വീറ്റോ നമ്പർ 44

പലസ്തീൻ പ്രദേശമായ ഗാസയിൽ ഇക്കഴിഞ്ഞ മാർച്ച്് 30 മുതൽ 45 ദിവസങ്ങൾക്കിടയിൽ നടന്ന കുഴപ്പങ്ങളിൽ 120ലേറെ പേർ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റുമരിക്കുകയും ആയിരക്കണക്കിനാളുകൾക്കു പരുക്കേൽക്കുകയുമുണ്ടായി

പലസ്തീൻ പ്രശ്നത്തിൽ അമേരിക്കയും ഇസ്രയേലും നേരിടുന്ന ഒറ്റപ്പെടലിന്റെ ചരിത്രം ഇനിയും അവസാനിക്കുന്നില്ല.  ഇൗയിടെ എെക്യരാഷ്ട്ര സംഘടനയിലുണ്ടായ സംഭവങ്ങൾ അതിനു സാക്ഷ്യംവഹിക്കുന്നു. രക്ഷാസമിതിയിൽ ഇസ്രയേലിനെതിരായ ഒരു പ്രമേയത്തെ എതിർത്തത് അമേരിക്കമാത്രം. ഇൗ വീറ്റോ പ്രയോഗത്തിനു  പിന്നാലെ പൊതുസഭ സമ്മേളിച്ച് സമാനമായ പ്രമേയം ബഹുഭൂരിപക്ഷത്തോടെ പാസ്സാക്കുകയുംചെയ്തു. 

പലസ്തീൻ പ്രദേശമായ ഗാസയിൽ ഇക്കഴിഞ്ഞ മാർച്ച്് 30 മുതൽ 45 ദിവസങ്ങൾക്കിടയിൽ നടന്ന കുഴപ്പങ്ങളിൽ 120ലേറെ പേർ  ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റുമരിക്കുകയും ആയിരക്കണക്കിനാളുകൾക്കു പരുക്കേൽക്കുകയുമുണ്ടായി. ഇസ്രയേലിനെതിരെ പ്രക്ഷോഭം നടത്തുകയായിരുന്ന അവരുടെ നേരെ ഇസ്രയേൽ സൈന്യം അമിതമായും ആവശ്യത്തിലേറെയും  വകതിരിവില്ലാതെയും ബലപ്രയോഗം നടത്തിയെന്നാണ്് ആരോപണം. 

ഇതിനെ അപലപിക്കുകയും ഗാസയിലെ പലസ്തീൻകാർക്കു സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു ജൂൺ ഒന്നിനു രക്ഷാസമിതിയിൽ കുവൈത്ത് അവതരിപ്പിച്ച പ്രമേയം. 15 അംഗ സഭയിലെ  പത്തംഗങ്ങൾ അതിനെ പിന്തുണയ്ക്കുകയും ബ്രിട്ടൻ ഉൾപ്പെടെ നാലംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിൽക്കുകയും ചെയ്തു. എതിർത്തത് അമേരിക്ക മാത്രം.

സാധാരണ ഗതിയിൽ രക്ഷാസമിതിയിൽ പ്രമേയം പാസ്സാകാൻ ഒൻപതംഗങ്ങളുടെ പിന്തുണമതി. സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്്, റഷ്യ, ചൈന എന്നിവയിൽ ആരും എതിർക്കരുതെന്നു മാത്രം.   അമേരിക്കയുടെ എതിർപ്പ് (വീറ്റോ) കാരണം പ്രമേയം തള്ളപ്പെട്ടു. ഇസ്രയേലിനുവേണ്ടി അമേരിക്ക പ്രയോഗിക്കുന്ന 44ാമത്തെ വിറ്റോ ആയിരുന്നു അത്. അതോടനുബന്ധിച്ച് മറ്റൊരു സംഭവംകൂടിയുണ്ടായി. ഗാസയിലെ അക്രമങ്ങൾക്കു ഹമാസ് തീവ്രവാദികളെ കുറ്റപ്പെടുത്തുന്ന ഒരു പ്രമേയം അമേരിക്ക രക്ഷാസമിതിയിൽ കൊണ്ടുവന്നു. ഗാസയുടെ ഭരണം ഒരു ദശകത്തിലേറെയായി ഹമാസിന്റെ കൈകളിലാണ്. അമേരിക്കയും ഇസ്രയേലും ഭീകരസംഘടനയായി മുദ്രകുത്തിയിട്ടുള്ളവരാണിവർ.

ഇസ്രയേൽ സൈന്യത്തിനെതിരെ അക്രമം നടത്താൻ പലസ്തീൻകാരെ ഹമാസ് പ്രേരിപ്പിച്ചുവെന്നായിരുന്നു ആരോപണം. പക്ഷേ, യുഎസ് പ്രമേയത്തെ രക്ഷാസമിതിയിലെ മൂന്നു രാജ്യങ്ങൾ എതിർത്തപ്പോൾ 11 രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിന്നു. അനുകൂലിച്ചത് അമേരിക്കമാത്രം. പ്രമേയം തള്ളപ്പെട്ടു. 

ഗാസപ്രശ്നം ചർച്ചചെയ്യാൻ 12 ദിവസത്തിനുശേഷം (ജൂൺ 13നു) ചേർന്ന പൊതുസഭയുടെ അടിയന്തരയോഗമായിരുന്നു അടുത്ത രംഗം. ഗാസയിലെ അമിത ബലപ്രയോഗത്തിന് ഇസ്രയേലിനെ കുറ്റപ്പെടുത്തുന്ന കുവൈത്തിന്റെ രക്ഷാസമിതി പ്രമേയത്തിനു സമാനമായ ഒരു പ്രമേയം അൽജീരിയയും തുർക്കിയും കൂടി പൊതുസഭയിൽ അവതരിപ്പിച്ചു. 

ഗാസയിൽ നടന്നതെന്താണെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശമായി അന്വേഷിച്ച് 60 ദിവസങ്ങൾക്കകം റിപ്പോർട്ടു നൽകണമെന്ന നിർദേശവും പ്രമേയത്തിലുണ്ട്. 193 അംഗങ്ങളുള്ള പൊതുസഭയിലെ 120 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിക്കുകയും 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിൽക്കുകയുംചെയ്തു. 

എതിർത്തതു വെറും എട്ടു രാജ്യങ്ങൾ. ഇവയിൽ അമേരിക്കയും ഇസ്രയേലും ഒാസ്ട്രേലിയയും ടോഗോയും കഴിഞ്ഞാൽ ബാക്കിയുള്ളതു മൈക്രോനേഷ്യ, മാർഷൽ ദ്വീപുകൾ, സോളമൻ ദ്വീപുകൾ, നൗറു എന്നീ കൊച്ചുശാന്തസമുദ്ര ദ്വീപ്രാജ്യങ്ങൾ. 

കഴിഞ്ഞ വർഷാവസാനത്തിൽ നടന്ന സംഭവങ്ങളും വ്യത്യസ്തമായിരുന്നില്ല. പലസ്തീൻകാരും ഇസ്രയേലുമായി തർക്കത്തിലിരിക്കുന്ന ജറൂസലം നഗരം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡിസംബർ ആറിനു പ്രഖ്യാപിച്ചതായിരുന്നു അതിന്റെ പശ്ചാത്തലം. 

ടെൽ അവീവിലെ യുഎസ് എംബസ്സി ജറൂസലമിലേക്കു മാറ്റുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. തർക്കം തീരുന്നതുവരെ ജറൂസലമിനെ സംബന്ധിച്ച നിലവിലുളള സ്ഥിതി തുടരണമെന്നും അതിൽ മാറ്റംവരുത്തുന്നതു പലസ്തീൻ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണമാക്കുമെന്നുമുള്ളതാണ് മുൻപേയുളള യുഎൻ നിലപാട്. അതിനു കടകവിരുദ്ധമായിരുന്നു  യുഎസ് തീരുമാനം. അതിനെതിരെ ഡിസംബർ 19നു ഇൗജിപ്ത് രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവന്നു. സമിതിയിലെ 15ൽ 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്.    എതിർത്തത്്  അമേരിക്ക മാത്രം. പക്ഷേ, യുഎസ് വീറ്റോകാരണം പ്രമേയം പാസ്സായില്ല.  

അതേ പ്രമേയം ഡിസംബർ 22നു  പൊതുസഭയുടെ അടിയന്തര യോഗത്തിലും അവതരിപ്പിക്കപ്പെട്ടപ്പോൾ ഫലം  വിപരീതമായി.  ഒൻപതിനെതിരെ 128 വോട്ടുകളോടെയാണ് പ്രമേയം പാസ്സായത്. 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിൽക്കുകയായിരുന്നു. 11 രാജ്യങ്ങൾ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നില്ല. എതിർത്ത ഒൻപതു രാജ്യങ്ങളിൽ അമേരിക്കയ്ക്കും ഇസ്രയേലിനും ഒപ്പമുണ്ടായിരുന്നതു ഗ്വാട്ടിമാല, ഹോൻഡുറസ്,  ടോഗോ, മൈക്രോനേഷ്യ,  മാർഷൽ  എെലൻഡ്സ്, നൗറു, പലാവ്്.  

എതിർപ്പുകളെല്ലാം അവഗണിച്ച് ഇക്കഴിഞ്ഞ മേയ് 14നു അമേരിക്കയുടെ ഇസ്രയേൽ എംബസ്സി ടെൽ അവീവിൽനിന്നു ജറൂസലേമിലേക്കു മാറ്റുകതന്നെ ചെയ്തു. ചടങ്ങിൽ ട്രംപ് പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ മകൾ ഇവാൻകയും ഭർത്താവ് ജാറിദ് കുഷ്നറുമായിരുന്നു രണ്ടു മുഖ്യാതിഥികൾ. ഇരുവരും ട്രംപിന്റെ ഉപദേഷ്ടാക്കളുമാണ്. 

ഇസ്രയേൽ രാഷ്ട്രം സ്ഥാപിതമായതിന്റെ എഴുപതാം വാർഷികം കൂടിയായിരുന്നു അന്ന്്. ഇസ്രയേലിന്റെ ആഗമനത്തോടെ ഏഴു ലക്ഷം പലസ്തീൻകാർ സ്വന്തം ജന്മഗേഹങ്ങളിൽനിന്നു പിഴുതെറിയപ്പെട്ടതിന്റെ ഒാർമയിൽ മേയ് 15 മഹാദുരന്തദിനമായി പലസ്തീൻകാരും എല്ലാവർഷവും  ആചരിച്ചുവരുന്നു. 

ഗാസയിലെ പലസ്തീൻകാരുടെ സങ്കടവും രോഷവും ഇത്തവണ അണപൊട്ടുയൊഴുകിയതും ആ ദിനങ്ങളിലാണ്. ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് അറുപതോളം പലസ്തീൻകാർ കൊല്ലപ്പെട്ടു. രണ്ടായിരത്തിലേറെ പേർക്കു പരുക്കേറ്റു. പലസ്തീൻപ്രദേശത്തു സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഇൗ ചോരച്ചൊരിച്ചലിൽ ലോകം പൊതുവിൽ നടുങ്ങി.

മാർച്ച്് 30നായിരുന്നു പ്രക്ഷോഭത്തിന്റെ തുടക്കം. ഇസ്രയേലിനകത്തുള്ള സ്വന്തം ജന്മഗേഹങ്ങളിൽനിന്നു പിഴുതെറിയപ്പെട്ട തങ്ങളെ അവിടേക്കു തിരിച്ചുപോകാൻ അനുവദിക്കണമെന്ന ആവശ്യവുമായി മുപ്പതിനായിരം   പലസ്തീൻകാർ ഗാസയിൽ ഇസ്രയേലുമായുളള അതിർത്തിവേലിക്കു സമീപം തടിച്ചുകൂടി. അവർ വേലിയുടെ ഭാഗത്തേക്കു മാർച്ച്്ചെയ്തു.

ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് അന്നുതന്നെ 17 പേർമരിക്കുകയും 1400 പേർക്കു പരുക്കേൽക്കുകയും ചെയ്തു. പ്രകടനക്കാരിൽ ആയുധധാരികളായ ഹമാസ് തീവ്രവാദികളും ഉണ്ടായിരുന്നുവെന്നും അവർ ആക്രമണം നടത്തിയപ്പോൾ സൈന്യം ആത്മരക്ഷാർഥം വെടിവച്ചുവെന്നുമായിരുന്നു  ഇസ്രയേലിന്റെ  വിശദീകരണം. അതേസമയം, തങ്ങളുടെ ഏതെങ്കിലും ഭടൻ മരിച്ചതായി ഇതുവരെ ഇസ്രയേൽ അറിയിച്ചിട്ടുമില്ല. 

സംഭവത്തെപ്പറ്റി സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നു യുഎൻ സെക്രട്ടറി ജനറലും യൂറോപ്യൻ യൂണിയനും രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെടുകയുണ്ടായി. പ്രശ്നം യുഎൻ മനുഷ്യാവകാശ സമിതിയിലും ഉന്നയിക്കപ്പെട്ടു. ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി അന്വേഷണ നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം രണ്ടിനെതിരെ 29 വോട്ടുകളോടെയാണ് സമിതി പാസ്സാക്കിയത്. 14 രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിന്നു. എതിർത്തത് അമേരിക്കയും ഒാസ്ട്രേലിയയും മാത്രം. 

പ്രസിഡന്റ് ട്രംപ് വാഷിങ്ടണിൽ ഭരണം ഏറ്റെടുത്തതിനുശേഷമുള്ള  ഒന്നര വർഷിനിടയിൽ ഇസ്രയേലിനുവേണ്ടി അമേരിക്ക രക്ഷാസമിതിയിൽ വീറ്റോ പ്രയോഗിക്കുന്നത് ഇതു രണ്ടാം തവണയാണ്. ബറാക് ഒബാമയുടെ എട്ടുവർഷത്തെ ഭരണത്തിനിടയിലുണ്ടായതു വെറും ഒറ്റ വീറ്റോ.  

അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ സ്വന്തം പൗരന്മാരെ കുടിയിരുത്തുന്നതിനെ അപലപിക്കുന്ന പ്രമേയത്തിനെതിരെയായിരുന്നു 2011ലെ ആ വീറ്റോ. പക്ഷേ, സമാനമായ പ്രമേയം വീറ്റോ ചെയ്യാൻ 2016ൽ ഒബാമ വിസമ്മതിക്കുകയാണ്  ചെയ്തത്. വോട്ടെടുപ്പിൽ പങ്കെടുക്കാതെ അമേരിക്ക മാറിനിന്നതിനാൽ മറ്റു 14 രാജ്യങ്ങളുടെയും പിന്തുണയോടെ അതു പാസ്സാവുകയും ചെയ്തു. യുഎസ്-ഇസ്രയേൽ ബന്ധത്തിലെ ഒരു അത്യസാധാരണ സംഭവമായിരുന്നു അത്്.