Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുമോദിക്കാം, മടിക്കാതെ

subhadinam

ചെത്തുകാരൻ ജോലിയെല്ലാം കഴിഞ്ഞ് മീൻപിടിക്കാനിറങ്ങി. പുഴയുടെ തീരത്ത് എത്തിയപ്പോഴാണ് ഓർത്തത് – ചൂണ്ടയെടുത്തു പക്ഷേ, ഇര കൊണ്ടുവരാൻ മറന്നു. അപ്പോൾ ഒരു പാമ്പ് വായിൽ മണ്ണിരയെ കടിച്ചുപിടിച്ചു കൊണ്ടുപോകുന്നതു കണ്ടു. അയാൾ പാമ്പിൽനിന്ന് മണ്ണിരയെ പിടിച്ചുവാങ്ങി. പകരം തന്റെ അടുത്തുണ്ടായിരുന്ന മധുരക്കള്ള് പാമ്പിന്റെ വായിൽ ഒഴിച്ചുകൊടുത്തു. അതും കുടിച്ച് പാമ്പ് അതിന്റെ വഴിക്കു പോയി. അയാൾ മീൻപിടിക്കാനും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ആരോ തോണ്ടി വിളിക്കുന്നതുപോലെ അയാൾക്കു തോന്നി. നോക്കുമ്പോൾ നേരത്തേ കണ്ട പാമ്പ് കുറെ മണ്ണിരകളെയും കടിച്ചുപിടിച്ച് വിനീതനായി നിൽക്കുന്നു!

അഭിനന്ദനങ്ങളുടെ അദ്ഭുത പ്രവർത്തനശേഷിയാണ് അപ്രതീക്ഷിതവും അസാധാരണവുമായ പ്രകടനങ്ങൾക്കു വഴിയൊരുക്കുന്നത്. തക്കസമയത്തും അർഹിക്കുന്ന രീതിയിലും ലഭിക്കുന്ന അംഗീകാരങ്ങൾ അസാമാന്യമായ ഊർജപ്രവാഹം സൃഷ്‌ടിക്കും. ആഗ്രഹിച്ച സമയത്ത് കിട്ടേണ്ട അഭിനന്ദനങ്ങൾ കിട്ടിയിരുന്നെങ്കിൽ ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങുശേഷിയുമായി പലരും പ്രവർത്തനമേഖലയിൽ ഉണ്ടാകുമായിരുന്നു. നൽകാൻ മടിക്കുന്ന പ്രോത്സാഹനങ്ങൾക്ക് നഷ്‌ടപ്പെട്ട അംഗീകാരങ്ങളുടെ അതേ രുചിയും നിറവുമാണ്. 

അന്ത്യദിനത്തിലെ അഭിനന്ദനങ്ങളും ആദരാഞ്ജലികളുമാകും കാപട്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണം. ആജന്മശത്രുക്കളുടെ വികാരനിർഭരമായ ഓർമക്കുറിപ്പുകൾ ഉയിരറ്റ ശരീരത്തെപ്പോലും പുളകം കൊള്ളിക്കും. ജീവിച്ചിരിക്കുമ്പോൾ പറയാത്ത നല്ല വാക്കുകൾക്കും പ്രചോദനങ്ങൾക്കും മരണശേഷം എന്തു പ്രസക്തി. അനുശോചന പ്രസംഗങ്ങളേക്കാൾ അനുമോദന പ്രസംഗങ്ങൾക്കാണ് സ്വാധീനശേഷി.