Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപരനു വിലയിടേണ്ട

subhadinam-column-don't-judge-others

മനോരോഗാശുപത്രിയിലെ അന്തേവാസികളെ കാണാൻ കുറെ ഉദ്യോഗസ്ഥരെത്തി. എല്ലാവർക്കും രോഗികളോട് അനുകമ്പ; ഒരാൾക്കുമാത്രം പരമപുച്ഛം. അവരെ അനുഗമിച്ചിരുന്ന ആശുപത്രിജീവനക്കാരനോട് അയാൾ ചോദിച്ചു – വരുമ്പോൾത്തന്നെ ഇവരെയെല്ലാം അഡ്മിറ്റ് ചെയ്യുമോ? 

‘ഇല്ല, ഒരു പരീക്ഷയ്ക്കുശേഷമാണു പ്രവേശിപ്പിക്കുക. നിറയെ വെള്ളമുള്ള ബാത്ത്ടബ് കാണിക്കും. ഒപ്പം, ഒരു വലിയ ബക്കറ്റ്, ചെറിയ ബക്കറ്റ്, കപ്പ്, സ്പൂൺ എന്നിവയും കാണിക്കും. ഈ വെള്ളം വറ്റിക്കാനുള്ള എളുപ്പവഴി ഏതെന്നു ചോദിക്കും. ഉത്തരം തെറ്റിയാൽ അഡ്മിറ്റ് ചെയ്യും’ – ജീവനക്കാരൻ പറഞ്ഞു. ഉദ്യോഗസ്ഥൻ അഹംഭാവത്തോടെ പറഞ്ഞു – സാമാന്യബുദ്ധിയുള്ള ആരുടെയും ഉത്തരം വലിയ ബക്കറ്റ് എന്നായിരിക്കും. 

ജീവനക്കാരന്റെ മറുപടി ഉടനെത്തി – അല്ല സാർ. സാമാന്യബുദ്ധിയുള്ളവർ ബാത്ത്ടബ്ബിന്റെ അടിയിലെ പ്ലഗ് വലിക്കാൻ പറയും. സാറിന് ഒരു കിടക്ക വിരിക്കട്ടെ! 

അഹംബോധത്തിന്റെ അതിർത്തിയിൽനിന്നു മറ്റുള്ളവർക്കു വിലയിടരുത്. തനതായ സ്ഥിതിവിശേഷങ്ങൾക്കും പ്രവർത്തനശൈലികൾക്കും അനുസരിച്ചായിരിക്കും ഓരോരുത്തരും തങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുക. വയറുനിറഞ്ഞവനു വിശക്കുന്നവന്റെ മനഃശാസ്‌ത്രം മനസ്സിലാകില്ല. 

സ്വന്തം മനോമണ്ഡലത്തിൽനിന്നു മറ്റുള്ളവരെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നവർ, അവർക്കു ലഭിക്കേണ്ട സാമാന്യനീതിപോലും നഷ്‌ടമാക്കും. ജന്മംകൊണ്ടോ സ്വകർമംകൊണ്ടോ മനോനില നഷ്‌ടപ്പെട്ടവർ വളരെ ചുരുക്കമായിരിക്കും. കൂടെനിന്നവരുടെയും നിൽക്കാതിരുന്നവരുടെയും മനോഭാവങ്ങളാണു വീണ്ടെടുക്കാനാകാത്തവിധം പലരുടെയും സമനില തെറ്റിച്ചത്. 

സാമാന്യബുദ്ധികൊണ്ടുള്ള ഉത്തരങ്ങളും മറുപടികളും മാത്രം നൽകുന്നവരുടെ ജീവിതം തീർത്തും സാധാരണമായിരിക്കും. ഒന്നിനെക്കുറിച്ചും അധികം ചിന്തിക്കാതെ, ഒന്നിലും ഗൗരവമായി ഇടപെടാതെ സംരക്ഷിതവലയത്തിൽ മാത്രം വ്യാപരിക്കുന്നവർ തങ്ങൾ ‘നോർമൽ’ ആണെന്നുള്ള സാക്ഷ്യപത്രത്തിൽ സംതൃപ്‌തി കണ്ടെത്തുന്നവരാണ്.