Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാക്കാം, അപരന്റെ അന്തസ്സ്

subhadinam

പ്രൈമറി ക്ലാസ് മുറി. അജയ് ക്ലാസിലെ ഹീറോയാണ്. ഒരു ദിവസം അവന് ഒരബദ്ധം പറ്റി. അവന്റെ നിക്കർ നനഞ്ഞു. അറിയാതെ മൂത്രമൊഴിച്ചതാണ്. എഴുന്നേറ്റാൽ എല്ലാവരും അറിയും, കളിയാക്കും. അതുകൊണ്ട് അവൻ അവിടെത്തന്നെ ഇരുന്നു. വിഷമവും സങ്കടവുമുണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയുന്നില്ല. അപ്പോഴാണ് കൂട്ടുകാരൻ അനു അടുത്തെത്തിയത്. അവൻ കയ്യിൽ തുറന്നിരുന്ന വെള്ളക്കുപ്പി അജയ്‌യുടെ ദേഹത്തേക്കു തട്ടിയിട്ടു. ദേഹം മുഴുവൻ നനഞ്ഞ അജയ് അവിടെനിന്ന് എഴുന്നേറ്റു. അനുവിന് ടീച്ചറിന്റെ ശകാരവും കിട്ടി. വൈകുന്നേരം സ്കൂൾ ബസിൽവച്ച് അജയ് അനുവിനോടു ചോദിച്ചു. നീ ആ കുപ്പിയിലെ വെള്ളം മനഃപൂർവം എന്റെ ദേഹത്ത് ഒഴിച്ചതല്ലേ? അവൻ പറഞ്ഞു. അതേ, എന്റെ നിക്കറും പണ്ടു നനഞ്ഞിട്ടുണ്ട്. 

അഭിമാനത്തെക്കാൾ സംരക്ഷിക്കപ്പെടേണ്ടതായി മറ്റൊന്നുമില്ല. കാലങ്ങൾകൊണ്ടു പണിതുയർത്തിയ സ്വാഭിമാനത്തിന്റെ ചില്ലുകൂടാരത്തിലാണ് ഓരോ ജീവിതവും അതിന്റെ സൗന്ദര്യവും സുരക്ഷിതത്വവും കണ്ടെത്തുന്നത്. താൻപോലുമറിയാതെ ചില വിള്ളലുകൾ വീഴാം. തകർന്നുവീഴാൻ അനുവദിക്കരുത്, കണ്ടുനിൽക്കുന്നവർ. ഒരു നിമിഷംകൊണ്ടു തകർക്കപ്പെട്ട പലതും ഒരു ജന്മംകൊണ്ടു പോലും പുനർനിർമിക്കാനായെന്നു വരില്ല. 

സമാന അനുഭവങ്ങൾ ഉണ്ടായവരിൽനിന്നു മാത്രമേ, സഹാനുഭൂതിയും സന്ദർഭാനുസൃത ഇടപെടലും ഉണ്ടാകൂ. അന്യന്റെ സങ്കടങ്ങളിൽ കണ്ണീരൊഴുക്കുന്നവരല്ല, കണ്ണീരൊപ്പുന്നവരാണ് ക്രിയാത്മകമായി ഇടപെടുന്നവർ. കാഴ്‌ചക്കാർക്കു വികാരങ്ങൾ പ്രകടിപ്പിച്ചാൽ മതി; കർമനിരതരാകേണ്ട. വിലാപംകൊണ്ട് ഒരു പ്രതിസന്ധിക്കും പരിഹാരമുണ്ടാകില്ല. വിചാരവും വിവേകവും ഉണരുമ്പോഴാണ് അന്യന്റെ വ്യഥകളുമായി തന്മയീഭവിക്കാൻ കഴിയുന്നത്. ആത്മവിശ്വാസം നഷ്‌ടപ്പെടുന്നവന്റെ അടുത്തിരിക്കുന്നതാവും, ഏറ്റവും വലിയ പുണ്യപ്രവൃത്തി. സമീപസ്ഥന്റെ ആത്മബലം കൊണ്ടുതന്നെ, വീണുപോയവനും പിടിച്ചെഴുന്നേൽക്കും. അയൽക്കാരന്റെ അന്തസ്സു സംരക്ഷിക്കാൻ അൽപമൊന്നു തലകുനിക്കേണ്ടി വരുന്നതാണ് വിലമതിക്കാനാകാത്ത വിട്ടുവീഴ്‌ച. സ്വന്തം അഭിമാനത്തെ സംരക്ഷിക്കുന്നവർ തൻകാര്യപ്രസക്തൻ. അപരന്റെ യശസ്സു പിടിച്ചു നിർത്തുന്നവൻ മനുഷ്യസ്‌നേഹി. 

എല്ലാ തിരക്കുകൾക്കും ആഘോഷങ്ങൾക്കുമിടയിലും ഒന്ന് ബാലൻസ് തെറ്റാൻ അധികസമയമൊന്നും വേണ്ട. വീഴാൻ അനുവദിക്കില്ലെന്ന് ഉറപ്പുള്ള ഒരാളെങ്കിലും ചുറ്റുപാടുകളിൽ ഉണ്ടാകണം. താഴെവീണു തകരുമായിരുന്ന എത്ര ജീവിതങ്ങളെ കൈവെള്ളയിൽ സംരക്ഷിച്ചു എന്നതിന്റെ അതേ എണ്ണമായിരിക്കും, നമ്മൾ തകരാൻ തുടങ്ങുമ്പോൾ താങ്ങിനിർത്തുന്ന സംരക്ഷകരുടെ എണ്ണവും.