Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടങ്ങിവരവുകൾ

malayalam-good-thoughts-law-of-waiting

യുദ്ധഭൂമിയിൽനിന്നു തിരിച്ചെത്താത്ത പോരാളിയെ അന്വേഷിച്ചു പോകാനുള്ള അനുവാദത്തിനായി സൈനികൻ മേലുദ്യോഗസ്ഥന്റെ അടുത്തെത്തി. അദ്ദേഹം അനുമതി നിഷേധിച്ചു പറഞ്ഞു – അയാൾ പണ്ടേ മരിച്ചുകാണും. മാത്രമല്ല, ഇപ്പോൾ പോകുന്നതു താങ്കളുടെ ജീവനും ഭീഷണിയാണ്. 

എന്നാൽ, അത് അനുസരിക്കാതെ സൈനികൻ പോയി. മണിക്കൂറുകൾക്കു ശേഷം സഹപ്രവർത്തകന്റെ മൃതശരീരവുമായി തിരിച്ചെത്തി. മേലുദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു. ഞാൻ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. പോയിട്ട് എന്തു ഗുണമുണ്ടായി? സൈനികൻ പറഞ്ഞു – ‘ഞാനെത്തുമ്പോൾ ഇയാൾക്കു ജീവനുണ്ടായിരുന്നു. കണ്ണടയുന്നതിനു മുൻപ് എന്നോടു പറഞ്ഞു, നീ എത്തുമെന്ന് എനിക്ക് അറിയാമായിരുന്നു’. 

കാത്തിരിപ്പ് ഒരു നിയമമാണ്. എല്ലാ നന്മകളും ആഗ്രഹിക്കുന്ന സമയത്ത് ആഗ്രഹിക്കുന്നപോലെ സംഭവിക്കില്ല. എല്ലാവർക്കും ദൂരങ്ങൾ താണ്ടാനുണ്ട്. സ്വന്തം വാസസ്ഥലത്തിന്റെ പരിധിക്കും പരിമിതിക്കും ഉള്ളിൽ നിന്നല്ലാതെ ആർക്കും ആരെയും സംരക്ഷിക്കാനോ ആരോടും സമ്പർക്കം പുലർത്താനോ സാധിക്കില്ല. അതിനു കഴിയുന്നവർ സത്കർമം നിയോഗമാക്കിയവർ മാത്രമായിരിക്കും. 

ഒരിക്കൽ എല്ലാവർക്കും ഒരു മടങ്ങിവരവുണ്ടാകും. ആർക്കും ആരെയും ഉപേക്ഷിക്കാനാവില്ല. സംയമനത്തോടെ എല്ലാം മനസ്സിലാക്കാനും സാഹചര്യങ്ങളെ അതിജീവിക്കാനും ഓരോരുത്തരും എടുക്കുന്ന സമയത്തിന്റെ ഏറ്റക്കുറച്ചിലുകൾ മാത്രം വിലയിരുത്തി അവരുടെ സ്‌നേഹത്തിനും അടുപ്പത്തിനും വിലയിടരുത്. അകന്നുപോയി എന്നു കരുതുന്നവയെല്ലാം ഒരിക്കൽ തിരിച്ചെത്തും. അതിനു സ്വന്തമായി സമയം നിശ്ചയിക്കരുത്. എല്ലാവരെയും അവരുടെ സമയമണ്ഡലത്തിൽ ജീവിക്കാൻ അനുവദിക്കുക. 

വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനെക്കാൾ ശ്രേഷ്‌ഠമായി, ബന്ധങ്ങളിൽ മറ്റെന്താണുള്ളത്? ഈശ്വരവിശ്വാസം തിരിച്ചുപിടിക്കാം; പരസ്‌പരവിശ്വാസമോ? നഷ്‌ടപ്പെട്ട എല്ലാ ബന്ധങ്ങൾക്കും തകർന്ന വിശ്വാസത്തിന്റെ കഥയാകും പറയാനുണ്ടാവുക. തഴച്ചുവളരുന്ന ഒന്നും തണലിൽ വിശ്രമിക്കുന്നവയല്ല. ഊട്ടിവളർത്തി ഊഷ്‌മളമാക്കിയ ബന്ധങ്ങൾ മാത്രമേ പ്രതീക്ഷാനിർഭരവും പ്രയോജനകരവും ആകൂ. അല്ലാത്തതെല്ലാം അതിന്റെ സ്വഭാവികതയിൽത്തന്നെ അപ്രത്യക്ഷമാകും.