Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയാം, നിയോഗം

അറിയാം, നിയോഗം

തന്നെ കാണാനെത്തിയ ശിഷ്യനോടു ഗുരു ചോദിച്ചു. നിനക്ക് എന്താണു വേണ്ട‌ത്? മറുപടി: ‘എനിക്ക് ഈശ്വരനെ കണ്ടെത്തണം’. ഗുരു ചോദിച്ചു – നീ ഇവിടേക്കു വന്നപ്പോൾ ചെരിപ്പ് അഴിച്ചുവച്ചത് വാതിൽപടിയുടെ ഇടത്തോ വലത്തോ? അയാൾ പറഞ്ഞു,  എനിക്ക് ഓർമയില്ല. ഗുരു പറഞ്ഞു – ‘ആദ്യം സ്വയം ചെയ്യുന്ന കാര്യങ്ങൾ ബോധപൂർവം ചെയ്യാൻ പഠിക്കുക. അതിനുശേഷം ഈശ്വരനെത്തേടി ഇറങ്ങുക’. 

യാന്ത്രികമായ യാത്രകൾ ഒരിക്കലും അനുഭവങ്ങൾ സമ്മാനിക്കില്ല. യന്ത്രങ്ങൾക്ക് സ്വന്തമായ ആഗ്രഹങ്ങളോ നടപ്പുവഴികളോ ഇല്ല. നിർമിച്ച ആളുടെ നിബന്ധനകൾക്കും നിയോഗങ്ങൾക്കും വേണ്ടിയുള്ള വിട്ടുവീഴ്‌ചയില്ലാത്ത പ്രവർത്തനമാണതിന്. നിയോഗങ്ങൾ ഇല്ലാത്തവർക്കു നിയതമായ വഴികളുണ്ടാകില്ല. സ്വന്തമായ അഭിലാഷങ്ങളോ  ആവശ്യങ്ങളോ ഇല്ലാത്തവർക്ക് എന്തു കാര്യമാണ് ആത്മാർഥതയോടെ ചെയ്യാനാവുക.‌ 

അന്യനുവേണ്ടി ജീവിക്കുന്നതിൽ മാത്രം ആത്മസംതൃപ്‌തി കണ്ടെത്തുന്നവർ അപൂർവമായിരിക്കും. അവരുടെ ജീവിതദൗത്യവും അതായിരിക്കും. അപരസേവ ആത്മസേവ എന്നത് എല്ലാവർക്കും ജീവിതനിയോഗമാകില്ല. അവനവന്റെ അഭിലാഷങ്ങളിലേക്കുള്ള യാത്രയാണ് തനിമയും തന്റേടവും തനിവഴികളും രൂപപ്പെടുത്തുന്നത്. 

നാട്ടുനടപ്പുകൾ പൂർത്തീകരിച്ച് നല്ലവനെന്ന പേരും സമ്പാദിച്ച് നടന്നകലുന്നവർ നാടിനുവേണ്ടി ഒന്നും അവശേഷിപ്പിക്കില്ല. ചെരിപ്പഴിക്കുന്നതും വിളക്കു തെളിക്കുന്നതും ജോലി സമ്പാദിക്കുന്നതുമെല്ലാം, സമ്പ്രദായങ്ങളുടെ തുടർപ്രക്രിയ മാത്രമാകുന്നവരുടെ ജീവിതത്തിൽ സ്വാഭിമാനത്തിന്റെയോ സ്വയംഭരണാവകാശത്തിന്റെയോ ഒരു തെളിവും അവശേഷിക്കില്ല. 

അവബോധത്തോടെ കാര്യങ്ങൾ ചെയ്യുന്നവർക്ക് രണ്ടു ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരങ്ങളുണ്ട്; എന്തിനുവേണ്ടി ചെയ്യുന്നു, ചെയ്‌തില്ലെങ്കിലെന്ത്? തിരിച്ചറിവോടെ ചെയ്യുന്ന കാര്യങ്ങളുടെ പട്ടിക നോക്കിയാൽ അവനവന്റെ ജീവിതത്തെ അളന്നു തിട്ടപ്പെടുത്താം. കാര്യവും കാരണവുമറിഞ്ഞു ചെയ്യുന്ന കർമങ്ങൾ കാര്യക്ഷമതയുടെ അടയാളങ്ങളാകും. ദിനചര്യകളുടെ പ്രസക്തിപോലും മനസ്സിലാക്കാത്തവർക്ക് എങ്ങനെയാണു ദിശാബോധവും ലക്ഷ്യപൂർത്തീകരണവും ഉണ്ടാവുക?