Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ പറഞ്ഞു: ‘‘സോറി ഈ രംഗം എനിക്കു പറ്റില്ല’’

ലൂമിയർ ബ്രദർ
story-behind-the-scenes-mantrikam-malayalam-movie

ഷൂട്ടിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് മോഹൻലാൽ തമ്പി കണ്ണന്താനത്തോട് അങ്ങനെ പറഞ്ഞത്. എന്തുകൊണ്ടായിരുന്നു അത്? ആരും അറിയാത്ത ആ 'മാന്ത്രിക രഹസ്യം' ബാബു പള്ളാശ്ശേരി പറയുന്നു. മെഗാഹിറ്റ് സിനിമയായ 'മാന്ത്രിക' ത്തിന്റെ കഥ

'ഇന്ദ്രജാല' ത്തിനു ശേഷം മോഹൻലാലിനെ വച്ച് ഒരു മാസ് ത്രില്ലർ വേണം തമ്പി കണ്ണന്താനത്തിന്. മോഹൻലാൽ ഫാൻസിനെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്നൊരു സിനിമ. ആര് എഴുതും? തൊട്ട് മുമ്പ് തമ്പി കണ്ണന്താനം എടുത്ത സിനിമ സുരേഷ് ഗോപി നായകനായ 'ചുക്കാൻ ' ആയിരുന്നു. ബാബു പള്ളാശ്ശേരി ആയിരുന്നു തിരക്കഥ. മോഹൻലാലിനു വേണ്ടി ബാബുപള്ളാശ്ശേരി എഴുതിയ തിരക്കഥ ആയിരുന്നു 'ചുക്കാൻ'.

പക്ഷേ, മോഹൻലാലിന്റെ തിരക്കുമൂലം സിനിമ നീണ്ടു പോയതോടെ നായകനായി സുരേഷ് ഗോപി വന്നു. 'ചുക്കാൻ' പ്രതീക്ഷിച്ചതു പോലെ വിജയമായില്ല. എങ്കിലും, മോഹൻലാൽ സിനിമ ബാബു പള്ളാശ്ശേരിയെ ഏൽപ്പിക്കാൻ തമ്പി കണ്ണന്താനം തീരുമാനിച്ചു.

തമ്പി കണ്ണന്താനം ബാബു പള്ളാശ്ശേരിയോട് ഒന്നേ ആവശ്യപ്പെട്ടുള്ളു. പക്കാ കൊമേഴ്സ്യൽ ആയിരിക്കണം. മോഹൻലാലിന്റെ ഫാൻസ് തുടക്കം മുതൽ കൈയ്യടിക്കണം. ബാബു പള്ളാശ്ശേരി തല പുകഞ്ഞ് ആലോചിച്ചു. പിന്നെ, തമ്പി കണ്ണന്താനത്തെ വിളിച്ചു; ''നമ്മുക്ക് ഒരു സി.ഐ.ഡി സിനിമ ചെയ്താലോ?" ത്രെഡ് തമ്പി കണ്ണന്താനത്തിന് ഇഷ്ടപ്പെട്ടു. അടുത്ത ദിവസം തന്നെ ബാബു പള്ളാശ്ശേരിയെ ചെന്നൈയ്ക്ക് വിളിപ്പിച്ചു. കഥ മോഹൻലാലിനും ഇഷ്ടമായി. അതോടെ തിരക്കഥാരചന ആരംഭിച്ചു. തമ്പി കണ്ണന്താനത്തിന്റെ ചെന്നൈയിലെ വീട്ടിലിരുന്നായിരുന്നു തിരക്കഥാരചന.

തൊണ്ണൂറ് ശതമാനവും സെറ്റിൽ ചിത്രീകരിച്ച സിനിമയാണ് 'മാന്ത്രികം'. ഇരുപത്തിമൂന്ന് വർഷം മുമ്പ് മൂന്നു കോടി ബഡ്ജറ്റിൽ ചിത്രീകരിച്ച സിനിമ. എം.ജി.ആർ ഫിലിം സിറ്റി, കിഷ്ക്കിന്ദ, ചിദംബരം, പീച്ചാവാരം എന്നീ പ്രധാന ലൊക്കേഷനുകൾ. സാലു.കെ.ജോർജ്ജ് ആയിരുന്നു ക്യാമറ. സൂപ്പർ സുബ്ബരായൻ സംഘട്ടനം. അങ്ങനെ ചിത്രീകരണം തുടങ്ങി. മോഹൻലാലിനു വേണ്ടി തികച്ചും വ്യത്യസ്തമായ ഒരു ഇൻട്രൊഡക്ഷൻ സീൻ ആയിരുന്നു ബാബു പള്ളാശ്ശേരി എഴുതിയിരുന്നത്.

mantrikam തമ്പി കണ്ണന്താനവും ബാബു പള്ളാശ്ശേരിയും

ബാബു പള്ളാശ്ശേരി ഓർമിക്കുന്നു; "ഒരു ഗുഹയിൽ നിന്നു തുറന്നു വിടുന്ന കാളക്കുട്ടിയെ കുതിരപ്പുറത്തു വന്ന് മോഹൻലാൽ കീഴടക്കുന്ന രംഗമായിരുന്നു അത്. "സ്പെയിനിലെ കാളപ്പോരിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, മോഹൻലാലിനുള്ള കോസ്റ്റ്യൂംസും മറ്റും തയാറാക്കി. അപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ അതു പറയുന്നത്.

'ഒരു ചികിത്സ കഴിഞ്ഞു വന്നതുകൊണ്ട്, മൃഗങ്ങളുമായി ഓവർ സ്ട്രെയിൻ എടുത്ത് അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ട് ''

"എന്നാൽ ഡ്യൂപ്പിനെ വച്ചാലോ? " ബാബു പള്ളാശ്ശേരി ചോദിച്ചു. പക്ഷേ, മോഹൻലാൽ സമ്മതിച്ചില്ല; "ചെയ്താൽ ഞാൻ തന്നെ ചെയ്യും''

അതോടെ, ഇൻട്രൊഡക്ഷൻ സീൻ മാറ്റിയെഴുതാൻ തീരുമാനമായി. 

അങ്ങനെ ബാബു പള്ളാശ്ശേരി മാറ്റി എഴുതിയതാണ്, റിലീസിംഗ്‌ ഡേറ്റിൽ ആദ്യം സിനിമ ടിക്കറ്റെടുത്ത് മോഹൻലാലിന്റെ  കഥാപാത്രം നഗ്മയിൽ നിന്ന് സമ്മാനം വാങ്ങുന്ന രംഗം. ആൽബി റോമിയോ ഹിഗ്വിറ്റ എന്നായിരുന്നു മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. സിനിമ സൂപ്പർ ഹിറ്റ് ആയി. മോഹൻലാൽ മാജിക് അവതരിപ്പിക്കുന്ന ചില രംഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു. മാജിക്കിൽ മോഹൻലാലിനെ സഹായിക്കാൻ പ്രശസ്ത മജീഷ്യനായ ആർ.കെ മലയത്താണ് എത്തിയത്.

പക്ഷേ, മലയത്തിനെ അമ്പരപ്പിക്കുന്ന കൈ വേഗം ആയിരുന്നു മോഹൻലാലിന്റേത്. മോഹൻലാലിന്റെ മാജിക് കണ്ട് മലയത്ത് അമ്പരന്നു .അദ്ദേഹം സെറ്റിൽ അത് പരസ്യമായി പറയുകയും ചെയ്തു. സംസ്ഥാന അവാർഡ് ജേതാവായ വിനായകൻ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് മാന്ത്രികം. മാന്ത്രികത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ഇന്നത്തെ പ്രശസ്ത സംവിധായകൻ ലാൽ ജോസാണ് വിനായകനെ  "കമ്മട്ടിപ്പാടത്തെ ഒരു ഡാൻസർ പയ്യൻ'' എന്നു പറഞ്ഞ് ബാബു പള്ളാശ്ശേരിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. ബാബു പള്ളാശ്ശേരിയുടെ റെക്കമന്റേഷനിൽ വിനായകന് ഒരു ഗാനരംഗത്ത് വേഷം ലഭിക്കുകയും ചെയ്തു. 1995 ൽ പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു മാന്ത്രികം.

'മിസൈൽമാൻ' അബ്ദുൾ കലാമിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തെയാണ് രഘുവരൻ ചിത്രത്തിൽ അവതരിപ്പിച്ചത്. ഹേമന്ത് രാവണ്‍ന്റെ വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിയാരാമനും, വിനീതയുമായിരുന്നു ചിത്രത്തിലെ നായികമാർ. ജഗദീഷ്, രാജൻ.പി. ദേവ്, മധുപാൽ എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ. ജൂലിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം തീയറ്ററിൽ എത്തിയത്.