Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‘ഞാൻ’ ഒന്നുമല്ല

‌‘ഞാൻ’ ഒന്നുമല്ല

ആ വയോധിക ഒരു കാര്യം തിരിച്ചറിഞ്ഞു: തന്റെ പൂവൻകോഴി കൂവുന്നതുകൊണ്ടാണ് എന്നും സൂര്യനുദിക്കുന്നത്! ഒരിക്കൽ അയൽക്കാരുമായി വഴക്കുണ്ടാക്കിയ അവർ, തന്റെ കോഴിയുമായി ദൂരെയൊരു ഗ്രാമത്തിലേക്കു പോയി. പിറ്റേന്ന്, അവർക്കു സന്തോഷമായി; തന്റെ പുതിയ ഗ്രാമത്തിൽ സൂര്യനുദിച്ചു. പഴയ ഗ്രാമം ഇരുട്ടിലായിരിക്കുമെന്ന് അവർ കരുതി. തന്നെ വിളിച്ചുകൊണ്ടു പോകാൻ അന്നാട്ടുകാർ എത്തുമെന്ന് അവർ കരുതിയെങ്കിലും ആരും വന്നില്ല. നാട്ടുകാരുടെ ‘ഗർവിനെയും മണ്ടത്തരത്തെയും’ കുറ്റപ്പെടുത്തി വയോധിക സന്തോഷത്തോടെ ജീവിച്ചു.

‌അഹങ്കാരം പോലെതന്നെ ആപത്താണ് അബദ്ധധാരണകളും. ഞാൻ മൂലമല്ല ഞാൻ പോലും ഉണ്ടായത് എന്ന തിരിച്ചറിവിനു പകരം, ഞാനാണ് സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന ഭാവത്തോടെ ജീവിക്കുന്നവർക്ക് ഇന്ദ്രിയങ്ങളുടെ ഉണർവു പോലും നഷ്‌ടപ്പെടും. ആറാം വയസ്സിൽ ലഭിക്കേണ്ട അറിവും വിവേകവും അറുപതാം വയസ്സിലും നേടിയിട്ടില്ലെങ്കിൽ, സഞ്ചരിച്ച വഴികളുടെയും കടന്നുപോയ അനുഭവങ്ങളുടെയും പ്രസക്തി എന്തായിരുന്നു? 

സ്വന്തം അനിവാര്യതയെ മാത്രം ധ്യാനവിഷയമാക്കുന്നവർക്ക് സ്വന്തമായി ആരുമുണ്ടാകില്ല. ഒന്നിനും, അതിനാൽത്തന്നെ നിലനിൽപില്ല. കോഴി കൂവുന്നതാണു പ്രഭാതത്തിന്റെ സൗന്ദര്യം. സായാഹ്നത്തിലെയോ മധ്യാഹ്നത്തിലെയോ ശബ്‌ദങ്ങൾക്ക് പുലർകാലത്തിന്റെ ഉണർവും ഊർജവും നൽകാനാവില്ല. ഓരോ കാലഘട്ടത്തിലും ജീവിതത്തെ ത്രസിപ്പിക്കേണ്ടത് വളർച്ചയ്ക്കനുസരിച്ചുള്ള അറിവും ആത്മബോധവും കൊണ്ടാവണം. കണ്ണടച്ചു കണ്ട്, കാതടച്ചു കേട്ട്, വായടച്ചു രുചിയറിഞ്ഞ് നടക്കുന്നവർ അജ്‌ഞതയുടെയും അവിവേകത്തിന്റെയും ആൾരൂപങ്ങളായിരിക്കും. വളർന്ന ഒരു പരിസരവും ജ്‌ഞാനസമ്പാദനത്തിനോ മനോഭാവ രൂപീകരണത്തിനോ കാരണമായിട്ടില്ലെങ്കിൽ, എല്ലാം നിഷേധിച്ചുള്ള ഒരു വളർച്ചയായിരുന്നു അത്.

അകലങ്ങളിലുള്ള അറിവും ആനന്ദവുമാണ് എല്ലാവർക്കും താൽപര്യം. തെറ്റില്ല. പക്ഷേ, അടുത്തുള്ളവയെ അവഗണിച്ചിട്ട് ആകരുതെന്നു മാത്രം. അവനവന്റെ അങ്കണത്തിൽനിന്ന് ഒന്നും പഠിക്കാത്തവർ അന്യദേശത്തുനിന്ന് എന്തു നേടാനാണ്?