Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർഗമറിഞ്ഞാവാം, യാത്ര

cycle

രാവിലെ സൈക്കിൾ സവാരിക്കിറങ്ങിയതാണ് അയാൾ. കുറച്ചുകഴിഞ്ഞു നോക്കുമ്പോൾ, മറ്റൊരാൾ മുന്നിൽ സൈക്കിൾ ചവിട്ടി പോകുന്നു. പിന്നെ ഒരാവേശം. എങ്ങനെയും അയാളെ തോൽപിക്കണം. യാത്രയ്‌ക്കു വേഗം കൂടി. പിന്നീടുള്ള ഓരോ നിമിഷവും ആഞ്ഞുചവിട്ടുന്നതിലായിരുന്നു ശ്രദ്ധ. 

തമ്മിലുള്ള അകലം കുറഞ്ഞുവരുന്തോറും വേഗവും കൂടി. വളരെക്കുറച്ചു സമയംകൊണ്ട് നൂറുശതമാനം ആധികാരികതയോടെ അയാൾ എതിരാളിയെ മറികടന്നു. പെട്ടെന്നാണ് ഒരു കാര്യം അയാൾ മനസ്സിലാക്കിയത്. തന്റെ വീട്ടിലേക്കു തിരിയേണ്ട സ്ഥലം കഴിഞ്ഞുപോയിരിക്കുന്നു, 

പാതമാറി ഓടുന്നവർ എത്തിച്ചേരുന്നതു മറ്റാരുടെയോ ലക്ഷ്യങ്ങളിലായിരിക്കും. സ്വന്തമായ ലക്ഷ്യങ്ങൾ കണ്ടെത്താത്തവരും വഴികൾ രൂപപ്പെടുത്താത്തവരും വഴിയരികിൽ കണ്ടുമുട്ടുന്നവരുടെ വഴികളിലൂടെ സഞ്ചരിക്കും. എന്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നു എന്ന് സ്വയം ഉറപ്പുവരുത്തുമ്പോഴാണ് ഓരോ യാത്രയും ഫലദായകവും അനുഭവപ്രദവുമാകുന്നത്. ഇടയ്‌ക്കുവച്ച് മറ്റു പലതിന്റെയും പിന്നാലെ പോയി, എങ്ങുമെത്താത്ത യാത്രികരാണ് പലരും. 

എവിടെയെങ്കിലും എത്തിച്ചേരുന്നതല്ല, എത്തേണ്ട സ്ഥലത്ത് എത്തിച്ചേരുന്നതാണു മികവ്. മുന്നിലും പിന്നിലും സഞ്ചരിക്കുന്നവർ ഒരേ ദിശകളിൽ ഉള്ളവരാണെങ്കിലും ലക്ഷ്യങ്ങൾ പലതാകാം. അപരനെ തോൽപിച്ചു നേടുന്ന വൈകാരിക സംതൃപ്‌തിക്ക് ആത്മഹർഷം നൽകാനാവില്ല. മാത്രമല്ല, വഴിമാറിയതു തിരിച്ചറിയാനുള്ള വിവേകംപോലും നഷ്‌ടപ്പെടും. സ്വന്തം യാത്രയുടെ നിയന്ത്രണം നഷ്‌ടപ്പെടുന്നവർ യാത്രികരല്ല, അടിമകളാണ്. 

എല്ലാവരെയും മറികടന്ന് വിജയശ്രീലാളിതനായി നിൽക്കുമ്പോൾ ഒന്നു തിരിഞ്ഞുനോക്കണം. ഉള്ളിലേക്കും ചുറ്റുപാടിലേക്കും – അതിർവരമ്പുകൾ ഭേദിച്ച് എത്തിയത് അരുതാത്ത ഇടങ്ങളിലാണോ എന്നറിയാൻ.