Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിയായ നേതൃഗുണം

subhadinam

ഗുരു ശിഷ്യരോടൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. ശിഷ്യൻമാർക്കു വിളമ്പിയതിനേക്കാൾ മെച്ചപ്പെട്ട ഭക്ഷണമാണ് തനിക്കു വിളമ്പിയതെന്നു മനസ്സിലാക്കിയ ഗുരു ഭക്ഷണം കഴിക്കാതെ മുറിയിലേക്കു പോയി. ഇനി രണ്ടു ദിവസത്തേക്ക് തനിക്ക് ഭക്ഷണം വേണ്ടെന്ന് അവരെ അറിയിച്ചു. ദുഃഖിതരായ ശിഷ്യർ ഗുരുവിന്റെ അടുത്തെത്തി പറഞ്ഞു. ‘അങ്ങ് ഭക്ഷണം കഴിച്ചില്ലെങ്കിൽ ഞങ്ങൾക്കും കഴിക്കാനാകില്ല. രണ്ടുദിവസം ഒന്നും കഴിക്കാതിരിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്’. ഗുരു അവരോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു. എല്ലാവരും കഴിച്ചു മിച്ചമുണ്ടായിരുന്നത് ഗുരുവും ഭക്ഷിച്ചു.

മുൻപന്തിയിൽ നിൽക്കേണ്ടവരും മുന്തിയത് ലഭിക്കേണ്ടവരുമാണ് തങ്ങളെന്ന ചിന്ത മാറ്റുകയാണ് ഓരോ നേതാവും ആദ്യം ചെയ്യേണ്ടകാര്യം. നേതൃത്വത്തിന്റെ ഇടയസേവക ശുശ്രൂഷാ നിർവചനങ്ങൾ പഠനക്കളരികളിൽ മാത്രമേ ഉണ്ടാകൂ. പ്രവൃത്തിപഥത്തിൽ അവയെല്ലാം അപ്രായോഗിക സങ്കൽപങ്ങളായി ശേഷിക്കും. 

മുൻനിരയിൽ മാത്രം നടന്നു ശീലിച്ചവർക്ക് തങ്ങളുടെ പിന്നിൽ എന്തു സംഭവിക്കുന്നു എന്നുപോലും അറിവുണ്ടാകില്ല. വന്ന വഴികൾ മറന്നവരും പിറകോട്ടു നോക്കാൻ മടിയുള്ളവരും മനുഷ്യത്വമുള്ള നേതാക്കളാകില്ല. അണികളെപ്പോഴും പിന്നിലാകണം എന്ന നേതൃത്വ മിഥ്യാസങ്കൽപങ്ങൾ സ്വയം പൊളിച്ചെഴുതാൻ തയാറായ നേതാക്കന്മാർക്കു മാത്രമേ ജനഹൃദയങ്ങളിൽ ഇടംപിടിക്കാനായിട്ടുള്ളൂ. 

ഗുരു ചേർന്നു നിന്നാൽ പോരാ; ചേർത്തു നിർത്തണം. ശ്രേഷ്‌ഠമായവയുടെ കരുതൽശേഖരങ്ങളല്ല, അതിവിശിഷ്‌ടമായവയുടെ പങ്കിടലാണ് ഗുരുവിന്റെ ഗുരുത്വം.