Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂവിന് പുതിയ പൂങ്കുന്നം !

വിനോദ് നായർ
Author Details
Penakathi അയാൾ പൂക്കൾ മോഷ്ടിക്കുന്ന വിരലുകൾ കൊണ്ട്, കള്ളനെപ്പോലെ ആ കൊലുസിൻ തുമ്പത്തെ മണികളിൽ ഒന്നു തൊട്ടു...

രാത്രിവണ്ടി പൂങ്കുന്നത്തെത്താൻ ഒന്നു കൂവിത്തീരുന്നത്ര നേരം കൂടി മതി.
പുലരുന്നേയുള്ളൂ. ആകാശത്തെ ആമ്പൽപ്പൂ കൊഴിയാറായില്ല.
ഉറങ്ങാൻ നേരം ആരോ പൊട്ടിച്ചെറിഞ്ഞ പൂമാല പോലെ നിലാവിന്റെ ഔട്ടറിൽ വളഞ്ഞു പുളഞ്ഞു സിഗ്നൽ കാത്തു കിടക്കുകയാണ് മലബാർ എക്സ്പ്രസ്.
പൂങ്കുന്നത്ത് ഇറങ്ങാനുള്ള യാത്രക്കാർ ട്രെയിനിന്റെ വാതിലിനരികിൽ മുട്ടി മുട്ടി നിന്നു. ചായ ചായ ചായേയ് എന്നു പാടി നടക്കുന്ന ചെറുക്കൻ ക്യൂ നിൽക്കുന്നവർക്കിടയിലൂടെ നുഴയുമ്പോൾ പറഞ്ഞു.. സിഗ്നൽ ആയിട്ടില്ല. പത്തു മിനിറ്റുകൂടി എടുക്കും പൂങ്കുന്നമെത്താൻ.. ഒരു ചായ കുടിക്കാൻ ടൈമുണ്ട്.

സ്റ്റേഷൻ അടുത്തതോടെ കംപാർട്ട്മെന്റിലെ ബഹളങ്ങൾ കേട്ടുണർന്ന ഒരു ചെറുപ്പക്കാരൻ പെട്ടിയുമെടുത്ത് റെഡിയായി നിന്നു. അയാൾക്കും പൂങ്കുന്നത്ത് ഇറങ്ങണം.
ചുറ്റുമുള്ള ബർത്തുകളിൽ വലിയ പഴംപൊരികൾ തുണിയിൽ പൊതിഞ്ഞ് അടുക്കി വച്ചതുപോലെ ആരൊക്കെയോ ഉറങ്ങിക്കിടക്കുന്നു. ചെറുപ്പക്കാരന്റെ മനസ്സിൽ ഒരു കുസൃതി മുളപൊട്ടി.. കാലുകളിൽ ഇക്കിളിയിട്ട് എല്ലാവരെയും ഉണർത്തിയാലോ ! പുതപ്പിനുള്ളിൽ മുഴുവൻ മൂടിപ്പൊതിഞ്ഞ് ഉറങ്ങുന്നവരുടെ കാലെവിടെ, തലയെവിടെയെന്ന് എങ്ങനെ കണ്ടുപിടിക്കും ?! എല്ലാവരുടെയും പുതപ്പു വലിച്ചെടുക്കാൻ തോന്നുന്നു ! എന്തായിരിക്കും പുകിൽ !

പണ്ടത്തെ കോളജ് ഹോസ്റ്റലിലെ രാത്രികൾ ഒരു ചിരിയായി അയാളുടെ ചുണ്ടിൽ പറ്റി.
ബോയ്സ് ഹോസ്റ്റലിലെ ഡോർമിറ്ററിയും ഇതുപോലെയായിരുന്നു. ഉറങ്ങാൻ പല തട്ടുകൾ. പെട്ടെന്ന് ഉറങ്ങുന്നവനും ഉറക്കം വരാത്തവനും ഉറങ്ങുംമുമ്പ് കവിത ചൊല്ലുന്നവനുമെല്ലാം അടുത്തടുത്ത തട്ടുകളിലാണ് കിടക്കുന്നത്. അതിന്റെ പ്രശ്നങ്ങളുണ്ട്. ആരെങ്കിലും നേരത്തെ ഉണർന്നുപോയാൽ പിന്നെ ഒരാളെയും ഉറങ്ങാൻ സമ്മതിക്കില്ല. സുപ്രഭാതം മാറ്റിച്ചൊല്ലിയോ, കാലിൽ ഇക്കിളിയിട്ടോ, ശൃംഗാര ഭാവത്തിൽ കൂടെക്കിടന്നോ... എന്തെങ്കിലുമൊക്കെ ചെയ്ത് എല്ലാവരെയും ഉണർത്തും.
ഇത് സ്ഥിരം കലാപരിപാടിയായതോടെ ഒരുത്തൻ കംപ്ളെയ്ന്റുമായി വാർഡന്റെ മുന്നിൽ ചെന്നു. അവനെ ഉറക്കത്തിൽ ശല്യപ്പെടുത്തരുതെന്ന് വാർഡന്റെ ഓർഡർ വന്നു. കാരണം ഉടുക്കുന്ന കൈലി അഴിച്ചു പുതച്ചാണ് അവൻ ഉറങ്ങിയിരുന്നത്. ഉണർത്തിയാൽ വെളിപ്പെടുന്നത് ആദിമ മനുഷ്യന്റെ അവതാരമാണ് !

ആരോ പിടിച്ചു കുലുക്കിയതോടെ ട്രെയിൻ മെല്ലെ ഇളകി നീങ്ങാൻ തുടങ്ങി. ബർത്തിൽ ഉറങ്ങിക്കിടന്ന ഒരു പെൺകുട്ടി ഇളക്കത്തിന്റെ അസ്വസ്ഥതയിൽ തിരിഞ്ഞു കിടന്നു. അവളുടെ കാലിൻ തുമ്പിലെ പുതപ്പ് തെന്നിമാറി.. കണങ്കാലിൽ കൊന്നപ്പൂത്താലി പോലെ സ്വർണ കൊലുസു തെളിഞ്ഞു.
പൂങ്കുന്നത്തിറങ്ങാൻ ക്യൂനിന്ന ചെറുപ്പക്കാരന്റെ കൺമുന്നിലാണ് പൂങ്കൊമ്പു തെളിഞ്ഞത്. കംപാർട്ട്മെന്റിലെ ഇളം നീല വെളിച്ചത്തിൽ അതു കണ്ട് അയാളുടെ ഉള്ളിലെ താഴ്‌വരകളിൽ മഞ്ഞുവീണു.

അയാൾ പൂക്കൾ മോഷ്ടിക്കുന്ന വിരലുകൾ കൊണ്ട്, കള്ളനെപ്പോലെ ആ കൊലുസിൻ തുമ്പത്തെ മണികളിൽ ഒന്നു തൊട്ടു.
മണികൾ കിലുങ്ങി. കാലുകളുടെ ഉടമ കാണുന്നുണ്ടോ ? ഇല്ല, അവളുടെ മുഖം പുതപ്പിനുള്ളിലാണ്. മറ്റാരെങ്കിലും ? ആരും കാണുന്നില്ല.
അയാൾക്കു കുസൃതി തോന്നി. മിഡിൽ ബെർത്തിൽ നിന്ന് പുറത്തേക്ക് ഒരൽപം ഊർന്നു കിടന്ന കാലുകളിലെവിടെയും തൊടാതെ, സൂക്ഷിച്ച്, ആ കൊലുസുമണികളിൽ രണ്ടോ മൂന്നോ തവണ കൂടി കളിയായി തൊട്ടു. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ നിഷ്കളങ്കനായി, പുഞ്ചിരി ഒളിപ്പിച്ചു നിന്നു.

തീവണ്ടി അതോടെ പൂങ്കുന്നത്തെത്തി. പിന്നിൽ നിന്നു വന്ന തിരക്കിന്റെ ഒഴുക്കിൽ ആ ചെറുപ്പക്കാരനും മുന്നോട്ടു തെറിച്ചു. അയാളെ പുലർ‌ച്ചെ പ്ളാറ്റ് ഫോമിലേക്ക് പ്രസവിച്ചിട്ടിട്ട് ട്രെയിൻ ഓടിക്കളഞ്ഞു. യൗവനത്തിലെ ആദ്യ വേനൽ മഴ കണ്ട് വിഭ്രമിച്ചുപോയ കണിക്കൊന്ന പിറ്റേന്ന് മൊട്ടിടുന്നതുപോലെയാണ് പെൺകുട്ടി കൊലുസണിയുന്നതെന്ന് എവിടെയോ വായിച്ചത് ഓർമിച്ച് അയാൾ പ്ളാറ്റ് ഫോമിലൂടെ നടന്നു.

ബർത്തിൽ കിടന്നിരുന്ന പെൺകുട്ടി മെല്ലെ പുതപ്പിൽ നിന്നു തലയുയർത്തി. അടുപ്പിൻ തട്ടിലെ പൂച്ചക്കുട്ടിയെപ്പോലെ പുതപ്പിന്റെ ഇളം ചൂടിൽ കുറെ നേരമായി ഉണർന്നു കിടക്കുകയായിരുന്നു അവൾ.
ഒരു ചെറുപ്പക്കാരൻ തന്റെ പാദസരങ്ങളിൽ തൊട്ടു നോക്കുന്നത് അവൾ കണ്ടിരുന്നു.
ഇന്റേണൽസ് കഴിഞ്ഞ് കോളജ് അടച്ച് വീട്ടിലേക്കു മടങ്ങുകയായിരുന്നു ആ പെൺകുട്ടി. പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ട്രെയിനിൽ കയറിയത്. വളരെ നേരത്തെ ബർത്തിൽ ചേക്കേറി. കുറെ നേരം കിടന്നുറങ്ങി. ഉണർന്നപ്പോൾ കണ്ടത് ഈ കാഴ്ച !

അവൾ കിടന്ന പൊസിഷനിൽ നിന്നു നോക്കിയാൽ അയാളുടെ മുഖം വ്യക്തമായി കാണാൻ പറ്റുമായിരുന്നില്ല. കണ്ടത് രണ്ടു വിരലുകളുടെ കുസൃതി മാത്രം !
അവൾ പാദസരങ്ങളെ അടുത്തു വിളിച്ചു ചോദിച്ചു.. അവൻ എന്താ നിങ്ങളോടു പറഞ്ഞത് ?
പാദസരങ്ങൾ ഒന്നും പറയാതെ ചമ്മലോടെ ചിരിക്കുക മാത്രം ചെയ്തു.
കാൽനഖങ്ങളിലെ പാതി ഇളകിയ നെയ്ൽ പോളിഷ് അപ്പോഴാണ് അവളുടെ കണ്ണിൽപ്പെട്ടത്. അവൾക്കു ചമ്മൽ തോന്നി. കാലുകൾ ഇത്രയും അടുത്തുനിന്ന് അയാൾ കാണണ്ടായിരുന്നു. അതിന് ആരാണ് അയാൾ ? മുഖം പോലും കാണാൻ പറ്റിയില്ല. ഇനി ഒരിക്കലും അയാളെ കാണാനും സാധ്യതയില്ല. കണ്ടാലും തിരിച്ചറിയാനും പോകുന്നില്ല. എവിടെ നിന്നോ വന്ന് ഒന്നോ രണ്ടോ നിമിഷങ്ങളിലെ കൗതുകം ബാക്കി വച്ച് എവിടെയോ ഇറങ്ങിപ്പോയ ഒരാൾ ! അയാളെക്കുറിച്ച് എന്തിനാണ് ആലോചിക്കുന്നത് ? അവൾ അവളെത്തന്നെ കളിയാക്കാൻ നോക്കി.

അവൾക്ക് അച്ഛനെയും അമ്മയെയും ഓർമ വന്നു. ആരെങ്കിലും കളിയാക്കിയാൽ അവൾ ആദ്യം ഓടിപ്പോയി ഒളിക്കുന്നത് അവരുടെ അടുത്താണ്.
ഉറങ്ങിക്കിടക്കുമ്പോഴാണ് അച്ഛനും അമ്മയും ചേർന്ന് ആദ്യമായി അവളുടെ കാലിൽ ആഭരണമണിയിച്ചത്. ഏഴാംക്ളാസിലെ പരീക്ഷ കഴിഞ്ഞ ദിവസമായിരുന്നു അന്ന്. അന്ന് അവൾ നേരത്തെ കിടന്നു. പതിവിനെക്കാൾ കൂടുതൽ കട്ടിയിൽ ഉറങ്ങി.
ഉണരുമ്പോൾ‌ രണ്ടുകാലിലും ചെറിയ ചെറിയ മണികൾ കിലുങ്ങിച്ചിരിക്കുന്നു. അതുകണ്ട് പൂത്തുലുഞ്ഞുപോയ അവൾ കട്ടിലിൽ നിന്നു നിലത്തേക്കും തിരിച്ചു കട്ടിലിലേക്കും ചാടാൻ തുടങ്ങി.

അന്ന് അച്ഛൻ അവളെ കുറെ കളിയാക്കി..
അമ്മ ചോദിച്ചു.. ഇഷ്ടപ്പെട്ടോ.. ?
അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു.. ഇല്ലല്ലോ..
പിന്നെ ആ ദിവസം മുഴുവൻ കാലുകൾ മുകളിലേക്കുയർത്തി തലകുത്തിയാണ് അവൾ നടന്നത്.
അമ്മ ചോദിച്ച അതേ ചോദ്യം ഇന്ന് ആ ചെറുപ്പക്കാരനും ചോദിച്ചാൽ താൻ എന്തു പറയുമെന്നോർത്ത് അവൾക്കു ചിരിപൊട്ടി.
തീവണ്ടി ഏതോ ചാലക്കുടിപ്പുഴ നീന്തിക്കടക്കുന്നതും കേട്ട് അവൾ ഉണർന്നു കിടന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.