന നാടകീയ മുഹൂർത്തത്തിൽ സണ്ണി മാങ്കൂട്ടം ലിനു മോളോടു ചോദിച്ചു.. എടീ.. നിനക്കോർമയുണ്ടോടീ ?

എന്താ സണ്ണിച്ചായാ.?

അന്ന് ക്രിസ്മസ് പാപ്പയുടെ വേഷത്തിൽ ഞാൻ വന്ന് ആരും കാണാതെ നിനക്ക് ഉമ്മ തന്നത്.. !

ഉവ്വ്.. ഉവ്വേ... അന്ന് എന്റെ അപ്പച്ചൻ ചൂരൽ വടി കൊണ്ട് നല്ല അടി തരാഞ്ഞത് ഈശോന്റെ കൃപ ! 

സണ്ണിച്ചൻ ചിരിയോടെ ലിനുമോളോടു ചോദിച്ചു.. അതുപോലെ ഒന്നൂടെ തരട്ടേടീ. ലിനുക്കൂട്ടീ ?

മണിമലയാറിന്റെ തീരത്ത്, മാങ്കൂട്ടം തറവാട്ടിൽ ഈയിടെ ഒരു തണുത്ത വെളുപ്പാൻ കാലത്ത് സംഭവിച്ചതാണിത്. 

ഈ കഥയിൽ രണ്ട് ഉമ്മകളാണ് ഉള്ളത്.  ഒന്ന് സണ്ണി അന്ന് കൊടുത്തത്. പിന്നെ അൽപം മുമ്പ് കിടപ്പുമുറിയിൽ വച്ച് കൊടുത്തത് !

ആദ്യത്തേത്  50 വർഷം മുമ്പാണ്. അന്ന് സണ്ണി കെ ചെറിയാൻ  സ്കൂൾ വിദ്യാർഥിയാണ്. എല്ലാ ക്ളാസിലും കണക്കിനു പിന്നോട്ടായതോടെയാണ് സണ്ണിയെ വീട്ടുകാർ ജേക്കബ് കുര്യൻ സാറിന്റെ വീട്ടിൽ ട്യൂഷനു വിട്ടത്.  ജേക്കബ് കുര്യൻ കാരാട്ട് കണക്കിനു പേരുകേട്ട അധ്യാപകൻ മാത്രമല്ല, സ്കൂളിലെ ഹെഡ്മാസ്റ്ററും പഞ്ചായത്തു മെംബറുമാണ്. 

സണ്ണി ആദ്യം ട്യൂഷനു പോകുന്നത് അഞ്ചാം ക്ളാസിൽ പഠിക്കുമ്പോഴാണ്. അന്ന് ലിനു മോൾ കുര്യൻ ബാലരമയാണ്. പിന്നയവൾ വനിത വായിക്കാൻ തുടങ്ങിയപ്പോഴേക്കും സണ്ണി പത്താംക്ളാസിലായി.  അതിനിടെയിലെപ്പോഴോ അവർ രണ്ടു പേരും ഒരു സൂത്രവാക്യത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള അക്കങ്ങളായി. നല്ല പ്രണയത്തിലായി.

കണക്കിന് ഒരു കുഴപ്പമുണ്ട്. കൂട്ടിയാലും കുറച്ചാലും ശിഷ്ടം വന്നില്ലെങ്കിൽ അധ്യാപകന്റെ ശ്രദ്ധയിൽപ്പെടില്ല.  അതുകൊണ്ടു തന്നെ സണ്ണിയുടെയും ലിനുമോളുടെയും  പ്രണയം ലിനുവിന്റെ ഡാഡിയായ ജേക്കബ് കുര്യൻ സാർ അറിഞ്ഞില്ല. 

അങ്ങനെയിരിക്കെ പാട്ടും കൂത്തുമായി ക്രിസ്മസ് വന്നു. 

ക്രിസ്മസിന്റെ തലേന്ന് വൈകിട്ട് ട്യൂഷൻ ക്ളാസിൽ ജേക്കബ് കുര്യൻ സാർ സണ്ണിയെ പഠിപ്പിച്ചത് കണക്കു പുസ്തകത്തിലെ നാലാം അധ്യായത്തിലെ ലസാഗുവായിരുന്നു. 

സന്ധ്യയ്ക്ക് ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ സണ്ണിയുടെ മുന്നിലേക്ക് അടുക്കളയിൽ നിന്ന് ആരും കാണാതെ ലിനു മോൾ പറന്നിറങ്ങി.. ഇനിയെപ്പോഴാ കാണുന്നെ ?

സണ്ണി പറഞ്ഞു..  ഇന്നു രാത്രി ക്ളബിലെ കരോൾ ടീമിൽ ഞാനും ഉണ്ടാകും. നീ ഉറങ്ങരുത്. 

അവൾ പറഞ്ഞു..  ഉറങ്ങാതിരിക്കാം. എനിക്ക് എന്നാ സമ്മാനം തരും ? 

സമ്മാനമൊക്കെ തരാമെന്നേ... എന്നു പറഞ്ഞ് ഇറങ്ങിപ്പോകുമ്പോൾ സണ്ണി  ഒരുകൂട്ടം കൂടി അവളോടു പറഞ്ഞു.  നിന്റെ ചേച്ചിയുടെ ഇളയ മോളില്ലേ, ടിന്റുമോൾ.. കരോളു കാണാൻ വരുമ്പോൾ അവളേംകൂടെ എടുത്തോണ്ടു വന്നോണം. എന്നാലേ സമ്മാനം തരൂ.. 

പാഞ്ഞു പോയ സണ്ണിച്ചന്റെ ബിഎസ്എ സൈക്കിളിന്റെ മ്യൂസിക്കൽ ബെൽ നീട്ടിപ്പാടി.. ഡിങ് ഡോങ് ഡിങ്.. ‍ഡിങ് ഡോങ് ഡിങ് !

പിന്നെ മണിയടിച്ചത് പാതിരാത്രിയിൽ കരോളുകാരായിരുന്നു. ഉറക്കം വിട്ടുണർന്ന് ലിനുമോളുടെ തറവാട് ആയിരംവാട്ട് വെട്ടത്തിൽ ചിരിച്ചു. 

വീട്ടിലുള്ള എല്ലാവരും ഇറങ്ങി വന്നു, കരോളു കാണാൻ. രണ്ടു വയസ്സുള്ള ടിന്റുമോളെയും ഒക്കത്തെടുത്ത് ലിനുമോളും വന്നു, മുറ്റത്തേക്ക്..

രാജാക്കന്മാരുടെ രാജാവേ പാടി.

ശാന്തരാത്രി.. തിരുരാത്രി പാടി..

യേശു പിറന്നു.. ഉണ്ണി യേശു പിറന്നു..

കരോൾ പാട്ടിനൊപ്പം ഡാൻസ് ചെയ്തിരുന്ന സംഘത്തിൽ നിന്ന് ഒരു ചുവന്ന ബലൂൺ തെറിച്ചു വീണതുപോലെ സാന്റാ അപ്പൂപ്പൻ ടിന്റുമോളുടെ മുന്നിൽ വന്ന് ഡാൻസ് ചെയ്യാൻ തുടങ്ങി.  ബലൂൺ കെട്ടിയ വടി കുലുക്കി, തൊപ്പിയും പഞ്ഞിത്താടിയുമുള്ള തലയാട്ടി, മിഠായി നീട്ടി ഡാൻസ് ചെയ്യുന്നതിനൊപ്പം ക്രിസ്മസ് പാപ്പാ കൊടുത്തു ലിനുമോളുടെ ഒക്കത്തിരുന്ന ടിന്റുമോൾക്ക് ഒരുമ്മ !

എല്ലാവരും കൈയടിച്ചു.  ആരും കാണാതെ ലിനുമോൾ മാത്രം മുഖം തുടച്ചു. 

ലിനുമോളുടെ ചുണ്ടിൽ പറ്റിയിരുന്നത് ക്രിസ്മസ് അപ്പൂപ്പന്റെ പഞ്ഞിത്താടി ! പ്രണയത്തിന്റെ അപ്പൂപ്പൻ താടി !

കാറ്റു കുറഞ്ഞ ബലൂൺ പോലെ തല അങ്ങോട്ടുമിങ്ങോട്ടും ആടുന്നതിനിടെ ഉറക്കത്തിൽ ടിന്റു മോൾ ഒന്നും അറിഞ്ഞതേയില്ല. അവൾക്കന്ന് പ്രായം രണ്ടു വയസ്സ് !

പിന്നെയെത്ര ക്രിസ്മസും കാരളും വന്നു. 

ഓരോ പാട്ടുസംഘത്തിലെയും ക്രിസ്മസ് പാപ്പയെ കാണുമ്പോൾ ലിനു മോൾ മെല്ലെ പിന്നോട്ടൊന്നു മാറിനിൽക്കും, ചുണ്ടിൽ പണ്ടു പറ്റിയ പഞ്ഞിച്ചിരിയോടെ.. !

 Read more: Lifestyle Malayalam Magazine, Beauty Tips in Malayalam