Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയം വീണ്ടെടുക്കാം

subhadinam-motivation-malayalam-never-give-up

നാസി ഭീകരതയുടെ കാലത്ത് ഒരു അധ്യാപകൻ തടവിലാക്കപ്പെട്ടു. ഭാര്യയും മക്കളും എവിടെയെന്നു പോലും അറിയില്ല. മരണം സുനിശ്ചിതം. സ്വന്തം ഇഷ്‌ടപ്രകാരം ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ, സ്വന്തം ഇഷ്‌ടപ്രകാരം മരിക്കുകയെങ്കിലും വേണമെന്ന് അയാൾ തീരുമാനിച്ചു. 

ബ്ലേഡ് ഉപയോഗിച്ചു കൈത്തണ്ടയിലെ ഞരമ്പു മുറിക്കാൻ ഉറപ്പിച്ചു. മുറിയിൽ ആവശ്യത്തിനു വെളിച്ചമില്ല. വളരെ കഷ്‌ടപ്പെട്ട് അയാൾ മുറിയുടെ മുകളിലുള്ള കിളിവാതിൽ തുറന്നു. അതിലൂടെ നോക്കുമ്പോൾ, കഴിഞ്ഞദിവസം മഞ്ഞുവീണു കിടന്ന സ്ഥലം മുഴുവൻ പൂക്കൾ നിറഞ്ഞിരിക്കുന്നു. മതിമറന്നു നോക്കിയ അയാൾ ആ കിളിവാതിലിലൂടെ ബ്ലേഡ് വലിച്ചെറിഞ്ഞു. എന്നിട്ട് ഡയറിയിൽ കുറിച്ചു–‘ഇന്നാണ് എന്റെ ഉയിർപ്പിന്റെ ദിനം’. 

ഋതുഭേദങ്ങൾ ഒരു നിയമമാണ്, ഒന്നിനും സ്ഥായിയായ ഭാവമില്ല എന്ന് തെളിവുസഹിതം പഠിപ്പിക്കുന്ന അലിഖിത നിയമം. എല്ലാം മാറിയേ മതിയാകൂ; സന്തോഷമായാലും സങ്കടമായാലും. എല്ലാ ദുരനുഭവങ്ങളും പെട്ടെന്ന് അവസാനിച്ച ചില അധ്യായങ്ങൾ മാത്രമായിരുന്നു. പുനരാഖ്യാനത്തിനുപോലും സാധ്യതയില്ലാതെ പലതും വിടപറഞ്ഞിട്ടുണ്ടാകും. മാത്രമല്ല, തിരിച്ചുവരവിന്റെ പുതുനാമ്പുകൾ പലയിടത്തും മുളപൊട്ടിത്തുടങ്ങിയിട്ടുമുണ്ടാകും. 

ഉള്ളിൽ പുകയുന്ന നിയന്ത്രണാതീതമായ വികാരങ്ങളും വ്യാഖ്യാനങ്ങളുമാണ് തഴച്ചുവളരേണ്ട നല്ല ചിന്തകളെ താഴ്‌ത്തിക്കെട്ടി  തകർത്തുകളയുന്നത്. ഒറ്റയ്‌ക്കിരുന്നു വ്യാഖ്യാനിച്ചു വഷളാക്കിയില്ലായിരുന്നുവെങ്കിൽ, ഒരു സംഭവത്തിന്റെ പേരിലും ആരും ഒരിക്കലും ജീവിതം അവസാനിപ്പിക്കില്ലായിരുന്നു. വീഴാതിരിക്കുന്നതല്ല, വീണ്ടെടുക്കുന്നതാണു വിജയം. കൊഴിഞ്ഞുപോകുന്ന ഇലകൾ നാശത്തിന്റെ സൂചനയല്ല; മടങ്ങിവരവിന്റെ മുന്നൊരുക്കമാണ്. തൊട്ടാവാടിക്കുപോലും പുനർനിർമാണശേഷിയുണ്ട്. എത്രതവണ തളർത്തിക്കളഞ്ഞാലും നിശ്ചിത സമയത്തിനുള്ളിൽ അത് പൂർവസ്ഥിതി പ്രാപിക്കും. 

കീഴടങ്ങാൻ തയാറാകാത്തവന്റെ മുന്നിൽ ഏതെങ്കിലും കിളിവാതിൽ തുറക്കപ്പെടും. അപ്രതീക്ഷിതമായി അപകടങ്ങൾ മാത്രമല്ല, അദ്ഭുതങ്ങളും സംഭവിക്കാം. അതു കാണണമെങ്കിൽ അകത്തുനിന്നു പൂട്ടിയ വാതിൽ സ്വയം തുറക്കാൻ തയാറാകണം.