Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നത്തിൽ നിന്നുണരുക

subhadinam

രാവിലെ എഴുന്നേറ്റ ഉടനെ ഗുരു ശിഷ്യനോടു പറഞ്ഞു. ഞാൻ ഒരു സ്വപ്‌നം കണ്ടു. ഞാനതു പറയാം. വിശദീകരിച്ചു തരാമോ? ശിഷ്യൻ പറഞ്ഞു. ഞാൻ അങ്ങേക്കു മുഖം കഴുകാൻ വെള്ളം കൊണ്ടുവരാം. എന്നിട്ടു സംസാരിക്കാം. മുഖം കഴുകിയ ഗുരു വേറൊരു ശിഷ്യനോട് ഇതേചോദ്യം ആവർത്തിച്ചു. ഞാൻ ഒരു കപ്പ് ചായ കൊണ്ടുവരാം. എന്നിട്ടു സംസാരിക്കാം. ആ ശിഷ്യൻ പറഞ്ഞു. 

ചായ കുടിച്ച ഗുരു പറഞ്ഞു. നിങ്ങളുടെ വിശദീകരണത്തിൽ ഞാൻ തൃപ്‌തനാണ്. ഇനി അതിനെക്കുറിച്ച് സംസാരിക്കണ്ട. ഇതെല്ലാം കണ്ടുനിന്ന ഒരാൾ ഗുരുവിനോടു ചോദിച്ചു. നിങ്ങൾ കണ്ട സ്വപ്‌നത്തെക്കുറിച്ച് അവർ ഒന്നും പറഞ്ഞില്ല. പിന്നെ നിങ്ങൾ എങ്ങനെ സംതൃപ്‌തനായി. ഗുരു പറഞ്ഞു. ഉണർന്നു കഴിഞ്ഞാൽ പിന്നെ സ്വപ്‌നം ഇല്ല. അതു മനസ്സിലാക്കാൻ അവർ എനിക്ക് വെള്ളവും ചായയും തന്നു. 

എല്ലാ കാര്യങ്ങളും തൽസമയ പ്രസക്തങ്ങളാണ്. ഇന്നലെ സംഭവിച്ച കാര്യങ്ങൾക്ക് ഇന്നലെയുണ്ടായിരുന്ന അതേ പ്രസക്തി ഇന്നുണ്ടാകില്ല. നാളെ ഒരുപടികൂടി അതിന്റെ പ്രാധാന്യം കുറയും. ആഴ്‌ചകൾക്കും മാസങ്ങൾക്കും വർഷങ്ങൾക്കുംശേഷം അത് തീർത്തും നിസ്സാരമാകും. കഴിഞ്ഞുപോയതിനെ കൂടെ കൊണ്ടുനടക്കുന്നവരാണ് പലപ്പോഴും കാലിടറി വീഴുന്നത്. രചിച്ച ഇതിഹാസങ്ങളാകാം, അനുഭവിച്ച ദുരന്തങ്ങളാകാം – കാഴ്‌ചയെ മറയ്‌ക്കരുത്, കാലുകളെ പിറകോട്ടു വലിക്കരുത്. ഒരിക്കൽ പൂർത്തിയാക്കിയ ഭഗീരഥയത്നങ്ങളുടെ വീരകഥകൾ പറഞ്ഞ് ആയുസ്സ് മുഴുമിപ്പിക്കുന്നവരും ഒരിക്കൽ വന്നുചേർന്ന കഷ്‌ടകാലത്തിന്റെ കദനകഥകൾ അയവിറക്കി ആയുസ്സ് പാഴാക്കുന്നവരും വ്യാപരിക്കുന്നതു വർത്തമാനകാലത്തല്ല.