Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാം പാടി നടക്കേണ്ട

subhadinam-column-good-thought-of-the-day

രാജാവിന്റെ ചെവി വളർന്നുനീണ്ടു. അത് ആരും കാണാതിരിക്കാൻ അദ്ദേഹം വലിയ തൊപ്പിവച്ചു. പക്ഷേ, കൊട്ടാരത്തിലെ ഒരു സേവകൻ നീണ്ട ചെവി കണ്ടു. പുറത്തു പറഞ്ഞാൽ രാജാവ് തലയറുക്കും. അതിനാൽ അയാൾ ആരോടും പറഞ്ഞില്ല. രഹസ്യം മനസ്സിലിരുന്നു വിങ്ങിപ്പൊട്ടി. അവസാനം അയാൾ കാട്ടിലെ മുളകളോടു പറഞ്ഞു. മുളകൾ പരസ്പരം കൂട്ടിയുരസുമ്പോഴെല്ലാം ഈ വിവരം കൈമാറി. കഥയറിഞ്ഞ സംഗീതജ്‌ഞർ മുളകൊണ്ടു പുല്ലാങ്കുഴലുണ്ടാക്കി വായിക്കാൻ തുടങ്ങി. പുറത്തുവരുന്ന ഗാനസാഹിത്യം രാജാവിന്റെ ചെവിയെക്കുറിച്ച്! കാര്യം നാട്ടിൽ പാട്ടാക്കിയ സേവകനെ രാജാവ് ജയിലിലടച്ചു.

മറ്റാരോടും പറയരുത് എന്ന മുന്നറിയിപ്പുമായി എല്ലാക്കാര്യങ്ങളും എല്ലാവരോടും പറഞ്ഞുനടക്കുന്ന സന്ദേശവാഹകരാണു പല ജീവിതങ്ങൾക്കും പൂർണവിരാമം ഇട്ടിട്ടുള്ളത്. എല്ലാ സത്യങ്ങളും എന്തിനാണ് എല്ലാവരോടും വിളിച്ചുപറയുന്നത്. സ്വകാര്യതകളുടെ രഹസ്യാത്മക ഭാവമാണ് ഓരോ മനുഷ്യനെയും പിടിച്ചുനിർത്തുന്നതും തളരാതെ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നതും. പരസ്യമാകാത്ത അവഹേളനങ്ങളെ സ്വകാര്യതയിൽ അതിജീവിച്ചാൽ മതി. വിസിലൂതി പ്രചരിപ്പിച്ചവയെ കാലത്തിനുപോലും മറികടക്കാൻ കഴിഞ്ഞെന്നുവരില്ല.

രോഗം മാത്രമേ പകരൂ; ആരോഗ്യം പകരില്ല. നന്മയ്‌ക്കും സവിശേഷതകൾക്കും പ്രസരണശേഷി കുറവാണ്. വിരൽചൂണ്ടുന്നതെല്ലാം വൈകൃതങ്ങളിലേക്കാണ്, അടക്കംപറയുന്നതെല്ലാം അസുഖകരമായവയെക്കുറിച്ചാണ്. ചെവി വലുതായവന്റെ മറ്റെല്ലാ ഇന്ദ്രിയങ്ങളും രൂപംകൊണ്ടു സാധാരണവും ശേഷികൊണ്ട് അസാധാരണവും ആയിരിക്കാം. ഒരാളുടെ ഒരു നന്മയെങ്കിലും പ്രചരിപ്പിക്കാൻ എല്ലാവരും ശ്രമിച്ചിരുന്നെങ്കിൽ ഭൂമിയിൽ സ്വർഗം സാധ്യമായേനെ.

ചെവികൊടുക്കുന്നവനിലാണു പറഞ്ഞുനടക്കുന്നവന്റെ പ്രതീക്ഷ. എല്ലാ ചൂടുള്ള വാർത്തകളും കൃത്യമായി കൈകളിലെത്തുന്നു എന്നു വീരവാദം മുഴക്കുന്നവരോട് – ഒരാൾ എന്താണോ കൈമാറുന്നത് അതാണ് അയാൾക്കു തിരിച്ചും ലഭിക്കുന്നത്. പറഞ്ഞുവരുന്ന കഥകളെ ഒരാളെങ്കിലും പടിക്കുപുറത്തു നിർത്തിയിരുന്നെങ്കിൽ ചില നിരർഥക മർമരങ്ങളെങ്കിലും പാതിവഴിയിൽ അവസാനിച്ചേനേ. മനസ്സിൽ സൂക്ഷിക്കാൻ കഴിയാത്തതൊന്നും കേൾക്കാതിരിക്കുക. കേൾക്കാൻ ഇമ്പമില്ലാത്തതൊന്നും പറയാതിരിക്കുക.