Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവഗണനയിൽനിന്ന് ഉയിർക്കുന്ന പുതുനാമ്പ്

subhadinam

അമ്മ പാചകം ചെയ്യുകയാണ്. കറിവയ്‌ക്കാനുള്ള ബീൻസ് കുറച്ചു കേടായിപ്പോയി. നല്ലതുമാത്രം എടുത്തു പാകം ചെയ്‌ത് കേടുവന്നതെല്ലാം ദൂരെയെറിഞ്ഞു. രുചികരമായ കറിയുണ്ടാക്കി എല്ലാവരും കഴിച്ചു. വലിച്ചെറിഞ്ഞ ബീൻസിലെ പയർ മണികൾ, മഴ പെയ്‌തപ്പോൾ മണ്ണിൽ അലിഞ്ഞു. അവയിൽ ചിലതെല്ലാം വിത്തുകളായി രൂപാന്തരപ്പെട്ടു. അവ മുളച്ചുപൊങ്ങി. നാളുകൾക്കുശേഷം വളർന്നുയർന്ന് ധാരാളം ബീൻസ് ഉൽപാദിപ്പിച്ചു. പണ്ട് വലിച്ചെറിഞ്ഞുകളഞ്ഞ അതേ അമ്മ തന്നെ ആ വള്ളികളിൽ നിന്നു വിളവെടുക്കാനും തുടങ്ങി. 

എഴുതിത്തള്ളപ്പെട്ട പലരും പിന്നീട് ഇതിഹാസം എഴുതിയിട്ടുണ്ട് – അവഗണിക്കപ്പെട്ടു എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ തന്നെ. അനുദിന അനുമോദനങ്ങളും തലോടലും ലഭിക്കുന്നവരുടെ സുന്ദരനിമിഷങ്ങൾ തൽക്കാലത്തേക്കു മാത്രമായിരിക്കും. ഉപേക്ഷിക്കപ്പെടുന്നവയ്‌ക്കു മുന്നിൽ രണ്ടു സാധ്യതകൾ മാത്രം – ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ കീഴടക്കുക. പുറംകാലുകൊണ്ടു തൊഴിച്ചുമാറ്റപ്പെടുമ്പോൾ ഒരുപക്ഷേ പ്രതികരിക്കുവാൻ ശേഷിയുണ്ടാകില്ല. അപ്പോഴുള്ള ഓരോ പ്രതികരണത്തിനും പ്രതികാരത്തിന്റെ ചുവയുണ്ടാകും. ക്ഷമയോടെ കാത്തിരിക്കണം, സ്വയം വെയിലേറ്റു മഴനനഞ്ഞു വളവും വെള്ളവും വലിച്ചെടുത്ത് വിശ്വരൂപം വെളിവാക്കാൻ.

കാലം കൊടുക്കുന്ന മറുപടിയേക്കാൾ വലുതാകില്ല ഒരു പകരം വീട്ടലും. വൈകാരികതയിൽ നിന്നുയരുന്ന വൈരാഗ്യമല്ല വിചിന്തനത്തിൽ നിന്നുയരുന്ന വിവേകമാണ് ഓരോ പുറംതള്ളലിലും പിടിച്ചുനിൽപിനു ബലം നൽകേണ്ടത്. 

പക വീട്ടേണ്ടത് പകരം ചോദിച്ചല്ല; സ്വയം ഉയിർത്തെഴുന്നേറ്റുകൊണ്ടാകണം. തിരസ്കരണങ്ങൾക്കു മുന്നിൽ കരഞ്ഞുകലങ്ങിയ കണ്ണുകൾക്കു പ്രസക്തിയില്ല; അവഹേളനങ്ങൾക്കു മുന്നിൽ വളഞ്ഞുപോയ നട്ടെല്ലും പ്രയോജനരഹിതം. രൂപാന്തരപ്പെടാനുള്ള മനസ്സാന്നിധ്യവും ഊർജസംഭരണ ശേഷിയുമാണ് ഉണ്ടാകേണ്ടത്. 

ഉള്ളിൽ സ്വപ്‌നങ്ങളും ആർജവവും ഉണ്ടെങ്കിൽ കുഴിച്ചുമൂടപ്പെടുന്നവ പോലും വിത്തുകളാകും, മുളച്ചുപൊങ്ങും, ഫലങ്ങൾ കായ്‌ക്കും. അന്ന് വലിച്ചെറിഞ്ഞവനാകും വിളവെടുക്കാൻ ആദ്യമെത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.