Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെ വളർത്തണോ മകളെ...?

വിനോദ് നായർ
Author Details
girl-at-village

കാവിലെ പൂരത്തിന് നാലാന !

തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്, മംഗലശ്ശേരി നീലകണ്ഠൻ‌, ആനക്കാട്ടിൽ ചാക്കോച്ചി, വാളയാർ പരമശിവം. ഉൽസവത്തിന്റെ നോട്ടീസിൽ നോക്കി ആനപ്പേരുകൾ വായിച്ചിട്ട് അച്ഛൻ ചോദിച്ചു..  ഇവരിൽ ആരെയാണ് മോൾക്കിഷ്ടം ? 16 വയസ്സുള്ള മകൾ പറഞ്ഞു.. എഴുന്നള്ളത്തിന് മംഗലശ്ശേരി നീലകണ്ഠൻ, ആൽത്തറ മേളത്തിനൊപ്പം തലകുലുക്കി കുറുമ്പു കാണിക്കാൻ വാളയാർ പരമശിവം !

അങ്ങനെയൊരു ദിവസം പൊട്ടുകുത്തി, കമ്മലിട്ട്, സെറ്റുടുത്ത്, പൂചൂടി അമ്പലപ്പറമ്പിൽ ഉൽസവം വന്നു.  ശബ്ദവും വെളിച്ചവും കൊടിയേറി. ഒരു കണ്ണിൽ പ്രാർഥനയും മറുകണ്ണിൽ പ്രണയവുമായി മേളം മുറുകി. നിറങ്ങൾ ആറാടി. 

പള്ളിവേട്ടയുടെ അന്ന് പാതിരാത്രിയിൽ ഗാനമേള കേട്ട് ഡാൻസു കളിച്ചു ക്ഷീണിച്ച അമ്പലപ്പറമ്പ് കടലാസു കഷണങ്ങൾ വിരിച്ച് ഉറങ്ങുന്ന നേരത്ത്, ഉച്ചയ്ക്ക് അച്ഛൻ മകളെയും കൂട്ടി ആനകളെ കാണാൻ പോയി. 

അമ്പലമുറ്റത്തിനു പുറത്തുള്ള വലിയ റബർ തോട്ടത്തിൽ ആനകൾ വിശ്രമിക്കുന്നു. 

അച്ഛനെയും മകളെയും കണ്ട് ആനക്കാർ അടുത്തുകൂടി: മോൾക്ക് ആനയെ തൊടണോ, സെൽഫി എടുക്കണോ ? 

അച്ഛൻ പറഞ്ഞു.. ഇതൊന്നുമല്ല, ഇവളെ ആനപ്പുറത്തു കയറ്റണം. 

മകളൊന്നു ഞെട്ടി !

പച്ച സാരിയുടുത്ത നായികയെ എടുക്കുംപോലെ പനമ്പുപട്ട എടുത്തുയർത്തുന്ന കൊമ്പനാനകളെ ചൂണ്ടി അച്ഛൻ മകൾക്കു ധൈര്യം കൊടുത്തു... ഇവനാണ് നീ പറഞ്ഞ മംഗലശ്ശേരി നീലകണ്ഠൻ ! 

പാപ്പാൻ പറഞ്ഞു.. സ്നേഹമുള്ളവനാണ്. കുട്ടിയാനയുടെ മനസ്സാണ്.  ഒരു ഉറുമ്പിനെപ്പോലും നോവിച്ചിട്ടില്ല. മോൾ ഒന്നും പേടിക്കണ്ട. ധൈര്യായിട്ട് കേറിക്കോ.. !

ആനപ്പുറത്തു കയറുന്നതിനു ചില ആചാരങ്ങളുണ്ട്. പാപ്പാന് ദക്ഷിണ കൊടുക്കണം. ആനയുടെ മുന്നിൽ ചെന്നു നിന്ന് പഴം നീട്ടിക്കൊടുക്കണം.  കണ്ണിൽ നോക്കി ആനയുടെ പേരുവിളിക്കണം. എന്നിട്ട് സ്നേഹത്തോടെ ആനയോടു രണ്ടുവാക്കു പറയണം. അതു കേട്ടാൽ ആനയുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ പൊടിയും. അതു കരയുന്നതല്ല, ആന ചിരിക്കുന്നതാണ്. 

ഇംഗ്ളീഷിൽ പറഞ്ഞാൽ മതിയോ എന്നു മകൾ സംശയിക്കെ പാപ്പാൻ പറഞ്ഞു,..  ഏതു ഭാഷയിൽ പറഞ്ഞാലും സ്നേഹം ആനയ്ക്കു മനസ്സിലാകും.

അവൾ ആനയോടു പറഞ്ഞു.. യു ആർ റിയലി അമേസിങ് !  യു റോക്ക് ! ലവ് യു !

കൊമ്പൻ കുട്ടികളെപ്പോലെ തലകുനിച്ചു.  അവളെ തെച്ചിപ്പൂങ്കുല പോലെ തലയിൽച്ചൂടി. ചെവിയാട്ടി, വാലാട്ടിത്തുമ്പിയാട്ടി, ഉടലിളക്കി, കാൽച്ചങ്ങല കിലുക്കി, ഡാൻസ് കളിച്ച് ആന അവളെ രസിപ്പിച്ചു. 

പാപ്പാൻ പറഞ്ഞു.. ഇടത്തിയാനേ...

ആന ഇടത്തേക്കു തിരിഞ്ഞു.. അവൾ ആനപ്പുറത്തിരുന്ന് അമ്പലമുറ്റവും പരിസരങ്ങളും മുഴുവൻ കണ്ടു.  എന്തു രസമുള്ള കാഴ്ച ! പതിവായി അനപ്പുറത്തു യാത്ര ചെയ്യുന്ന ദേവന്മാരോടും ദേവിമാരോടും അവൾക്കു കുശുമ്പു തോന്നി. 

പാപ്പാൻ പറഞ്ഞു.. വലത്തിയാനേ..

ആന വലത്തേക്ക്. നാലു മതിലുകൾക്കപ്പുറം അവൾ സ്വന്തം വീടുകണ്ടു. അവിടെ മുറ്റത്ത് ഉണങ്ങാൻ വിരിച്ചിട്ട തുണികൾ അവളെ നോക്കി കൈയാട്ടി കളിയാക്കി ചിരിച്ചു. 

അവൾ വിളിച്ചു പറഞ്ഞു: താങ്ക് യു ആനേ, താങ്ക് യു പാപ്പാൻ അങ്കിൾ  !

അവളുടെ സന്തോഷം കണ്ട് അച്ഛൻ‌ ഒന്നു രണ്ടു നിമിഷം ആഹ്ളാദത്തിൻകൊമ്പിൽത്തൂങ്ങിയാടി. 

തിരിച്ചു പോരുമ്പോൾ ആനവാലിലൊരെണ്ണം കൂടി അയാൾ വാങ്ങി. സ്വർണത്തിന്റെ ഒരു ചെയിനുണ്ടാക്കി അതിൽ ആനവാൽ ചുറ്റി മകളുടെ കൈയിൽ അണിയിക്കണം. 

അന്നു രാത്രി നാലോ അഞ്ചോ തലയിണകൾക്കു മുകളിൽ ആനകളിച്ചിട്ടാണ് മകൾ ഉറങ്ങിയത്. മകൾ ഉറങ്ങിക്കഴിഞ്ഞ നേരത്ത് ഭാര്യ അയാളോടു ചോദിച്ചു...  അവളെ എന്തിനാ ആനപ്പുറത്തു കേറ്റിയത് ?

അച്ഛൻ പറഞ്ഞു.. എടീ, നിനക്കറിയാമോ, ഞങ്ങൾ ആണുങ്ങൾക്കിടയിലുമുണ്ട് ആനയും കടുവയും കുറുക്കനും കാട്ടുപോത്തുമൊക്കെ. അവരെ നേരിടാനുള്ള വഴികൾ അവൾ അറി‍ഞ്ഞിരിക്കണം. 

ഇതൊക്കെ അവൾക്കു മനസ്സിലാകുമോ, അവൾ കൊച്ചുകുട്ടിയല്ലേ ? എന്നായി അമ്മയുടെ സംശയം.

ഇപ്പോഴത്തെ പെൺകുട്ടികൾക്ക് പ്രായത്തെക്കാൾ  ബുദ്ധിയുണ്ട് എന്ന് അച്ഛൻ.

അതുകൊണ്ടാണ് അവർ അബദ്ധങ്ങളിൽച്ചെന്നു ചാടുന്നതെന്ന് ഉപ്പിലിട്ടതുപോലെ അമ്മ. 

രണ്ടു പേരും ചിരിച്ചു. ആ ചിരിയിൽ പിറ്റേന്നത്തെ സൂര്യനുദിച്ചു.

ഒരു ദിവസം മഴ പെയ്തു തോർന്ന നേരത്ത് അച്ഛൻ മകളെയും കൂട്ടി പറമ്പിലൂടെ നടന്നു.  രണ്ടാളും ചെരിപ്പിട്ടിരുന്നില്ല.  മുത്തശ്ശനും മുത്തശ്ശിയും അലിഞ്ഞു ചേർന്ന മണ്ണിന്റെ ഊർവരത പ്ളാസ്റ്റിക് ചെരിപ്പുകൾക്കു ചവിട്ടാനുള്ളതല്ല !

പ്ളാവിന്റെ ചുവട്ടിൽ വട്ടത്തിൽ വിരിച്ച പുള്ളിപ്പാവാട പോലെ തൊട്ടാവാടിച്ചെടി. നിറയെ നിറയെ പിരുപിരുപ്പൻ പൂക്കളും ഇലകളും !  ആടുകൾ ഇല്ലാത്ത കാലം തൊട്ടാവാടികളുടെ പൂക്കാലം !

അയാൾ മകളോടു ചോദിച്ചു..  നിനക്ക് ധൈര്യമുണ്ടോ, ഈ കുഞ്ഞിക്കാടിനു നടുവിലേക്ക്  ചാടാൻ, ..

മകൾ ഒന്നും ആലോചിക്കാതെ എടുത്തുചാടി.  തൊട്ടാവാടിച്ചെടികൾ പെട്ടെന്നു പ്രതികരിച്ചു.  കൂർത്ത മുള്ളുകൾ കൊണ്ട് അവളുടെ കാലുകൾ മാന്തിക്കീറി ! 

പാവം മകൾ.  രണ്ടു കാലിലും ചോര കൊണ്ടുള്ള വരകൾ കണ്ട് അവൾ കരയാൻ തുടങ്ങി.  

അന്ന് അച്ഛനോടു പിണങ്ങി മകൾ നേരത്തെ ഉറങ്ങി.  

അന്നു രാത്രി ഭാര്യ അയാളോടു ചോദിച്ചു.. എന്തിനാ നമ്മുടെ മകളെ വെറുതെ പറ്റിച്ചത്..?  പാവം കുട്ടി !  കാലു മുഴുവൻ മുറിഞ്ഞു..

അച്ഛൻ പറഞ്ഞു....  സാരമില്ല.. എന്തെങ്കിലും കേട്ടാലുടൻ എടുത്തു ചാടരുതെന്ന് അവൾ പഠിച്ചു കാണും.  പേരു തൊട്ടാവാടി എന്നായാലും ചോദിക്കാതെ തൊട്ടാൽ വിധംമാറുന്നതാവണം സ്വഭാവം എന്ന് അവൾ മനസ്സിലാക്കിയും കാണും. ഇനിയെന്തെങ്കിലും പറയാനുണ്ടോ എന്ന മട്ടിൽ അയാൾ പതിവുപോലെ ഭാര്യയുടെ ഫോട്ടോയിലേക്കു നോക്കി. അവിടെ എന്നുംകാണുന്ന അതേ ചിരിമാത്രം !

മകൾ കുട്ടിയായിരിക്കുമ്പോഴേ അയാളുടെ ഭാര്യ മരിച്ചതായിരുന്നു.  പിന്നെയെപ്പോഴും മകൾ അച്ഛന്റെ കൂടെയായിരുന്നു. അയാളുടെ നെഞ്ചിലേക്ക് കൈയെടുത്തു വച്ച് നെഞ്ചിൻകൂടിന്റെ മിടിപ്പ് ഒരൽപം പങ്കുവച്ചാലേ അവൾക്ക് ഉറങ്ങാൻ പറ്റുമായിരുന്നുള്ളൂ.. 

ഇന്നലെ അയാൾ മകളോട്  അതും പറഞ്ഞു.. ഇനി നീ തനിയെ ഒരു മുറിയിൽ കിടന്നുറങ്ങണം. സ്വപ്നങ്ങൾ കാണാൻ നിനക്ക് അതാണ് സൗകര്യം. 

ഞാൻ പേടിച്ചാലോ അച്ഛാ എന്നു മകൾ സംശയിക്കെ അയാൾ പറഞ്ഞു...  അമ്മയുടെ ഫോട്ടോ നിനക്കു കാണാൻ പാകത്തിനു മുറിയിൽ വച്ചിട്ടുണ്ട്. വാതിലിനു പുറത്ത് അച്ഛനുമുണ്ട്. 

തനിച്ചു കിടന്നുറങ്ങിയ പെൺകുട്ടിയെത്തേടി ഇരുട്ട് ആനപ്പുറത്തു കേറി വന്നു. അവൾക്കു പേടി തോന്നിയില്ല. ഉറക്കം അവളെ സ്വപ്നങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോയി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.