Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹടയോഗ: ഒരു തങ്കശ്ശേരി മോഡൽ

വിനോദ് നായർ
Penakathy

സെൽഫിയെടുക്കാൻ വെറൈറ്റിയുള്ള എന്തു കിട്ടുമെന്ന് കരുതി അതിരാവിലെ കിരൺ അയ്യമ്പിള്ളി എന്ന ചെറുപ്പക്കാരൻ തങ്കശ്ശേരി ബീച്ചിലൂടെ നടക്കുമ്പോഴാണ് ഒരാൾ വെളിക്കിറങ്ങുന്നതു കണ്ടത്.

നല്ല പോസ് !

പുകവലിയുടെ ചുരുളുകൾ. ഒരാൾ കടലിലേക്കു നോക്കി ചിന്താവിഷ്ടനായി ഇരിക്കുന്നു.

കൈലിയുടുത്തിരിക്കുന്നതിനാൽ അശ്ളീലം ഒട്ടുമില്ല.

കിരൺ മെല്ലെ അടുത്തു ചെന്നപ്പോൾ അയാൾ ചോദിച്ചു.. എന്താ തോന്നുന്നുണ്ടോ ?

കിരൺ പറഞ്ഞു.. ഉണ്ട്.

എന്നാൽ അപ്പുറത്തേക്ക് ഇരുന്നോ..

അയ്യേ.. അതിനല്ല.. എന്ന് അയ്യമ്പിള്ളി.

അയാൾ ചോദിച്ചു.. പിന്നെന്തിനാ ?

സെൽഫിയെടുക്കാൻ.. 

അയാൾ ഒന്ന് മുറുക്കിപ്പിടിച്ചിട്ട് അയവു വന്ന ആശ്വാസത്തിൽ ചിരിച്ചു..  രണ്ടും ഒരുപോലെയാ.. ഇടയ്ക്കിടെ തോന്നും. സാധിച്ചില്ലെങ്കിൽ ഒരു വീർപ്പുമുട്ടലാ..

അയാൾ ബലംപിടുത്തം തുടർന്നു.  മുഖത്ത് ചെറിയ തിരയിളക്കം. ആശ്വാസം, ബലംപിടുത്തം, ആശ്വാസം, ബലംപിടുത്തം. അയയുന്നു, മുറുകുന്നു, വീണ്ടും അയയുന്നു, മുറുകുന്നു..

അതിരാവിലത്തെ കടൽ, കടൽ തിന്നു തീർത്ത് എല്ലുകൾ മാത്രമായ പഴയ ഒരു കപ്പലിന്റെ അസ്ഥികൂടം, അകലെയെവിടെയോ മഴ, ഉദിക്കാൻ മടിച്ചു നിൽക്കുന്ന സൂര്യൻ, അന്തരീക്ഷത്തിന് ബാംഗ്ളൂർ ഡേയ്സിലെ നസ്രിയയുടെ കവിളിന്റെ ഇളം റോസ് ടോൺ.... 

കിരൺ മൊബൈൽ ഫോൺ ക്യാമറയിലൂടെ നോക്കി ക്ളിക്ക് ചെയ്തു..  ആഹാ.. നല്ല ഫ്രെയിം. !

അയാൾ കിരണിനോടു ചോദിച്ചു.. എടുത്തോ? സംഭവം ക്ളിയറായി കിട്ടിയോ ? എങ്കിൽ എടുക്ക് ഒരു അഞ്ഞൂറ്.. 

കിരൺ‌ സംശയിച്ചു നിൽക്കുമ്പോൾ അയാൾ പറഞ്ഞു.. ഇന്നലെ രാവിലെ ഇതേ നേരത്ത് ഒരു ജർമൻകാരി പെണ്ണു വന്ന് കുറെ നേരം നോക്കി നിന്നിട്ടു ചോദിച്ചു, എന്തു ചെയ്യുവാ ? ഞാൻ പറഞ്ഞു..  ഹടയോഗ !  അവർ ആദ്യം കാണുവാ ഈ പരിപാടി.. ​​ ഫന്റാസ്റ്റിക്... !  എനിക്കും ട്രൈ ചെയ്യാൻ പറ്റുവോ എന്നായി ആ പെണ്ണിന്റെ ചോദ്യം. 

കിരൺ ചിരിച്ചു.. എന്നിട്ട് ചേട്ടൻ എന്തു പറഞ്ഞു.. ?

പാസ്പോർട്ടിൽ അക്കാര്യം പ്രത്യേകം ചേർത്താലേ പറ്റൂന്നു പറഞ്ഞപ്പോൾ അവരും കൂടെ നിന്നൊരു സെൽഫിയെടുത്തു. ആയിരം രൂപയും തന്നിട്ടു പോയി. 

കിരൺ പറഞ്ഞു.. നമിച്ചു.. എന്നാലും ചേട്ടൻ ഈ ചെയ്യുന്നത് ഒരു തെറ്റല്ലേ.. ? 

അയാൾ ചോദിച്ചു.. ആണോ?

കിരൺ പറഞ്ഞു.. അതെ.. സ്വച്ഛ് ഭാരത് എന്നു ചേട്ടൻ കേട്ടിട്ടില്ലേ.. ? ചേട്ടന്റെ വീട്ടിൽ കക്കൂസ് ഇല്ലേ.. ?

അയാൾ പറഞ്ഞു.. ഉണ്ട്. എന്താ വരുന്നോ?

കിരൺ ചമ്മി. അയാൾ തുടർന്നു..  എന്റെ വീട്ടിൽ ആറു പേരുണ്ട്. അമ്മ തിണ്ണേന്നു വീണ് വയ്യാണ്ടു കിടപ്പാ..  ഇടയ്ക്കിടെ മൂത്രം പോകും. ആരും അറിയത്തില്ല. പിന്നെ രാവിലെ കോളജിൽപോകുന്ന രണ്ടു പെങ്ങന്മാരുണ്ട്. ഒരു ടോയ് ലെറ്റേയുള്ളൂ. എനിക്ക് ആവശ്യം വരുമ്പോളൊക്കെ അതു ഭയങ്കര ബിസിയാ...  അതൊക്കെ പോട്ടെ, ഇയാളെവിടാ താമസം?

കിരൺ കൈചൂണ്ടി.. ദോണ്ടെ, ആ ഹോട്ടലിൽ..

അവന്മാരുടെ കക്കൂസിന്റെ കുഴലൊക്കെ ഇങ്ങോട്ടു തന്നെയാണെന്നറിയാവോ തനിക്ക് ? 

ഉത്തരം പറയാൻ പറ്റിയില്ല. അതിനു മുന്നെ അയാളിൽ നിന്നു വന്നത് ഒരു തെറിയായിരുന്നു. 

ഒരു വലിയ തിരവന്ന് കിരൺ അയ്യമ്പിള്ളിയെ കടലിന്റെ ഉള്ളിലേക്ക് എടുത്തുകൊണ്ടു പോയി. കുളിപ്പിച്ച് ശുദ്ധിയാക്കി തീരത്തു കൊണ്ടു വച്ചത് ഒരു കടലാമയെ. അതാവട്ടെ നാണം കൊണ്ട് തല പോടിനുള്ളിലേക്ക് വലിച്ചിരുന്നു !