Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപ്പം നടക്കുന്നവർ

subhadinam-people-with-you

തികഞ്ഞ ഈശ്വരവിശ്വാസിയായ അയാൾ ഒരു സ്വപ്‌നം കണ്ടു; ഈശ്വരനുമായി ഒരു കരാർ ഉണ്ടാക്കിയെന്ന്. സദാസമയം ഈശ്വരൻ കൂടെക്കാണും. വളരെ ആത്മവിശ്വാസത്തോടെയായിരുന്നു പിന്നീട് അയാളുടെ നടത്തം. നടക്കുമ്പോൾ നാലു കാൽപാദങ്ങൾ നിലത്തു പതിയും; രണ്ടെണ്ണം അയാളുടേതും രണ്ടെണ്ണം ഈശ്വരന്റേതും. പെട്ടെന്നാണ് അടിക്കടി ദുരന്തങ്ങൾ അയാളെത്തേടിയെത്തിയത്. 

ആ സമയത്തെല്ലാം രണ്ടു കാലടികൾ മാത്രമേ നിലത്തു പതിഞ്ഞിരുന്നുള്ളൂ. അയാൾ ഉറപ്പിച്ചു: ദൈവം കരാർ ലംഘിച്ചിരിക്കുന്നു! പരിഭവത്തോടെയും നിരാശയോടെയും ഇരുന്ന അയാൾക്കു മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞു. ‘നീ കണ്ട രണ്ടു കാൽപാദങ്ങൾ നിന്റേതല്ല, എന്റേതാണ്. നീ തളരാതിരിക്കാൻ ഞാൻ നിന്നെ എടുത്തു നടക്കുകയായിരുന്നു’. 

സഹയാത്രികന്റെ സാന്നിധ്യം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സന്തോഷത്തിൽ പങ്കുചേരുന്നവരെക്കണ്ട് സാഹസത്തിനു മുതിരരുത്. സന്തോഷത്തിന്റെ ആനുകൂല്യം പറ്റാൻ വരുന്നവർ സങ്കടത്തിന്റെ ബാധ്യത ഏറ്റെടുക്കാൻ തയാറാവില്ല. ആശ്രിതരെ സൃഷ്‌ടിക്കുകയല്ല, സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ലക്ഷ്യം. സ്വാശ്രയത്വം നൽകുന്നവരെയും ഒപ്പം, ആശ്രയിക്കാനൊരു ഇടം നൽകുന്നവരെയുമാണ് സുഹൃദ്‌വലയത്തിൽ ഉൾപ്പെടുത്തേണ്ടത്. ഇത്തിൾക്കണ്ണികൾ ഒട്ടിച്ചേർന്ന് പടർന്നുകയറും. സ്വന്തമെന്നു പറയാൻ പിന്നെയൊന്നും ഉണ്ടാകില്ല. ഉള്ളിലെ ഊർജവും വെളിച്ചവും അവർ കവർന്നെടുത്തിരിക്കും. 

ചില ബന്ധങ്ങളും പ്രവർത്തനശൈലികളും ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. പ്രതീക്ഷകൾക്കും അപ്പുറമാകും അവരുടെ പ്രതികരണരീതി. അപ്രതീക്ഷിതമായ ഇടപെടലുകളാൽ അവർ അദ്ഭുതപ്പെടുത്തും. നിശ്ചലമാകുമ്പോഴും നിസ്സഹായനാകുമ്പോഴും ചലനം സാധ്യമാക്കാൻ കഴിവുള്ള അത്യപൂർവ സഹജീവികളാണു നിലനിൽപ് ഉറപ്പുവരുത്തുന്നത്. 

ആശങ്കകളും സന്ദേഹങ്ങളുമില്ലാതെ ആശ്രയിക്കാൻ ഒരാളുണ്ടാകണം – മനുഷ്യനായാലും ദൈവമായാലും.