Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെട്ടാം, തനതു വഴികൾ

subhadinam-column-good-thoughts

നഷ്‌ടത്തിലേക്കു കൂപ്പുകുത്തുകയായിരുന്ന കമ്പനിയെ രക്ഷിക്കാൻ പുതിയ മാനേജരെ നിയമിച്ചു. പോകുന്നതിനു മുൻപ് പഴയ മാനേജർ പുതിയ ആൾക്ക് 3 കവറുകൾ നൽകിയിട്ടു പറഞ്ഞു. ‘കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ ഇവ തുറന്നുനോക്കിയാൽ മതി’. 

പ്രശ്‌നങ്ങൾ തുടങ്ങിയപ്പോൾ പുതിയ മാനേജർ ആദ്യ കവർ തുറന്നു. നിർദേശം ഇങ്ങനെ – പഴയ മാനേജരെ പഴിചാരുക. അദ്ദേഹം പത്രസമ്മേളനം വിളിച്ച് പഴയ മാനേജരുടെ അഴിമതികൾ അക്കമിട്ടുനിരത്തി തൽക്കാലം രക്ഷപ്പെട്ടു. 

മാസങ്ങൾ കഴിഞ്ഞ് വീണ്ടും നഷ്ടം വന്നപ്പോൾ രണ്ടാമത്തെ കവർ തുറന്നു – കമ്പനിക്കാര്യങ്ങൾ പുനഃസംഘടിപ്പിക്കുക. അദ്ദേഹം പുതിയ ചുവടുവയ്‌പുകൾ നടത്തി. വീണ്ടും പ്രശ്‌നമായപ്പോൾ മൂന്നാമത്തെ കവറും തുറന്നുവായിച്ചു – ഇതുപോലെ മൂന്നു കവറുകൾ ഉടൻ തയാറാക്കുക! 

രണ്ടുതരം ആളുകളുണ്ട് – കാരണങ്ങൾ കണ്ടെത്തുന്നവരും കാര്യങ്ങൾ ചെയ്യുന്നവരും. എന്തിനും ന്യായീകരണം നിരത്തുന്നവർ കഴിവുകേടിന്റെ ആൾരൂപങ്ങളായിരിക്കും. ഓരോ തവണയും പഴിചാരാനുള്ള വ്യക്തികളെയോ സംഭവങ്ങളെയോ അവർ കണ്ടെത്തും. താനൊഴികെ എല്ലാവരും പ്രശ്‌നക്കാരാണെന്ന പൊതുധാരണ അവർ അതിവേഗം രൂപപ്പെടുത്തും. 

കാര്യങ്ങൾ ചെയ്‌തുതീർക്കുന്നവർക്ക് ഏതു പ്രതിസന്ധിയും മറികടക്കാൻ തനതു വഴികളുണ്ടാകും. സ്വയം തിരുത്തേണ്ട സ്ഥലത്ത് അതു ചെയ്യാനുള്ള ആർജവവും അവർ കാണിക്കും. പഴിചാരുന്നവർ അന്വേഷിക്കുന്നത് കാരണമാണ്; ഉത്തരവാദിത്തം ഏറ്റെടുക്കുന്നവർ അന്വേഷിക്കുന്നത് പരിഹാരവും. കൗശലങ്ങളാൽ കാര്യം സാധിക്കുന്നവർക്ക് അധികകാലം നിലനിൽപുണ്ടാകില്ല. 

വിളവിന്റെ പരിമിതി, വേരിന്റെ പ്രശ്‌നമാകാം. കണ്ടെത്തി പരിഹരിക്കാൻ സ്വന്തം വഴികളുണ്ടാകണം. വഴിമാറുന്നവർ പുതുകാഴ്‌ചകൾ കാണും, കർമങ്ങൾ ചെയ്യും.