Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ട് പകരുന്ന ബലം

subhadinam-trees

സെക്വയ മരങ്ങൾ തിങ്ങിവളരുന്ന വനമേഖലയിലൂടെ യാത്രാസംഘം നടന്നുനീങ്ങുകയാണ്. അവയുടെ വലുപ്പവും പഴക്കവും ഏവരെയും അത്ഭുതപ്പെടുത്തി. അവർ വനപാലകരോട് ചോദിച്ചു: ഇവയ്‌ക്ക് എത്ര പ്രായം കാണും? മറുപടി വിസ്‌മയാവഹമായിരുന്നു. ആയിരം വയസ്സുവരെ ഉണ്ടാകും. മാത്രമല്ല ശക്തമായ മഞ്ഞുവീഴ്‌ചയും കൊടുങ്കാറ്റും ഭൂമികുലുക്കം പോലും അതിജീവിച്ചാണ് ഇവ വളരുന്നത്. അപ്പോൾ ഇവയുടെ വേരുകൾ അത്രയും ആഴത്തിൽ പോയിട്ടുണ്ടാകും അല്ലേ, യാത്രക്കാർ ചോദിച്ചു. വനപാലകൻ ആ മരങ്ങളുടെ നിഗൂഢരഹസ്യം വെളിപ്പെടുത്തി. സെക്വയ മരങ്ങളുടെ വേരുകൾ വളരാൻ തുടങ്ങിയാൽ പരസ്‌പരം കണ്ടെത്തി കെട്ടുപിണയും. ഇവിടെയുള്ള ആയിരക്കണക്കിന് മരങ്ങൾ നേരിട്ടോ അല്ലാതെയോ കൂടിച്ചേർന്നാണിരിക്കുന്നത്. വൻവൃക്ഷങ്ങളും ചെറുമരങ്ങളുമെല്ലാം. ഇവയെ തകർക്കാൻ ഒന്നിനുമാകില്ല. 

ഇടപഴകലിന്റെ കാലപ്പഴക്കത്തിനാണ് ആയുസ്സിന്റെ പഴക്കത്തേക്കാൾ പ്രസക്തി. തളർന്നുപോകുമെന്നു കരുതുന്നിടത്തെല്ലാം കൂടിച്ചേരലിന്റെ ബലം അവശ്വസനീയമായ ആത്മവിശ്വാസം നൽകും. ഒറ്റയ്‌ക്കു നിൽക്കുമ്പോഴുള്ള ബലഹീനത ഒരുമിച്ചു നിൽക്കുമ്പോഴുള്ള കരുത്തായി മാറുന്നതിന്റെ കഥയാണ് ചൂൽ ഈർക്കിലിനോടു പറയുന്നത്. ആഴം പരപ്പിനോടു പറയുന്നതും നിലനിർത്തേണ്ട സൗഹൃദങ്ങളെക്കുറിച്ചും പടർത്തേണ്ട പരസ്‌പരാശ്രയത്വത്തെക്കുറിച്ചുമാണ്. സമയത്തിന്റെയോ സ്ഥാനത്തിന്റെയോ മഹിമയിൽനിന്ന് ഒറ്റയാൾ വിപ്ലവങ്ങൾ നടത്തുന്നവരെല്ലാം ആകസ്‌മികതയിൽ ഒറ്റപ്പെടും.