Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണരാം, സ്വപ്നത്തിലേക്ക്

subhadinam

വഴിയരികിൽ കുറെ ഉരുളൻ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു. മുകളിൽ കിടക്കുന്ന ഏറ്റവും വലിയ കല്ലിന് ഒരു മോഹം. താൻ ഏറ്റവും മേലെ കിടക്കുന്നതുകൊണ്ട് ഒരുദിവസം നക്ഷത്രങ്ങളെ തൊടാനാകും. ഒരുദിവസം ആ വഴി വന്ന ഒരു കുട്ടി ഏറ്റവും മുകളിൽ കിടന്ന കല്ലെടുത്ത് അടുത്തുള്ള മാവിലെ മാമ്പഴം ലക്ഷ്യമാക്കി എറിഞ്ഞു. കല്ല് വിചാരിച്ചു – തന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടാൻ പോവുകയാണ്, ഉടൻ നക്ഷത്രങ്ങളെ തൊടാം. കല്ല് പോയതുപോലെ താഴേക്കു ചെന്ന് ഒരു ചെളിക്കുണ്ടിൽ പതിച്ചു. അന്ന് താഴത്തെ നിരയിൽ കിടന്ന കല്ലുകൾ ഹൃദയം തുറന്നു സന്തോഷിച്ചു. അന്നാണ് ആദ്യമായി അവർ ആകാശവും നക്ഷത്രങ്ങളും കണ്ടത്.

എറിയപ്പെടുന്ന കല്ലിന് എറിയുന്നവന്റെ ലക്ഷ്യം മാത്രമേയുള്ളൂ. മെയ്യനങ്ങാതെ ചുരുണ്ടുകൂടി കിടക്കുന്നവർ കാണുന്നത് പകൽക്കിനാവുകളായിരിക്കും. കണ്ണുതുറന്ന് സ്വപ്‌നം കാണാനുള്ള ശേഷിപോലും അവർക്കുണ്ടാകില്ല. കണ്ണെത്തും ദൂരത്തുള്ളതെല്ലാം കയ്യെത്തും ദൂരത്തുണ്ടെന്നുകരുതി സഹായഹസ്തങ്ങൾക്കു വേണ്ടി കാത്തുകിടക്കുന്നവർ അർഹിക്കുന്നതു ചെളിക്കുണ്ടാണ്. അകലങ്ങളിലേക്കുള്ള യാത്രകൾക്ക് ഉൾപ്രേരണയും ഊർജ്ജസ്വലതയും ദൂരബോധവും ഉണ്ടാകണം. 

കിടന്നുറങ്ങുന്നവരുടെ സ്വപ്‌നദേശമല്ല നിരന്തര ഉദ്യമങ്ങൾ നടത്തുന്നവരുടെ ലക്ഷ്യസ്ഥാനമാണ് ഓരോ നക്ഷത്രവും. സ്വന്തമായ പദ്ധതികളും മാർഗരേഖകളും ഇല്ലാത്തവരെല്ലാം വഴിയരികിലും പാതവക്കിലും അടിഞ്ഞുകൂടും. ഒരനക്കവുമില്ലാതെ അവിടെ കിടന്ന് ആയുസ്സെത്തും. സ്വന്തം ജീവിതത്തിന്റെ യജമാനനാകാൻ തയാറാകാത്തവരുടെ ജീവിതത്തിൽ വിധി അതിന്റെ വിളയാട്ടം നടത്തും.

– സഹജരുടെയും സഹനങ്ങളുടെയും പതനങ്ങളുടെയും രൂപത്തിൽ. വിധി വലിച്ചെറിയുന്നതുവരെ കാത്തിരിക്കാതെ പ്രതിവിധികൾ തേടണം. സ്വന്തം സ്വപ്‌നങ്ങളോടു പ്രതിപത്തിയില്ലാത്തവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ മറ്റാർക്കാണു താൽപര്യം?