Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിറകിനെ വിശ്വസിക്കൂ...

morning-motivation-malayalam-believe-yourself

ഒരു കിളി മരച്ചില്ലയിൽ വന്നിരുന്നു. മരം കിളിയോടു പറഞ്ഞു – ‘നീ ഇവിടിരിക്കുന്നത് അപകടമാണ്. ചില്ലയൊടിഞ്ഞാൽ താഴെ വീഴും’. കിളി പറഞ്ഞു – ‘സാരമില്ല, ഞാൻ പറന്നു പൊയ്‌ക്കൊള്ളാം’. മരം പിന്നെയും ഉപദേശിച്ചു. അപ്രതീക്ഷിതമായി ചില്ലയൊടിഞ്ഞാൽ നിനക്കു ബാലൻസ് തെറ്റും. താഴെ വാപിളർന്നിരിക്കുന്ന പെരുമ്പാമ്പിന് ആഹാരമാകും. കിളി പറഞ്ഞു. ഞാൻ ഉയർന്നു പറക്കും. ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച് മരം തന്റെ ചില്ല ഒടിച്ചു. അപ്പോൾ പറന്നകന്ന കിളി പിന്നീടൊരിക്കലും ആ മരത്തിൽ തിരിച്ചെത്തിയില്ല. 

തന്റേടമുള്ളവരെല്ലാം ധിക്കാരികളല്ല. അവർക്കു സ്വന്തം കഴിവിൽ വിശ്വാസമുണ്ടാകും. അവർ അപായസാധ്യതകളെ ഭയപ്പെടില്ല. ഒരാൾ ആരെ വിശ്വസിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അയാളുടെ നിലവാരവും നിലനിൽപും. സ്വയം വിശ്വസിക്കാത്തവർക്ക് അന്യരുടെ വിദഗ്‌ധോപദേശങ്ങൾക്കും നാട്ടുനടപ്പുകൾക്കും അനുസരിച്ചു മാത്രം ജീവിക്കേണ്ടി വരും. തനിമ അനുസരിച്ചു ജീവിക്കുന്നതിനു വിഘാതമാകുന്ന ഒരു പ്രേരണയും ഉയരങ്ങളിലേക്കും ദൂരങ്ങളിലേക്കുമുള്ള യാത്രയ്‌ക്കു ഗുണകരമാകില്ല. 

ഓരോ നിർദേശവും അത് നൽകുന്നവരുടെ അറിവിന്റെയും അനുഭവത്തിന്റെയും പരിധിക്കുള്ളിൽനിന്നു മാത്രമാകും. വിമാനം പറന്നുയരേണ്ടത് റൺവേയിൽ നിന്നാണ്; ഇടവഴികളിൽ നിന്നല്ല. സഹവാസം സഹാനുഭൂതിയുള്ളവരുടെ കൂടെയായാൽ താങ്ങും തണലും ലഭിക്കും. സമരമുഖം തുറക്കുന്നവരുടെ കൂടെയായാൽ വെയിലിനെ അതിജീവിക്കാനുള്ള കരുത്തു ലഭിക്കും. 

‌ചിറകിന്റെ ബലമറിയണമെങ്കിൽ ചില്ലകൾ ഒടിയണം. സ്വന്തം ആശ്രയസങ്കേതങ്ങളുടെ അതിരുകൾ ഭേദിക്കാൻ ധൈര്യമുള്ളവർ അപൂർവമായിരിക്കും. ഒരു സാഹസത്തിനും പ്രേരിപ്പിക്കാത്ത ചില സങ്കേതങ്ങളാണ് അബലരെയും അസ്വസ്ഥരെയും സൃഷ്‌ടിക്കുന്നത്. ആശ്രയിച്ചു ശീലിച്ചവർക്ക് അപ്രതീക്ഷിതമായതിനെ അഭിമുഖീകരിക്കാൻ ശേഷിയുണ്ടാകില്ല. ആത്മശക്തിയെ ബഹുമാനിക്കുന്നവർ അടിത്തറ ഇളകിയാലും ആകാശം ലക്ഷ്യമാക്കി യാത്ര തുടരും.