Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് സുപ്രീം കോടതിയുടെ ഹാട്രിക് പ്രഹരം

കെ. ഉബൈദുള്ള
PAKISTAN-POLITICS-SHARIF

പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനു പത്തു മാസത്തിനിടയിൽ മൂന്നാം തവണയും സുപ്രീം കോടതിയുടെ കനത്ത പ്രഹരമേറ്റു.  ഇത്തവണത്തേത് അദ്ദേഹത്തിന്റെ 37 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനുതന്നെ പൂർണവിരാമമിടുന്നു. ഈ വർഷം മധ്യത്തിൽ പുതിയ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഈ സംഭവവികാസം.

മൂന്നാം തവണയും പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ച ഷരീഫിന്റെ കാലാവധി ഈ വർഷം മേയ് 31നാണ് അവസാനിക്കേണ്ടിയിരുന്നത്. പക്ഷേ, കഴിഞ്ഞ വർഷം ജൂലൈ 28നു പെട്ടെന്നു രാജിവയ്ക്കേണ്ടിവന്നു. പാർലമെന്റ് അംഗത്വം പോലുള്ള പൊതു പദവികൾ വഹിക്കാൻ അദ്ദേഹം യോഗ്യനല്ലെന്ന സുപ്രീം കോടതി വിധിയായിരുന്നു അതിനു കാരണം. ഈ അയോഗ്യത  എത്ര കാലത്തേക്കാണെന്നു പരമോന്നത ന്യായപീഠം അന്നു വ്യക്തമാക്കിയിരുന്നില്ല. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർക്കു ശിക്ഷയുടെ കാലാവധിക്കുശേഷം അഞ്ചു വർഷത്തേക്കാണ് അയോഗ്യത. 2012ൽ അന്നത്തെ പ്രധാനമന്ത്രി യൂസഫ് റസാ ഗീലാനി കോടതിയലക്ഷ്യത്തിനു ശിക്ഷിക്കപ്പെട്ടപ്പോഴും അഞ്ചു വർഷത്തേക്കായിരുന്നു അയോഗ്യത.  

ഒരു പക്ഷേ, തനിക്കും അത്തരമൊരു നിശ്ചിത കാലാവധിക്കുശേഷം തിരിച്ചുവരാനാകുമെന്നു നവാസ് ഷരീഫ് കരുതിയിരിക്കാം. എന്നാൽ, ഇക്കഴിഞ്ഞ വെളളിയാഴ്ച (ഏപ്രിൽ 13) സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ആ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നു. ഷരീഫിന്റെ അയോഗ്യത ആജീവനാന്തമാണെന്നാണ് ചീഫ് ജസ്റ്റിസ് മിയാൻ സാഖിബ് നിസാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച്  ഐകകണ്ഠേന വിധിച്ചിരിക്കുന്നത്. വീണ്ടും പ്രധാനമന്ത്രിയാകാനുളള വാതിൽ ഇതോടെ ഷരീഫിന്റെ മുന്നിൽ കൊട്ടിയടക്കപ്പെടുന്നു. 

അയോഗ്യത കൽപിക്കപ്പെട്ട ഷരീഫിനു സ്വന്തം പാർട്ടിയുടെ അധ്യക്ഷസ്ഥാനം വഹിക്കാനും അർഹതയില്ലെന്നു. ഫെബ്രുവരി 21നു സുപ്രീം കോടതി വിധിക്കുകയുണ്ടായി. ആദ്യ വിധിക്കുശേഷമുള്ള ഏഴു മാസത്തിനിടയിൽ പാർട്ടിയുടെ പ്രസിഡന്റെന്ന നിലയിൽ അദ്ദേഹം എടുത്ത എല്ലാ തീരുമാനങ്ങളു അസാധുവാണെന്നും ചീഫ് ജസ്റ്റിസ് മിയാൻ സാഖിബ് നിസാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പ്രഖ്യാപിച്ചു.  നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫാണ് ഇപ്പോൾ പാർട്ടിയുടെ തലവൻ.

ഷരീഫിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന താരതമ്യേന അപ്രശസ്തനായ ഷാഹിദ് ഖക്കൻ അബ്വാസി പ്രധാനമന്ത്രി പദവി വഹിച്ചുവരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ (2013) മൽസരിക്കാൻ നൽകിയ നാമനിർദേശക പത്രികയാണ് ഷരീഫിനെതിരായ കേസിന് അടിസ്ഥാനമായത്. വിദേശത്തു മകൻ ഹസന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ചെയർമാൻ എന്ന നിലയിൽ തനിക്കുയുണ്ടായിരുന്ന പങ്കിന്റെയും വേതനത്തിന്റെയും കാര്യം പത്രികയിൽ ഷരീഫ് ഉൾപ്പെടുത്തിയിരുന്നില്ല. 

മനഃപൂർവം അതു മറച്ചുപിടിച്ചുവെന്നായിരുന്നു ആരോപണം. വേതനം നിശ്ചയിച്ചിരുന്നുവെങ്കിലും അതു താൻ കൈപ്പറ്റിയിരുന്നില്ലെന്നും അതുകൊണ്ടാണ് പത്രികയിൽ കാണിക്കാതിരുന്നതെന്നും ഷരീഫ് വിശദീകരിക്കുകയുണ്ടായി. പക്ഷേ, അതുകൊണ്ടു ഫലമുണ്ടായില്ല. പാർലമെന്റ് അംഗത്വം പോലുള്ള പൊതുപദവികൾ വഹിക്കുന്നവർ സാദിഖും  അമീനും (സത്യസന്ധരും ധാർമികബോധമുള്ളവരും) ആയിരിക്കണമെന്നു ഭരണഘടനയിലെ 62 (1) (എഫ്) ആർട്ടിക്കിളിൽ പറയുന്നുണ്ട്. സത്യം മറച്ചുപിടിച്ച  ഷരീഫ് ഈ വ്യവസ്ഥ ലംഘിച്ചുവെന്നും അതിനാൽ അദ്ദേഹം പൊതുപദവി വഹിക്കാൻ അർഹനല്ലെന്നുമായിരുന്നു കഴിഞ്ഞ വർഷം ജൂലൈ 28നു സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ചിന്റെ വിധി. 

പ്രധാനമന്ത്രിസ്ഥാനത്തിനു പുറമെ പാർലമെന്റ് അംഗത്വവും ഷരീഫ് ഒഴിഞ്ഞത് അതിനെ തുടർന്നാണ്. പിന്നീടു പാർലമെന്റിലെ ഒഴിവിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ കുൽസൂം ജയിക്കുകയും ചെയ്തു. കുൽസൂം അപ്പോൾ ലണ്ടനിൽ കാൻസർ ചികിൽസയിലായിരുന്നു. ഷരീഫിനെ വീഴ്ത്തിയതിനു സമാനമായ ആരോപണങ്ങൾ പിന്നീടു പ്രതിപക്ഷത്തെ രണ്ടു പ്രമുഖ നേതാക്കൾക്കെതിരെയും ഉന്നയിക്കപ്പെടുകയുണ്ടായി. മുൻ ക്രിക്കറ്റ് താരവും പാക്കിസഥാൻ തെഹ്രീഖെ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ, അദ്ദേഹത്തിന്റെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ബിസിനസുകാരനുമായ ജഗാംഗീർ ഖാൻ തറീൻ എന്നിവരാണിവർ. 

ഇമ്രാൻ ഖാൻ കുറ്റക്കാരനല്ലെന്നായിരുന്നു കഴിഞ്ഞ വർഷം ഡിസംബർ 15നു സുപ്രീംകോടതിയിലെ ഒരു മൂന്നംഗ ബെഞ്ചിന്റെ വിധി. എന്നാൽ, തരീൻ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ഷരീഫിനെപ്പോലെ അദ്ദേഹത്തിനും അയോഗ്യത കൽപ്പിക്കുകയും ചെയ്തു. തരീന്റെയും അയോഗ്യത ആജീവനാന്തമാണെന്നാണ് ഇപ്പോൾ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.  പൊതുപദവി വഹിക്കുന്നവർ സാദിഖും അമീനും ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനയിൽ എഴുതിച്ചേർത്തതു ജനറൽ സിയാ ഉൽ ഹഖിന്റെ പട്ടാള ഭരണകാലത്താണ്. സിയായെ അനുകൂലിച്ചിരുന്ന ഷരീഫ് അന്നു പഞ്ചാബിലെ മുഖ്യമന്ത്രിയായിരുന്നു. 

ഈ വ്യവസ്ഥ അവ്യക്തമാണെന്നും ദുർവ്യാഖ്യാനം ചെയ്യപ്പെടുമെന്നും പിൽക്കാലത്തു വിമർശനം ഉയരുകയുണ്ടായി. അതു ഭേദഗതി ചെയ്യാനുളള നീക്കവും പാർലമെന്റിൽ നടന്നു. പക്ഷേ, ഷരീഫും അദ്ദേഹത്തിന്റെ പാർട്ടിയും സഹകരിച്ചില്ല. ഒടുവിൽ അതു ഷരീഫിന്റെ തന്നെ രാഷ്ട്രീയ ഭാവി അപകടത്തിലാക്കുകയും ചെയ്തു. ഭരണഘടനയിലെ ആർട്ടിക്കിൾ 62 (1) (എഫ്) അവ്യക്തമാണെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സാഖിബ് നിസാർതന്നെ സമ്മതിച്ചിട്ടുണ്ട്. പക്ഷ, കോടതിക്ക് അതു ഭേഗഗതി ചെയ്യാൻ അധികാരമില്ലെന്നും വ്യാഖ്യാനിക്കാനേ അധികാരമുള്ളൂവെന്നും അതാണ് താനും മറ്റു ജഡ്ജിമാരും ചെയ്തെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

ഇത്തരമൊരു നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഭാവി നിർണയിക്കപ്പെടുന്നതു ബുദ്ധിപൂർവകമാണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഗുരുതരമായ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർക്കു പോലും ഒരു നിശ്ചിത കാലാവധിവരെ മാത്രമേ അയോഗ്യതയുള്ളൂ. തിരഞ്ഞെടുപ്പ് പത്രികയിലെ പിഴവ് അതിലും വലിയ കുറ്റമാണോ? ഇതാണ് പലരും ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. കള്ളപ്പണം ഉപയോഗിച്ചു വിദേശരാജ്യങ്ങളിൽ സ്വത്തുക്കൾ  സമ്പാദിച്ചുവെതിനു അഴിമതി വിരുദ്ധ കോടതിയിലും ഷരീഫിനെതിരേ കേസുകളുണ്ട്. ഈ കേസുകൾ റജിസ്റ്റർ ചെയ്തു അന്വേഷണം നടത്താൻ ഉത്തരവിട്ടതും സുപ്രീം കോടതിയായിരുന്നു. അവയുടെയും പര്യവസാനം ഷരീഫിന് അനുകൂലമായിരിക്കുമെന്ന് അധികമാരും കരുതുന്നില്ല. 

പക്ഷേ, ഷരീഫിന് ഒരു കൂസലുമില്ലെന്ന് അദ്ദേഹത്തിന്റെയും മകൾ മറിയമിന്റെയും രൂക്ഷമായ ഭാഷയിലുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. അദ്ദേഹം വീണ്ടും അധികാരത്തിൽ എത്തുന്നതു തടയാനായി രാഷ്ട്രീയ പ്രതിയോഗികൾ ജുഡീഷ്യറിയുടെയും പട്ടാളത്തിന്റെയും ഒത്താശയോടെ നടത്തുന്ന ഗൂഡാലോചനയുടെ ഫലമാണ് ഈ സ്ഥിതിഗതികളെന്ന് അവർ കുറ്റപ്പെടുത്തുന്നു.  പ്രതീക്ഷ അറ്റുപോയതെന്നു കരുതിയ സന്ദർഭങ്ങളെ ഇതിനു മുൻപും നേരിടേണ്ടിവന്ന ചരിത്രമാണ് ഷരീഫിനുള്ളത്. അവയെയെല്ലാം അദ്ദേഹം അതിജീവിക്കുകയുമുണ്ടായി.  ഈ പ്രതിസന്ധിയെയും അതിജീവിക്കാനാകുമോ? 

Send your response to kobeidulla1234@gmail.com